ദലിത് ക്രൈസ്തവ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം

ദലിത് ക്രൈസ്തവ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം

ആര്യന്മാരുടെ കടന്നുവരവിനുശേഷം ഭാരതത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച സാമൂഹ്യവ്യവസ്ഥയാണ് ചാതുര്‍വര്‍ണ്യം. ഇതോടൊപ്പം സമൂഹത്തിലെ കടുത്ത ഉച്ചനീചത്വവും അനീതിയും വിവേചനവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം നിലവില്‍ വന്നു. പില്ക്കാലത്ത് പാശ്ചാത്യ മിഷണറിമാര്‍ പല സ്ഥലങ്ങളിലും സുവിശേഷപ്രചരണം നടത്തുകയും ജാതിവ്യവസ്ഥയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയും ചെയ്തു. നാടുവാഴികള്‍ അടിമകളാക്കിയിരുന്നവര്‍ അവരില്‍നിന്നു മോചനം ലഭിക്കുന്നതിനായി മിഷണറിമാരില്‍നിന്ന് മാമോദീസയിലൂടെ ‘ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുവാന്‍’ (ലൂക്ക 4: 18-19) ഈ ലോകത്തിലേക്കു കടന്നുവന്ന യേശുക്രിസ്തുവിനെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തു. അതോടൊപ്പം അവര്‍ സ്ഥാപിച്ച പള്ളിയോടു ചേര്‍ന്നുള്ള വിദ്യാലയങ്ങളില്‍ പഠിക്കുവാന്‍ തുടങ്ങി. എങ്കിലും ജാതിവ്യവസ്ഥയും അതനുസരിച്ചുള്ള വിവേചനങ്ങളും തുടര്‍ന്നു. 1947-ല്‍ ഭാരതം ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ എല്ലാ പൗരന്മാര്‍ക്കും തുല്യപരിഗണനയുള്ള ഭരണഘടന നിലവില്‍ വന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍

എഴുതിയ ഇന്ത്യന്‍ ഭരണഘടന പ്രകാരം എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യത്തിന് തുല്യമായ അവകാശവും മതവിശ്വാസം പരിശീലിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശവുമുണ്ട് (ആര്‍ട്ടിക്കിള്‍ 3: 25(1)). ജാതി, മതം, വംശം, ദേശം ഇവയുടെ പേരില്‍ വിവേചനം വച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് ആര്‍ട്ടിക്കിള്‍ 15(1) വ്യക്തമാക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് പൊതുധാരയിലേക്ക് കടന്നുവരാന്‍ സഹായിക്കുന്ന സംവരണ സംവിധാനം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് മതപരിഗണന കൂടാതെ എല്ലാ പട്ടികവിഭാഗങ്ങള്‍ക്കും തുല്യ പരിഗണന ലഭിച്ചു.

എന്നാല്‍ ഡോ. രാജേന്ദ്ര പ്രസാദ് 1950 ഓഗസ്റ്റ് 10-ാം തീയതി പുറപ്പെടുവിച്ച പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ അഹിന്ദുക്കള്‍ക്ക് പട്ടികജാതി സംവരണം ഇല്ലാതായി. ‘ഹിന്ദുമതത്തില്‍ നിന്നു മാറി മറ്റൊരു വ്യത്യസ്ത മതം സ്വീകരിച്ചിട്ടുള്ള ദലിതരെ പട്ടികജാതിക്കാരായി പരിഗണിക്കുകയില്ല’ എന്നതായിരുന്നു ഉത്തരവ്. ഈ ഉത്തരവിന്‍പ്രകാരം ദലിത് ക്രൈസ്തവര്‍, നിയോബുദ്ധിസ്റ്റുകള്‍, ദലിത് സിക്കുകാര്‍ എന്നിവര്‍ പട്ടികജാതി സംവരണത്തില്‍നിന്നു പുറത്തായി. എന്നാല്‍ 1956ലും 1990ലും ക്രമമായി ദലിത് സിക്കുകാര്‍ക്കും നവബൗദ്ധര്‍ക്കും സംവരണം ഉറപ്പായി. അപ്പോഴും ദലിത് ക്രൈസ്തവരെ അവഗണിച്ചു. ദലിത് ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകളെല്ലാം ഇവര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നു നടപടി സ്വീകരിക്കാത്തതിനാല്‍ പാര്‍ലമെന്റിനു മുമ്പില്‍ റിലേ ഉപവാസ സമരങ്ങള്‍ നടത്തിയും നിവേദനം കൊടുത്തും ദലിത് ക്രൈസ്തവര്‍ പട്ടികജാതി സംവരണ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. 70 വര്‍ഷമായിട്ടും ഒരു തീരുമാനവുമുണ്ടായിട്ടില്ല. മതംമാറ്റത്തിലൂടെ ഒരു വ്യക്തിയുടെയും ജാതി മാറുന്നില്ലെന്നും മതംമാറ്റം എന്ന കാരണത്താല്‍ പട്ടികജാതിക്കാരന് അവകാശമായ സംവരണം നിഷേധിക്കുന്നത് ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വത്തിന്റെ അന്തഃസത്തയുടെ ലംഘനമാണെന്നുമാണ് പരമോന്നത നീതിപീഠമായ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത് (ജഡ്ജ്മെന്റ്‌സ് സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ, 1992 നവംബര്‍ 16 പേജ് 54, 55). ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നിഷേധിക്കുന്നത് വിശ്വാസത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് നാം മനസിലാക്കണം.

ഭരണഘടനാപരമായി പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ദലിത് ക്രിസ്ത്യാനികള്‍ അര്‍ഹരാണോ എന്ന ചോദ്യം പലപ്പോഴും പരിഹാസരൂപേണ കേള്‍ക്കേണ്ടിവരുന്നു. അവര്‍ തികച്ചും അര്‍ഹരാണ്. അര്‍ഹത സ്ഥാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഇന്ദിരാ സാഹ്നി കേസില്‍ (അകഞ 1993 ടഇ 447) ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആയതുകൊണ്ട് പട്ടികജാതി ക്രിസ്ത്യാനികളും എല്ലാ ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹരാണ്. ദലിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതിക്കാരുമായുള്ള സാമ്യം എന്താണെന്ന് ചിലര്‍ ചോദിക്കുന്നു. പട്ടികജാതിയില്‍നിന്നു മതപരിവര്‍ത്തനം ചെയ്തവര്‍ പട്ടികജാതിക്കാര്‍തന്നെയാണ്. ജാതി എന്നത് രക്തബന്ധം കാണിക്കുന്നു. മതത്തിന് അതില്‍ ഒരു കാര്യവുമില്ല.

‘അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍ എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് (മത്താ. 11: 28-30) എന്നു പറഞ്ഞുകൊണ്ട് നമ്മെ ആശ്വസിപ്പിക്കുന്ന യേശുക്രിസ്തുവിനെ വിശ്വസിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ട ദലിത് സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരതസഭ 1986 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 കഴിഞ്ഞുവരുന്ന ഞായര്‍ നീതി ഞായര്‍ (ജസ്റ്റിസ് സണ്‍ഡേ) ആയി ആചരിച്ചുവരുന്നു.

ആധുനികലോകത്തില്‍ ജീവിക്കുന്ന പുത്തന്‍തലമുറയ്ക്ക് ഈ ദിവസത്തെക്കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ ശരിക്കും അറിയില്ല. ആയതിനാല്‍ അന്നേദിവസം ഓരോ രൂപതയിലും ഫെറോനകള്‍ കേന്ദ്രീകരിച്ച് ദലിത് ക്രൈസ്തവരെ ഒരുമിച്ചുകൂട്ടി സമ്മേളനങ്ങള്‍ നടത്തുന്നു. ദലിത് ക്രൈസ്തവരുടെ ഉത്ഭവത്തെക്കുറിച്ചും സമൂഹത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനു പരിഹാരം കാണാനായി അവര്‍ ചെയ്യുന്ന ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും പഠനക്ലാസുകള്‍ നടത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസപരമായി വളരെ താണനിലവാരത്തിലായിരുന്ന ദലിത് ക്രൈസ്തവരില്‍ പലരും ഇന്ന് സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ എല്ലാ മേഖലകളിലും മുന്‍നിരയില്‍ നില്ക്കുവാന്‍ പ്രാപ്തരായിട്ടുണ്ടെങ്കിലും എല്ലാ തലങ്ങളിലും അവര്‍ നേരിടുന്ന അവഗണനയും വിവേചനവും വളരെ വലുതാണ്. ഒരു വീട്ടില്‍ താമസിക്കുന്ന ഒരപ്പന്റെ മക്കളില്‍ ഒരാള്‍ ‘മത്തായി’ ആയും മറ്റൊരാള്‍ ‘മനോഹരന്‍’ ആയും ജീവിക്കുവാന്‍ ഇടയാകുന്ന സാഹചര്യം ഇതാണ്. കുടുംബങ്ങളില്‍പോലും പലപ്പോഴും പല പ്രശ്നങ്ങള്‍ക്കും ഇതു കാരണമാകുന്നു. പിതാവിന്റെ മരണദിവസം രണ്ടു മക്കളും തമ്മിലടിച്ചു മരിക്കുന്ന അവസ്ഥയുമുണ്ടാകുന്നു.
ദലിത് ക്രൈസ്തവര്‍ക്ക് ഇപ്പോള്‍ ഒരു ശതമാനം മാത്രമാണ് സംവരണമുള്ളത്. വിദ്യാഭ്യാസമേഖല, തൊഴില്‍മേഖല, രാഷ്ട്രീയമേഖല എന്നു തുടങ്ങി അധികാരത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ തദ്ദേശ സ്വയംഭരണ തലങ്ങളില്‍പോലും ദലിത് ക്രൈസ്തവര്‍ക്കായി ഒരു സീറ്റ് നല്കുന്നില്ല. ഒരു മേഖലയിലും അര്‍ഹമായ പ്രാതിനിധ്യമില്ല. എവിടെയും മറ്റു മാനദണ്ഡങ്ങള്‍ നോക്കുന്നു. രാഷ്ട്രീയതലങ്ങളില്‍ തുടങ്ങി പല മേഖലകളിലും ദലിത് ക്രൈസ്തവരെയും ചേര്‍ത്ത് നടപ്പില്‍വരുന്ന ഓരോ പ്രസ്ഥാനവും പരിപാടിയും അതിന്റെ ഉച്ചകോടിയില്‍ എത്തുമ്പോള്‍ നേതാക്കളായി നില്ക്കുന്നവര്‍ ദലിതരെ പല ന്യൂനതകള്‍ പറഞ്ഞുകൊണ്ട് പുറത്താക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എവിടെയും വിവേചനം; എവിടെയും അവര്‍ പിന്‍തള്ളപ്പെടുന്നു. സര്‍ക്കാരും സമൂഹവും ഒരുപോലെയാണ്. നിയമപരമായി ഇവര്‍ ഇടപെട്ടാല്‍പോലും നീതി നടത്തേണ്ടവര്‍ മൗനം പാലിക്കുന്നതായാണു കണ്ടുവരുന്നത്. ദലിത് ക്രൈസ്തവരില്‍ വലിയ ഒരു ശതമാനം ഭൂരഹിതരാണ്. ഇവര്‍ക്ക് ഭൂമി കൈവശം വയ്ക്കുവാനുള്ള അവകാശം പരമ്പരാഗതമായി നിഷേധിച്ചിരിക്കുന്നു. കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമത്തിന്റെ ഫലമായി ലഭിച്ച കുടികിടപ്പ് അവകാശമായ 10 സെന്റ് ഭൂമിയാണ് ഭൂരിപക്ഷം ആളുകളുടെയും കൈവശമുള്ളത്. അതില്‍ കൂടുതല്‍ ഉള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ആ 10 സെന്റ് ഭൂമി പോലും പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഫലത്തില്‍ ഇപ്പോള്‍ ഭൂരിഭാഗം ആളുകളും ഭൂരഹിതരായ അവസ്ഥയില്‍ത്തന്നെ. ഇങ്ങനെയുള്ളവര്‍ ധാരാളമുള്ളപ്പോള്‍ പലയിടങ്ങളിലായി സര്‍ക്കാരിന്റെ വക ഏക്കര്‍കണക്കിനു സ്ഥലങ്ങള്‍ തരിശായികിടക്കുന്നു. അതുപോലെ ഉപയോഗശൂന്യമായ എത്രയോ കെട്ടിടങ്ങള്‍! ഇവയെല്ലാം പലയിടങ്ങളിലും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും ഭാഗത്ത് ഭൂമിയില്ലാത്തവര്‍ക്കു നല്കിയാല്‍തന്നെ അതിനു പട്ടയം കൊടുക്കാത്ത അവസ്ഥ. പട്ടയം ലഭിച്ചാലേ സാധാരണക്കാരായ പാവങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയൂ. ആവശ്യമുള്ളവര്‍ക്ക് ആവശ്യമായ സമയങ്ങളില്‍ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യേണ്ടത് അതതു കാലത്ത് ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

പട്ടികജാതിക്കാരുടെ നേരെ ബലാത്സംഗം, പീഡനം എന്നു തുടങ്ങി പലവിധ അതിക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഹിന്ദുവും ക്രിസ്ത്യനും ഒരുപോലെയാണ്. എന്നാല്‍ പട്ടികജാതി എന്ന പേരില്‍ ഹിന്ദുവിന് പരിരക്ഷ ലഭിക്കുകയും ക്രിസ്ത്യാനിയെ അവഗണിക്കുകയും ചെയ്യുന്നു. ഇവയില്‍ നിന്നെല്ലാം മോചനം ലഭിക്കണമെങ്കില്‍ തങ്ങള്‍ക്ക് അര്‍ഹതയുള്ള അവകാശങ്ങള്‍ നേടിയെടുക്കുകതന്നെവേണം. ഒരേ വിദ്യാഭ്യാസയോഗ്യതയുള്ള ഒരാള്‍ ദലിത് ക്രിസ്ത്യാനിയും മറ്റെയാള്‍ പട്ടികജാതി രേഖയുള്ള ആളുമാകുമ്പോള്‍ തുടര്‍പഠനത്തിന് ദലിത് ക്രൈസ്തവനെ അവഗണിക്കുകയും പട്ടികജാതിക്കാരന് അഡ്മിഷന്‍ നല്കുകയും ചെയ്യുന്നു. ഇത്തരം സര്‍ക്കാര്‍ ഉത്തരവും വിവേചനവും അനേകം പേരുടെ ജീവിത തകര്‍ച്ചയ്ക്ക് കാരണമാകുന്നു.

വിദ്യാഭ്യാസമേഖലയില്‍തന്നെ കായിക, കലാവാസനയുള്ള കുട്ടികള്‍ക്ക് അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് വളരുവാന്‍ കഴിയാത്ത അവസ്ഥയാണ്. ഏതു മേഖലയില്‍ പോയാലും അവിടെയൊക്കെ അവഗണന. ഏതു തലത്തിലും പല കാര്യങ്ങളിലും നൈപുണ്യമുള്ള ദലിത് ക്രൈസ്തവര്‍ ഇന്നു സമൂഹത്തിലുണ്ട്. അവരെ കണ്ടറിഞ്ഞ് വളര്‍ത്തിയെടുത്താല്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പല മേഖലകളിലും പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവിതത്തോടുതന്നെ വെറുപ്പു തോന്നി മാനസികമായി തകര്‍ന്ന് പലതരത്തിലുള്ള മ്ലേഛമായ പ്രവര്‍ത്തനങ്ങളില്‍ കുടുങ്ങി ജീവിതം നശിച്ചുപോകുന്ന എത്രയോ പേരുണ്ട്! ജോലി സാധ്യതകളുടെയും നിയമനങ്ങളുടെയും കാര്യത്തില്‍ ഇത്തരം അനുഭവങ്ങളാണ് ഇവര്‍ക്കുണ്ടാകുന്നത്. ഇന്റര്‍വ്യുവിലും ടെസ്റ്റുകളിലും റാങ്ക് നേടുന്നവര്‍ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കാലയളവ് ഉയര്‍ത്തുകയും, കോഴ വാങ്ങിയും മാര്‍ക്ക്ലിസ്റ്റ് തിരുത്തിയും അര്‍ഹതയില്ലാത്തവരെ, അധികാരികള്‍ക്ക് വേണ്ടപ്പെട്ടവരെ പരിഗണിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ സംവരണത്തിനും നിയമനത്തിനും അര്‍ഹരായവരുടെ ജീവിതം വഴിമുട്ടുകയാണ്.

‘പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്കു സഹായം എവിടെ നിന്നുവരും? എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്’ (സങ്കീ 127: 1-2) എന്ന പ്രാര്‍ത്ഥനയോടെ മുന്നോട്ടുപോകുന്ന സമൂഹമാണ് ദലിത് ക്രൈസ്തവര്‍. ദലിത് ക്രൈസ്തവരുടെ രാഷ്ട്രീയ പങ്കാളിത്തം വളരെ കുറവാണ്. ആയതിനാല്‍ തദ്ദേശസ്വയംഭരണ തലങ്ങള്‍ മുതല്‍ സംസ്ഥാന, കേന്ദ്രതലങ്ങള്‍ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ദലിത് ക്രൈസ്തവര്‍ക്കും സീറ്റ് ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്. ദലിത് ക്രൈസ്തവരുടെ ജീവിതത്തില്‍ മുന്നേറ്റമുണ്ടാകണമെങ്കില്‍ ഇങ്ങനെയുള്ള വേദികളില്‍ അവരുടെ പങ്കാളിത്തം അത്യാവശ്യമാണ്. രാഷ്ട്രീയ രംഗത്ത് കഴിവും താല്പര്യവുമുള്ള ദലിത് ക്രൈസ്തവ പ്രതിനിധികളെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇലക്ഷന്‍ അടുത്തുവരുന്നതിനാല്‍ ഓരോ രൂപതയില്‍നിന്നും ഇങ്ങനെയുള്ള  വ്യക്തികളെ ഇടവകതലത്തില്‍ കണ്ടെത്തുന്നതിനും അവര്‍ക്കു പിന്തുണ നല്കുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ഇലക്ഷനും പുത്തന്‍ വാഗ്ദാനങ്ങള്‍ നല്കി കസേര ലഭിച്ചുകഴിഞ്ഞാല്‍ ദലിതരെ മറക്കുന്നവരില്‍ നിന്നു മോചനം ലഭിക്കുവാന്‍ ‘ഭാവികാര്യങ്ങള്‍ ആലോചനാപൂര്‍വം രൂപവത്ക്കരിക്കണം’ എന്ന സോക്രട്ടറീസിന്റെ വാക്കുകളുടെ വെളിച്ചത്തില്‍ വരുംതലമുറയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാം.

ദലിത് ക്രൈസ്തവ സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പലപ്പോഴും പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ദലിത് ക്രൈസ്തവ സ്ത്രീകള്‍ക്കു സംരക്ഷണമില്ല. അവര്‍ക്കു നീതി നിഷേധിക്കപ്പെടുന്നു. തൊഴില്‍രംഗത്തും, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിങ്ങനെയുള്ള പല ഫോറങ്ങളിലും ദലിത് വനിതകള്‍ക്കു ലഭിക്കേണ്ട പ്രാതിനിധ്യവും ആനുകൂല്യവും ലഭിക്കുന്നില്ല. വിദ്യാഭ്യാസമേഖലയില്‍ ഉയര്‍ന്നവര്‍ സ്വന്തം കാലില്‍ നില്ക്കുവാന്‍ ആഗ്രഹിക്കുന്നു. ഓരോ മേഖലയിലും വനിതകള്‍ നേരിടുന്ന വിവേചനം ക്രമേണ മാറുന്നതിനും എവിടെയും അവരെ മുന്‍നിരയില്‍ കൊണ്ടുവരുന്നതി
നും സ്ത്രീകളുടെ ശാക്തീകരണത്തിനായി സംഘടനകള്‍, സെല്ലുകള്‍ എന്നിങ്ങനെ പലതരം പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് അവര്‍ക്കായി പ്രത്യേക ക്ലാസുകളും സെമിനാറുകളും പഠനശിബിരങ്ങളും നടത്തണം. അങ്ങനെ, പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം എന്തിനോടും പ്രതികരിക്കുവാനും ഏതു മേഖലയിലും ശബ്ദമുയര്‍ത്തുവാനും അവര്‍ പ്രാപ്തരാകും. കഴിഞ്ഞ കാലഘട്ടങ്ങളുമായി തുലനം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഇന്ന് മുന്‍നിരയില്‍ ആണെങ്കിലും, ‘ഭൂതകാലത്തെക്കുറിച്ചു സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും വര്‍ത്തമാനകാലത്തെക്കുറിച്ച് ധൈര്യപൂര്‍വം സമീപിക്കുകയും ചെയ്യുക’ എന്ന മാക്സിം ഗോര്‍ക്കിയുടെ വാക്കുകള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ‘എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും (ഫിലി. 4: 13) എന്ന വാക്യത്തിന്റെ ശക്തിയില്‍ ദലിത് വനിതകള്‍ മുന്നോട്ടുപോകുന്നു.


Tags assigned to this article:
annamma matthewdalit christians

Related Articles

ജനുവരി 26 ഭരണഘടനാ സംരക്ഷണദിനമായി കേരള ലത്തീന്‍ സഭ ആചരിക്കും

എറണാകുളം: ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമെന്ന് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും (കെആര്‍എല്‍സിബിസി) ലത്തീന്‍ കത്തോലിക്കരുടെ ഉന്നതനയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്

ജെ.ബി കോശി കമ്മീഷനു മുമ്പാകെ കെആര്‍എല്‍സിസി തെളിവുകള്‍ സമര്‍പ്പിച്ചു

എറണാകുളം: ക്രൈസ്തവ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന് കെആര്‍എല്‍സിസി നിവേദനവും തെളിവുകളും സമര്‍പ്പിച്ചു. കെഎല്‍സിഎ സംസ്ഥാന സമിതിയും വിവിധ രൂപതാ

ഉതപ്പും ചെറുത്തുനില്‍പ്പും

പ്രളയാനന്തരം മറ്റൊരു കോളിളക്കത്തിലൂടെ കേരളത്തിലെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോള്‍, ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, വിശേഷിച്ച് ടെലിവിഷന്‍ ചാനലുകളിലെ അന്തിചര്‍ച്ചകളില്‍ സഭയ്ക്കുനേരെ സംഘാതമായി നടത്തിയ കടന്നാക്രമണങ്ങളുടെയും അസത്യപ്രചരണത്തിന്റെയും വ്യാപ്തിയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*