Breaking News

ദേവസഹായംപിള്ള ഭാരതസഭയുടെ സൂര്യതേജസ്

ദേവസഹായംപിള്ള ഭാരതസഭയുടെ സൂര്യതേജസ്

ഭാരതസഭ സന്തോഷത്താല്‍ പുളകിതമാകുന്ന ധന്യമുഹൂര്‍ത്തമാണിത് – വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കിയിരിക്കുന്നു. ഭാരത സഭയില്‍ ആദ്യമായി ഒരു അല്മായന്‍ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. കേവലം ഏഴു വര്‍ഷം നീണ്ടുനിന്ന വിശ്വാസ ജീവിതം രക്തസാക്ഷിത്വത്തിലൂടെ ധന്യത നേടി. തെര്‍ത്തുല്യന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ”രക്തസാക്ഷികളുടെ ചുടുനിണത്താല്‍ കുതിര്‍ന്ന മണ്ണ് വിശ്വാസത്തിന് വളക്കൂറുള്ള മണ്ണായി തീര്‍ന്നു.” ഈ പ്രസ്താവന നൂറു ശതമാനവും ഇപ്പോള്‍ സാര്‍ത്ഥകമായി തീര്‍ന്നു. വാഴ്ത്തപ്പെട്ടവന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ ഉള്‍നാടുകളിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലും നൂറുകണക്കിനാളുകള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നു. ഈ വിശ്വാസികളുടെ പിന്‍ തലമുറക്കാരാണ് നെയ്യാറ്റിന്‍കര, കുഴിത്തറ, കോട്ടാര്‍, സീറോ മലബാര്‍ രൂപതയായ തക്കല, സീറോ മലങ്കര രൂപതയായ മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ അധിവസിക്കുന്ന വിശ്വാസി സമൂഹം.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആലങ്കാരികമായ
മതസഹിഷ്ണുത

കേരളം മതസഹിഷ്ണുതയ്ക്കു പുകള്‍പെറ്റ ഇടമായാണ് എന്നും വീക്ഷിക്കപ്പെട്ടിരുന്നത്. ധര്‍മ്മരാജ്യമായാണ് തിരുവിതാംകൂര്‍ അറിയപ്പെട്ടത്. അതിനാല്‍ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തി വധിക്കപ്പെട്ടുവെന്ന് കരുതുക അസംഭവ്യമാണെന്നാണ് വിശ്രുത ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ധര്‍മ്മരാജ്യമെന്നാല്‍ നീതിയും ന്യായവും സത്യവും സഹിഷ്ണുതയും ഉള്‍ക്കൊള്ളുന്ന രാജ്യമെന്നോ മതസഹിഷ്ണുത നിലനില്ക്കുന്നയിടമെന്നോ അര്‍ത്ഥമില്ല, മറിച്ച് ഹൈന്ദവ ധര്‍മ്മത്തിനനുസൃതമായ ഭരണനിര്‍വ്വഹണം നടത്തുന്ന രാജ്യം എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് ദേവസഹായം നിഷ്ഠുരമായി വധിക്കപ്പെട്ടത്. സര്‍ദാര്‍ കെ.എം. പണിക്കര്‍ മാര്‍ത്താണ്ഡ വര്‍മ്മയെ വിലയിരുത്തുന്നത് ഇപ്രകാരമാണ്: ”മനുഷ്യത്വരഹിതമായ വിധം മനസ്സാക്ഷിയില്ലാത്തവനും ക്രൂരഹൃദയനും സ്‌നേഹരഹിതനുമായിരുന്നു. ശത്രുക്കളോട് കാട്ടേണ്ട മാന്യതയും നീതിയും അദ്ദേഹത്തിന് തീര്‍ത്തും അന്യമായിരുന്നു.”
കടലോര പ്രദേശത്ത് സുവിശേഷം പ്രസംഗിക്കാനും അവിടെയുള്ളവരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കാനും അനുവാദം നല്കിയ ഭരണകൂടം ഉള്‍നാടുകളില്‍ സുവിശേഷ പ്രചരണത്തിനും ക്രൈസ്തവ വിശ്വാസം ജനങ്ങള്‍ സ്വീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. നേമം മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ മിഷണറിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങളെ പരമാവധി തടസ്സപ്പെടുത്താനും ശ്രമിച്ചു. ബ്രാഹ്മണ പൗരോഹിത്യവും രാജാധികാരവും ഒന്നുചേര്‍ന്നാണ് മിഷണറിമാര്‍ക്കെതിരെ പ്രവര്‍ത്തിച്ചത്. ക്രൂരമായ മര്‍ദ്ദനങ്ങളാണ് ക്രൈസ്തവരായി തീര്‍ന്നവര്‍ക്ക് നേരിടേണ്ടിവന്നത്.
നേമം മിഷനിലെ വടക്കന്‍കുളത്ത് പ്രവര്‍ത്തിക്കുകയും ദേവസഹായം പിള്ളക്ക് ജ്ഞാനസ്‌നാനം നല്കുകയും ചെയ്ത ഫാ. ജെ.ബി. ബുട്ടാരി എസ്‌ജെ അക്കാലഘട്ടത്തെപ്പറ്റി വിവരിക്കുന്നത് ഇപ്രകാരമാണ്: ”കരയോര ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയും വീടുകയറി അക്രമം നടത്തി പല വിധത്തില്‍ ഉപദ്രവിക്കുകയും വീടുകളും വസ്തുവകകളും നശിപ്പിക്കുകയും സ്ത്രീകളുടെ ആഭരണങ്ങള്‍ പറിച്ചെടുക്കുകയും പലരെയും ജയിലിടക്കുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച പലരും മര്‍ദ്ദനങ്ങള്‍ നിമിത്തം മതം ഉപേക്ഷിച്ചു. ചിലര്‍ നാടുവിട്ടു.” രാജാവിന്റെ അറിവോടും അല്ലാതെയും മതപീഡനം നടന്നിരുന്നുവെന്ന് ചരിത്ര രേഖകള്‍ അപഗ്രഥിച്ചാല്‍ മനസ്സിലാകും. ഇത്രമാത്രം കഠിനവും ക്രൂരവും മനുഷ്യത്വരഹിതവുമായ മതപീഡനങ്ങള്‍ക്കു മധ്യേയും വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ രക്തസാക്ഷികളായി തീര്‍ന്ന ദേവസഹായവും നേമം മിഷനിലെ വെലെന്ദ്രനും അരുളനും അരുളപ്പനുമൊക്കെ ക്രൈസ്തവ വിശ്വാസജീവിതത്തിന് ഉത്തമ മാതൃകകളാണ്.
മിഷണറിമാരോടും ക്രൈസ്തവ വിശ്വാസികളോടുമുള്ള
അസഹിഷ്ണുതയ്ക്കുള്ള കാരണങ്ങള്‍ തേടുമ്പോള്‍
മാര്‍ത്താണ്ഡവര്‍മ്മയും ബ്രാഹ്മണ പൗരോഹിത്യവും സംയുക്തമായി മിഷണറിമാര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ തിരിയുകയും സംഘടിതമായി പീഡനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തതെന്തുകൊണ്ട് എന്ന് ചിന്തിക്കുമ്പോള്‍ നിരവധി കാരണങ്ങള്‍ കണ്ടെത്താനാകും. സാമൂഹിക, സാമ്പത്തിക ഉച്ചനീചത്വങ്ങളും രാഷ്ട്രീയ താല്പര്യങ്ങളുമെല്ലാം കൂടിച്ചേര്‍ന്നതാണ് ആ കാരണങ്ങള്‍. അനീതി നിറഞ്ഞ സാമൂഹ്യഘടന നിലനിര്‍ത്താന്‍ അധികാരവര്‍ഗവും, സമത്വവും സാഹോദര്യവും പുലര്‍ത്തി തുല്യനീതിയിലധിഷ്ഠിതമായ പുതിയ സാമൂഹ്യക്രമം നടപ്പില്‍ വരുത്താന്‍ മിഷണറിമാരും പരിശ്രമിച്ചു. ഇതാണ് യഥാര്‍ത്ഥത്തില്‍ രണ്ടു കൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്. അധികാരവും ശക്തിയും സൈനിക ബലവും കൈമുതലായി ഉണ്ടായിരുന്ന ഭരണകൂടവും, വിശ്വാസവും സേവനസന്നദ്ധതയും പ്രേഷിതതീക്ഷ്ണതയും മാത്രം പരിരക്ഷിച്ചുകൊണ്ട് വിശ്വാസികളും മിഷണറിമാരും മുഖാമുഖം അണിനിരക്കുമ്പോള്‍ പിന്നോക്കം പോവുക സ്വഭാവികമായും രണ്ടാമത്തെ കൂട്ടര്‍ തന്നെയാകും.
ജാതീയമായ വിവേചനങ്ങള്‍ ബോധപൂര്‍വ്വം നിലനിര്‍ത്തി. ജനങ്ങളെ വിവിധ തട്ടുകളിലാക്കി, ഭരണം മുന്നോട്ടുകൊണ്ടുപോയി. ദരിദ്രന്റെ നിലവിളിയും അവന്റെ നെടുവീര്‍പ്പുകളും വിസ്മരിക്കപ്പെട്ടു. തൊട്ടുകൂടാത്തവര്‍ക്കും തീണ്ടികൂടാത്തവര്‍ക്കും ദൈവത്തെ ആരാധിക്കുന്നതില്‍പോലും വിലക്ക് ഏര്‍പ്പെടുത്തി. ആരാധനാലയത്തിന്റെ പുറത്തെ വഴികളിലൂടെപോലും സഞ്ചരിക്കുന്നതില്‍ നിരോധനം കൊണ്ടുവന്നു. ശുദ്ധിയും അശുദ്ധിയും നിശ്ചയിക്കുവാന്‍ ബ്രാഹ്മണ പുരോഹിതര്‍ക്ക് ചുമതല നല്കപ്പെട്ടു. പകലന്തിയോളം പണിയെടുത്ത് നടുവൊടിയുന്നവന്റെ മുതുകില്‍ വീണ്ടും നികുതി ഭാരം കയറ്റിവച്ച് സന്തോഷിക്കുന്ന ജന്മിമാര്‍, നഗ്നത മറക്കാനാകാതെ ജീവിക്കേണ്ടിവന്ന സഹോദരിമാര്‍ ഇങ്ങനെ സര്‍വ്വത്ര ഉച്ചനീചത്വങ്ങളും അസമത്വങ്ങളും കൊണ്ടു മൂടപ്പെട്ട അന്തരീക്ഷത്തില്‍ വീര്‍പ്പുമുട്ടിയവര്‍ക്ക് പ്രത്യാശയുടെയും ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും നവസുവിശേഷം പകര്‍ന്നാണ് ക്രൈസ്തവ മിഷണറിമാര്‍ മുന്നോട്ടുപോയത്. മിഷണറിമാര്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ച സാമൂഹ്യക്രമം ഉള്‍ക്കൊള്ളാന്‍ ഭരണകൂടം സന്നദ്ധമായില്ല. ജന്മിത്വ ഭൂവുടമ ഫ്യൂഡല്‍ വാഴ്ചക്കെതിരായ പ്രവര്‍ത്തനമാണ് മിഷണറിമാര്‍ നടത്തിയത്. വ്യവസ്ഥാപിത സാമ്പത്തിക, സാമൂഹിക സംവിധാനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനമാണ് മിഷണറിമാര്‍ യേശുവിന്റെ വചനം പങ്കുവെച്ചുകൊണ്ട് നടത്തിയത്.
നീതിനിഷ്ഠമായ സാമൂഹ്യക്രമ സൃഷ്ടിക്കായുള്ള
ദേവസഹായത്തിന്റെ പരിശ്രമം
കൊല്ലംജില്ലയില്‍ കരുനാഗപള്ളിക്കടുത്തുള്ള മരുതംകുളങ്ങരക്കാരന്‍ വാസുദേവന്‍ നമ്പൂതിരിയുടെയും കന്യാകുമാരി ജില്ലയിലെ നട്ടാലത്തുകാരി ദേവകി അമ്മയുടെയും മകനായി എ.ഡി 1712 ല്‍ നീലകണ്ഠപിള്ള പിറന്നു. കീര്‍ത്തികേട്ട നായര്‍ തടവാടായിരുന്നു അമ്മയുടേത്. സമുദായത്തിന്റെ ചിട്ടകളും മതാനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കാന്‍ നീലകണ്ഠന്‍ ശ്രദ്ധിച്ചിരുന്നു. സ്വജാതിയില്‍പ്പെട്ട ഭാര്‍ഗവി അമ്മയെ വിവാഹം ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ വിശ്വസ്തനും ആശ്രിതനുമായി കഴിഞ്ഞനാളുകളില്‍ നീലകണ്ഠന് സാമൂഹിക, സാമ്പത്തിക സുരക്ഷയുടെ കാര്യത്തില്‍ ഒരു വെല്ലുവിളിയും നേരിടേണ്ടിവന്നില്ല. രാഷ്ട്രീയ പരിരക്ഷയും ഉയര്‍ന്ന പദവിയും സ്വീകരിച്ച് സസുഖം മുന്നോട്ടുപോയി. സര്‍വ്വവും ഭദ്രമായിരുന്നപ്പോഴാണ് കുടുംബത്തിന് ദുരിതങ്ങളും ദുഃഖങ്ങളും നേരിട്ടത്. കരുത്തനായ നീലകണ്ഠന്‍ തളര്‍ന്നുപോയ നിമിഷങ്ങളില്‍ താങ്ങായി, തണലായിആശ്വാസ വചനങ്ങളാല്‍ ധൈര്യം പകര്‍ന്ന് ഫ്‌ളെമിഷ് കത്തോലിക്കനും ധീര സൈന്യാധിപനുമായ യൂസ്റ്റാക്കീസ് ഡിലനോയി കടന്നുവന്നു. സമാശ്വാസ വചനങ്ങളിലൂടെ നീലകണ്ഠന്റെ മനസ്സിനെ തൊട്ടുണര്‍ത്തി. യേശുവിനായി ഹൃദയം ജ്വലിക്കാന്‍ തുടങ്ങി. ഇവിടെ തിരികൊളുത്തപ്പെട്ട പ്രോജ്വല ദീപശിഖ ആളിക്കത്തി. ആ ജ്വാല എരിഞ്ഞടങ്ങിയത് 1752 ജനുവരി 14ന് കാറ്റാടിമലയില്‍ ജീവത്യാഗം ചെയ്തുകൊണ്ടാണ്. ആ ദീപം കാറ്റാടിമലയില്‍ അണയുന്നതിന് മുമ്പ് അനേകംപേര്‍ക്ക് വിശ്വാസ ദീപം പകര്‍ന്നുനല്കി. ഈ വിശ്വാസ ജ്വാല ആയിരങ്ങളിലേക്ക് കൈമാറി. നേമം മിഷനിലൂടെ വീണ്ടും ധാരാളം പേര്‍ ഈ ദീപവാഹകരായി.
സാമൂഹ്യനീതി, സ്ഥിതിസമത്വം, പങ്കുവയ്ക്കല്‍, പന്തിഭോജനം, ജാതിക്കെതിരായ നിലപാടുകള്‍ എന്നീ സുവിശേഷ മൂല്യങ്ങളാണ് കേവലം നാലു വര്‍ഷത്തെ ക്രൈസ്തവ ജീവിതത്തിലൂടെ അദ്ദേഹം പകര്‍ന്നുനല്കിയത്. സുരക്ഷിതത്വത്തിന്റെ വാല്‍മീകങ്ങള്‍ ഭേദിച്ച് അരക്ഷിതത്വത്തിന്റെ വാതായനത്തിലൂടെ പുറത്തിറങ്ങി. ദുരന്തങ്ങള്‍ ഏറ്റുവാങ്ങാനാണ് അദ്ദേഹം ഇറങ്ങിതിരിച്ചത്. കുടുംബജീവിതത്തിന്റെ ഭദ്രത വേണ്ടന്നുവച്ചു. അധികാരം, പദവി, സുഖം എന്നിവയെക്കാള്‍ യേശുവിന്റെ വചനങ്ങള്‍ക്കു പ്രാമുഖ്യം നല്കി.
രക്തസാക്ഷിത്വത്തിന്റെ സ്മരണകള്‍ പേറുന്ന സ്ഥലങ്ങള്‍
ദേവസഹായത്തിന്റെ പുണ്യ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങള്‍ ഇന്ന് വിശ്വാസികളുടെ പുണ്യസങ്കേതങ്ങളാണ്. കേവലം 40 വര്‍ഷത്തെ ജീവിതം! അതില്‍ നാലു വര്‍ഷക്കാലം ക്രൂരമായ പീഡനങ്ങളിലൂടെ കടന്നുപോയി. ജന്മസ്ഥലമായ നട്ടാലം മുതല്‍ രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലവരെ നീണ്ടുകിടക്കുന്ന ജീവിതപാത; ബത്‌ലഹേം പുല്‍ക്കൂടു മുതല്‍ കാല്‍വരിമല വരെ നീളുന്ന യേശുവിന്റെ ജീവിതത്തോട് അടുത്തുനില്ക്കുന്നു. ജപമാലയിലെ സന്തോഷ, ദുഃഖ, മഹിമ, പ്രകാശ രഹസ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ യേശുവിന്റെ ജനന മരണ ഉത്ഥാന ജീവിത മഹാരഹസ്യങ്ങളാണ് നാം അനുസ്മരിക്കുക. ദേവസഹായത്തിന്റെ ജീവിതവും മരണവും വിശുദ്ധ പദപ്രഖ്യാപനവും ജപമാല രഹസ്യങ്ങളോട് ചേര്‍ന്നുനില്ക്കുന്നു. ജന്മസ്ഥലമായ നട്ടാലം ജന്മഗൃഹത്തിന്റെ അവശിഷ്ടഭാഗങ്ങള്‍, കുടുംബ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍, ഇപ്പോഴത്തെ ദേവാലയം,

ഉടവാള്‍ എന്നിവ തീര്‍ത്ഥാടകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ദാഹത്താല്‍ വലഞ്ഞ ദേവസഹായം കൈമുട്ടിടിച്ച് വെള്ളം ആവോളം നുകര്‍ന്ന് ഇന്നും വറ്റാതെ ജലം നിര്‍ഗളിക്കുന്ന മുട്ടിടിച്ചാന്‍ പാറ. മാറാരോഗങ്ങള്‍ മാറാന്‍ വിശ്വാസത്തോടെ രോഗികള്‍ ഈ നീരുറവയിലെ ജലം പാനം ചെയ്ത് രോഗമുക്തി നേടുന്നു.
കോട്ടാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിന്റെ മദ്ബഹായ്ക്കു മുമ്പില്‍ ദേവസഹായത്തിന്റെ പൂജ്യ ഭൗതികദേഹം സംസ്‌ക്കരിച്ചിരിക്കുന്നു. 268 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അല്മായന്റെ ഭൗതികാവശിഷ്ടം ദേവാലയത്തിനുള്ളില്‍ അടക്കം ചെയ്യപ്പെടണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന പുണ്യങ്ങളും വിശുദ്ധിയും ധീരോചിതമായ രക്തസാക്ഷിത്വവും സഭയും ദൈവജനവും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ തിരിച്ചറിയുകയും ഏറെ ആദരിക്കുകയും ചെയ്തുവെന്നര്‍ത്ഥം. ദേവസഹായം രക്തസാക്ഷിത്വം വരിച്ച കാറ്റാടിമല ഇന്ന് വിശുദ്ധിയുടെ വിളനിലമായി തിളങ്ങുന്ന പുണ്യഭൂമിയാണ്. അനേകായിരങ്ങളാണ് ഈ പുണ്യഭൂമി സന്ദര്‍ശിച്ച് സായുജ്യമടയുന്നത്. കാല്‍വരിയില്‍ യേശുവിന്റെ രോദനത്തിന്റെ മാറ്റൊലി കാറ്റാടിമലയില്‍ വെടിയുണ്ടയേറ്റപ്പോള്‍ ദേവസഹായത്തിന്റെ കണ്ഠത്തില്‍ നിന്നു കേട്ടു. എല്ലാം നിറവേറിയെന്ന് പറഞ്ഞുകൊണ്ട് പ്രാണന്‍ വെടിഞ്ഞ യേശുവിനോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് ‘യേശുവെ രക്ഷകാ’ എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് ഉയരമുള്ള പാറക്കൂട്ടത്തില്‍ നിന്ന് താഴേക്ക് പതിച്ചു. യേശു പ്രാണന്‍ വെടിഞ്ഞപ്പോള്‍ പ്രകൃതിക്കു സംഭവിച്ച മാറ്റങ്ങള്‍ക്ക് സമാനമാണ് ദേവസഹായം വെടിയേറ്റു വീണപ്പോള്‍ കാറ്റാടിമലയില്‍ സംഭവിച്ച പ്രകൃതിദുരന്തം. പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു. കാറ്റാടിമലയിലെ പാറപിളര്‍ന്ന് താഴേക്ക് പതിച്ചപ്പോള്‍ ആദരസൂചകമായി പാറതന്നെ മരണമണി മുഴക്കി. ഇന്നും തീര്‍ത്ഥാടകര്‍ വിശുദ്ധന്റെ മരണം അനുസ്മരിക്കുന്നത് പാറയില്‍ തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടാണ്. അന്ന് മുഴങ്ങിയ ശബ്ദം ഇന്നും അതേ സ്വരത്തില്‍ തീര്‍ത്ഥാടകരുടെ കാതുകളില്‍ മുഴങ്ങുന്നു.
നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട് കൊച്ചുപള്ളി ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ടു നിലകൊള്ളുന്ന സ്ഥലമാണ്. ദേവസഹായത്തിനും ഭാര്യയ്ക്കും സമുദായ ഭ്രഷ്ട് കല്പിച്ച് നാട്ടില്‍ നിന്ന് ബഹിഷ്‌കൃതരായപ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ താമസിക്കുന്ന കമുകിന്‍കോട് വെണ്‍പകല്‍ ദേശത്ത് എത്തി. അവിടെയും നായര്‍ സമുദായത്തിലെ ബന്ധുജനങ്ങള്‍ അവരെ സ്വീകരിച്ചില്ല. നേമം മിഷന്റെ ഭാഗമായി 1713ല്‍ കമുകിന്‍കോടിനടുത്ത സര്‍വവാളികോട് ഫാ. ദെസെയുടെ നേതൃത്വത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. ധാരാളം ഈഴവര്‍ ഇക്കാലയളവില്‍ ക്രിസ്തുമതാവലംബികളായി മാറി. കമുകിന്‍കോട് കൊച്ചുപള്ളി പ്രദേശത്ത് ദേവസഹായം പിള്ളയുടെ ഭാര്യയ്ക്കും അമ്മയ്ക്കും ക്രിസ്ത്യാനികള്‍ അഭയം നല്കുകയും ഓലപ്പുരകെട്ടി അവരെ പാര്‍പ്പിക്കുകയും ചെയ്തു. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയ ദേവസഹായം വിശുദ്ധ അന്തോണീസിന്റെ തടിയില്‍ തീര്‍ത്ത മനോഹര രൂപം പ്രാര്‍ത്ഥിക്കാന്‍ നല്‍കുകയുണ്ടായി. ഈ രൂപം ഇവിടെ പ്രതിഷ്ഠിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. ഇന്ന് ഇവിടം പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രവും തെക്കിന്റെ പാദുവ എന്നറിയപ്പെടുകയും ചെയ്യുന്നു. ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ഫെറോനാ ദൈവാലയം. ദേവസഹായം പിള്ളയുടെ ജീവചരിത്രം തമിഴില്‍ രചിച്ച അമല ഗിരി അന്തോണിമുത്തു രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
”അഞ്ചുതെങ്ങ് കോട്ടയിലേ
അടിത്തിഴുത്തു വന്നാര്‍കള്‍
അഞ്ചാമല്‍ കൊട്ടുമൈചെയ്തു
അടിമൈപോല്‍ വതൈത്താറുകള്‍.”
”അഞ്ചുതെങ്ങ് എന്ന സ്ഥലത്തുള്ള കോട്ടയില്‍ അദ്ദേഹത്തെ കാവല്‍ക്കാര്‍ അടിച്ചിഴച്ചുകൊണ്ടുവന്നു. ഒരു ദയവും ദൈവഭയവുമില്ലാതെ ഒരു അടിമയെപോലെ അദ്ദേഹത്തെ അവര്‍ ക്രൂരമായി ഉപദ്രവിച്ചു.”
ദേവസഹായം പിള്ളയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ അന്നത്തെ കൊച്ചി മെത്രാന്‍ ക്ലെമന്റ് ഹോസ്സേ ലെയ്റ്റ (അദ്ദേഹം അഞ്ചുതെങ്ങില്‍ താമസിച്ചിരുന്നു) താത്കാലിക ഭദ്രാസന ദൈവാലയമായ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ ‘തദേവും’ (കൃതജ്ഞതാഗീതം) ആലപിക്കുകയും തന്റെ രൂപതയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും ദേവസഹായത്തെ അനുസ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുവാനും തദേവും ആലപിക്കാനും ആജ്ഞാപിച്ചുകൊണ്ട് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. കൂടാതെ 1756ല്‍ നടത്തിയ ‘ആദ് ലിമിന’ സന്ദര്‍ശനവേളയില്‍ ദേവസഹായത്തിന്റെ ധീരോചിതമായ രക്തസാക്ഷിത്വത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വത്തിക്കാനില്‍ സമര്‍പ്പിച്ചു.
ദേവസഹായത്തെ 2012 ഡിസംബര്‍ 2 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിശുദ്ധ പദത്തിനുള്ള അനുമതി. ദേവസഹായത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും ഭാരത സഭയ്ക്ക് എന്നും അഭിമാനം പകരും. അദ്ദേഹത്തില്‍ വിളങ്ങിയ വിശുദ്ധിയെക്കുറിച്ചോ ജീവിതപുണ്യങ്ങളെപ്പറ്റിയോ ആര്‍ക്കും സംശയമില്ല. 268 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. തെക്കന്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ തന്നെ വിശുദ്ധനും പുണ്യപൂര്‍ണത നിറഞ്ഞ മനുഷ്യനുമായി കണ്ട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. സത്യവചനത്തിന്റെ സാക്ഷിയായി, സ്ഥിതിസമത്വത്തിനായി പ്രവര്‍ത്തിച്ച്, ജാതി വിവേചനത്തിനും എല്ലാ വിധത്തിലുള്ള അസമത്വങ്ങള്‍ക്കുമെതിരെ നിലകൊണ്ട് ക്രൈസ്തവ പുണ്യങ്ങളുടെ ആഴങ്ങളില്‍ ആഴ്ന്നിറങ്ങി ജീവിച്ച് വിശുദ്ധിയുടെ നറുമണം പൊഴിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.


Related Articles

ഫാദർ ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു

വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു നിലവിൽ ചേരാനല്ലൂർ സൈന്റ്ജെയിംസ് ഇടവക അ

അമ്മ മനസ് തങ്ക മനസ്:ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്

                      മാതൃത്വത്തിന്റെ മഹനീയ നാമമാണ് പരിശുദ്ധമറിയം. സകലതും സഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സ്‌നേഹമാണ്

വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേെസടുക്കണമെന്ന് കെഎല്‍സിഎ

എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*