ദുരിത ബാധിതർക്കായി പാദുവാപുരത്ത് ‘പുതുജീവൻ’പദ്ധതി

അരൂർ/പൂച്ചാക്കൽ:പ്രളയ ദുരിതാശ്വാസത്തിന് അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളി ആവിഷ്കരിച്ച ‘പുതുജീവൻ’പദ്ധതിക്ക് ഇന്ന് (23-08-2018,വ്യാഴം ) തുടക്കം.രാവിലെ 11ന് അഡ്വ.എ എം ആരിഫ് എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കും.
ദുരിതാശ്വാസ ക്യമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ സ്റ്റാർട്ടേഴ്സ് കിറ്റുകളുടെ വിതരണവും വെള്ളകയറിയ വീടുകളുടെ ശുചീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.ദുരിതബാധിത വീടുകളിൽ ശുദ്ധജലവും അത്യാവശ്യം വെളിച്ചവും ലഭ്യമാക്കാൻ ആസ്റ്റ്യൂട്ട് എനർജി സൊലൂഷൻസ് , തേജസ് സോളാർ ടെക്സ് എന്നിവയുടെ സഹകരണത്തോടെയുള്ള സംരംഭത്തിനും രൂപം നൽകിയിട്ടുണ്ട്.
പാദുവാപുരം പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള നൂറിലേറെ പേരെ ഉൾപ്പെടുത്തിയാണ് പുതുജീവൻ പദ്ധതിയുടെ ആദ്യഘട്ടം.തുടർന്ന് ആവശ്യകതയ്ക്കും സാഹചര്യങ്ങൾക്കും അനുസൃതമായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വികാരി ഫാ.ആന്റണി തമ്പി തൈക്കൂട്ടത്തിൽ അറിയിച്ചു.രണ്ടാഴ്ചത്തേക്കുള്ള ആവശ്യവസ്തുക്കൾ അടങ്ങിയതാണ് സ്റ്റാർട്ടേഴ്സ് കിറ്റ്.
ആറു സംഘങ്ങളാണ് വിവിധയിടങ്ങളിൽ പ്രളയ ബാധിത വീടുകളുടെ ശുചീകരണം നടത്തുക.മൂന്നു ഗ്രൂപ്പുകൾ ചെങ്ങന്നൂർ,പത്തനംതിട്ട തുടങ്ങിയ തെക്കൻ മേഖലയിലും മൂന്നു സംഘങ്ങൾ എറണാകുളം,തൃശൂർ തുടങ്ങിയ വടക്കൻ മേഖലയിലും ദൗത്യത്തിനിറങ്ങും.പാദുവാപുരം ഇടവകാംഗങ്ങളുടെ അഞ്ചു ഗ്രൂപ്പുകളിലും പുറമെ നിന്നുള്ളവരുടെ മറ്റൊരുഗ്രൂപ്പിലുമായി 200 പേരാണ് സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ളത്.
ആസ്റ്റ്യൂട്ട് എനർജി സൊലൂഷൻസ് , തേജസ് സോളാർ ടെക്സ് എന്നിവയുടെ സഹകരണത്തോടെ വൈദ്യുതി വേണ്ടാത്ത ജല ശുദ്ധീകരണ യന്ത്രവും സോളാർ മൊബൈൽ ചാർജർ,സോളാർ എൽ ഇ ഡി വിളക്കുകൾ എന്നിവയും വിതരണം ചെയ്യുന്ന സംരംഭത്തിൽ ആദ്യഘട്ടമായി 1000 വീടുകളാണ് ഉൾപ്പെടുത്തുക.പദ്ധതിയുമായി സഹകരിക്കാൻ 9895395365 ,75920 17777 നമ്പറുകളിൽ ബന്ധപ്പെടണം.