ദുരന്ത പ്രത്യാഘാതങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെങ്ങനെ

ദുരന്ത പ്രത്യാഘാതങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെങ്ങനെ

കാലം മാറിപ്പോയി, കേവലമാചാര നൂലുകളെല്ലാം പഴകിപ്പോയി ഇത്യാദി കുമാരനാശാന്റെ വരികളും പെണ്‍പക്ഷ നവോത്ഥാന മതിലിന്റെ ‘ആര്‍പ്പോ’ കാല്പനിക വായ്ത്താരിയുമൊക്കെ മാറ്റിനിര്‍ത്തി പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തിക നയരേഖ എന്ന നിലയില്‍ 2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റിനെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഭാവനയോ ഭാവുകത്വമോ ഇല്ലെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പരിതപിക്കുന്നുണ്ടാകാം. കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച വമ്പന്‍ പാക്കേജുകളിലെ പാഴ്‌വാക്കുകള്‍ ‘ഫാക്ട് ചെക്കര്‍’ ശൈലിയില്‍ പേര്‍ത്തും കോര്‍ത്തും ഗണിച്ചുകൊണ്ടിരിക്കുന്ന അരസികരോട് 5,200 കോടി രൂപയുടെ കിഫ്ബി നിധി കൈമുതലാക്കി 40,000 കോടി രൂപയുടെ പദ്ധതികള്‍ സ്വപ്‌നം കാണുന്നതിനെക്കുറിച്ച് എന്തു പറയാന്‍!
ഓഖി ചുഴലിക്കാറ്റിനു പിന്നാലെ അവതരിപ്പിച്ച ബജറ്റില്‍ തീരദേശത്തിനായി പ്രഖ്യാപിച്ച 2,000 കോടി രൂപയുടെ പാക്കേജിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് പ്രളയാനന്തര നവകേരള നിര്‍മിതിയുടെ ബജറ്റില്‍ നല്‍കുന്ന മറുപടി, അത് വിപുലീകരിച്ച് റീബില്‍ഡ് കേരളയില്‍ സമഗ്ര പരിപാടിയാക്കും എന്നത്രെ. എന്തായാലും 2019-20 കാലയളവില്‍ തീരദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തിലേറെ കോടി രൂപ ചെലവഴിക്കും. തീരത്തെ പുനരധിവാസം റീബില്‍ഡ് കേരളയുടെ പ്രധാന അജന്‍ഡയാണെന്നും വ്യക്തമാക്കുന്നുണ്ട്.
ഓഖിയുടെ കാര്യത്തിലെന്നപോലെ ”വിഭവസമാഹരണവും ആസൂത്രണത്തിന്റെ കൃത്യതയും നിര്‍വഹണത്തിന്റെ ചടുലതയും മേല്‍നോട്ടത്തിന്റെ ജാഗ്രതയും സൂക്ഷ്മമായി ഏകോപിപ്പിച്ചുകൊണ്ട് പ്രളയം അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഒരുമയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്” എന്ന് ധനമന്ത്രി സാക്ഷ്യപ്പെടുത്തുമ്പോള്‍, പിന്നീട് എന്തുണ്ടായി എന്ന് ഉദ്വേഗം പൂണ്ട് ഇളകിവശാകുന്നവര്‍ ഒന്നറിയണം, ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് കേന്ദ്രം കനിഞ്ഞുനല്‍കിയത് മൂവായിരത്തില്‍പരം കോടി രൂപ മാത്രമാണ്. നിശ്ചിത പരിധി വിട്ട് വായ്പയെടുക്കാന്‍ അനുവദിച്ചതുമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്നുവീണ 3,229 കോടി രൂപയുടെ ബലത്തിലാണ് ആറുമാസമായി പുനര്‍നിര്‍മിതി പര്യാലോചനകള്‍ ഇവ്വിധം പരിപോഷിപ്പിക്കാന്‍ കഴിഞ്ഞതുതന്നെ.
പ്രളയം തകര്‍ത്ത ജീവനോപാധികള്‍ 2019-20ല്‍ തിരിച്ചുപിടിക്കും എന്നാണ് ബജറ്റ് പ്രഖ്യാപനം. അനേകലക്ഷങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ – കൃഷി, കൈത്തൊഴിലുകള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവ പ്രളയം കവര്‍ന്ന സാഹചര്യത്തില്‍ ജീവനോപാധി വികസനത്തിന് 4,700 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വയം തൊഴില്‍, കൂലിവേല, നൈപുണ്യവികസനം എന്നിവയ്ക്കായി 118 സ്‌കീമുകളുണ്ട്.
കാലാവസ്ഥവ്യതിയാനത്തിന്റെ ആദ്യ ഇര തീരദേശമാകയാല്‍, കടലോരത്ത് 50 മീറ്റര്‍ പരിധിക്കുള്ളിലെ 18,000 വീടുകളില്‍ പതിനായിരമെങ്കിലും അടിയന്തരമായി ഒഴിപ്പിക്കേണ്ടതുണ്ട്. മാറി താമസിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് കടലോരത്തു നിന്ന് 200 മീറ്ററിനു പുറത്ത് ഭൂമി വാങ്ങി വീടു പണിയുന്നതിന് 10 ലക്ഷം രൂപ വീതം നല്‍കും. വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും നിലനിര്‍ത്തും. കടലാക്രമണത്തിനെതിരെ ജൈവപ്രതിരോധ മേഖലയായി ഈ പുരയിടങ്ങള്‍ സംരക്ഷിക്കും. തീരദേശത്ത് പാര്‍പ്പിടത്തിന് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലൈഫ് മിഷനില്‍ ഇക്കൊല്ലം വീട് ഉറപ്പാക്കും.
കടലാക്രമണം തടയുന്നതിന് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിന് 227 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്നതോടൊപ്പം തീരത്തു നിന്ന് 400-500 അടി ദൂരെ കടല്‍ത്തട്ടില്‍ ഓഫ്‌ഷോര്‍ ബ്രേക്ക്‌വാട്ടര്‍ പൂന്തുറയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. ഇതിനുള്ള പണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) നല്‍കും. തീരമണയും മുന്‍പേ തിരത്തള്ളലിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ബ്രേക്ക്‌വാട്ടര്‍ പദ്ധതി വിജയമാണെന്നു കണ്ടാല്‍ മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാനാവും.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സാറ്റലൈറ്റ് ഫോണും ജിഐഎസ് അധിഷ്ഠിത നാവിഗേഷന്‍ ഉപകരണങ്ങളും സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിന് 13 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായി പറയുന്നു. ഓഖി ദുരന്തത്തിന്റെ നാളുകളില്‍ പറഞ്ഞുതുടങ്ങിയ കാര്യമാണ്. ലൈഫ് ജാക്കറ്റും നാവിക് ഉപകരണവും സാറ്റലൈറ്റ് ഫോണും മറ്റും വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തന്നെ ഉപയോഗിക്കുമെന്നാണ് രണ്ടു മാസം മുന്‍പ് ഔദ്യോഗിക അറിയിപ്പില്‍ കേട്ടത്.
തീരദേശത്ത് 500 കുട്ടികളില്‍ കൂടുതലുള്ള എല്ലാ സ്‌കൂളുകളും കിഫ്ബി ഏറ്റെടുത്തുകഴിഞ്ഞുവെന്നും ബാക്കിയുള്ള 71 സ്‌കൂളുകളുടെ നവീകരണം കോസ്റ്റല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേന പൂര്‍ത്തിയാക്കുമെന്നും പറയുന്നുണ്ട്. കോച്ചിംഗിനും പഠനകേന്ദ്രങ്ങള്‍ക്കും പൊതുപഠനമുറികള്‍ക്കും മറ്റുമായി 13 കോടി മുടക്കും. തീരദേശത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കായി കിഫ്ബി 900 കോടി നിക്ഷേപിക്കും. പഞ്ഞമാസ സമാശ്വാസത്തിന് 28 കോടി, ഇന്‍ഷ്വറന്‍സിന് 12 കോടി, മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടി, മത്സ്യഫെഡിന് സഹകരണ മേഖലയില്‍ 100 കോടി വായ്പ, മീന്‍ചന്തകള്‍ക്കും കോള്‍ഡ് ചെയിന്‍ ശൃംഖലയ്ക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ക്കുമായി 103 കോടി, തീരദേശ റോഡിന് 200 കോടി, കൊല്ലത്ത് ബോട്ട് ബില്‍ഡിംഗ് യാഡ്, വിഴിഞ്ഞത്ത് ഔട്ടര്‍ റിങ് റോഡും ഗ്രോത്ത് കോറിഡോറും, ചെത്തി, പൊഴിയൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ ഫിഷറീസ് ഹാര്‍ബര്‍ തുടങ്ങി തീരമേഖലയ്ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയെല്ലാം മേല്‍പ്പറഞ്ഞ ആയിരം കോടി പാക്കേജിലാണ് എന്നോര്‍ക്കണം.
നവകേരള നിര്‍മിതിക്കായി 25 പദ്ധതികള്‍ ക്രോഡീകരിച്ചതില്‍ പലതിലും വലിയ പുതുമയില്ലെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. എന്നാല്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യരക്ഷാ പദ്ധതി സുപ്രധാനമാണ്. അതേസമയം, പ്രളയദുരന്തത്തില്‍ ജീവിതമാകെ താളം തെറ്റിയ ജനതയുടെമേല്‍ നവകേരളനിര്‍മിതിയുടെ പേരില്‍ രണ്ടു വര്‍ഷത്തേക്ക് പ്രളയസെസ് എന്ന അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് അന്യായമാണ്. ജിഎസ്ടി നിരക്കില്‍ 12, 18, 28 പട്ടികയില്‍ വരുന്ന എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം അധിക സെസ് ഈടാക്കാനാണ് നിര്‍ദേശം. തൊണ്ണൂറു ശതമാനം മരുന്നുകള്‍ ഉള്‍പ്പെടെ 928 ഉത്പന്നങ്ങളുടെ വിലവര്‍ധനയ്ക്ക് ഇടയാക്കും എന്നതിനാല്‍ ഇത് ദുരന്ത പ്രത്യാഘാതങ്ങള്‍ക്ക് ആക്കംകൂട്ടുകതന്നെ ചെയ്യും.
സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി തീരുന്ന മേയ് 26 വരെ കേവലം 46 ദിവസത്തേക്കുള്ള ധനാഭ്യര്‍ഥന അല്ലെങ്കില്‍ വോട്ട് ഓണ്‍ അക്കൗണ്ട് മാത്രം ആകേണ്ട ഇടക്കാല ബജറ്റിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയുടെ ആദ്യപതിപ്പാക്കാനാണ് ഇടക്കാല ധനമന്ത്രിയുടെ പുതുമോടിയോടെ പാര്‍ലമെന്റില്‍ പീയൂഷ് ഗോയല്‍ ശ്രമിച്ചത്. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കും എന്ന പ്രഖ്യാപനം ഒഴികെ കേരളത്തിന് പ്രത്യേകിച്ച് ഗുണകരമായ പദ്ധതി നിര്‍ദേശമൊന്നും അതില്‍ കാണാനാവില്ല. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ കൃത്യമായ തിരിച്ചടവിന് മൂന്നു ശതമാനം വരെ പലിശ ഇളവിന് മത്സ്യകര്‍ഷകര്‍ക്കും അര്‍ഹതയുണ്ടാകും. എല്ലാവര്‍ക്കും സാമ്പത്തിക സംവരണം എന്നു പറഞ്ഞതുപോലെ, ഗോകുല്‍ മിഷനും 750 കോടിയുടെ രാഷ്ട്രീയ കാമധേനു ആയോഗും ഗോരക്ഷകര്‍ക്കു മാത്രമല്ല, നമ്മുടെ ക്ഷീരകര്‍ഷകര്‍ക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കാവുന്നതാണ് – വെറുതെയാണെങ്കില്‍ പോലും!


Related Articles

ഉള്ളിൽ വസിക്കുന്ന ദൈവം: പെസഹാക്കാലം ആറാം ഞായർ

പെസഹാക്കാലം ആറാം ഞായർ വിചിന്തനം:- ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29) “ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കും” (v.23). ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള

കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും

ദയാവധം മൗലികാവകാശമോ?

കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള ചരിത്രപ്രധാനമായ സുപ്രീം കോടതിയുടെ വിധി ഏറെ സങ്കീര്‍ണതകളും അതിലേറെ ആശങ്കയുണര്‍ത്തുന്നതുമാണ്‌. ഒരു വ്യക്തിക്ക്‌ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ മരിക്കാനും അവകാശമുണ്ട്‌ എന്നുപറയുന്നത്‌

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*