തോല്പിച്ചു ബ്രിട്ടോ വിടപറഞ്ഞു

തോല്പിച്ചു ബ്രിട്ടോ വിടപറഞ്ഞു

പായല്‍ പടര്‍ന്ന തേക്കാത്ത മതിലിലെ പേരെഴുത്തില്‍ ഞാന്‍ വിരലോടിച്ചു. ‘കയം’. മനസ് ഒരു നിമിഷം എവിടെയോ ഒന്ന് കലങ്ങി മറിഞ്ഞു. സമയം പതിനൊന്നു മണിയോടടുക്കുന്നു. ഉച്ചവെയിലിനു മൂര്‍ച്ച കൂടിത്തുടങ്ങി. വീല്‍ചെയറില്‍ സഖാവ് ഉമ്മറത്ത് തന്നെയുണ്ട്.. നിറഞ്ഞ സ്‌നേഹം. ചേര്‍ത്തുപിടിച്ച കയ്യിന് എണ്ണയുടെയും ആയുര്‍വേദ മരുന്നിന്റെയും മണം. ‘സഖാവേ എന്തേ വീടിനു പേരിങ്ങനെ? ‘താനും അത് ചോദിച്ചു…ഒരുപാട് പേര് മുന്‍പും ചോദിച്ചതാണ്. ‘ഒരു നിമിഷം ആ കണ്ണുകള്‍ പുറത്തെവിടെയോ അലഞ്ഞു തിരിച്ചു വന്നു. ‘പെട്ടുപോയവരല്ലെടോ നമ്മള്‍? എങ്ങും പോവാനില്ലാതെ എവിടേക്കും തിരിവുകളില്ലാതെ ഈ കലക്കിമറിച്ചിലില്‍ ആഴ്ന്നും ചൂഴ്ന്നും. അപ്പൊ ആലോചിച്ചപ്പോ തോന്നി ഈ പേരാണ് നല്ലതെന്നു. പാര്‍ട്ടി പണിതു തന്ന വീടാണിത്. ‘വീടിന്റെ ഉമ്മറക്കോലായില്‍ ഇരുന്നു ഞാന്‍ ചുറ്റും കണ്ണോടിച്ചു. നാല് ചുറ്റിനും വരാന്തയാണ്. ഉള്ളും പുറവും തേക്കാത്ത ചുമരുകള്‍ സഖാവിനെപ്പോലെതന്നെ ആവരണങ്ങളും ആഭരണങ്ങളുമില്ലാതെ നിന്നു. അകമുറികളില്‍ നിറയെ പഴയ പുസ്തകങ്ങളും പത്രമാസികകളും. ജനലിന്റെ ഇടക്കെട്ടുകളിലും മേശപ്പുറത്തും അകത്തെ അലമാരകളും എല്ലാം മരുന്നിന്റെ സാന്നിധ്യമുണ്ട്. ബംഗാളിയായ സഹയാത്രികനും സ്‌നേഹിതനുമൊക്കെയായ ‘കോമ്രേഡ്’ പുളിയിലയിട്ടു തിളപ്പിച്ച വെള്ളം തോര്‍ത്തില്‍ മുക്കി ആവിപിടിച്ചു കൊടുത്തുകൊണ്ടിരുന്നു. അദ്ദേഹം സംസാരിച്ചു തുടങ്ങി. ‘സീനയിവിടെയില്ല. തണുത്ത വെള്ളമെടുക്കാം? ”വേണ്ട സഖാവേ. ശരീരം ഇപ്പോഴും എന്നോട് പിണക്കത്തിലാണ്. എന്നാലും കുറെ ഭേദപ്പെട്ടു. ഇപ്പൊ അലട്ടുന്നത് ഈ നീരാണ്. തോളില്‍ നിന്നും താഴേക്കാഴ്ന്നിറങ്ങുന്ന വേദന.’ സംസാരം പിന്നെയും നീണ്ടു. പാര്‍ട്ടി. കോളജ്. വിപ്ലവത്തിന്റെ ആഘോഷദിനങ്ങള്‍. ഓര്‍ക്കാപ്പുറത്തു ജീവിതം ചോരതുപ്പിയ ദിനങ്ങള്‍. ഒറ്റപ്പെടല്‍. വേദനകള്‍. വീണ്ടും ജീവിതത്തിന്റെ തളിര്‍പ്പുകള്‍. അങ്ങിനെ ഒരുപാടൊരുപാട് ഓര്‍മകള്‍. കുളികഴിഞ്ഞു കട്ടിലിലേക്ക് കയറുമ്പോള്‍ ഒരു കൈ സഹായത്തിനായി സഖാവ് വിളിച്ചു. പുറവും കയ്യുംചേര്‍ത്ത് പിടിച്ചു മെല്ലെ ഞാന്‍ അദ്ദേഹത്തെ കട്ടിലിലേക്ക് ചേര്‍ത്ത് കിടത്തി. ഒരുനിമിഷം! കഴുത്തിനടിയില്‍ ആഴത്തിലെ ആ മുറിവ് ഞാന്‍ കണ്ടു. ഒരു കഠാര പിടിയോളം ആഴത്തില്‍ ആഴ്ന്നിറങ്ങി, അതിന്റെ ആശയ ഭീരുത്വത്തെ അനാവൃതമാക്കിയ അടയാളം. കൈ വലിച്ചെടുക്കുമ്പോള്‍ ആ മുറിവ്, ആ കയം എന്നെ വലിച്ചെടുക്കുന്നതായി എനിക്ക് തോന്നി. സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലേക്കുള്ള ആദ്യയാത്രയുടെ ഓര്‍മ്മ ഇന്നും മനസില്‍ മായാതെ തെളിയുന്നു.
1954 മാര്‍ച്ച് 27ന് പോഞ്ഞിക്കരയിലാണ് നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഐറിന്റെയും മകനായി സൈമണ്‍ ബ്രിട്ടോ ജനിച്ചത്. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ്, ബിഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1983 ഒക്‌ടോബര്‍ 14 വിദ്യാര്‍ത്ഥി രാഷ്ട്രീയചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. ലോ കോളജ് വിദ്യാര്‍ഥിയായ സൈമണ്‍ ബ്രിട്ടോ പരീക്ഷയുടെ ഫലമറിഞ്ഞ സന്തോഷത്തിലായിരുന്നു. എന്നാലും വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരെ കാണാന്‍ ബ്രിട്ടോ മടി കാണിച്ചില്ല. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയ സൈമണ്‍ ബ്രിട്ടോയെ ആശുപത്രിയുടെ ഇടനാഴിയില്‍ ചിലര്‍ പതിയിരുന്ന് ആക്രമിച്ചു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സൈമണ്‍ ബ്രിട്ടോയ്ക്ക് നട്ടെല്ലിന് മൂന്ന് കുത്തുകളാണ് ആഴത്തിലേറ്റത്. പിന്നീട് അരക്ക് താഴെ തളര്‍ന്നശരീരവുമായി 64 വയസ് വരെ സൈമണ്‍ ബ്രിട്ടോ ജീവിച്ചു. 35 കൊല്ലം വീല്‍ ചെയറില്‍! അതിനിടയില്‍ വിദ്യാര്‍ഥി നേതാവായിരുന്ന സീന ഭാസ്‌കറിനെ ജീവിതപങ്കാളിയാക്കി. 2006 മുതല്‍ 2011വരെ കേരള നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ നോമിനിയായും പ്രവര്‍ത്തിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു ബ്രിട്ടോ. അഗ്രഗാമി, മഹാരൗദ്രം എന്നീ രണ്ടു നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഓര്‍മ്മകുറിപ്പുകള്‍, ഹിമാലയ യാത്ര, മഹാരാജാസിലെ രക്തസാക്ഷി അഭിമന്യൂ തുടങ്ങിയ പുസ്തകങ്ങളുടെ പണിപ്പുരയിലായിരുന്നു. യാത്രാവിവരണത്തിന്റെ അവസാനജോലികള്‍ക്കായി തൃശൂര്‍ ഗസ്റ്റ്ഹൗസില്‍ താമസിച്ചിരുന്ന ബ്രിട്ടോ 2018 ഡിസംബര്‍ 31ന് ഹൃദയാഘാതം മൂലമാണ് നിര്യാതനായത്.
138 ദിവസങ്ങള്‍ നീണ്ടുനിന്ന, പതിനെട്ട് സംസ്ഥാനങ്ങളിലൂടെയുള്ള ബ്രിട്ടോയുടെ യാത്ര അതിശയിപ്പിക്കുന്ന ഒന്നാണ്. 18000 കിലോമീറ്റര്‍ ദൂരമാണ് ഒരു അംബാസഡര്‍ കാറില്‍ സഞ്ചരിച്ചത്. എണ്‍പതിനായിരം രൂപ ഡീസലിനും ഒമ്പതിനായിരം രൂപ ടോളായും ആ യാത്രയില്‍ നല്‍കി. ഹിമാലയം, ബുദ്ധന്‍ ജനിച്ച മണ്ണ് നേപ്പാള്‍, ബീഹാര്‍ എന്നിവ പിന്നിട്ട് കല്‍ക്കത്തയിലെത്തിയപ്പോള്‍ പെരുമഴയത്ത് ബ്രിട്ടോയ്ക്ക് പനിപിടിച്ചു. ആ രാത്രി ബ്രിട്ടോയ്ക്കുറങ്ങാന്‍ കഴിഞ്ഞില്ല. ജീവിതം തിരിച്ചുപിടിക്കാന്‍ തന്റെ പിതാവ് ചെയ്ത കാര്യങ്ങളോര്‍ത്തോര്‍ത്ത് ബ്രിട്ടോ നേരം വെളുപ്പിച്ചു. രാവിലെ 6.30ന് ബ്രിട്ടോയെ തേടി പിതാവിന്റെ മരണവാര്‍ത്തയെത്തി. കേരള നിയമസഭാ സമാജികനായിരുന്ന നിക്കോളാസ് റോഡ്രിഗ്‌സ് രോഗക്കിടക്കയില്‍ ബ്രിട്ടോയ്ക്ക് വലിയ സഹായമായിരുന്നു. മകന് ആത്മവിശ്വാസം പകര്‍ന്നുകൊടുത്ത പിതാവ്.
നിയമസഭാ സമാജികനെന്ന നിലയില്‍ കേരളത്തിലെ പൊതുവിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ ബ്രിട്ടോ നടത്തി. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ പ്രശ്‌നങ്ങളിലേക്കും അദ്ദേഹം ആഴ്ന്നിറങ്ങി. അവരുടെ വിദ്യാഭ്യാസ സംവരണത്തിനായി അദ്ദേഹം ശക്തമായി ഇടപ്പെട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് കോഴ്‌സില്‍ ഒരു സീറ്റ് ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്യിപ്പിച്ചു. സാമ്പാളൂര്‍ പള്ളിയെ പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തീര്‍ഥാടന കേന്ദ്രമായി മാറ്റി. ആംഗ്ലോ ഇന്ത്യന്‍ സമുദായ നേതാക്കളുടെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് ആംഗ്ലോ ഇന്ത്യന്‍ യൂണിയനെ ശക്തിപ്പെടുത്താനും സൈമണ്‍ ബ്രിട്ടോ മുന്‍നിരയില്‍ ഉണ്ടായിരുന്നു.
യാത്രയെക്കുറിച്ച് ബ്രിട്ടോ പറയും: യാത്രയില്‍ ഈഗോ പാടില്ല. വിനയാന്വിതനായിരിക്കണം. ആരെയും നിന്ദിക്കരുത്. പ്രകൃതിയെയും സഹജീവികളെയും മുറിപ്പെടുത്തരുത്. തന്റെ ജീവിതയാത്രയിലും സൈമണ്‍ ബ്രിട്ടോ ഈ മൂല്യങ്ങള്‍ സ്വന്തമാക്കി. അതുവഴി നീണ്ട സൗഹൃദവലയവും ബ്രിട്ടോ നേടി.
എറണാകുളം വടുതലയിലെ ബോട്ടുജെട്ടി റോഡില്‍ നിന്നും നഗരത്തിലെ നിരത്തിലൂടെ ഒരു അംബാസഡര്‍ കാര്‍ മുകളില്‍ വീല്‍ചെയറുമായി നീങ്ങുന്ന കാഴ്ച ഇനിയുണ്ടാകില്ല. പക്ഷെ മുറിവേറ്റു വീണിട്ടും പൊരുതി ജയിച്ച പ്രിയനേതാവിന്റെ ശബ്ദവും എഴുത്തും മാഞ്ഞുപോകില്ല.
കൂട്ടത്തിലെ ഒച്ചയായില്ല അയാള്‍
ആള്‍ക്കൂട്ടത്തിലെ ഒറ്റയാനായി…
വലിയ മുറിവുകളില്‍ വേദനിച്ചില്ല-
എന്നിട്ടും വേദനയുടെ കയത്തില്‍ ജീവിച്ചു.


Related Articles

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍

ഈര്‍ച്ചവാളിന്റെ ഇരകള്‍

ശരത് വെണ്‍പാല വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ ഒരു രംഗം, നായകന്റെ അമ്മയെ ജീവനോടെ ഈര്‍ച്ചവാളുകൊണ്ട് രണ്ടായി കീറുമ്പോള്‍

ബജറ്റവതരണത്തില്‍ ഹെയ്‌സ് ജാക്‌സന്റെ കവിതയും

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനബജറ്റില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഹെയ്സ് എസ്. ജാക്‌സന്റെ കവിതയും. അക്ഷരവൃക്ഷം എന്ന പേരില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*