ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയുടെ (സിസിബിഐ) നേതൃത്വത്തില്‍ ജൂണ്‍ 24-ന് വൈകീട്ട് നടത്തിയ ഒരു മണിക്കൂര്‍ ആരാധനയില്‍ രാജ്യത്തിന് അകത്തും വിദേശരാജ്യങ്ങളിലുമുള്ള വിശ്വാസികള്‍ നവമാധ്യമങ്ങളിലൂടെയും സാറ്റലൈറ്റ് ടിവി ചാനലുകളിലൂടെയും പങ്കുചേര്‍ന്നു. വിശുദ്ധ ദേവസഹായത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ നടത്തിയ കൃതജ്ഞതയര്‍പ്പണത്തിലും തിരുഹൃദയ പ്രതിഷ്ഠാര്‍ച്ചനയിലും വിവിധ ഭാരതീയ ഭാഷകളിലുള്ള പ്രാര്‍ഥനാമാലയിലും സാംസ്‌കാരിക വൈവിധ്യത്തിന്റെ സമ്പുഷ്ടതയില്‍ പ്രദീപ്തമാകുന്ന വിശ്വാസതീക്ഷ്ണതയുടെ കൃപാചൈതന്യം തുടിച്ചുനിന്നു.

ഇന്ത്യയിലെ അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ദിവ്യകാരുണ്യ ആരാധന നയിച്ച് ആശീര്‍വാദം നല്കിയതോടെയാണ് കൃതജ്ഞതാപ്രാര്‍ഥനയാമം സമാപിച്ചത്.

യേശുവിനെ ആഴത്തില്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധ ദേവസഹായം യേശുവിന്റെ തിരുഹൃദയവുമായി ഗാഢമായി ബന്ധിക്കപ്പെട്ടതായാണ് ആ തിരുസ്വരൂപത്തിലെ ചങ്ങലകള്‍ പ്രത്യക്ഷീകരിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പായുടെ ഏഴംഗ കര്‍ദിനാള്‍ ഉപദേശക കൗണ്‍സിലിലെ അംഗവും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷനുമായ ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആമുഖപ്രസംഗത്തില്‍ പറഞ്ഞു. വിശുദ്ധനാവുക എന്നത് വൈദികര്‍ക്കും അര്‍പ്പിതര്‍ക്കും മാത്രമല്ല, ജ്ഞാനസ്‌നാനം സ്വീകരിച്ച ഏതൊരു വിശ്വാസിയുടെയും വിളിയാണെന്ന് ദേവസഹായത്തിന്റെ ജീവിതസാക്ഷ്യവും രക്തസാക്ഷിത്വവും നമ്മെ ഓര്‍മിപ്പിക്കുന്നു. വിവാഹിതനും അല്മായനുമായ ദേവസഹായത്തെ ഫ്രാന്‍സിസ് പാപ്പാ സാര്‍വത്രിക സഭയുടെ വിശുദ്ധനായി പ്രഖ്യാപിച്ചത് ഭാരതസഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ആധ്യാത്മികവും വൈകാരികവുമായ സൗഖ്യത്തിനായി നമുക്ക് ഈ വിശുദ്ധന്റെ മാധ്യസ്ഥ്യം തേടാം. ക്രിസ്തുവിശ്വാസത്തില്‍ ജീവിക്കാനുള്ള ധീരതയ്ക്കായും ഈ രക്തസാക്ഷിയുടെ മാധ്യസ്ഥ്യം യാചിക്കാമെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് ഓര്‍മിപ്പിച്ചു.

സിസിബിഐ അധ്യക്ഷന്‍ നിയുക്ത കര്‍ദിനാളും ഗോവ ആര്‍ച്ച്ബിഷപ്പും ഈസ്റ്റ് ഇന്‍ഡീസിന്റെ സ്ഥാനിക പാത്രിയര്‍ക്കീസുമായ ഡോ. ഫിലിപ് നേരി ഫെറാവോ എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രതിഷ്ഠാപ്രാര്‍ഥന നയിച്ചു.

സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയുടെ ആമുഖത്തോടെ ആരംഭിച്ച പ്രാര്‍ഥനായാമത്തില്‍ തമിഴ്‌നാട് മെത്രാന്‍ സമിതി അധ്യക്ഷനും സിസിബിഐ വൈസ് പ്രസിഡന്റുമായ മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമി തിരുകര്‍മശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചു. സിസിബിഐ സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച്ബിഷപ്പുമായ ഡോ. അനില്‍ കുട്ടോ, കോട്ടാര്‍ ബിഷപ് ഡോ. നസറീന്‍ സൂസൈ, സിസ്റ്റര്‍ ആനി കുറ്റിക്കാട് എസ്എംഐ എന്നിവര്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചു. ദേവസഹായത്തിന്റെ നാമകരണത്തിന് വൈസ് പോസ്റ്റുലേറ്ററായിരുന്ന റവ. ഡോ. ജോണ്‍ കുളന്തൈ വിശുദ്ധസുവിശേഷഭാഗം വായിച്ചു.

തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വിശുദ്ധ ദേവസഹായത്തോടുള്ള പ്രാര്‍ഥന നയിച്ചു. സിസിബിഐ ബൈബിള്‍ കമ്മീഷന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറി റവ. ഡോ. ജേസു കരുണാനിധി, ഡോ. ആവില, സുധാ പൊന്നു, ദിയോണ ക്രോസ്, ബ്രദര്‍ വര്‍മ്മ ഗോഗുലമുടി ഒഎഫ്എം ക്യാപ്, പോള്‍ ബാലസ്വാമി, റോസലിന്‍, ഗ്രെയ്‌സ് ഗബ്രിയേല്‍ എന്നിവര്‍ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ്, ബഡ്ഗ ഭാഷകളില്‍ വിശ്വാസികളുടെ പ്രാര്‍ഥന ചൊല്ലി. ഫാ. ജോണ്‍ സിബി വിശുദ്ധ ദേവസഹായത്തിന്റെ ലുത്തനിയ ആലപിച്ചു. മധുര ആര്‍ച്ച്ബിഷപ്പും കുഴിത്തുറ രൂപത അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. ആന്റണി പാപ്പുസാമി സമാപന പ്രാര്‍ഥനചൊല്ലി. വിശുദ്ധ ദേവസഹായത്തെ കഴിഞ്ഞ മേയ് 15-നാണ് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധനായി പ്രഖ്യാപിച്ചത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Related Articles

‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’: കത്തോലിക്ക സഭയുടെ സ്വന്തം പോക്കിമോന്‍ പുറത്തിറങ്ങി

വത്തിക്കാന്‍ സിറ്റി: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്കിമോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ ചുവടുപിടിച്ച് വത്തിക്കാന്‍ പിന്തുണയോട് കൂടി കത്തോലിക്ക സഭയുടെ സ്വന്തം ഗെയിം പുറത്തിറങ്ങി.

ഫാ സ്റ്റാൻ സ്വാമിക്കെതിരെ മനുഷ്യാവകാശ ധ്വംസനം ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക്‌ കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല .

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*