ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

കൊവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന സാഹചര്യത്തില്‍ കൊച്ചി രൂപതയിലെ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും തനതായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തുവരുന്നു. സമൂഹത്തിലെ നിര്‍ധനരായ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയും പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മഹാമാരി തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങായി അരനൂറ്റാണ്ടിലേറെയായി സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നു. കൊവിഡ് ജാഗ്രതാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് തൊഴില്‍രഹിതരായ, ദാരിദ്ര്യം അനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കായി സൊസൈറ്റി വിവിധങ്ങളായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. ഫെയ്സ് മാസ്‌ക്കിന്റെ നിര്‍മാണവും വിതരണവും ഭക്ഷ്യക്കിറ്റുകള്‍, ആശുപത്രികളിലും തെരുവില്‍ കഴിയുന്നവര്‍ക്കും ഏകസ്ഥര്‍ക്കും പൊതിച്ചോറു വിതരണം, വിദ്യാഭ്യാസ സഹായം, സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള സഹായം, വിധവകള്‍ക്കുള്ള ഭക്ഷ്യവിതരണം, ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയവയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍.

മുഖാവരണം വിതരണം
ഇതുവരെ ഒരുലക്ഷത്തില്‍പരം മാസ്‌ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു. പൊലീസ്, ഹെല്‍ത്ത്, കോര്‍പറേഷന്‍, താലൂക്ക് ഓഫീസ്, ഹൈകോര്‍ട്ട്, പഞ്ചായത്ത്, ചൈല്‍ഡ്ലൈന്‍, റസിഡന്റ്സ് അസോസിയഷനുകള്‍, ബാങ്ക്, മീഡിയ, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, പള്ളികള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്തത്. ഈ ഇനത്തില്‍ എട്ടുലക്ഷത്തില്‍ പരം രൂപ ചെലവഴിച്ചു.

അരിവിതരണം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ (മാര്‍ച്ച് മാസം) രൂപതയിലെ 50 പള്ളികളിലും 15 സബ്സ്റ്റേഷനുകളിലുമായി 300 ചാക്ക് അരി നല്‍കുകയുണ്ടായി. രണ്ടാംഘട്ടത്തില്‍ പലവ്യഞ്ജനക്കിറ്റുകള്‍ 50 പള്ളികള്‍ക്കും 15 സബ്സ്റ്റേഷനുകള്‍ക്കും വിദ്യാഭ്യാസ സഹായപദ്ധതിയില്‍ അംഗങ്ങളായ 200 കുട്ടികള്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 50 പേര്‍ക്കും വിതരണം ചെയ്തു. ഈ ഇനത്തില്‍ 26 ലക്ഷം രൂപ സൊസൈറ്റി ചെലവഴിച്ചു.

സമൂഹ അടുക്കള
ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ജൂബിലി കോംപ്ലക്സില്‍ ആരംഭിക്കുകയും 4,000 ഭക്ഷണപ്പൊതി മട്ടാഞ്ചേരി, കരുവേലിപ്പടി ആശുപത്രികളിലെ രോഗികള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടുതാമസിക്കുന്ന വയോധികര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കുമായി വിതരണം ചെയ്തു. ഒരാഴ്ച്ച നീണ്ടുനിന്ന കമ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു ലക്ഷം രൂപ ചെലവാക്കി.

വിദ്യാഭ്യാസ സഹായം  
കൊവിഡിന്റെ തീവ്രവ്യാപനത്തെത്തുടര്‍ന്ന് വിദ്യാഭ്യാസം ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറിയ സാഹചര്യത്തില്‍ പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായി 200 കുട്ടികള്‍ക്ക് 3,000 രൂപ വീതം സ്‌കോളര്‍ഷിപ് നല്‍കുകയുണ്ടായി. ആറു ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവിട്ടത്. കൂടാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 10 കുട്ടികള്‍ക്ക് ഒന്നിന് 20,000 രൂപ വിലവരുന്ന സ്മാര്‍ട് ടിവിയും നല്‍കുകയുണ്ടായി.

വിധവകള്‍ക്കു സഹായം
കൊവിഡിന്റെ തീവ്രവ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന നിരാലംബരായ വിധവകള്‍ക്ക് ഒരു കൈത്താങ്ങായി ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഹായമായി രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട 300 വിധവകള്‍ക്ക് 2,700 രൂപ വീതം ധനസഹായം നല്‍കി. 8,10,000 രൂപ ഇതിനായി ചെലവഴിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സഹായം
ഈ കൊറോണക്കാലത്ത് തൊഴിലില്ലാതെ ദുരിതം അനുഭവിക്കുന്ന സമൂഹത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിലൂടെ ഒരു വരുമാനമാര്‍ഗം കണ്ടെത്താനും അതിലൂടെ ജിവിതം മെച്ചപ്പെടുത്താനുമായി 25 കുടുംബങ്ങള്‍ക്ക് ചെറിയ രീതിയിലുള്ള സ്വയംതൊഴില്‍ പദ്ധതി തുടങ്ങുന്നതിനായി 20,000 രൂപ വീതം നല്‍കി. അഞ്ചു ലക്ഷം രൂപ സൊസൈറ്റി ഇതിനായി ചെലവഴിച്ചു.

മറ്റു പ്രവര്‍ത്തനങ്ങള്‍
രൂപതയില്‍ കൊവിഡ് മൂലം മരിക്കുന്ന വ്യക്തികളുടെ സംസ്‌ക്കാരശൂശ്രുഷകള്‍ നടത്തുന്നതിനായി 50 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് രൂപീകരിച്ചു. ഇവര്‍ക്ക് പരീശിലനവും നല്‍കി. ഫാ. ജോണി പുതുക്കാട്ട് ആണ് ഇതിന്റെ കോഓര്‍ഡിനേറ്റര്‍. ഈ ഗ്രൂപ്പ് ഇതുവരെ രൂപതയില്‍ മൂന്നുപേരെ കൊവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി സംസ്‌ക്കരിച്ചു. കൊച്ചി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ ഊട്ടുശാലയിലേക്ക് 10 ചാക്ക് അരി നല്‍കുകയുണ്ടായി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അതീതമായി രൂപതയില്‍ 50 ഇടവകകളിലും തനതായ പ്രവര്‍ത്തനങ്ങള്‍ ഇടവകയിലെ ജനങ്ങള്‍ക്കായി നടത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഉപദേശം നല്‍കിയും ബോധവല്‍ക്കരണ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നല്‍കുകയുണ്ടായി. കാന്‍സര്‍ മൂലം ദൂരിതമനുഭവിക്കുന്ന രോഗികള്‍ക്ക് മരുന്നു വാങ്ങാനുള്ള സഹായമായി രൂപതയിലെ വിവിധ ഇടവകകളിലായി 115 പേര്‍ക്ക് 5,000 രൂപ വീതം നല്‍കി. 5,75,000 രൂപയാണ് ചികിത്സാ സഹായമായി ഈ കൊവിഡ് കാലത്ത് നല്‍കിയത്.
സമൂഹത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി കാലഭേദമനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും ആനുകാലിക പ്രതിസന്ധികള്‍ക്കുമിടയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്കൊപ്പം എന്നും സി.എസ്.എസ്.എസ് ഉണ്ടെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചുകൊണ്ട് അരനൂറ്റാണ്ടിലേറെയായി സമൂഹത്തില്‍ നിലനില്‍ക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എസ്.എസ്.എസ് ആകെ 64,05,000 രൂപ ചെലവഴിച്ചു. തുടര്‍ന്നും ജനങ്ങളുടെ ഉന്നമനത്തിനായി നൂതന ക്ഷേമപദ്ധികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സൊസൈറ്റിയുടെ സാരഥികള്‍ക്ക് കഴിയട്ടെ!


Related Articles

പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം പുതിയ വീട് നിര്‍മിച്ച് വൈദികര്‍ മാതൃകയായി

കോട്ടപ്പുറം: പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം കുറുമ്പത്തുരുത്ത് മാളിയേക്കല്‍ ജോണ്‍സനും കുടുംബത്തിനും കോട്ടപ്പുറം രൂപതയിലെ വൈദികരുടെ കൂട്ടായ്മയില്‍ പുതിയഭവനം നിര്‍മിച്ചു നല്‍കി. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലാണ് ജോണ്‍സന്റെ

ചെറുപൂരങ്ങള്‍ വരവായി

പൂരങ്ങളുടെ പൂരമായ… എന്ന പ്രാഞ്ചിയേട്ടന്‍ ഡയലോഗ് പോലൊന്ന് കടന്നുവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും പറയാമെന്ന് തോന്നുന്നു. പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷം തികച്ച എന്‍ഡിഎ ഗവണ്‍മെന്റ് രണ്ടാമൂഴത്തിനായി അരയും തലയും മുറുക്കി

നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കമായി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് (വിബിഎസ്) തുടക്കമായി. വിബിഎസിന്റെ രൂപതാ തല ഉദ്ഘാടനം ബാലരാമപുരം അത്താഴമംഗലം സെന്റ് പീറ്റര്‍ ദൈവാലയത്തില്‍ നടന്നു. ‘യേശുവെന്‍ ആത്മമിത്രം’

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*