ദേവസഹായത്തിന്റെ നാമധേയത്തിലെ ആദ്യ ദേവാലയത്തില്‍ വിശുദ്ധപദ ആഘോഷങ്ങള്‍ക്കു തുടക്കമായി

by admin | May 9, 2022 6:27 am

നെയ്യാറ്റിന്‍കര: ഫ്രാന്‍സിസ് പാപ്പാ മെയ് 15-ന് വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്ന രക്തസാക്ഷി ദേവസഹായത്തിന്റെ നാമധേയത്തില്‍ നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയില്‍ സ്ഥാപിതമായ ലോകത്തിലെ ആദ്യ ദേവാലയം ചാവല്ലൂര്‍ പൊറ്റ ദേവസഹായം പള്ളിയില്‍ വിശുദ്ധപദ ആഘോഷങ്ങള്‍ക്കു തുടക്കമായി.

നാമകരണനടപടികളുടെ പൂര്‍ത്തീകരണത്തില്‍ ദേവസഹായം സാര്‍വത്രിക കത്തോലിക്കാ സഭയുടെ അള്‍ത്താരവണക്കത്തിന് വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ആഘോഷങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ രക്തസാക്ഷിയുടെ ജന്മനാടായ നട്ടാലത്തു നിന്ന് തുടക്കം കുറിച്ചു. വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള വിളംബര ദീപശിഖാ ബൈക്ക് റാലി നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഫൊറോനകളിലൂടെ പര്യടനം ആരംഭിച്ചു. പര്യടനത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസിനു മുന്നില്‍ നിര്‍വ്വഹിച്ചു. ദീപശിഖ പ്രായാണത്തിന്റെ ഫഌഗ് ഓഫ് എം. വിന്‍സെന്റ് എംഎല്‍എ നിര്‍വ്വഹിച്ചു. പാറശാല ഫൊറോനയിലെ വിവിധ ദേവാലയങ്ങളിലൂടെ പ്രയാണം ചെയ്ത് പര്യടനം മെയ് എട്ടിന് ചാവല്ലൂര്‍ പൊറ്റ ദേവാലയത്തില്‍ എത്തിച്ചേരും. ദീപശിഖ പ്രയാണത്തിന് സഹവികാരി ഫാ. വിപിന്‍ രാജാണ് നേതൃത്വം നല്കുന്നത്.
2014 ജനുവരി 14-ന് സ്ഥാപിച്ചതാണ് വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ഈ ആദ്യ ദേവലായം. അതിര്‍ത്തിഗ്രാമമായ പാറശാലയ്ക്കു സമീപത്തെ ചാവല്ലൂര്‍ പൊറ്റയെന്ന ഗ്രാമം ആഹ്ലാദനിറവിലാണ്.

ഇടവകയിലെ 75 കുടുംബങ്ങളുടെ ആധ്യാത്മികശുശ്രൂഷ മുന്‍നിര്‍ത്തി ആരംഭിച്ച ഈ ദേവാലയം ആശീര്‍വദിച്ച നാ
ള്‍ മുതല്‍ നിരവധിപേരാണ് അദ്ഭുതസാക്ഷ്യങ്ങളുമായി മുന്നോട്ടുവരുന്നത്. മാധ്യസ്ഥപ്രാര്‍ഥനയിലൂടെ, ദീര്‍ഘനാളായി കുഞ്ഞുങ്ങളില്ലാതിരുന്നവര്‍ക്കു കുഞ്ഞുങ്ങള്‍ ലഭിച്ചതായും മാറാരോഗങ്ങള്‍ സുഖപ്പെട്ടതായും നിരവധിപേരാണ് സാക്ഷ്യപ്പെടുത്തുന്നത്. വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് വിവിധ രൂപതകളിലെ മെത്രാന്മാര്‍ തിരുകര്‍മങ്ങള്‍ക്കു നേതൃത്വം നല്കും. ആഘോഷങ്ങളുടെ ആരംഭദിനമായ ഏഴാം തീയതി വൈകീട്ട് അഞ്ചിന് 101 സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാ മാര്‍ഗംകളി ഉണ്ടാവും. വത്തിക്കാനില്‍ 15-ന് ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ദിനത്തിലാണ് ഇവിടെ ആഘോഷങ്ങള്‍ സമാപിക്കുന്നത്. അന്നുതന്നെ തിരുസ്വരൂപ പ്രദക്ഷിണവുമുണ്ടാവും. ഇടവക വികാരി ഫാ. ജോസഫ് അനിലിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ക്രമീകരിക്കുന്നത്.

 

Click to join Jeevanaadam Whatsapp Group[1]

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]

Endnotes:
  1. Click to join Jeevanaadam Whatsapp Group: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ
  2. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ

Source URL: https://jeevanaadam.in/%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%a7%e0%b5%87%e0%b4%af%e0%b4%a4/