ദളിതനും കുതിരയും

ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ സഞ്ജയ് ജാദവിന്റെ വിവാഹം ഏപ്രില്‍ 20നാണ്. ആഴ്ചകള്‍ക്കു മുമ്പേ ഈ വിവാഹം വിവാദമായി കഴിഞ്ഞു. ഒരു കുതിരയാണ് സഞ്ജയ് ജാദവിന്റെ വിവാഹം വിവാദമാക്കിയത്. പൊലീസ് മാത്രമല്ല കോടതികള്‍ വരെ പ്രശ്നത്തില്‍ ഇടപെട്ടു. കുതിരക്കെന്താണ് ഈ വിവാഹവേദിയില്‍ കാര്യമെന്ന് ചോദിച്ചേക്കാം. അതിനുത്തരം ലഭിക്കുന്നതിനു മുമ്പ് സഞ്ജയ് ജാദവ് ഒരു ദളിതനാണെന്നറിയണം. ദളിതന് കുതിരപ്പുറത്തു കയറാനോ കുതിരയെ സ്വന്തമാക്കാനോ അവകാശമില്ലെന്ന് മേല്ജാതിക്കാര് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. കുതിരയെ വാങ്ങിയതിനും അതിന്മേല് സവാരി നടത്തിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ഭാവ്നഗറില്‍ ഒരു ദളിതനെയും അവന് വാങ്ങിയ കുതിരയെയും കൊന്നിട്ട് അധികകാലമായിട്ടില്ല.
സഞ്ജയ് ജാദവ് വിദ്യാഭ്യാസമുള്ള യുവാവാണ്. തന്റെ വിവാഹത്തിന് അയല്ഗ്രാമക്കാരിയായ വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് പോകണമെന്ന് അയാള്‍ക്ക് ആഗ്രഹം. തന്റെ നാട്ടിലെ പ്രമുഖരായ പലരും വിവാഹത്തിന് കുതിരപ്പുറത്തേറി പോകുന്നത് അയാള്‍ കണ്ടിട്ടുമുണ്ട്. പക്ഷേ അവരെല്ലാം ഉയര്‍ന്ന ജാതിക്കാരാണെന്ന കാര്യം ഈ ദളിത് യുവാവ് മറന്നുകളഞ്ഞു. വിവരമറിഞ്ഞ ഉന്നതകുലജാതര്‍ കലിതുള്ളി. ഗ്രാമമുഖ്യന് പ്രശ്നത്തില്‍ ഇടപെട്ടു. ദളിതന് വലിയൊരു അപരാധമാണ് ചെയ്യാന്‍ പോകുന്നതെന്ന് മുഖ്യന് വിധിയെഴുതി. വധുവിന്റെ ഗ്രാമമായ കാസ്ജംഗിലെ ജില്ലാ ഭരണകൂടത്തിന് അല്പം ദയ തോന്നി. ഒരു കാര്യം ചെയ്യാം. ഒരു റൂട്ട് മാപ്പ് തയ്യാറാക്കി തരാം. കുതിരയെ ആ റൂട്ടിലൂടെ ഓടിച്ചോളൂ എന്നവര്‍ ഒത്തുതീര്‍പ്പിനെത്തി. ഉന്നത ജാതിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് പൊലീസ് സഹായത്തോടെ ജില്ലാ മജിസ്ട്രേറ്റ് ദളിതന് നല്ലവഴിപറഞ്ഞു കൊടുത്തത്. വളഞ്ഞുപുളഞ്ഞ ദൂരക്കൂടുതലുള്ള വഴി വരന് ഇഷ്ടപ്പെട്ടില്ല. ഇതുതന്റെ സ്വന്തം വിവാഹമാണെന്നും, ആഘോഷമെന്നത് തന്റെ ഇഷ്ടമാണെന്നും അയാള്‍ പറയുന്നു. പൊതുനിരത്തുകള്‍ എല്ലാവര്‍ക്കുമുള്ളതാണ്. വിവാഹഘോഷയാത്ര നടത്തിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിനെയും അയാള്‍ എതിര്‍ക്കുന്നു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ചുമതലയല്ലേ? താന്‍ നിയമം ലംഘിക്കാത്തിടത്തോളം കാലം തനിക്ക് സംരക്ഷണം നല്‍കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും അയാള്‍ പറഞ്ഞു. വിവാഹത്തിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് സഞ്ജയ് ജാദവ് ജില്ലാ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. മജിസ്ട്രേറ്റ് കനിഞ്ഞില്ല. സഞ്ജയ് ജാദവും എളുപ്പം കീഴടങ്ങാന്‍ ഒരുക്കമായില്ല. കേസ് ഹൈക്കോടതിയിലെത്തി. സംരക്ഷണം വേണമെങ്കില്‍ നാട്ടിലെ പൊലീസിനെ സമീപിക്കുവാനാണ് ഹൈക്കോടതി പറഞ്ഞത്. സഞ്ജയ് ജാദവിന്റെ കേസിപ്പോള്‍ സുപ്രീം കോടതിയിലാണ്.
അടുത്തത് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള കല്യാണവാര്ത്തയാണ്. ഇവിടെയും വരന്റെ കുതിരതന്നെ താരം. ഏപ്രില്‍ രണ്ടിനായിരുന്നു 27കാരനായ രാംപ്രസാദിന്റെ വിവാഹം. കുതിരപ്പുറത്തു കയറി ആഘോഷമായി വധൂഗൃഹത്തിലെത്താനാണ് അയാള്‍ കൊതിച്ചത്. വിവാദ സിനിമയായ പദ്്മാവതിലെ പാട്ടുംപാടി വിവാഹസംഘം മുന്നേറവെ ഒരുകൂട്ടം രജപുത്രജാതിക്കാര് സംഘത്തെ വളഞ്ഞ് ആക്രമിച്ചു. കല്ലേറും കുറുവടിത്തല്ലും വിവാഹസംഘത്തിന് ധാരാളം കിട്ടി. എല്ലാവരും ജീവനും കൊണ്ടു രക്ഷപ്പെട്ടു. കല്ലേറുകൊണ്ട രാംപ്രസാദ് കുതിരപ്പുറത്തു നിന്നും വീണു. സംഘര്‍ഷമുണ്ടായി അധികം താമസിയാതെ പൊലീസ് സംഭവസ്ഥലത്തെത്തിയതുകൊണ്ടു ജീവന് രക്ഷപ്പെട്ടു. പൊലീസ് അത്രവേഗം സ്ഥലത്തെത്താന്‍ കാരണമുണ്ട്. രാംപ്രസാദ് ഒരു പൊലീസുകാരനാണ്. പക്ഷേ ദളിതനാണെങ്കില്‍ കാക്കിക്കുപ്പായത്തിനും രക്ഷയില്ലെന്ന് അയാള്‍ക്കു ബോധ്യമായി.
സഞ്ജയ് ജാദവിനെ പോലെ തന്നെ കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല രാംപ്രസാദിന്റെയും സ്വത്വബോധം. വിവാഹഘോഷയാത്ര കുതിരപ്പുറത്തു തന്നെ നടത്താണ് അയാളുടെ തീരുമാനം. കുതിരയ്ക്കു പകരം പൊലീസ് വാഹനം വിട്ടുനല്‍കാമെന്ന ഉജ്ജയിനിലെ അഡീഷണല്‍ എസ്പി നീരജ് പാണ്ഡ്യയുടെ നിര്‍ദേശം പൊലീസ് ദളിതന് സ്നേഹപൂര്‍വം നിരസിച്ചു. താന്‍ ഈ വിവാഹഘോഷയാത്ര നടത്തിയില്ലെങ്കില്‍ തന്റെ ജാതിയില്‍പെട്ടവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും എന്നേയ്ക്കും നശിക്കുമെന്ന് അയാള്‍ പറയുന്നു. തന്നെപ്പോലെ വിദ്യാഭ്യാസവും ഉദ്യോഗവുമുള്ളയാള് ഇത്തരം പൈശാചികശക്തികള്‍ക്കു കീഴടങ്ങിയാല്‍ അത്തരക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന നടപടിയാകുമതെന്നും അയാള്‍ ചൂണ്ടിക്കാണിക്കുന്നു.
രാജസ്ഥാനിലെ ദുവാലിയക്കാരനായ ചന്ദ്രഭാന്‍ പ്രസാദ് മകളുടെ വിവാഹത്തിനായി പത്തുലക്ഷം രൂപ ചിലവിട്ടാണ് കുതിരയെയും മറ്റു ആഘോഷങ്ങളും സംഘടിപ്പിച്ചത്. വരന് കുതിരപ്പുറത്തേറി വരുമ്പോള്‍ ജാട്ട് വിഭാഗക്കാര്‍ വിവാഹഘോഷയാത്രയെ ആക്രമിച്ചു. അവര്‍ തങ്ങളെ മനുഷ്യരായല്ല മൃഗങ്ങളായാണ് കാണുന്നതെന്ന് ചന്ദ്രഭാന്‍ പ്രസാദ് പറയുന്നു. കീഴടങ്ങാന്‍ അദ്ദേഹവും ഒരുക്കമല്ല. നീതിപീഠത്തെ തന്നെയാണ് ചന്ദ്രഭാന്‍ പ്രസാദും സമീപിച്ചിരിക്കുന്നത്.
സഞ്ജയ് ജാദവും രാംപ്രസാദും ചന്ദ്രഭാന്‍ പ്രസാദും ദളിതരുടെ പുതിയ കാലത്തിന്റെ പ്രതിനിധികളാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുറച്ചുകാലമായി ഈ കുതിരക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ കുതിരപ്പുറത്ത് നാളിതുവരെ മാനംമര്യാദയായി വിവാഹഘോഷയാത്ര പോകാന്‍ ഒരു ദളിതനും കഴിഞ്ഞിട്ടില്ല. ഇവര്‍ക്കത് കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. കാരണം തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുതുടങ്ങിയെന്നും ദളിതര്‍ വളരെ സാവധാനമെങ്കിലും സമസ്തമേഖലകളിലും ആധിപത്യം നേടാന്‍ തുടങ്ങിയെന്നും ഉയര്‍ന്നവര്‍ക്കു മനസിലായി. അവര്‍ക്കും കുതിര നിലനില്‍പ്പിന്റെ പ്രശ്നമായി മാറുന്നത് അങ്ങിനെയാണ്. കുതിരകളെ ഇപ്പോള്‍ സ്വതന്ത്രമായി വിഹരിക്കാനനുവദിച്ചാല് അവ കുതിച്ചുപാഞ്ഞ് തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കുമെന്ന് അവര്‍ക്കു മനസിലായി. ദളിതര്‍ മീശപിരിച്ചുവയ്ക്കുന്നതും ജീന്സു പോലുള്ള വേഷങ്ങള്‍ ധരിക്കുന്നതും അവരുടെ കാഴ്ചപ്പാടില്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെ. കുതിരപ്പുറത്ത് വിവാഹഘോഷയാത്ര നടത്താന്‍ ശ്രമിച്ച കുറ്റത്തിന് രാജസ്ഥാനിലെ ഭഗോര ഗ്രാമത്തിലെ ഭാരത് എന്ന യുവാവും കുടുംബവും ഊരുവിലക്ക് നേരിടുകയാണ്. 2014 ഏപ്രിലില്‍ നടന്ന വിവാഹഘോഷയാത്രക്കിടെ 150 ഓളം പേര് വരുന്ന സംഘമാണ് വിവാഹഘോഷയാത്രയെ ആക്രമിച്ചത്. ഭാരതിനെ അവര്‍ മൃഗീയമായി മര്‍ദിച്ചു. അയാള്‍ ഇപ്പോഴും ചികിത്സയിലാണ്. ഉന്നതര്‍ ഏര്‍പ്പെടുത്തിയ ഊരുവിലക്ക് സ്വന്തം ജാതിക്കാരും പിന്തുടര്ന്നു. ഭാരതിന്റെ അച്ഛന് ബുരാരം പരമാര് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഓര്‍ക്കുക.
സുപ്രീം കോടതിയുടെ തിരുത്ത്
പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ സുപ്രീം കോടതി കൊണ്ടുവന്ന നിയന്ത്രണങ്ങളെയും അതിനോടുയര്‍ന്ന തീവ്രമായ പ്രതികരണത്തെയും ദളിതന്റെ കുതിര പ്രേമത്തോടു ബന്ധപ്പെടുത്തി വേണം കാണാന്‍. കുതിര അവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ മേല്ജാതിക്കാര് മാത്രം വിവാഹ ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന രാജകീയ വാഹനം എന്നും ദളിതന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്താകമാനം കണ്ട പ്രതിഷേധങ്ങള്‍ ദളിതുകള്‍ ആക്രമിക്കപ്പെടുകയും അവരുടെ ഉപജീവനമാര്ഗങ്ങള്ക്കുമേല് ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയില്‍ നീതിന്യായ സംവിധാനം കൂടി തങ്ങള്‍ക്കെതിരെ തിരിയുന്നുവെന്ന തോന്നലില്‍ നിന്നുയര്‍ന്ന പ്രതിരോധം കൂടിയാണ്. ദളിതര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നിയമ സംരക്ഷണ കവചത്തില്‍ വിള്ളലുണ്ടാക്കുമ്പോള്‍ സവര്‍ണാധികാരഘടനയില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളെ ചോദ്യംചെയ്യാനുള്ള അധികാരം പരിമിതപ്പെടുകയാണ്. ദളിതുകള്‍ക്കു നേര്‍ക്ക് വലിയ അതിക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളുടെ പട്ടിക നിരീക്ഷിക്കുമ്പോള്‍ ഏതാണ്ടെല്ലാം ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുമാണ്.
ആ നിലക്ക് രാജ്യത്ത് നിലനില്‍ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ പുറംതള്ളുക എന്ന ഉദ്ദേശ്യം കൂടി ഈ സമരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു വ്യക്തമാണ്. എന്നാല്‍ കേരളത്തില്‍ ആ പ്രതിഷേധം കമ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള അമര്‍ഷം കൂടിയായി മാറി. ദളിതര്‍ പ്രഖ്യാപിച്ച സമരത്തിന് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പിന്തുണ നല്കി. മറ്റു സംസ്ഥാനങ്ങളില്‍ ദളിതര്‍ ബിജെപിയെ എതിര്‍ത്താണ് പ്രക്ഷോഭത്തിനിറങ്ങിയതെങ്കില് ഇവിടെ തങ്ങളുടെ കുതിരകള്‍ക്കായി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ ശക്തിപകര്‍ന്നത് ഹിന്ദുത്വപാര്ട്ടിയാണെന്നത് രസകരമായ വിരോധാഭാസം.
ഇനി സുപ്രീം കോടതി വിധിയിലേക്കു വരാം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നാണ് ജസ്റ്റീസുമാരായ എ. കെ ഗോയല്‍, യു. യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിശദീകരണം. മേലുദ്യോഗസ്ഥനെതിരെയാണ് പരാതിയെങ്കില്‍, ഡെപ്യൂട്ടി സൂപ്രണ്ട് പദവിയില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി ഉത്തരവിട്ടു. അറസ്റ്റിന് നിയമന അധികാരിയുടെ അനുമതി വാങ്ങുകയും വേണം. പരാതി ഗൗരവമുള്ളതാണെങ്കില്‍ അത് ജാമ്യമില്ലാത്ത കേസായി മാറുവാനുള്ള വ്യവസ്ഥ നിയമത്തിലുണ്ടായിരുന്നു. ഇതില്‍ വെള്ളം ചേര്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നാണ് ദളിതരുടെ ആരോപണം. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കേസല്ലെന്ന് തോന്നിയാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഈ നിയന്ത്രണങ്ങള്‍ 1989ല്‍ വി. പി സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ നോക്കുകുത്തിയാക്കുന്നതാണെന്ന് വിധി പുറത്തുവന്നപ്പോള്‍ തന്നെ നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. പുനപ്പരിശോധനാ ഹര്‍ജി നല്കാന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുനപ്പരിശോധനാ ഹര്‍ജി നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയതാണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് തെരുവിലേക്കിറങ്ങാന്‍ വിവിധ ദളിത് സംഘടനകളെ നിര്‍ബന്ധിതരാക്കിയത്. പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി മാത്രം സംഭവിച്ചതാണെന്ന വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുന്നില്ല.
പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡോ. സുഭാഷ് കാശിനാഥ് മഹാജന് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്ത് ഡോ. മഹാജന് സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദത്തിന് ബലം നല്‍കുന്നതിന് 2016ലെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കും ഹാജരാക്കി. പട്ടിക വിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പിന്‍വലിക്കപ്പെടുകയോ ഒത്തുതീര്‍പ്പാക്കപ്പെടുകയോ കള്ളപ്പരാതിയാണെന്ന് കണ്ടെത്തപ്പെടുകയോ ചെയ്തുവെന്നായിരുന്നു ഡോ. മഹാജന്റെ വാദം. ഈ വാദം കോടതിയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ 2015ലെ കണക്കുകള്‍ കൂടി കോടതിക്കു മുമ്പാകെ നല്കി.
ഉനയില്‍ തുടങ്ങി മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് വരെ നീണ്ട ദളിത് പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഈ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായി. അതിനെല്ലാം ഹേതുവായത് സംഘ്പരിവാര്‍ രാഷ്ട്രീയമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ മെഹര്‍ പോരാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഭീമ കൊറേഗാവില്‍ ഒത്തുചേര്‍ന്ന ദളിതുകളെ ആക്രമിച്ചതില്‍ മുഖ്യ ആസൂത്രകരെ സംരക്ഷിക്കാനാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ പുനെയിലെത്തിയ ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ മടിച്ചതുമില്ല. ഇത്തരം അതിക്രമങ്ങളും അതിന്മേല് നീതി നിഷേധിക്കും വിധത്തിലുള്ള നടപടികളും ആവര്‍ത്തിക്കപ്പെടുന്നത് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ദളിത് വിഭാഗക്കാരായ ബിജെപി എം പിമാര്‍ക്ക് അതിക്രമങ്ങളെക്കുറിച്ചും നീതി നിഷേധങ്ങളെക്കുറിച്ചും തുറന്നു പറയേണ്ട അവസ്ഥയുമുണ്ടായി.
ഇത്രയും ഗുരുതരമായ അവസ്ഥ സംജാതമായപ്പോള്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടമെന്നോണം ഹര്‍ത്താലും സമരങ്ങളും നടക്കുന്ന കേരളത്തില്‍ ദളിതരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട കാര്യം പിണറായി സര്ക്കാരിനുണ്ടായിരുന്നോ? കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും നടത്തിയതിന്റെ പാപഭാരം പേറുന്നത് ഇടതുപക്ഷമാണ്. കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കു
ന്ന വിധത്തില്‍ ഇവിടം സമരഭൂമിയാക്കി മാറ്റിയവര്‍ ചെറിയൊരു പ്രതിഷേധത്തിനു പോലും ദളിതരെ അനുവദിക്കുന്നില്ലെന്ന തോന്നലാണ് പൊതുവെ ഉണ്ടാക്കിയത്. മരംചാരി നിന്ന ബിജെപിക്കാര്‍ കാര്യമെന്തുമാകട്ടെ ആടുകളുടെ ചോരകുടിക്കാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കുകയും ചെയ്തു
ലൈനു ആന്റണി, മുംബൈ
Related
Related Articles
പുനരിധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കെ.എൽ.സി.എ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും
പ്രളയത്തിൽ ഒത്തിരിയേറെ ഭവനങ്ങളിൽ നിന്നും പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്തിട്ടുണ്ട്. ഈ രേഖകൾ തിരിച്ച് ലഭിക്കുന്നതിനായി സർക്കാർ വിവിധ അദാലത്തുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രേഖകൾ നഷ്ടപ്പെട്ട
പിശാചുക്കളുടെ പരാതി
സ്വര്‍ഗത്തില്‍ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയായിരുന്നു. പുത്രന്‍തമ്പുരാന്റെ ബര്ത്ഡേ അല്ലേ. അപ്പോള്‍പ്പിന്നെ അത് ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ ആഘോഷിക്കണമേല്ലാ. സ്വര്‍ഗം ആകെ വര്ണാമയമായിരുന്നു. എങ്ങും സ്വര്‍ണനൂലുകളാല്‍ അലങ്കരിക്കപ്പെട്ട വിതാനങ്ങള്‍;
നീതി വേണം, ധാര്‍മികതയും
ലൈംഗിക ന്യൂനപക്ഷങ്ങളെ അസഹിഷ്ണുതയോടെ, വെറുപ്പോടെ, ഭീതിയോടെ കാണുന്നവരുണ്ട്. സ്വവര്‍ഗാനുരാഗികളെയും ഉഭയലിംഗികളെയും ഭിന്നലിംഗരെയും വ്യത്യസ്ത ലൈംഗികപ്രവണതയുള്ളവരെയും ദുര്‍മാര്‍ഗികളും ദുര്‍ന്നടപ്പുകാരും ശകുനപ്പിഴകളും പാപികളും ക്രിമിനലുകളുമെന്നു മുദ്രകുത്തി സമൂഹം വേട്ടയാടിയിരുന്നു. ജന്മശാപം