ദേശീയ പരിപ്രേക്ഷ്യം അതിജീവനത്തിന് സ്വയംപര്യാപ്തത

ദേശീയ പരിപ്രേക്ഷ്യം  അതിജീവനത്തിന് സ്വയംപര്യാപ്തത

രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ തലത്തില്‍ യുവജനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു. കെസിവൈഎം-ലാറ്റിന്‍ പ്രസിഡന്റ് അജിത് തങ്കച്ചന്‍ കാനപ്പിള്ളി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

ദേശീയ തലത്തില്‍ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ ദൗത്യവും സാക്ഷ്യവും ഇന്നത്തെ സാഹചര്യത്തില്‍ എങ്ങനെ പുനര്‍നിര്‍വചിക്കണം?

കൊവിഡ് മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം നേരിടുന്നത് തൊഴില്‍ മേഖലയിലാണ്. തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് യുവജനങ്ങള്‍ ജീവിക്കുന്നത്. ഒട്ടേറെപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയെന്ത് എന്ന കൊടിയ ആശങ്കയിലാണവര്‍. കടുത്ത മാനസിക സംഘര്‍ഷത്തിലാണ് ഇന്ന് പല യുവജനങ്ങളും. കഴിഞ്ഞ മൂന്നു മാസമായി ആത്മഹത്യകള്‍, ആത്മഹത്യ പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. ഇതിന് അടിയന്തര പ്രതിവിധി തേടേണ്ടതുണ്ട്. ആരോഗ്യമേഖലയിലെ വിദഗ്ധരും ചില സംഘടനകളുമായി ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ട്. പ്രായോഗിക തലത്തില്‍ ഉടന്‍ നടപ്പാക്കാനാകുന്ന കര്‍മ്മപദ്ധതിക്കു രൂപം നല്‍കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സ്വയംപര്യാപ്തത വളരെ പ്രധാനമാണ്. അതിന് നമ്മുടെ യുവജനങ്ങളെ എങ്ങനെ പ്രാപ്തരാക്കാം എന്ന് ചിന്തിക്കണം. ദേശീയതലത്തില്‍ ഐസിവൈഎം മുന്‍ഗണന നല്‍കുന്നത് ഇതിനാണ്.
സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ യുവജന സംഘടന എന്ന നിലയില്‍ ദേശീയ തലത്തില്‍ ഇടപെടണം. പലയിടങ്ങളിലും കത്തോലിക്കാ സഭ നേരിടുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കണം. വിശ്വാസതീക്ഷ്ണതയും സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള യുവജനങ്ങളുടെ ശക്തവും ഊര്‍ജസ്വലവുമായ ശ്രേണികളെ ഏകോപിപ്പിക്കേണ്ടതുണ്ട്. ആധ്യാത്മിക, ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ദൈവത്തില്‍ രൂപാന്തരപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ യുവാക്കളെ പ്രാപ്തരാക്കണം. തൊഴില്‍ മേഖലയില്‍ വിശേഷിച്ച്, കത്തോലിക്കാ യുവാക്കളുടെ സമഗ്രവളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സഭയോടും ഇന്ത്യയിലെ വിശാലമായ സമൂഹത്തോടുമുള്ള പ്രതിബദ്ധത നമ്മുടെ യുവജന പ്രസ്ഥാനത്തിന്റെ മൗലിക പ്രമാണമാണ്.

കെസിവൈഎം വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് പദത്തില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനുഭവം പങ്കുവയ്ക്കാമോ?

പതിനഞ്ചാം വയസ്സിലാണ് കെസിവൈഎം യുവജന പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. എന്റെ ഇടവകയിലെ സഹവികാരിയായിരുന്ന ഫാ. ജിനു കടുങ്ങപ്പറമ്പില്‍ ആണ് എന്നെ കൊണ്ടുവരുന്നത്. എളിയ പ്രവര്‍ത്തനത്തിലൂടെ സംഘടനയുടെ യൂണിറ്റ് പ്രസിഡന്റായി. അതിലൂടെ ഇടവക ബിസിസി യൂത്ത് കോഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെസിവൈഎം വരാപ്പുഴ അതിരൂപത സമിതിയില്‍ വിദ്യാഭ്യാസ ഫോറം കണ്‍വീനറായും രൂപതാ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കെസിവൈഎം അതിരൂപതാ പ്രസിഡന്റായിരിക്കെ കേരളത്തില്‍ നിന്ന് ഐസിവൈഎം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ രൂപതാ കെസിവൈഎം അംഗം ഫെബീനയും ഞാനും കൂടിയാണ് കോല്‍ക്കത്തയില്‍ നടന്ന ദേശീയ കൗണ്‍സിലിലേക്കു പോകുന്നത്. കൂടെ കെആര്‍എല്‍സിബിസി യൂത്ത് കമ്മിഷന്‍ സെക്രട്ടറിയും കെസിവൈഎം-ലാറ്റിന്‍ ഡയറക്ടറുമായ ഫാ. പോള്‍ സണ്ണി, ആനിമേറ്റര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട, സംസ്ഥാന ട്രഷറര്‍ ജിജോ ചേട്ടനുമുണ്ടായിരുന്നു. കോല്‍ക്കത്തയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവജന പ്രതിനിധികളെ കണ്ടുമുട്ടി. തെരഞ്ഞെടുപ്പ് ദിവസം പോള്‍ അച്ചന്‍ പറഞ്ഞു, ഇത് ഒരു അവസരമാണ്, നിന്റെ ഇഷ്ടംപോലെ നീ ചെയ്യുക. എന്തു വേണമെന്നു ചിന്തിച്ചു. ജനറല്‍ സെക്രട്ടറിയായി മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജീവിതത്തിലെതന്നെ ഒരു വഴിത്തിരിവാണത്. യുവജന ശുശ്രൂഷയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും അര്‍പ്പണബോധത്തോടെയും സ്വയം സമര്‍പ്പിക്കാനുള്ള ദൃഢനിശ്ചയം അതിനു പിന്നിലുണ്ടായിരുന്നു. രാജ്യത്തെ കത്തോലിക്കാ സമൂഹത്തിനും യുവജനങ്ങള്‍ക്കുംവേണ്ടി ചെയ്യാന്‍ ഒരുപാടു കാര്യങ്ങളുണ്ട് എന്നുള്ള ബോധ്യം ഉണരുകയായിരുന്നു. എന്തൊക്കെ ചെയ്യാനാകും എന്ന് ആഴത്തില്‍ ചിന്തിക്കാനുള്ള പ്രേരണയായിരുന്നു അത്. ബംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഐസിവൈഎം ഇപ്പോള്‍ ഫരീദാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ തലത്തില്‍ സമഗ്രവും വിശദവുമായ കര്‍മപദ്ധതികള്‍ തയാറാക്കാന്‍ കൂട്ടായ്മയുടെ വലിയൊരു ശൃംഖല രൂപപ്പെടുത്തേണ്ടതുണ്ട്.

ഇതര സംസ്ഥാനങ്ങളെ വെച്ചു നോക്കുമ്പോള്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഓരോ സംസ്ഥാനത്തെയും യുവജന പ്രസ്ഥാനങ്ങള്‍ വ്യത്യസ്ത പ്രവര്‍ത്തനമേഖലകളില്‍ മികവുകാട്ടുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും സംഘടനാ പ്രവര്‍ത്തനത്തിലും സാമൂഹിക ഇടപെടലുകളിലും നിന്ന് പുതുതായി ഒട്ടേറെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നമുക്കാകും. സമൂഹത്തിന്റെ വേദന അറിഞ്ഞ് അവര്‍ക്കുവേണ്ടി ശബ്ദിക്കുവാനും അവരോടൊപ്പം ആയിരിക്കുവാനും കേരളത്തിലെ യുവജന സംഘടന വഴികാട്ടുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ യുവജനങ്ങളും അതിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ട്. കേരളം കഴിഞ്ഞാല്‍ തമിഴ്‌നാട് ആണ് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നത്. പല സംസ്ഥാനങ്ങളും അതിലേക്ക് കടന്നുവരുന്നു എന്നതില്‍ സന്തോഷം തോന്നുന്നു.

വരാപ്പുഴ അതിരൂപത കെസിവൈഎം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടല്ലോ. നിലവിലെ സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കെസിവൈഎം വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് എന്ന സ്ഥാനം ലഭിച്ചപ്പോള്‍ അതിയായ സന്തോഷവും അതോടൊപ്പം ഒരു ഭയവും തോന്നി. മഹാന്മാരായ പല വ്യക്തികളും അലങ്കരിച്ച കസേരയിലാണ് ഞാന്‍ എത്തിയിരിക്കുന്നത് എന്ന ബോധ്യമാണ് എന്നെ മുന്നോട്ടുനയിച്ചത്. എനിക്ക് എല്ലാംതന്നെ പുതിയൊരു അനുഭവം ആയിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്യണം എന്നുള്ള ആഗ്രഹമാണ് പല പ്രവര്‍ത്തനങ്ങള്‍ക്കും എനിക്ക് പ്രചോദനം നല്‍കിയത്. അതിരൂപതയില്‍ കെസിവൈഎമ്മിന്റെ പഴയ കാലത്തെ പ്രതാപം വീണ്ടെടുക്കാന്‍ എന്റെ സമിതി അംഗങ്ങള്‍ തന്ന ഊര്‍ജവും പിന്തുണയും മറക്കാനാവില്ല. സമിതി ഒന്നായി ഒരേ മനസ്സുമായി മുന്നേറിയപ്പോള്‍ അസാധ്യം എന്നു തോന്നിയതെല്ലാം സാദ്ധ്യമായി. മുന്‍ സംസ്ഥാന സെക്രട്ടറി സിബി ചേട്ടന്‍, മുന്‍ രൂപതാ പ്രസിഡന്റ് ഷെന്‍സണ്‍ ചേട്ടന്‍ തുടങ്ങിയവര്‍ നല്‍കിയ വലിയ പിന്തുണ ഞങ്ങള്‍ക്കു കരുത്തായി. സമിതിയില്‍ ഞങ്ങളുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ദീപു ജോസഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതില്‍ ഏറെ സന്തോഷം തോന്നി. എന്നും സഹയാത്രികന്‍ ആയിരുന്ന വ്യക്തി രൂപതാ പ്രസിഡന്റായി വന്നപ്പോള്‍ ഞങ്ങള്‍ ചെയ്യാന്‍ ബാക്കിവെച്ചത് പൂര്‍ത്തിയാക്കുമെന്നുള്ള പ്രതീക്ഷയുമുണ്ടായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ദീപുവും കൂട്ടരും നേതൃത്വം നല്‍കുന്നു. വിശ്വാസപരമായ കാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന സമിതിക്ക് എന്നും കൂട്ടായി ഷിനോജ് അച്ചനും ജീജു അച്ചനുമുണ്ട് എന്നതും ചാരിതാര്‍ഥ്യം ഉളവാക്കുന്നു.

പ്രൊഫഷണല്‍ ജീവിതത്തെ സംഘടനാ പ്രവര്‍ത്തനം ബാധിക്കുന്നുണ്ടോ?

ഞാന്‍ ഇന്നും ഒരു വിദ്യാര്‍ത്ഥിയാണ്. എല്‍എല്‍ബി ബിരുദം പൂര്‍ത്തീകരിച്ചു. അഭിഭാഷകനായി എന്റോള്‍ ചെയ്തു. ഇപ്പോള്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്.


Tags assigned to this article:
antony judycovidkcym

Related Articles

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി

ഫാ. ഡെന്നിസ് പനിപിച്ചൈ മ്യാവൂ രൂപത സഹായമെത്രാൻ

ഫാ ഡെന്നിസ് പനിപിച്ചൈയ മ്യാവൂ രൂപതയുടെ സഹായമെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചു. നിയമന ഉത്തരവ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനാർഥിപതി പ്രസിദ്ധപ്പെടുത്തി. ഫാ ഡെന്നിസ് പനിപിച്ചൈ തമിഴ്നാട് കൊളച്ചൽ

പ്രകൃതിദുരന്തം സര്‍ക്കാര്‍ അടിയന്തര സമാശ്വാസം നല്കണം- കെആര്‍എല്‍സിസി

  എറണാകുളം: അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരോട് ചേര്‍ന്നു നില്‍ക്കാന്‍ കെആര്‍എല്‍സിസി അടിയന്തരയോഗം തീരുമാനിച്ചു. സാധ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*