ദളിത് ക്രൈസ്തവര്‍ക്കും സംവരണത്തിന് അര്‍ഹതയുണ്ട്

ദളിത് ക്രൈസ്തവര്‍ക്കും സംവരണത്തിന് അര്‍ഹതയുണ്ട്

ആര്യസംസ്‌കാര കാലം മുതല്‍ ദുരാചാരങ്ങള്‍ പലതും നമ്മുടെ നാട്ടിലുണ്ടായിരുന്നുവെങ്കിലും ബ്രാഹ്മണമേധാവിത്വമാണ് ചാതുര്‍വര്‍ണ്യത്തെ രൂക്ഷമാക്കിയത്. ബ്രാഹ്മണര്‍ സ്വത്തുടമകളായതോടെ സവര്‍ണമേധാവിത്വം വളരുകയും, അവര്‍ യജമാനന്മാരും മറ്റുള്ളവര്‍ അടിമകളുമായിത്തീരുകയും ചെയ്തു. ബ്രാഹ്മണമേധാവിത്വവും, നാടുവാഴിവ്യവസ്ഥയും മൂലമാണ് താഴ്ന്ന ജനവിഭാഗം നിരക്ഷരരും നിസഹായരുമായത്. ബ്രാഹ്മണമേധാവിത്വം നിലനില്‍ക്കണമെങ്കില്‍ താഴ്ന്നജനവിഭാഗം നിരക്ഷരതയിലും നിസഹായാവസ്ഥയിലും (ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് കല്‍പിച്ച അവസ്ഥ, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഗുരുവില്ലാതെ അസ്ത്രവിദ്യ കണ്ടു പഠിച്ച് അഗ്രഗണ്യനായിത്തീര്‍ന്ന ഏകലവ്യന്റെ വിരല്‍ മുറിപ്പിച്ച ക്രൂരത) തുടര്‍ന്നേ പറ്റൂ. അതുകൊണ്ടാണ് ഭൂമി, സ്വത്ത് എന്നിവ നേടാനുള്ള അവകാശവും, അറിവ് നേടാനുള്ള അവകാശവും താഴ്ന്നവരില്‍ നിന്നും എടുത്തുമാറ്റപ്പെട്ടത്. അതോടെ ദളിത് ജനവിഭാഗങ്ങള്‍ അടിമകളായിമാറി. വര്‍ത്തമാനകാലദുരന്തമായി സവര്‍ണമേധാവിത്വം ഇന്നും അരങ്ങുതകര്‍ക്കുകയാണ്.

ചാതുര്‍വര്‍ണ്യവ്യവസ്ഥിതിമൂലം ചരിത്രപരമായും, സാമൂഹ്യപരമായും, രാഷ്ട്രീയപരമായും, വിദ്യാഭ്യാസപരമായും സമൂഹത്തിന്റെ താഴെക്കിടയിലേക്ക് ആഴ്ന്നുപോയ ഒരു ജനസമൂഹത്തെ കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും, ഭരണത്തില്‍ പങ്കാളികളാക്കാനും വേണ്ടിയാണ് തൊഴില്‍രംഗത്തും വിദ്യാഭ്യാസമേഖലയിലും ഭരണഘടനയില്‍ പ്രത്യേക സംവരണ സംരക്ഷണം ഉറപ്പാക്കിയത്. ജാതി ഒരു സംസ്‌കാരമായി മാറിയിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സങ്കുചിത ചിന്താഗതിക്കാരാണ് സംവരണത്തിന്റെ  ഉന്മൂലനത്തിന് ശ്രമിക്കുന്നത്.

ഭരണഘടനയുടെ തുടക്കം മുതല്‍ സംവരണവ്യവസ്ഥ (ആര്‍ട്ടിക്കിള്‍ 16 (4), പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട 16 (4) എയും, 16 (4) ബിയും) നിരന്തരം ചോദ്യം ചെയ്യപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരന്തരമായി ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരു വകുപ്പുമില്ല.  സംവരണം എന്നു കേള്‍ക്കുന്നതു തന്നെ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് ചതുര്‍ത്ഥിയാണ്. സംവരണം ഉണ്ടായിട്ടുപോലും ആദിവാസി-ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ സംവരണം ഇല്ലാതാക്കിയാലുള്ള അവസ്ഥ എന്തായിരിക്കും?

ഇപ്പോള്‍ സംവരണമുള്ള സമുദായങ്ങളെപ്പോലെതന്നെ സംവരണത്തിന് അര്‍ഹതയുള്ള മറ്റു വിഭാഗങ്ങള്‍ വേറെയുമുണ്ട്. പട്ടികജാതിയില്‍ നിന്നും ക്രൈസ്തവ മതവിശ്വാസികളായി തീര്‍ന്നവര്‍  ഉദാഹരണമാണ്. മതേതര ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ പേരില്‍ ഉണ്ടായ മതവിവേചനം ഒന്നുകൊണ്ടു മാത്രം തുല്യനീതിയും സമത്വവും, ഭരണഘടനാനുസൃതമുള്ള ആനുകൂല്യങ്ങളും നഷ്ടപ്പെട്ട വിഭാഗമാണ് പട്ടികജാതിവംശജരായ ക്രൈസ്തവവിശ്വാസികള്‍. മദ്രാസ് പ്രസിഡന്‍സിയില്‍ 1885 മുതല്‍ ദളിത് ക്രൈസ്തവ വിഭാഗത്തിന് വിദ്യാഭ്യാസസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. 1874ലും 1895ലും മൈസൂര്‍ സര്‍ക്കാര്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് ജോലി സംവരണം പ്രഖ്യാപിച്ചപ്പോള്‍ പട്ടികജാതി വംശജരായ ദളിത് ക്രൈസ്തവരേയും ഉള്‍പ്പെടുത്തിയിരുന്നു. 1921ലെ മൈസൂര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സംവരണത്തിലും 1923ലെ ബോംബെ സര്‍ക്കാര്‍ ജോലി സംവരണത്തിലും ഇന്ത്യന്‍ ക്രിസ്ത്യന്‍സ് എന്ന പേരില്‍ ദളിത് ക്രൈസ്തവരേയും ഉള്‍പ്പെടുത്തിയിരുന്നു. 1927ല്‍ മദ്രാസ് പ്രസിഡന്‍സിയില്‍പ്പെട്ട തിരുവിതാംകൂറിലെ ദളിത് ക്രൈസ്തവര്‍ക്ക് 7 ശതമാനം ജോലി സംവരണം ചെയ്തിരുന്നു. മാത്രമല്ല, ശ്രീമൂലം പ്രജാസഭയില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നു.  1956 മുതല്‍ 1964 വരെ കേരള നിയമസഭയില്‍ പി. എം മര്‍ക്കോസും, പി. ചാക്കോയും എംഎല്‍എമാര്‍ ആയിരുന്നു. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ രൂപീകരണം, എസ്‌സി/എസ്ടി ഇല്ലാതെ വരുന്ന ഒഴിവുകളില്‍  ദളിത് ക്രൈസ്തവര്‍ക്ക് പരിഗണന എന്നിവ കൂടാതെ 1983ല്‍ ഇവരെ ഒഇസിയില്‍ പെടുത്തി പ്രത്യേക പരിഗണന നല്‍കിയതുമെല്ലാം  ഇവര്‍ക്ക് സംവരണത്തിന് അര്‍ഹതയുള്ളതുകൊണ്ടു മാത്രമാണ്.

1995 മുതല്‍ പാരലല്‍ കോളജില്‍ പഠിക്കുന്ന ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റും, ലംപ്‌സംഗ്രാന്റും നല്‍കി. 1943, 1945, 1947 വര്‍ഷങ്ങളില്‍ അധ:സ്ഥിത വിഭാഗത്തിന് 8.5 ശതമാനം, 12.5 ശതമാനം, 16.66 ശതമാനം എന്നീ ക്രമത്തില്‍ ജോലി സംവരണം വര്‍ദ്ധിപ്പിച്ചു നല്‍കിയപ്പോള്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍സ് എന്ന പേരിലറിയപ്പെട്ട ദളിത് ക്രിസ്ത്യന്‍ വിഭാഗത്തെയും പരിഗണിച്ചിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഒക്കെ നിലനില്‍ക്കവേയാണ് 1950 ഓഗസ്റ്റ് 10ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ”ഹിന്ദു മതത്തില്‍പെടാത്ത ആര്‍ക്കും സംവരണമില്ല” എന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. പ്രസ്തുത ഓര്‍ഡിനന്‍സ് മുഖേനയാണ് പട്ടികജാതി വംശജരായ ദളിത് ക്രൈസ്തവര്‍ക്ക്  അര്‍ഹതയുള്ള സംവരണം നഷ്ടമായത്.

തിരുകൊച്ചിയില്‍ 7/10/1950ല്‍ പറവൂര്‍ ടി. കെ നാരായണപ്പിള്ള സര്‍ക്കാര്‍ ദളിത് ക്രിസ്ത്യന് വിദ്യാഭ്യാസാനുകൂല്യം നല്‍കി. ആര്‍ ശങ്കര്‍ മന്ത്രിസഭ കോളജ് വിദ്യാഭ്യാസത്തിനും ടിടിസിക്കും ആനുകൂല്യം നല്‍കി, ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയപ്പോള്‍ പരിഗണന നല്‍കി. ഇതെല്ലാം സൂചിപ്പിക്കുന്നത് പട്ടിക ജാതി വംശജരായ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കൊപ്പം സംവരണാനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നു തന്നെയാണ്. അതു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ച വിവിധ കമ്മീഷനുകളും സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

1965ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കുമാരപ്പിള്ള കമ്മീഷനും, 1969ല്‍ മദ്രാസ് ഇളയപെരുമാള്‍ കമ്മീഷനും ദളിത് ക്രൈസ്തവര്‍ സംവരണത്തിന് അര്‍ഹരാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തൃശിനാപ്പിള്ളി സ്വദേശി ഫ്രാങ്ക്‌ളിന്‍ സീസര്‍ ദളിത്ക്രിസ്ത്യന്‍ വിഷയത്തെക്കുറിച്ച് വര്‍ഷങ്ങളായി നടത്തിയ പഠനങ്ങള്‍ക്കും, ഗവേഷണത്തിനും ശേഷം കോടതിയെ സമീപിക്കുകയും 10,000ത്തോളം പേജുകള്‍ വരുന്ന തെളിവുകളും, 60ല്‍ പരം ഗവേഷണഗ്രന്ഥങ്ങളും, കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹാജരാക്കി ദളിത് ക്രൈസ്തവര്‍ക്കുവേണ്ടി വാദിക്കുകയുണ്ടായി. 1970ല്‍ നെട്ടൂര്‍ പി. ദാമോദരന്‍ കമ്മീഷനും, 1980ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ബിന്ദേശ്വരിപ്രസാദ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ദളിത് ക്രൈസ്തവര്‍ ഉള്‍പ്പെടെ 3743 ജാതികളില്‍പ്പെട്ടവര്‍ പിന്നാക്കക്കാരാണെന്നും സംവരണത്തിന് അര്‍ഹതയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2000 ഫെബ്രുവരി 11ന് കേരള സര്‍ക്കാര്‍ നിയമിച്ച  ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനും, 2005ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച  രംഗനാഥ മിശ്ര കമ്മീഷനും, 2007ല്‍ ദേശീയ മതന്യൂനപക്ഷ കമ്മീഷനും ഉള്‍പ്പെടെ നാളിതുവരെയുള്ള എല്ലാ കമ്മീഷനുകളും ഇത് സ്ഥിരീകരിച്ചു. 1996ല്‍ പ്രധാനമന്ത്രി പി. വി നരസിംഹ റാവു സര്‍ക്കാര്‍ ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍പ്പെടുത്താന്‍ ഒരു ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. ഹിന്ദുമതത്തില്‍ നിന്നും മനപരിവര്‍ത്തനമുണ്ടായി ക്രൈസ്തവമത വിശ്വാസികളായിത്തീര്‍ന്ന പട്ടികജാതി വംശജരായ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കൊപ്പം സംവരണ പരിരക്ഷക്ക് അര്‍ഹതയുണ്ട് എന്നതിന്റെ തെളിവാണ് ഇതൊക്കെ.

എന്നാല്‍ ഇന്നത്തെ ആധുനിക സവര്‍ണതമ്പ്രാക്കളാകട്ടെ ഒളിഞ്ഞും തെളിഞ്ഞും എങ്ങനെയെങ്കിലും സംവരണത്തെ അട്ടിമറിക്കാനും അവര്‍ണരുടെ പുരോഗതിക്ക് തടയിടുവാനും  കരുക്കള്‍ നീക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ കെഎഎസ് നിലവില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഭരണനിര്‍വഹണ രംഗത്ത് രണ്ടാംനിരയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രൊഫഷണലുകളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുമെന്നും, ആധുനിക വിവരസാങ്കേതിക വിദ്യകളുടെ ഗുണവിശേഷങ്ങള്‍ പ്രയോജനപ്പെടുത്തി സിവില്‍ സര്‍വീസിനെ ശാക്തീകരിക്കുന്നതിനും കെഎഎസിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും കുപ്രചരണം നടത്തി സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തെ ഉന്മൂലനം ചെയ്യുവാനുള്ള സവര്‍ണ ഫാസിസ്റ്റുകളുടെ വിദഗ്ദ്ധമായ തന്ത്രമാണ് കെഎഎസ്. അധികാരം കയ്യാളുന്ന ഭരണവിഭാഗത്തില്‍ 90 ശതമാനവും, ആകെയുള്ള ഉദ്യോഗങ്ങളില്‍ 75 ശതമാനവും കയ്യടക്കി വച്ചിരിക്കുന്ന  സംസ്ഥാന ജനസംഖ്യയില്‍ 9 ശതമാനം മാത്രമുള്ള മുന്നാക്കസമുദായത്തിന് വീണ്ടും 10 ശതമാനം സംവരണം അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധവും, ഭരണകൂടഫാസിസവുമാണ്. ഇപ്പോഴത്തെ ചട്ടങ്ങള്‍ അതേപടി നടപ്പിലാക്കിയാല്‍ ഭാവിയില്‍ സെക്രട്ടേറിയറ്റില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കോ മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കോ ജോലി ലഭിക്കുകയില്ല. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സംവരണം പോലും നാമമാത്രമാക്കാനാണ് ശ്രമം. ഇല്ലെങ്കില്‍ ഐഎഎസ് തലത്തില്‍ നടപ്പിലാക്കുന്ന സംവരണതത്വങ്ങള്‍ ഇവിടെയും നടപ്പിലാക്കി ഈ വിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കണം.

1992ല്‍ നവംബര്‍ 16ലെ ഇന്ദ്രസാഹിനി കേസിന്റെ വിധിയില്‍ 115 ഖണ്ഡിക പ്രകാരം മുന്നാക്ക സംവരണവ്യവസ്ഥ നിലനില്‍ക്കുന്നതല്ല എന്ന അസന്ദിഗ്ദ്ധമായ വിധി ഇവിടെ പ്രസക്തമാണ്. മുന്നാക്കക്കാരുണ്ടെങ്കില്‍ പിന്നാക്കക്കാരും ഉണ്ടല്ലോ. സവര്‍ണന്‍ ഉണ്ടെങ്കില്‍ അവര്‍ണനുമുണ്ട്. ഏതായാലും സംവരണം എന്ന ഭരണഘടനാപരമായ മൗലികാവകാശത്തെ തെരുവുചെണ്ടപോലെ ആര്‍ക്കും എടുത്ത് കൊട്ടാം എന്നുള്ള അവസ്ഥ ജുഗുപ്‌സാവഹവും  ഭരണഘടനാവിരുദ്ധവുമാണ്.

അധികാരവര്‍ഗങ്ങളും സവര്‍ണലോബികളും ചേര്‍ന്ന് ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും, മറ്റുപാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മറ്റര്‍ഹസമുദായങ്ങള്‍ക്കും നല്‍കിവരുന്ന സംവരണാനുകൂല്യങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള നിഗൂഢനീക്കങ്ങള്‍ക്കും അവഗണനക്കുമെതിരെ നിതാന്തജാഗ്രതയോടെ സമുദായത്തിന്റെ താല്‍പര്യസംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്തില്ലെങ്കില്‍ ഈ വിഭാഗത്തിന്റെ പേരും പറഞ്ഞ് പ്രവര്‍ത്തിക്കുന്ന ദളിത് പിന്നാക്ക സംഘടനകളുടെയും നേതാക്കളുടെയും സ്ഥാനം വെറും ചവറ്റുകൊട്ടയിലായിരിക്കും എന്നുതിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.


Related Articles

അനന്യ മഹിമയുടെ അനശ്വര ദീപ്തി

  സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ

സമുദായ ശാക്തീകരണത്തിന്റെ വഴികാട്ടി

അനീതിയുടെ ചരിത്രത്തെയും അവശതകളുടെ വര്‍ത്തമാനത്തെയും പ്രതിരോധിക്കാനുള്ള സ്വത്വബോധം സൃഷ്ടിക്കാനും അവകാശപ്പോരാട്ടങ്ങള്‍ നയിക്കാനും കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെയും പിന്നാക്ക വിഭാഗങ്ങളെയും സ്‌നാനപ്പെടുത്തിയ വിമോചന നായകരില്‍ ധിഷണയുടെ ഉല്‍ഫുല്ലമായ ചൈതന്യം

മതിലുയരേണ്ടത് ജനദ്രോഹ ഹര്‍ത്താലിനെതിരെ

അങ്ങാടി അടപ്പിച്ചും തൊഴിലിടങ്ങളിലേക്കു പോകുന്നവരുടെ വഴിതടഞ്ഞും സാധാരണക്കാരുടെ അന്നംമുടക്കിയും അത്യാസന്നര്‍ക്കുപോലും ചികിത്സ നിഷേധിച്ചും അന്യദേശങ്ങളില്‍ നിന്നെത്തുന്നവരെ വഴിയാധാരമാക്കിയും അടിക്കടി ഹര്‍ത്താല്‍ നടത്തുന്ന ജനദ്രോഹികളുടെ താന്തോന്നിത്തം ഇനിയും കേരളസമൂഹം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*