ദേവസഹായ മാധ്യസ്ഥ്യം ജാതിദ്വേഷമകറ്റാന്‍

ദേവസഹായ മാധ്യസ്ഥ്യം ജാതിദ്വേഷമകറ്റാന്‍

ജക്കോബി

ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ അല്മായ വിശുദ്ധനായി സാര്‍വത്രിക റോമന്‍ കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്ന ലാസറസ് എന്ന ദേവസഹായത്തിന്റെ പേരിനൊപ്പം കണ്ടുവന്നിരുന്ന ‘പിള്ള’ എന്ന ജാതിദ്യോതകം ഔദ്യോഗിക രേഖകളില്‍ നിന്നു നീക്കം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അതിന്റെ പ്രീഫെക്ട് ആയിരുന്ന കര്‍ദിനാള്‍ ആഞ്‌ജെലൂസ് ബെച്യുവിന്റെ ഡിക്രി ഇറങ്ങിയത് 2019 ഒക്ടോബര്‍ ഏഴിനാണ്. ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ അനുമതി നല്കിയ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായും, 2012 ഡിസംബര്‍ രണ്ടിന് നാഗര്‍കോവിലില്‍ വച്ച് പരിശുദ്ധ പിതാവിന്റെ പ്രതിനിധി എന്ന നിലയില്‍ ‘വാഴ്ത്തപ്പെട്ട രക്തസാക്ഷി’ എന്ന കാനോനിക വിളംബരം നടത്തിയ തിരുസംഘത്തിന്റെ അന്നത്തെ തലവന്‍ കര്‍ദിനാള്‍ ആഞ്‌ജെലോ അമാത്തോയും ദേവസഹായം പിള്ള എന്ന അഭിധാനമാണ് ഉപയോഗിച്ചത്. എന്നാല്‍, അദ്ദേഹത്തെ വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്താനുള്ള ഫ്രാന്‍സിസ് പാപ്പായുടെ 2021 മേയ് മൂന്നിലെ പ്രഖ്യാപനത്തില്‍ വാഴ്ത്തപ്പെട്ട ലാസറസ് ദേവസഹായം എന്നു മാത്രമാണ് പറഞ്ഞത്. പിള്ള എന്ന പഴയ സ്ഥാനപ്പേര് സഭാരേഖകളിലോ വിശുദ്ധരുടെ ലുത്തനിയയിലോ ഇനിയുണ്ടാവില്ല.പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യദശകത്തില്‍, പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് ഏഴു വര്‍ഷം മാത്രം നീണ്ട തന്റെ ക്രൈസ്തവജീവിതത്തിലെ സുവിശേഷപ്രേഷിതത്വത്തില്‍ അക്കാലത്തെ കീഴാളരും അടിമകളും ജാതിവിവേചനത്തിന്റെ പേരില്‍ അനുഭവിച്ചുവന്ന കൊടിയ പീഡനങ്ങള്‍ക്കെതിരെ പൊരുതുകയും വംശവിദ്വേഷത്തില്‍ നിന്ന് ഉടലെടുത്ത മതവൈരത്തിന്റെ പേരില്‍ മേല്‍ജാതിക്കാരുടെ കരങ്ങളില്‍ നിന്ന് വീരമൃത്യുവരിക്കുകയും ചെയ്ത വിശുദ്ധനെ ജാതിപ്പേരു ചേര്‍ത്തുവിളിക്കുന്നതിലെ ചരിത്രവൈരുധ്യവും അനീതിയും അനൗചിത്യവും കോട്ടാറില്‍ 2003 ഡിസംബറില്‍ നാമകരണത്തിനായുള്ള രൂപതാതല നടപടികള്‍ ആരംഭിച്ച നാള്‍ മുതല്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്ഥയും ജാതീയത അംഗീകരിക്കുന്നില്ലെന്നും ക്രൈസ്തവസഭയിലെ വിശുദ്ധന് ജാതിപ്പേര് ചാര്‍ത്തികൊടുക്കുന്നത് മാനവസാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സുവിശേഷമൂല്യങ്ങള്‍ക്ക് എതിരാണെന്നും വാഴ്ത്തപ്പെട്ട ദേവസഹായം തന്റെ പേരിനൊപ്പം ജാതിചിഹ്നമൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി, ഹരിയാന ചീഫ് സെക്രട്ടറിയായി വിരമിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.ജി. ദേവസഹായം, ഡോ. എസ്. ദേവരാജ്, പ്രഫ. ലാസറസ് എന്നിവര്‍ റോമിലേക്ക് എഴുതിയിരുന്നു.

കഴിഞ്ഞ 270 വര്‍ഷങ്ങളായി തമിഴകത്ത് എങ്ങും അമ്മാനൈ, കുമ്മി, നാട്ടുക്കൂത്ത്, നാടകം തുടങ്ങി തമിഴ് നാടോടി കലാരൂപങ്ങളിലും താളിയോല ചുവടികള്‍ തൊട്ടുള്ള സാഹിത്യരചനകളിലും ജനസമൂഹങ്ങളുടെ സംഘാതസ്മൃതിയിലും പതിഞ്ഞുകിടക്കുന്ന പേരിലെ ജാതിസൂചനയില്‍ ഇപ്പോള്‍ ഇത്രകണ്ട് വിവാദം ഉയര്‍ത്തുന്നത് എന്തിനെന്ന് ചോദിച്ചവരും ധാരാളം. കൊല്ലത്തിനടുത്ത് മരുതൂര്‍കുളങ്ങരയില്‍ നിന്ന്, ഇന്നത്തെ കേരള അതിര്‍ത്തിയായ പാറശാലയില്‍ നിന്ന് ഏതാണ്ട് 13 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലം ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പൂജാരിയായി ചെന്നെത്തിയ വാസുദേവന്‍ നമ്പൂതിരി എന്ന മലയാളബ്രാഹ്മണന്റെയും നട്ടാലത്തെ പ്രമുഖ നായര്‍ തറവാട്ടിലെ ദേവകിയമ്മയുടെയും മകനായി ജനിച്ച നീലകണ്ഠന്‍ തിരുവിതാംകൂര്‍ രാജ്യതലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് മാര്‍ത്താണ്ഡവര്‍മയുടെ രാജകൊട്ടാരത്തില്‍ ഖജനാവുസൂക്ഷിപ്പുകാരനും കൊട്ടാരത്തിലെ ക്ഷേത്രത്തിന്റെയും മറ്റും മേല്‍വിചാരിപ്പുകാരനും കൊട്ടാരത്തിന്റെയും കോട്ടകളുടെയും നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുടെയും പണിക്കാര്‍ക്കുള്ള വേതനവിതരണത്തിന്റെയും മേല്‍നോട്ടക്കാരനുമൊക്കെയായി രാജാവിന്റെ വിശ്വസ്തസേവകനായി കഴിഞ്ഞുവരുമ്പോഴാണ് മുപ്പത്തിമൂന്നാം വയസില്‍ ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടനാകുന്നത്. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു മുമ്പാകെ കീഴടങ്ങിയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവിക കമാന്‍ഡര്‍ യൂസ്താക്കിയൂസ് ബെനഡിക്റ്റ് ഡിലനോയ് എന്ന ബെല്‍ജിയംകാരനായ കത്തോലിക്കനാണ് നീലകണ്ഠന് ക്രിസ്തുവിന്റെ സുവിശേഷസാക്ഷ്യം പകര്‍ന്നുനല്കിയത്. തിരുവിതാംകൂര്‍ സൈന്യാധിപനായിത്തീര്‍ന്ന ഡിലനോയ് എന്ന അല്മായനാണ് നീലകണ്ഠനെ ദേവസഹായം എന്ന ക്രൈസ്തവവിശ്വാസിയും പ്രേഷിതനുമാക്കി സഭയ്ക്കു സംഭാവന ചെയ്തത് എന്നത് സ്മരണീയം.

അയിത്തവും തീണ്ടലും തൊട്ടുകൂടായ്മയും ജാതിയുടെ ഉച്ചനീച വിവേചനവും ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലും മേല്‍ജാതിക്കാരുടെ മേല്‌ക്കോയ്മയും നിലനിന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍, ഏറ്റവും താഴ്ന്ന ജാതിയായി നിന്ദിക്കപ്പെട്ടിരുന്ന ക്രൈസ്തവരുടെ ജ്ഞാനസ്‌നാനപുണ്യത്തിന്റെ കൂട്ടായ്മയില്‍ ചേരുന്നതിന്റെ ഭവിഷ്യത്ത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉന്നതകുലജാതനായ നീലകണ്ഠന്‍ ക്രിസ്തുവിനെ പുല്കുന്നത്. രാജകൊട്ടാരത്തിലെ ബ്രാഹ്മണ മേധാവികള്‍ രാജ്യദ്രോഹിയായി ദേവസഹായത്തെ ചിത്രീകരിച്ചു. മതപീഡനത്തിലെ ‘വിശ്വാസവൈരം’ (ഓദിയും ഫിദേയി) സഭയുടെ രക്തസാക്ഷിത്വ നിര്‍വചനത്തിന്റെ മുഖ്യമാനദണ്ഡമാണ്. കൊടിയ ജാതിവിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും മറ്റൊരു തലംകൂടെ ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തിനു പിന്നിലുണ്ടായിരുന്നു എന്നതാണ് ചരിത്രസത്യം. ഏഴകളും അടിമകളും കീഴാളരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ തലമുറകളായി ഹൃദയത്തിലേറ്റിയ വീരരക്തസാക്ഷിക്ക് പുണ്യസുകൃതങ്ങളുടെ ആധ്യാത്മിക പ്രഭാവത്തിനുമപ്പുറം ഫോക്ക് ഹീറോയുടെ പരിവേഷവും വന്നണഞ്ഞത് അങ്ങനെയാണ്.
വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം രൂപവത്കരിക്കപ്പെട്ട 1588 മുതല്‍ 2020 വരെ വിശുദ്ധരാക്കപ്പെട്ട രക്തസാക്ഷികളുടെ സംഖ്യ 5,048 മാത്രമാണെങ്കിലും, ക്രിസ്തുവിന്റെ കുരിശുമരണം തൊട്ട് ഇന്നേവരെ ഏഴു കോടി മനുഷ്യര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞരില്‍ മതപരമായ സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുന്നവരുടെ കണക്ക്. ആദ്യസഹസ്രാബ്ദത്തിലെ സകല രക്തസാക്ഷി പട്ടികയിലുമുള്ളവരെക്കാള്‍ കൂടുതല്‍ പേര്‍ ഇരുപതാം നൂറ്റാണ്ടില്‍ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിരീക്ഷിക്കുകയുണ്ടായി. മതവൈരവും വംശവിദ്വേഷവും ദേശീയതയും പ്രത്യയശാസ്ത്രസംഘര്‍ഷങ്ങളും രാഷ്ട്രീയ സമഗ്രാധിപത്യവും യുദ്ധതന്ത്രവുമൊക്കെയായി മതപീഡനത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്.

ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും ഇന്ന് ദേവസഹായത്തിന്റെ ജീവിതത്തില്‍ നിന്നും രക്തസാക്ഷിത്വത്തില്‍ നിന്നും വിശുദ്ധപദപ്രഖ്യാപനത്തില്‍ നിന്നും ലഭിക്കുന്ന സന്ദേശം എന്താണ്? ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തിനു പ്രേരകമായ മതവൈരവും ജാതിവിദ്വേഷവും സാമൂഹിക അനീതിയും കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകാലത്തെക്കാള്‍ ഇന്ന് കൂടുതല്‍ രൂക്ഷമായിട്ടുണ്ട് എന്നു വേണം വിലയിരുത്താന്‍. സഭയ്ക്കുള്ളില്‍തന്നെ ജാതീയതയും വംശീയവിവേചനവും വിഭാഗീയതയും നിലനില്ക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങളുടെ എതിര്‍സാക്ഷ്യമാണ്. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ജാതീയ വേര്‍തിരിവുകള്‍ ഉന്മൂലനം ചെയ്യാനും രക്തസാക്ഷിയുടെ ക്രൈസ്തവസാക്ഷ്യത്തിലെ വിശ്വാസസ്ഥൈര്യത്തിന്റെയും പുണ്യസുകൃതങ്ങളുടെയും മാതൃക ലോകത്തിനു മുമ്പില്‍ ഉയര്‍ത്തികാട്ടാനുമുള്ള യത്‌നങ്ങള്‍ക്ക് സാര്‍ഥകമായ മാര്‍ഗങ്ങള്‍ എന്തെന്ന് നമുക്ക് ആരായാം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കോവളത്ത് ലോക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലില്‍ ഇറങ്ങി

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച് വിദേശി വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കോവളത്തെ കടലില്‍ ഇറങ്ങി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക്

മതങ്ങളുടെ ചൈനാവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലീ കെക്വിയാങ്

ബെയ്ജിങ്: ചൈനയില്‍ എല്ലാ മതവിഭാഗങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സാംസ്‌കാരിക അനുരൂപണ നീക്കം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ് ദേശീയ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ

83 കാരനായ ജെസ്യൂട്ട് വൈദികൻ ഫാ സ്റ്റാൻ സ്വാമിയെ NIA അറസ്റ്റ് ചെയ്തു

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐയെ അറസ്റ്റ് ചെയ്തു.എ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് എന്‍.ഐ.എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*