ദലിത് ക്രൈസ്തവ അവകാശപോരാട്ടങ്ങള്‍

ദലിത് ക്രൈസ്തവ അവകാശപോരാട്ടങ്ങള്‍

സ്വന്തം രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടി, തുല്യനീതിക്കു വേണ്ടി പോരാടുന്ന ദലിത് ക്രൈസ്തവരുടെ സമരചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളമാണ്. ഒരുപക്ഷേ മനുഷ്യാവകാശത്തിനു വേണ്ടി ഇത്രയും ദീര്‍ഘനാള്‍ പോരാടുന്ന ഒരു ജനസമൂഹം ലോകത്ത് ഇന്ത്യയില്‍ മാത്രമായിരിക്കും. ഇന്ത്യന്‍ ഭരണഘടന 25(1) വകുപ്പ് പ്രകാരം മതസ്വാതന്ത്ര്യവും, 15(1), 16(1) വകുപ്പ് പ്രകാരം മനസ്സാക്ഷി സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു.

പട്ടികജാതി ലിസ്റ്റ്
ചാതുര്‍വര്‍ണ്യത്തിന്റെ ആധിപത്യത്തില്‍ അടിമത്തത്താലും അയിത്തത്താലും നൂറ്റാണ്ടുകളായി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ട് ഒന്നുമില്ലാതാക്കപ്പെട്ടവരാണ് ദലിതര്‍. സ്വന്തം വീട്, കുടുംബം, വിദ്യാഭ്യാസം, തൊഴില്‍, ഉദ്യോഗം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇവരെ പ്രത്യേകം പരിഗണിക്കണമെന്ന് ഭരണഘടനാ സമിതി തീരുമാനിച്ചു. ഇതിനായി തയ്യാറാക്കിയതാണ് പട്ടികജാതി-പട്ടികവര്‍ഗ ലിസ്റ്റ്. മതപരിഗണന കൂടാതെയാണ് ഈ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ 1950 ഓഗസ്റ്റ് 10ന് ഇന്ത്യന്‍ പ്രസിഡന്റ് പട്ടികജാതി സംവരണം ഹിന്ദുക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവായി. മതേതരത്വം മുഖമുദ്രയായി ഭരണം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ജനാധിപത്യ ഭരണഘടനയുടെ ലംഘനമായിരുന്നു അത്. പിന്നീട് 1956ല്‍ സിക്കുമതവിശ്വാസികളായ ദലിതര്‍ക്കും, 1990ല്‍ ബുദ്ധമതവിശ്വാസികളായ ദലിതര്‍ക്കും പട്ടികജാതി സംവരണ ലിസ്റ്റില്‍ ഇടം നല്കി.

സംവരണാനുകൂല്യങ്ങള്‍
കേന്ദ്ര ഗവണ്‍മെന്റ് സൗജന്യമായി പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സ്ഥലം, വീട്, വീട്ടുപകരണങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, കിണര്‍, കക്കൂസ്, കൃഷിസ്ഥലം, കാര്‍ഷിക ഉപകരണങ്ങള്‍, വൃക്ഷത്തൈ, വളം, കീടനാശിനികള്‍, തൊഴില്‍, കുടില്‍ വ്യവസായം, ഉന്നതവും സാങ്കേതികവും ആയ വിദ്യാഭ്യാസം, ഉന്നത ഉദ്യോഗങ്ങള്‍, കലാകായിക പ്രോത്സാഹനങ്ങള്‍, ക്ലബ്ബുകള്‍, കമ്യൂണിറ്റി ഹാള്‍, വൈദ്യുതീകരണം, വഴി, ശുദ്ധജല പദ്ധതികള്‍, അധികാരപങ്കാളിത്തത്തില്‍ പങ്കാളികള്‍ ആകുന്നതിന് സഹകരണ ബാങ്കുകള്‍, ത്രിതല പഞ്ചായത്ത്, നിയമസഭ, ലോക്‌സഭ, രാജ്യസഭ  തുടങ്ങിയ ഭരണതലങ്ങളില്‍ എല്ലാം പ്രത്യേക പരിഗണനയും സംവരണവും ഏര്‍പ്പെടുത്തയിട്ടുണ്ട്.

ആരാണ് ദലിത് ക്രൈസ്തവര്‍?
മൃഗതുല്യരായി ഇവിടെ ജീവിച്ച മനുഷ്യരുടെ ഇടയിലേക്ക്, സഹോദരാ എന്നു വിളിച്ചുകൊണ്ട് പാടത്തും വരമ്പത്തും കടന്നുവന്ന വിദേശ ക്രൈസ്തവ മിഷണറിമാരുടെ കാരുണ്യസ്പര്‍ശത്താല്‍ ലോകരക്ഷകന്റെ വിമോചനസന്ദേശം ശ്രവിച്ച് ക്രിസ്തുമതം സ്വീകരിച്ച പൂര്‍വ്വപിതാക്കന്മാരുടെ സന്തതിപരമ്പരകളാണ് ദലിത് ക്രൈസ്തവര്‍. ഇന്ത്യയില്‍ എത്തിയ എല്ലാ സഭാവിഭാഗങ്ങളിലും ദലിത് ക്രൈസ്തവര്‍ അംഗങ്ങളായുണ്ട്. ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യയില്‍ 68% ദലിത് സമൂഹത്തില്‍ നിന്ന് ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്.
മതമാണോ ഒരുവന്റെ പിന്നാക്ക അവസ്ഥയുടെ അടിസ്ഥാനം?

നൂറ്റാണ്ടുകളായി അയിത്തവും അടിമത്തവും അനുഭവിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പിന്‍തള്ളപ്പെട്ട സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് പട്ടികജാതി സംവരണം നല്‍കുന്നത്. മതംമാറ്റത്തിലൂടെ ഒരു വ്യക്തിയുടെ ജാതി മാറുന്നില്ലെന്നും മതംമാറ്റം എന്ന കാരണത്താല്‍ ഒരു പട്ടികജാതിക്കാരനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനയിലെ മതേതരത്വത്തിന്റെ അന്തഃസത്തയുടെതന്നെ ലംഘനമാണെന്നും ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. പട്ടികജാതി സംവരണം ലഭിക്കുന്നതിന്റെ അടിസ്ഥാനഘടകം മതവിശ്വാസമല്ല, ജാതിയാണ്. പട്ടികവര്‍ഗക്കാര്‍ക്ക് ഈ പരിഗണന ലഭിക്കുന്നുണ്ട്. അവര്‍ ഏതു മതത്തില്‍ വിശ്വസിച്ചാലും പട്ടികവര്‍ഗ സംവരണം ലഭിക്കുന്നു.

നീതി നിഷേധത്തിനെതിരെ ശക്തമായ സമരം
തുല്യനീതിനിഷേധത്തിനെതിരെ രാജ്യവ്യാപകമായി വിവിധ സംസ്ഥാനതലങ്ങളിലും രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലും നിരവധി സമരങ്ങള്‍ ദലിത് ക്രൈസ്തവ സംഘടനകളുടെയും സഭാനേതൃത്വത്തിന്റെയും സഹകരണത്തോടെ നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 10-ാം തീയതി രാജ്യത്ത് ദലിത് ക്രൈസ്തവര്‍ കരിദിനമായും ഭാരത കത്തോലിക്കാ മെത്രാന്‍ സമതിയുടെ നേതൃത്വത്തില്‍ 1986 മുതല്‍ ഓഗസ്റ്റ് 15 കഴിഞ്ഞുവരുന്ന ഞായര്‍ നീതി ഞായര്‍ (ജസ്റ്റിസ് സണ്‍ഡേ) ആയും ആചരിച്ചുവരുന്നു. ഈ വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ 2011-ല്‍ സമരം നടത്തിയ അഭിവന്ദ്യ പിതാക്കന്മാരെയും സന്യസ്ഥരെയും ദലിത് ക്രൈസ്തവ നേതാക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവം ഉണ്ടായി. നിരന്തരമായ സമരങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പി
ന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച് പഠിക്കുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍
കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക സമുദായങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കാക്കാ കലേക്കര്‍ കമ്മീഷന്‍, മണ്ഡല്‍ കമ്മീഷന്‍, ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളെല്ലാം ദലിത് ക്രൈസ്തവരും പട്ടികജാതി സംവരണത്തിന് അര്‍ഹരാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച കമ്മീഷനുകളുടെ ശുപാര്‍ശകളും ശ്രദ്ധേയമാണ്. 1970-ല്‍ ആന്ധ്രാപ്രദേശ് ഗവണ്‍മെന്റ് നിയോഗിച്ച പിന്നാക്ക സമുദായ കമ്മീഷന്‍, തമിഴ്നാട് സര്‍ക്കാര്‍ 1969-ല്‍ നിയമിച്ച പി. ദാമോദരന്‍ കമ്മീഷന്‍ ഉള്‍പ്പെടെ എല്ലാ റിപ്പോര്‍ട്ടുകളും വളരെ വ്യക്തമായി പറയുന്നു, പട്ടികജാതിയില്‍ നിന്നു ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ സ്ഥിതി പട്ടികജാതിക്കാരെപ്പോലെ തന്നെയാണ്.

1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2004 മുതല്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നു. ദലിത് കത്തോലിക്കനായ ഫ്രാങ്ക്ളിന്‍ സീസര്‍ എന്ന സുപ്രീംകോടതി വക്കീലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2020 മേയ് മാസത്തില്‍ സുപ്രീം കോടതിയില്‍ കേസ് വാദത്തിന് വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വിഷയം പഠിക്കുന്നതിന് അവധി ചോദിച്ചിരിക്കുകയാണ്. 70 വര്‍ഷമായി ഈ വിഷയത്തെ സംബന്ധിച്ച് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പഠിച്ചിട്ടില്ല എന്നത് ഇന്ത്യയിലെ ദലിത് ക്രൈസ്തവരെ വിഡ്ഢികളാക്കുകയാണ്. എന്നാല്‍ മുന്നാക്ക വിഭാഗത്തിലെ പി
ന്നാക്ക സംവരണം നടപ്പാക്കുന്നതിന് 48 മണിക്കൂര്‍ പോലും എടുത്തില്ല എന്നതാണ് സത്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി
പട്ടികജാതി സംവരണം കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത് എന്നു പറഞ്ഞ് ദലിത് ക്രൈസ്തവ വിഷയത്തില്‍ ഒളിച്ചുകളി നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംവരണം ലഭിക്കുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരിന് പലതും ചെയ്യാന്‍ കഴിയും.
1. ആര്‍ട്ടിക്കിള്‍ 159(4) 16(4) 46 വകുപ്പുകള്‍ക്കു വിധേയമായി 1960 മുതല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നവബുദ്ധമതക്കാര്‍ക്ക് (പട്ടികജാതിയില്‍ നിന്നു ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക്) പട്ടികജാതിക്കാരുടെ ആനുകൂല്യം നല്‍കുന്നു. ഈ മാതൃക കേരള സര്‍ക്കാരിനു സ്വീകരിക്കാം.
2. ദലിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ മന്ത്രാലയത്തിന്റെ സെക്രട്ടറി 1996 ജൂണ്‍ 28ന് അയച്ച കത്തിന് കേരള പട്ടികജാതി, പട്ടികവര്‍ഗ വകുപ്പും അനുകൂല മറുപടി നല്‍കണം. കേരളം ഇന്നുവരെ മറുപടി നല്‍കിയിട്ടില്ല.
3. കേരള ജനസംഖ്യയില്‍ ഒരു ശതമാനം പോലും വരാത്ത കുഡുംബിവിഭാഗത്തിന് പ്രൊഫഷണല്‍ കോളജില്‍ ഒരു ശതമാനം സംവരണം സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 8% വരുന്ന ദലിത് ക്രൈസ്തവര്‍ അഡ്മിഷന്‍/ജോലി കാര്യത്തില്‍ യാതൊരു പരിഗണനയും ലഭിക്കാത്തവരാണ്.
4. ദലിത് ക്രൈസ്തവര്‍ക്കു ലഭിക്കുന്ന ഒരു ശതമാനം ജോലി സംവരണം പോലും പൂര്‍ത്തികരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ (നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്) സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുക.
5. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് (+2 മുതല്‍) 5% സംവരണവും മാര്‍ക്ക്, വയസ് എന്നിവയുടെ പരിധിയില്‍ ഇളവും അനുവദിക്കുക.
6. സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന് കൂടുതല്‍ പദ്ധതികളും ഫണ്ടും അനുവദിക്കുക.
7. പബ്ളിക് പ്രോസിക്യൂട്ടര്‍, പിഎസ്സി അംഗങ്ങള്‍ എന്നിവരെ നിയമിക്കുമ്പോള്‍ ദലിത് ക്രൈസ്തവ അംഗങ്ങളെ പരിഗണിക്കുക.
8. കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും ഉള്‍പ്പെടെ ഇന്ത്യന്‍ യൂണിയനിലെ 12 പ്രാദേശിക ഭരണ യൂണിറ്റുകള്‍ 1950 ഓഗസ്റ്റ് 10ന് ഉണ്ടായ പ്രസിഡന്‍ഷ്യന്‍ ഉത്തരവിന്റെ 3-ാം ഖണ്ഡിക ഭരണഘടനാവിരുദ്ധമാകയാല്‍ അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിക്കഴിഞ്ഞു. കേരള നിയമസഭ ഇന്നുവരെ അത്തരം പ്രമേയം പാസാക്കിയിട്ടില്ല. കേരള നിയമസഭയും ദലിത് ക്രൈസ്തവ വിഷയത്തില്‍ അനുകൂല പ്രമേയം പാസാക്കണം.
9. ഉദ്യോഗതലത്തില്‍ ദലിത് ക്രൈസ്തവര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സംവരണം ഒരു ശതമാനം മാത്രമാണ്. ഇത് പ്രയോജനപ്പെടണമെങ്കില്‍ നിയമന റൊട്ടേഷന്‍ ലിസ്റ്റില്‍ ദലിത് ക്രൈസ്തവരുടെ സ്ഥാനം 20ന് ഉള്ളില്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

ഉപസംഹാരം
ദലിത് ക്രൈസ്തവ അവകാശത്തിനുവേണ്ടി പോരാടണമെങ്കില്‍ ജനാധിപത്യ രാജ്യത്തിന് പൗരന്റെ വോട്ട് അവകാശം ശരിക്കു വിനിയോഗിക്കുവാന്‍ കഴിയണം. ദലിത് ക്രൈസ്തവര്‍ പിടിക്കുന്ന കൊടിയുടെ നിറം നോക്കാതെ തുല്യനീതിക്കായി ഒന്നിക്കണം. മതേതരത്വ രാജ്യത്ത് മതവിശ്വാസം നിഷേധിക്കപ്പെടുമ്പോള്‍ അത് ദലിതരോട് കാട്ടുന്ന അവഗണനയല്ല, മറിച്ച് ക്രൈസ്തവവിശ്വാസത്തോടു കാട്ടുന്ന വിവേചനമാണ് എന്നു ക്രൈസ്തവസഭാധികാരികള്‍ മനസിലാക്കുകയും നീതിക്കായുള്ള പോരാട്ടത്തില്‍ ഒന്നായിചേരുവാനും കഴിയണം.
(ദലിത് കത്തോലിക്കാ മഹാജന സഭ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍).


Related Articles

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

  ഒരു വ്യാഴവട്ടം മുമ്പു നടന്ന സംഭവമാണ്. സ്‌പെയിനിലെ സഗ്രാദ ഫമിലിയ കത്തീഡ്രലില്‍ നിന്ന് വിശുദ്ധബലിക്കിടെ ഒരാളെ പുറത്താക്കി. കത്തീഡ്രലില്‍ അയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം.

നിസംഗത ഇനിയും പൊറുക്കില്ല  

ചെല്ലാനത്ത് മനുഷ്യാവകാശ ലംഘനംഅഡ്വ. ഷെറി ജെ. തോമസ് (കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്)പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ മനുഷ്യാവകാശ ലംഘനമാണ് ചെല്ലാനത്തു നടക്കുന്നതെന്നു വ്യക്തമാകും. എട്ടു കോടി രൂപയുടെ ജിയോട്യൂബ്

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*