Breaking News

ദിശമാറ്റത്തിന്റെ തരംഗത്തില്‍ പുതിയ ദശകം

ദിശമാറ്റത്തിന്റെ തരംഗത്തില്‍ പുതിയ ദശകം

തെരുവുപ്രക്ഷോഭകരുടെ വര്‍ഷം എന്ന് വിശേഷിപ്പിക്കപ്പെട്ട 2019 കടന്നുപോകുമ്പോള്‍, ഫ്രാന്‍സ്, സിംബാബ്‌വേ, ലബനോന്‍, സുഡാന്‍, ചിലി, ഇറാഖ്, വെനെസ്വേല, അല്‍ജീരിയ, ഹയ്തി, സ്‌പെയിന്‍, ഹോങ്കോംഗ്, കൊളംബിയ, പ്യുര്‍ട്ടൊ റിക്കോ, ഇറാന്‍, ബൊളീവിയ എന്നിവയ്‌ക്കൊപ്പം ഭരണകൂടത്തിനെതിരെയുള്ള ബഹുജനപ്രക്ഷോഭങ്ങളുടെ ആഗോള തരംഗത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമുണ്ട്. പരാജയപ്പെടുന്ന എല്ലാ ഭരണകൂടങ്ങളെയും പോലെ, ജനരോഷത്തെയും യുവചേതനയുടെ മുന്നേറ്റത്തെയും ഭീതിദമായ അടിച്ചമര്‍ത്തലിലൂടെ മറികടക്കാനാകുമോ എന്നു ഡല്‍ഹിയിലും ലഖ്‌നൗവിലും ബംഗളൂരുവിലും മറ്റും അധികാരിവര്‍ഗം പരിശോധിച്ചുകൊണ്ടിരിക്കെയാണ് ബിജെപിയുടെ സമഗ്രാധിപത്യ പദ്ധതിക്ക് മറ്റൊരു കനത്ത തിരിച്ചടിയായി ഹിന്ദി ഹൃദയഭൂമിയിലെ ആദിവാസി ഗോത്രവര്‍ഗ മേഖലയായ ഝാര്‍ഖണ്ഡില്‍ നിന്നുള്ള ജനവിധി.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയ്ക്കു പിന്നാലെ ഝാര്‍ഖണ്ഡും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറംതള്ളി. ഹരിയാനയില്‍ ജനസമ്മതിയുടെ വിടവു നികത്താന്‍ എതിര്‍പക്ഷത്തെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയെ പ്രീണിപ്പിച്ച് ഭരണം നിലനിര്‍ത്താനായെങ്കിലും മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം നേരെചൊവ്വേ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള അവസരം പാഴാക്കിയ ബിജെപി രാഷ്ട്രപതിഭവനെയും മുംബൈയിലെ രാജ്ഭവനെയും അപഹാസ്യമായ രാഷ്ട്രീയ നാടകത്തിലേക്കു വലിച്ചിഴച്ച് ഒറ്റരാവിന്റെ അട്ടിമറിയില്‍ എന്‍സിപി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതും, ചിരപുരാതന ഹിന്ദുത്വ വര്‍ഗീയ കൂട്ടായ്മയുടെ രാഷ്ട്രീയ സഖ്യം വെടിഞ്ഞ് ശിവസേന മുഖ്യ എതിരാളികളായ എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് ഗവണ്‍മെന്റുണ്ടാക്കിയതും ജനം മറക്കുംമുന്‍പാണ് ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ ‘ഇരട്ട എന്‍ജിന്‍’ പാളംതെറ്റുന്നത്. കേന്ദ്രത്തില്‍ ഉഗ്രപ്രതാപിയായ മോദിയും, വാജ്‌പേയിയുടെ എന്‍ഡിഎ ഗവണ്‍മെന്റ് 19 കൊല്ലം മുന്‍പ് ഗോത്രവര്‍ഗക്കാരുടെ പിതൃഭൂമിയെന്നു വാഴ്ത്തി ബിഹാറില്‍ നിന്ന് അടര്‍ത്തിയെടുത്ത് സംസ്ഥാനമാക്കിയ ശേഷം ഝാര്‍ഖണ്ഡില്‍ ആദ്യമായി അഞ്ചുവര്‍ഷ ഭരണകാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി രഘുവര്‍ ദാസും ചേര്‍ന്ന ബിജെപിയുടെ ‘ഇരട്ട എന്‍ജിന്‍’ പ്രതിപക്ഷത്തിന്റെ ‘നാലു സിലിണ്ടറി’നോട് മത്സരിക്കുന്നു എന്നായിരുന്നു നാട്ടിലെ പാട്ട്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വര്‍ക്കിങ് പ്രസിഡന്റ് ഹേമന്ത് സൊറേന്‍ നയിച്ച മഹാസഖ്യത്തില്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) എന്നിവയ്‌ക്കൊപ്പം ബാബുലാല്‍ മറാണ്ടിയുടെ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും (പ്രജാതാന്ത്രിക്) ചേരുന്നതായിരുന്നു ആ നാലു സിലിണ്ടര്‍ ഇരമ്പം. 81 അംഗങ്ങളുള്ള നിയമസഭയില്‍ ജെഎംഎം 30, കോണ്‍ഗ്രസ് 16, ആര്‍ജെഡി 1 എന്നിങ്ങനെ മഹാസഖ്യം 47 സീറ്റു നേടിയപ്പോള്‍ ബിജെപിക്ക് കിട്ടിയത് 25 സീറ്റ്. മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റും തോറ്റു. 2000-ാമാണ്ടില്‍ സംസ്ഥാനമുണ്ടായതിനുശേഷം 16 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിക്ക് ആദ്യമായി അവിടെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന പദവിയും നഷ്ടമായി.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും വചനം ഭരണകര്‍ത്താക്കളെ ആവര്‍ത്തിച്ചു വായിച്ചുകേള്‍പ്പിച്ചുകൊണ്ട് രാഷ്ട്രീയ പിന്തുണയൊന്നുമില്ലാതെ തെരുവിലിറങ്ങിയ യുവജനങ്ങളും സാധാരണ പൗരന്മാരും മോദി ഗവണ്‍മെന്റിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമ്പോഴാണ് ഝാര്‍ഖണ്ഡില്‍ അവസാനത്തെ രണ്ടു ഘട്ടത്തിലെ വോട്ടെടുപ്പു നടന്നത്. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ കലാപകാരികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായി വംശീയവിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന ഭൂരിപക്ഷാധിപത്യശൈലിയില്‍ രാജ്യത്തെ പ്രധാനമന്ത്രിതന്നെ തെരഞ്ഞെടുപ്പു റാലികളില്‍ ജനവികാരം ഇളക്കിമറിക്കാന്‍ ശ്രമിച്ചെങ്കിലും മാവോയിസ്റ്റുകളെ നേരിടുന്ന അതേ ചങ്കുറപ്പോടെ ആദിവാസികളും ന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും പൗരാവകാശങ്ങളുടെ റിപ്പബ്ലിക്കിനോട് വീണ്ടും കൂറു പ്രഖ്യാപിച്ചു.
പൗരത്വത്തിന് മതം മാനദണ്ഡമാക്കി മുസ്‌ലിംകളോടു വിവേചനം കാട്ടുന്ന പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച സമ്മതിദായകരുടെ പ്രതികരണമായി ഝാര്‍ഖണ്ഡിലെ ജനവിധിയെ വ്യാഖ്യാനിക്കാനാവില്ല. എന്നാല്‍, ബിഹാറിനോടു ചേര്‍ന്നുള്ള അര്‍ധനഗര മേഖലകളില്‍ സന്ഥാല്‍ പര്‍ഗനായിലെ ആദിവാസികളെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും, ഗ്രാമീണ മേഖലയില്‍ പ്രകൃതി ആരാധനാ പാരമ്പര്യമുള്ള സരനാ വിഭാഗക്കാരെ ക്രൈസ്തവ ആദിവാസികള്‍ക്കെതിരെയും ഇളക്കിവിടാനുള്ള വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളെ ജനം കൃത്യമായി നിരാകരിച്ചുവെന്നതു സ്പഷ്ടമാണ്. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടന 370-ാം വകുപ്പ് റദ്ദാക്കി ആ സംസ്ഥാനം തന്നെ ഇല്ലാതാക്കിയ വീരശൂരതയില്‍ നിന്നു തുടങ്ങി, അയോധ്യയില്‍ നാലു മാസത്തിനകം ആകാശം മുട്ടുന്ന രാമക്ഷേത്രം ഉയരുമെന്നും അനധികൃത കുടിയേറ്റക്കാരെ തുരത്താന്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകതന്നെചെയ്യുമെന്നും മറ്റുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനങ്ങളും ഝാര്‍ഖണ്ഡിലെ വോട്ടര്‍മാരെ ആവേശംകൊള്ളിച്ചില്ല. അതേസമയം, ഗോത്രവര്‍ഗക്കാരുടെ പൈതൃകഭൂമി കോര്‍പറേറ്റ് വമ്പന്മാരുടെ വാണിജ്യതാല്പര്യങ്ങള്‍ക്കായി തീറെഴുതികൊടുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ആദിവാസി വിഭാഗത്തില്‍ നിന്നല്ലാത്ത ആദ്യ മുഖ്യമന്ത്രിയായ രഘുവര്‍ ദാസ് ഛോട്ടാനാഗ്പുര്‍ കുടിയാന്‍ നിയമത്തിലും സന്ഥാല്‍ പര്‍ഗനാ കുടിയാന്‍ നിയമത്തിലും കൊണ്ടുവന്ന ഭേദഗതിയോടും, ജലം, വനം, മണ്ണ് എന്നിവയുടെ യഥാര്‍ഥ അവകാശി ഗ്രാമസഭയാണെന്ന് ഗ്രാമകവാടങ്ങളില്‍ വലിയ കരിങ്കല്‍പാളികളില്‍ (പത്ഥല്‍ഗഢി) കൊത്തിവച്ച് കേന്ദ്ര-സംസ്ഥാന മേലാളന്മാരെ ആട്ടിപ്പായിച്ച ഗ്രാമമുഖ്യന്മാരെയും നാട്ടുകാരെയും രാജ്യദ്രോഹികളെന്നു മുദ്രകുത്തി തുറുങ്കിലടച്ച ഭരണകൂട ഭീകരതയുടെ ഉപകരണങ്ങളോടും, അംഗന്‍വാടി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രക്ഷോഭങ്ങളെ പൊലീസ് അതിക്രമത്തിലൂടെ അടിച്ചമര്‍ത്തിയതിനോടും, ഗോത്രവര്‍ഗക്കാരെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള മതപരിവര്‍ത്തന നിരോധന നിയമത്തോടും, ഗോസംരക്ഷണ നിയമത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും ദളിതതര്‍ക്കുമെതിരെ അരങ്ങേറിയ ആള്‍ക്കൂട്ടകൊലകളോടും, വംശീയ അതിക്രമങ്ങള്‍ക്ക് ഒത്താശചെയ്ത രാഷ്ട്രീയ നേതാക്കളോടും, അഴിമതിയുടെയും ധാര്‍ഷ്ട്യത്തിന്റെയും പ്രതിരൂപങ്ങളോടും എങ്ങനെ പ്രതികരിക്കണമെന്ന് അവരിലെ സംഘാതമനസ് നിശ്ചയിച്ചിരുന്നുവെന്നു വ്യക്തം.
സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ രണ്ടു വര്‍ഷത്തിനകം നികത്തും, പട്ടികവര്‍ഗ, പട്ടികജാതി, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നിയമനത്തില്‍ 67% സംവരണം, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ തദ്ദേശവാസികള്‍ക്ക് 75% സംവരണം, ബിരുദവിദ്യാര്‍ഥികള്‍ക്ക് 5,000 രൂപയും പിജി വിദ്യാര്‍ഥികള്‍ക്ക് 7,000 രൂപയും അലവന്‍സ് തുടങ്ങി നിറവേറ്റാവുന്ന വാഗ്ദാനങ്ങളില്‍ ഊന്നിയായിരുന്നു മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. ‘ഘര്‍ ഘര്‍ രഘുവര്‍’ എന്ന മുദ്രാവാക്യവുമായി, ഒരു സഖ്യകക്ഷിയുടെയും പിന്തുണയില്ലാതെ 65 സീറ്റെങ്കിലും ഒറ്റയ്ക്കു വാരിക്കൂട്ടാം എന്ന കണക്കുകൂട്ടലില്‍ മുന്‍ ഉപമുഖ്യമന്ത്രി സുദേശ് മഹതോയുടെ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ജനതാ ദള്‍ യുണൈറ്റഡ്, ലോക് താന്ത്രിക് പാര്‍ട്ടി എന്നിവയെ ബിജെപി ഇക്കുറി അകറ്റിനിര്‍ത്തിയപ്പോള്‍ സൊറേനും കൂട്ടരും മഹാസഖ്യത്തിലൂടെ പ്രതിപക്ഷ ഐക്യനിര സൃഷ്ടിച്ചത് ഏറെ ഫലവത്തായി.
ബിജെപി സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മുഖ്യമന്ത്രിക്കെതിരെ ജംഷഡ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സരയൂ റായ് 15,725 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അഞ്ചുവട്ടം ജംഷഡ്പുറിന്റെ എംഎല്‍എയായിരുന്ന രഘുവര്‍ ദാസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അഴിമതി ആരോപണം ഉന്നയിച്ച റായ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെതിരെ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണക്കേസും, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന മധു കോഡയ്‌ക്കെതിരെ 4,000 കോടി രൂപയുടെ ഖനി കുംഭകോണകേസും കൊണ്ടുവന്ന നേതാവാണ്. 2014ല്‍ ബാബുലാല്‍ മറാണ്ടിയുടെ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലെ (പ്രജാതാന്ത്രിക്) എട്ട് എംഎല്‍എമാരില്‍ ആറുപേരെ കാലുമാറ്റത്തിലൂടെ ബിജെപി പാളയത്തിലെത്തിച്ച രഘുവര്‍ ദാസ് ഇക്കുറി കേവല ഭൂരിപക്ഷം തികഞ്ഞില്ലെങ്കിലും താന്‍ മന്ത്രിസഭ ഉണ്ടാക്കുമെന്ന് അവസാന നിമിഷം വരെ പറഞ്ഞുകൊണ്ടിരുന്നത് അമിത് ഷായുടെ അട്ടിമറിതന്ത്രങ്ങളില്‍ അത്രമേല്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടാവാം.
ഏഴു മാസം മുന്‍പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ 11 എണ്ണം നേടിയ ബിജെപിയുടെ വോട്ടുവിഹിതത്തില്‍ ഇതിനിടെ 17% ഇടിവുണ്ടായി എന്നത് നിസാര കാര്യമല്ല. ഝാര്‍ഖണ്ഡിലെ ജനസംഖ്യയില്‍ 26.3% വരുന്ന ഗോത്രവര്‍ഗക്കാര്‍ക്കായി അസംബ്ലിയില്‍ 28 സീറ്റുകള്‍ സംവരണം ചെയ്തിട്ടുള്ളതില്‍ 25 എണ്ണവും ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനു ലഭിച്ചു; ബിജെപിക്കു കിട്ടിയത് കേവലം രണ്ട് എസ്ടി സംവരണ സീറ്റ്. സന്ഥാല്‍, മുണ്ട, ഹോ, ഒറാവ് ഗോത്രങ്ങളില്‍ ബിജെപിക്ക് മുണ്ടാ വിഭാഗത്തിലുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു. സന്ഥാല്‍ മേഖലയില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തി.
2017ല്‍ ഹിന്ദി ഹൃദയഭൂമി മുഴുവനും – ഇന്ത്യയുടെ 71 ശതമാനം ഭൂഭാഗം – പിടിച്ചടക്കിയ ബിജെപിക്ക് ഇന്ന് 35 ശതമാനം സംസ്ഥാന ഭാഗത്തേ അധികാരമുള്ളൂ. രണ്ടുവര്‍ഷം മുന്‍പുവരെ ഇന്ത്യന്‍ ജനതയുടെ 69 ശതമാനം ബിജെപി ഭരണത്തിലായിരുന്നു; ഇന്ന് 43 ശതമാനം മാത്രം. ബിജെപി മുഖ്യമന്ത്രിമാര്‍ 11 പേര്‍ മാത്രമായി – സഖ്യകക്ഷി ഭരണം കൂട്ടിയാല്‍ 14 പേര്‍. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ അടുത്ത മാസമാണ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം ചേര്‍ന്ന് നിതീഷ് കുമാറിന്റെ ജെഡിയു ഭരിക്കുന്ന ബിഹാറില്‍ വരുന്ന ഒക്‌ടോബറിലും. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരപട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അമിതാധികാരപ്രയോഗത്തിലൂടെയും മര്‍ദനമുറകളിലൂടെയും അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുടെ ദുരന്ത പ്രത്യാഘാതങ്ങള്‍ക്കിടയില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പുതിയ സംയുക്ത സേനാമേധാവിയുടെ രാഷ്ട്രീയ ഇടപെടലിന്റെ ഭീഷണി കൂടി മുഴങ്ങുന്നുണ്ട്. ദിശമാറ്റത്തിന്റെ അടയാളങ്ങളുമായാണ് പുതിയ ദശകം വന്നണയുന്നത്. അശാന്തിയുടെ ദിനങ്ങള്‍ വൈകാതെ വിട്ടൊഴിയുമെന്നു നമുക്കു പ്രത്യാശിക്കാം.


Related Articles

കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്

കൊവിഡ് പ്രതിരോധഅതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ കരുതലും കരുത്തുമായി കൂടെ നിന്ന തിരുവനന്തപുരം അതിരൂപത അധികാരികളോടൊപ്പം സാമൂഹികശുശ്രൂഷാവിഭാഗവും ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വിവിധ

ആലപ്പുഴ ഒറ്റമശേരി കടലിൽ നിൽപ്പുസമരം നടത്തി

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് ‘നിൽപ് സമരം’ നടത്തി. 19/6/19 രാവിലെ 11 മണിമുതൽ 12.30 വരെ ഒറ്റമശ്ശേരി കടലിലാണ്

കഷ്ടപ്പെടുന്നവര്‍ക്കാശ്വാസമായി കൊല്ലം രൂപതയുടെ ക്യു.എസ്.എസ്.എസ്

കൊവിഡ് വ്യാപനം തുടങ്ങും മുമ്പേ സാനിറ്റൈസറിന്റെ ആവശ്യകത മുന്‍കൂട്ടി അറിഞ്ഞ് കൊല്ലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണവും പരിശീലനവും തുടങ്ങി. ക്യു.എസ്.എസ്.എസും ആറ്റിങ്ങല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*