ദിവ്യരാഗങ്ങളുടെ അമൃതഗീതങ്ങള്‍

ജെയിംസ് അഗസ്റ്റിന്
മുപ്പത് ഗാനങ്ങള്‍ കൊണ്ട് ക്രിസ്തീയ ഭക്തിഗാനശാഖയില്‍ ചിരപ്രതിഷ്ഠ നേടിയ കര്‍മലീത്താ സന്ന്യാസിയും ദൈവശാസ്ത്രജ്ഞനുമാണ് റവ. ഡോ. ജസ്റ്റിന് പനക്കല്‍. റോമിലെ മൂന്നു വലിയ ബസിലിക്കകളില്‍ തിരുനാള്‍ ദിനങ്ങളിലെ ഗ്രിഗോറിയന്‍ ചാന്റ് സോളോ പാടിയിട്ടുള്ള ജസ്റ്റിനച്ചന്‍ മലയാളത്തില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീതമേന്മകൊണ്ട് കാലത്തെ അതിജീവിക്കുന്നു.
മംഗലപ്പുഴ സെമിനാരിയില്‍ പ്രൊഫസറായി സേവനം ചെയ്യുന്ന നാളുകളിലൊന്നില്‍ എന്നെ കാണാന്‍ ഒരു സന്ദര്ശകന് പാര്‍ലറില്‍ എത്തി. ഒരു യുവാവ്, ഒരു കൊച്ചച്ചന്റെ കെട്ടും മട്ടും. എന്നെ കണ്ടയുടനെ ഓടിവന്നു കെട്ടിപ്പിടിച്ച് കുറച്ചുനേരം അങ്ങനെ നിന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. സാവധാനം കൈകള്‍ അയച്ച് അദ്ദേഹം പറഞ്ഞുതുടങ്ങി: ഞാനൊരു വൈദികനാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാനൊരു തീരുമാനമെടുത്തിരുന്നു. പൗരോഹിത്യം ഉപേക്ഷിക്കുവാനുള്ള തീരുമാനം. കുറച്ചു നാളുകളായി മനസിലുയരുന്ന ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കുമെല്ലാം വിരാമമിട്ട് അന്തിമ തീരുമാനമെടുത്തു. രാവിലെ അ
ധികാരികളെ അറിയിക്കണം. വസ്ത്രങ്ങളെല്ലാം ബാഗിലാക്കി, മനസുകൊണ്ട് എല്ലാവരോടും യാത്രപറയാനുള്ള ഒരുക്കങ്ങള്‍ നടത്തി. പാക്കിംഗ് എല്ലാം കഴിഞ്ഞു. കിടന്നിട്ട് ഉറക്കം വരാതായപ്പോള്‍ അടുത്തിരുന്ന ടേപ്റെക്കോര്‍ഡര്‍ ഓണ്‍ചെയ്തു. മുന്‍പ് എപ്പോഴോ, പാടിക്കൊണ്ടിരുന്നപ്പോള്‍ നിര്‍ത്തിയിടത്തുനിന്ന് അത് പാടിത്തുടങ്ങി.
ഈശോയെന്‍ ജീവാധിനായകാ…
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
‘സ്നേഹപ്രവാഹം’ എന്ന കസെറ്റില്‍ നിന്നു വന്ന പാട്ടില്‍ അറിയാതെ മനസ്സുടക്കി. ഞാന്‍ മുന്നിലുണ്ടായിരുന്ന ക്രൂശിതരൂപത്തിലേക്കു നോക്കി. അടുത്ത വരികള്‍ എന്നെ മുട്ടുകുത്തിച്ചു.
നീ തന്നെയാണെന്റെ ജീവശക്തി
നീയില്ലാതസ്തിത്വമില്ലായെന്നില്
കസെറ്റിന്റെ ഒരു സൈഡ് പാടിത്തീര്‍ന്ന് തനിയെ നിന്നപ്പോള്‍ ഞാന്‍ മുട്ടില്‍ നിന്നു കരയുകയായിരുന്നു. എന്റെ മനസിന്റെ സന്ദേഹം എല്ലാം മാറി. ഞാന്‍ അഴിച്ചുവച്ച ളോഹ എടുത്തണിഞ്ഞു. മനസില്‍ ഉറപ്പിച്ചുപറഞ്ഞു, എന്റെ കര്‍ത്താവേ, ഒരിക്കലും എനിക്കു നിന്നെ ഉപേക്ഷിക്കാനാവില്ല. പിന്നീടിന്നുവരെ ഒരു ചാഞ്ചല്യവും എനിക്കുണ്ടായില്ല. നിറകണ്ണുകളോടെ ആ യുവവൈദികന് പറഞ്ഞുനിര്‍ത്തി.’
‘സ്നേഹപ്രവാഹം’ എന്ന കസെറ്റിനെപ്പറ്റി ചോദിച്ചപ്പോള്‍ റവ. ഡോ. ജസ്റ്റിന് പനക്കല്‍ ഒ.സി.ഡി. പറഞ്ഞ അനുഭവമാണിത്. മുപ്പത് ഗാനങ്ങള്‍ കൊണ്ട് ക്രിസ്തീയ ഭക്തിഗാനശാഖയില്‍ ചിരപ്രതിഷ്ഠ നേടിയ സന്ന്യാ
സവൈദികനാണ് ജസ്റ്റിന് പനക്കല്‍. കൊച്ചി രൂപതയിലെ കുമ്പളങ്ങി ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പനക്കല്‍ ജോബിന്റെയും ഇസബേല്‍ തങ്കമ്മയുടെയും മകന്. കുട്ടിക്കാലത്ത് അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. അമ്മ സംഗീതം അഭ്യസിച്ചിരുന്നില്ല. അറിയപ്പെടുന്ന സംഗീതാധ്യാപികമാരായിരുന്നു അമ്മയുടെ രണ്ടു സഹോദരിമാരും. അവരില്‍ നിന്ന് കേട്ടുപഠിച്ച പാഠങ്ങള്‍ അമ്മ മകനെ പഠിപ്പിച്ചു. വീടിനടുത്ത് ഒരു സിനിമാകൊട്ടക ഉണ്ടായിരുന്നു. അക്കാലത്ത് കൂടുതലും ഹിന്ദി സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമ തുടങ്ങുന്നതിനുമുമ്പ് അര മണിക്കൂര്‍ സമയം ഹിന്ദി സിനിമാഗാനങ്ങള്‍ തിയേറ്ററില്‍ വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഈ പാട്ടുകള്‍ കേള്‍ക്കാനായി കുട്ടിക്കാലത്ത് അമ്മ ജസ്റ്റിനെ തിയേറ്ററില്‍ കൊണ്ടുപോകുമായിരുന്നു.
‘മൂന്നാം ക്ലാസ് മുതല്‍ ഞാന്‍ പഠിച്ചത് ആലപ്പുഴയിലെ സെന്റ് ആന്റണീസിലാണ്. അവിടെ എനിക്കനുഗ്രഹമായത് ദൈവദാസന് മോണ്‍. റെയ്നോള്‍ഡ് പുരക്കലിന്റെ സാന്നിദ്ധ്യവും കരുതലുമായിരുന്നു. അദ്ദേഹം മികച്ച സംഗീതാസ്വാദകനും സംഗീതജ്ഞനുമായിരുന്നു. സിനിമാഗാനങ്ങള്‍ കേള്‍ക്കുവാനായി മോണ്സിഞ്ഞോറും എന്നെ തിയേറ്ററില്‍ കൊണ്ടുപോയി,’ ജസ്റ്റിനച്ചന്‍ അനുസ്മരിക്കുന്നു. ഉന്നതമായ സംഗീതപാരമ്പര്യമുള്ള നിഷ്പാദുക കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്നതോടുകൂടി ഗ്രിഗോറിയന്‍ സംഗീതം കേള്‍ക്കാനും പഠിക്കാനും അവസരം ലഭിച്ചു. സെമിനാരി പഠനകാലം മുഴുവന്‍ ക്വയര്‍ മാസ്റ്ററായിരുന്നു അദ്ദേഹം. റോമില്‍ പഠിക്കുന്ന സമയത്ത് മൂന്നു വലിയ പള്ളികളില്‍ വലിയ തിരുനാള്‍ദിനങ്ങളില്‍ ഗ്രിഗോറിയന്‍ ചാന്റ്സ് സോളോ പാടുവാന്‍ ക്ഷണിക്കപ്പെട്ടിരുന്നു എന്നു പറയുമ്പോള്‍ ജസ്റ്റിനച്ചന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ തിളക്കം. ഒരു ഇന്ത്യക്കാരന്റെ സോളോ ആലാപനം കേട്ട് യൂറോപ്യന്മാര് അതിശയപ്പെട്ടതായി അച്ചന് ഓര്‍ക്കുന്നു.
റോമില്‍ പഠിക്കുന്ന കാലത്ത് പാശ്ചാത്യസംഗീതവും കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഗീതമായ ഗ്രിഗോറിയന്‍ സംഗീതവും കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ ശുദ്ധസന്യാസി, ഹിന്ദോളം, ദര്‍ബാരി കാനഡ, മോഹനം, ബാഗേശ്രി, സാരംഗ, നാട്ടക്കുറിച്ചി, ഹംസധ്വനി തുടങ്ങിയ രാഗങ്ങളില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ജസ്റ്റിനച്ചന്റെ ചില പാട്ടുകളിലെങ്കിലും ഒരു സവിശേഷ ഗ്രിഗോറിയന്‍ സ്പര്‍ശം നമുക്ക് ശ്രവിക്കാനാകും.
മംഗലപ്പുഴ സെമിനാരിയില്‍ പഠിപ്പിക്കുന്ന കാലത്ത് തന്റെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ഗാനങ്ങള്‍ രചിപ്പിച്ച് അവയ്ക്കെല്ലാം അച്ചന് സംഗീതം പകര്‍ന്നു. ഗായകന് യേശുദാസിനെ കുവൈത്തില്‍ ഒരു ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോള്‍ താന്‍ സംഗീതം ചെയ്ത ഗാനങ്ങളെക്കുറിച്ച് അദ്ദേഹത്തോട് അച്ചന് സൂചിപ്പിച്ചു. ഉടനെ യേശുദാസിന്റെ ഉറപ്പു ലഭിച്ചു: ‘അച്ചാ നമ്മളിതു റെക്കോര്‍ഡ് ചെയ്യും.’ അങ്ങനെയാണ് ‘തളിര്‍മാല്യം’ പിറക്കുന്നത്.
1982ല്‍ പുറത്തിറങ്ങിയ തളിര്‍മാല്യത്തില്‍ നാലു പാട്ടുകളാണുണ്ടായിരുന്നത്.
‘മാനസത്തില്‍ മണിവാതില്‍ തുറന്നീടാം…
ആത്മനാഥന്‍ മുട്ടി എന്നെ വിളിക്കുന്നു’
എന്നു തുടങ്ങുന്ന ഗാനമാണ് തളിര്മാല്യത്തിലെ ആദ്യ ഗാനം. അത് എഴുതിയത് അന്ന് വൈദികവിദ്യാര്‍ത്ഥിയായിരുന്ന മാത്യു മൂത്തേടമാണ്.
‘സ്നേഹമെഴുന്നള്ളി ആത്മാവിന് വേദിയില്‍ പൂമഴയാലെന്നെ ധന്യനാക്കാന്‍…’
എന്നു തുടങ്ങുന്ന ഗാനമെഴുതിയത് വൈദികവിദ്യാര്‍ത്ഥിയായിരുന്ന പോള്‍ കൊച്ചിക്കാരന്വീട്ടിലാണ്.
‘നവ്യമാമൊരു കല്പന
നിങ്ങള്‍ക്കിന്നിതാ നല്കുന്നു…’
‘യേശുവേ വരദാന വാരിധേ…’
എന്നീ രണ്ടു ഗാനങ്ങളും മാത്യു മൂത്തേടത്തിന്റെ രചനയായി ഈ ആല്‍ബത്തിലുണ്ട്. നാലു പാട്ടുകളുമായി ‘തളിര്‍മാല്യം’ എന്ന പേരില്‍ പുറത്തിറങ്ങിയ ഈ സമാഹാരത്തിന് അച്ചന്റെ ആദ്യ ആല്‍ബം എന്നതു കൂടാതെ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. നിര്‍മ്മാതാവ് ജസ്റ്റിനച്ചന്‍ തന്നെയായിരുന്നെങ്കിലും യേശുദാസിന്റെ നിര്‍മ്മാണ കമ്പനിയായ തരംഗിണിയുടെ പേരിലാണ് തളിര്‍മാല്യം പുറത്തിറങ്ങുന്നത്. തരംഗിണിയുടെ ആദ്യ സിനിമേതര ഗാനം എന്ന റെക്കോര്‍ഡും അതിനുണ്ട്. അന്നുവരെ 10 മുതല്‍ 14 പാട്ടുകളുമായാണ് ഒരു കസെറ്റ് പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ നാലു പാട്ടുകള്‍ മാത്രം ഉണ്ടായിരുന്നിട്ടും ‘തളിര്‍മാല്യം’ മലയാളികള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി. മലയാള ഗാനങ്ങളുടെ ചരിത്രത്തില്‍ ‘തളിര്‍മാല്യം’ ഇന്നും ഒരത്ഭുതമാണ്.
തളിര്മാല്യത്തിന്റെ വിജയം ‘സ്നേഹപ്രവാഹം’ എന്ന കസെറ്റിനു വഴിയൊരുക്കി. 1983ലെ ക്രിസ്മസ്കാലത്ത് 12 പാട്ടുകളുമായി ‘സ്നേഹപ്രവാഹം’ തരംഗമായി. കേരളത്തില്‍ നിരവധി എഴുത്തുകാരുണ്ടായിരുന്നിട്ടും ജസ്റ്റിനച്ചന്‍ തന്റെ ശിഷ്യന്മാരായ വൈദികവിദ്യാര്ത്ഥികള്ക്കുതന്
ഇപ്പോള്‍ നെയ്യാറ്റിന്‍കര രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. ജോസഫ് പാറാകുഴി മൂന്നു ഗാനങ്ങള്‍ എഴുതിയിരുന്നു. ‘ദൈവം പിറക്കുന്നു മനുഷ്യനായ് ബെത്ലഹേമില്‍…’, ‘മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന….’, ‘പൈതലാം യേശുവേ…’ എന്നീ ഗാനങ്ങളാണവ. ഇതില്‍ ‘പൈതലാം യേശുവേ’ എന്നഗാനം ഗായിക ചിത്രയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. പാട്ടുപുസ്തകമില്ലാതെ തനിക്കു പാടാന്‍ കഴിയുന്ന രണ്ടോ മൂന്നോ പാട്ടുകളിലൊന്നാണിത് എന്നു ചിത്ര പറയാറുണ്ട്.
കേരളത്തില്‍ മാത്രമല്ല മലയാളികള്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ‘സ്നേഹപ്രവാഹം’ എത്തി. ഇന്നും ജാതിമതവ്യത്യാസമില്ലാതെ മലയാളികള്‍ കേള്‍ക്കുന്ന ക്രിസ്തീയ ഭക്തിഗാനമായി ‘സ്നേഹപ്രവാഹം’ നിലകൊള്ളുന്നു. ‘സ്നേഹപ്രവാഹ’ത്തിന്റെ വിജയം യേശുദാസിനെയും തരംഗിണിയെയും വീണ്ടും ജെസ്റ്റിനച്ചന്റെ അടുത്തെത്തിച്ചു. അങ്ങനെ ‘സ്നേഹസന്ദേശം’ ഇറങ്ങുന്നു. പുതിയ എഴുത്തുകാര്‍ക്ക് അവസരം കൊടുക്കാന്‍ അച്ചന് തയ്യാറാകുന്നു. ‘സ്നേഹസന്ദേശ’ത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ‘രക്ഷകാ ഗായകാ പാലകാ നമോ…’ (രചന ബ്രദര്‍ ജോണ്‍ കൊച്ചുതുണ്ടിയില്‍), ‘പാരില്‍
പിറന്നു ദേവന്…’ (ബ്രദര്‍ ഡൊമിനിക് മനക്കില്),’സര്‍വ്വം ഭരിച്ചു സമംഗളം വാഴുവാന്‍..,’ ‘ദൈവമേ നീ എന്റെ രക്ഷ..,’ ‘സ്നേഹമുറങ്ങുമീ താഴ്വരയില്… കര്‍മ്മലനാഥേ വാഴ്ക…’ (ബ്രദര്‍ ജോസഫ് പാറാംകുഴി), ‘ആരതി ആരതി ആരാധന…’ (ഫാ. സിറിയക് കണിച്ചായി), ‘ദൈവമാം കര്ത്താവാണെന്നുടെ ഓഹരി…’ (ബ്രദര്‍ റാഫേല്‍ അമ്പാടന്‍), ‘ദേവാ വരുന്നു ഞാന്‍ നിന് സവിധേ…’ (ബ്രദര്‍ വിന്‍സെന്റ് ഏഴാനിക്കാട്), ‘സ്വര്‍ഗം കനിഞ്ഞിറങ്ങി ധരയെ പുണര്‍ന്നു…’ (ബ്രദര്‍ ജോസഫ് പെരിങ്ങളം), ‘കണ്ണീരിന് തൈലവും…,’ ‘നാഥാ ഹൃദയത്തിന് തന്ത്രികളില്‍…’ (ബ്രദര്‍ മാത്യു ആശാരിപറമ്പില്‍) എന്നീ ഗാനങ്ങളാണ് ‘സ്നേഹസന്ദേശ’ ത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. യേശുദാസിനോടൊപ്പം ജെന്‍സി ആന്റണിയാണ് പാടിയത്. അടുത്തവര്‍ഷവും യേശുദാസിന്റെ വിളി വന്നു. പക്ഷേ തന്റെ സന്ന്യസ്തജീവിതത്തിനും അക്കാദമിക ചുമതലകള്‍ക്കുമായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടിയിരുന്നതിനാല് സ്നേഹപൂര്‍വ്വം ജസ്റ്റിനച്ചന്‍ നിരസിച്ചു. പിന്നീടും പല വര്‍ഷങ്ങളിലും ക്ഷണമുണ്ടായെങ്കിലും വൈദികവിദ്യാര്ത്ഥികള്ക്കുള്ള പരിശീലനത്തിനു മുന്‍ഗണന നല്കി സംഗീതസംവിധാനം പതിയെ കൈവിട്ടു. അവസാനമായി, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല എഴുതിയ ‘എന്നെ നയിക്കും നല്ലോരിടയന്‍ ഹരിതാഭ തിങ്ങും ഭൂവിലേക്കായ്…’ എന്നൊരു ഗാനത്തിനും ജസ്റ്റിനച്ചന്‍ സംഗീതം നല്കി. സി.എ.സി. നിര്‍മ്മിച്ച ‘ആത്മദാനം’ എന്ന ആല്‍ബത്തിലെ ഈ ഗാനം പാടിയത് ബിജു നാരായണനാണ്.
കാലാതിവര്‍ത്തിയായ 30 പാട്ടുകള്‍ മലയാളികള്‍ക്കു സമ്മാനിച്ച റവ. ഡോ. ജസ്റ്റിന് പനക്കല്‍ 86-ാം വയസിലും തന്റെ കര്‍മ്മനൈരന്തര്യം തുടരുകയാണ് പ്രസംഗങ്ങളിലൂടെ, എഴുത്തിലൂടെ, ക്ലാസുകളിലൂടെ. ജസ്റ്റിനച്ചന്‍ ഇംഗ്ലീഷില്‍ എഴുതിയ പുതിയ പുസ്തകം, ദൈവദാസന് മോണ്‍. റെയ്നോള്‍ഡ്സ് പുരയ്ക്കലിന്റെ സമഗ്രമായ ജീവിതരേഖ, ഒക്ടോബറില്‍ പ്രകാശനം ചെയ്യപ്പെടും. റോമിലെ ആഞ്ജലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റും ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് തിയോളജിയില്‍ ഡോക്ടറേറ്റും പേട്രിസ്റ്റിക് ആന്‍ഡ് മിഡീവല്‍ ലിറ്ററേച്ചറില്‍ ഡിപ്ലോമയും നേടിയ അദ്ദേഹം ദൈവശാസ്ത്രം, മിസ്റ്റിസിസം, ആധ്യാത്മികത, ലോക മതങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ 12 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മൂന്നു പുസ്തകങ്ങള്‍ മലയാളത്തിലും രചിച്ചു. ദ് ലിവിങ് വേഡ്, ജ്യോതിര്‍ ധാര എന്നിവയുടെ പത്രാധിപരായിരുന്നു. കാര്‍മലൈറ്റ് ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന് അംഗവും, ഇന്ത്യന്‍ ക്രിസ്റ്റിയന്‍ തിയോളജിക്കല്‍ അസോസിയേഷന് സെക്രട്ടറിയും, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയില്‍ 28 വര്‍ഷം ഡോഗ്മാറ്റിക് തിയോളജി, മിസ്റ്റിക്കല്‍ തിയോളജി, ഹിസ്റ്ററി ഓഫ് റിലീജിയന്‍സ് പ്രഫസറുമായിരുന്നു അദ്ദേഹം. ഇപ്പോള്‍ കളമശേരി ജ്യോതിര്‍ ഭവന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സ്പിരിച്വാലിറ്റിയില് പ്രഫസറാണ്. ഡല്‍ഹി അതിരൂപതയിലെ നവിന്താറിട്രീറ്റ് ഹൗസ് ഡയറക്ടറായി 11 വര്‍ഷം സേവനം ചെയ്ത ജസ്റ്റിനച്ചന്‍ ഇറ്റലി, ഓസ്ട്രേലിയ, കാനഡ, ജര്‍മനി, സ്പെയിന്, യുഎസ്, ഇന്തൊനീഷ്യ, കുവൈത്ത്, മലേഷ്യ, സബാ, സറവാക്, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധ്യാനഗുരുവായി ധ്യാനങ്ങള്‍ നയിച്ചിട്ടുണ്ട്. ജസ്റ്റിനച്ചന്‍ ഈണം നല്കിയ പാട്ടുകള്‍ അവയുടെ സംഗീതത്തിന്റെ മേന്മകൊണ്ട് കാലത്തെ അതിജീവിക്കുകയാണ്.
Related
Related Articles
മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്ത് അപ്പോസ്തലീക അഡ്മിനിസ്ട്രേറ്റർ
പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു. റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്കും ഇന്ത്യൻ സമയം ഉച്ചയ്ക്ക്
കെ.ആർ.എൽ.സി.സി സംഘം ചെല്ലാനം ദുരന്ത മേഖല സന്ദർശിച്ചു
ചെല്ലാനത്തെ മഴക്കെടുതി മേഖലകളിലെ ദുരിതബാധിതരെയും കടലാആക്രമണ സ്ഥലങ്ങളും കെ.ആർ.എൽ.സി.സി. ദൗത്യസംഘം സന്ദർശിച്ചു. രണ്ടായിരത്തോളം ദുരന്ത ബാധിതരാണ് ചെല്ലാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ളത്. മഴവെള്ളം ഇറങ്ങി