Breaking News

ദൈവം കൈപിടിച്ച് കടത്തിയ പീറ്റര്‍ സാജന്‍

ദൈവം കൈപിടിച്ച് കടത്തിയ പീറ്റര്‍ സാജന്‍

 

? ചെറുപ്പം മുതലേ സിനിമ മനസിലുണ്ടോ. തുടക്കം എങ്ങനെയായിരുന്നു.
സിനിമാ കമ്പം കുഞ്ഞുനാളിലേ തുടങ്ങി. കഥപറച്ചിലിലായിരുന്നു തുടക്കം. സ്‌കൂളില്‍ കൂട്ടുകാരോട് കഥകള്‍ പറയും. കഥ കേള്‍ക്കാന്‍ ആളുകൂടിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

? സിനിമയിലേക്കുള്ള പ്രചോദനം.
– കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ സിനിമാനടന്മാരോട് ആരാധനായി. മമ്മൂക്കയായിരുന്നു ആരാധനയുടെ കേന്ദ്രബിന്ദു. മമ്മൂക്കയില്‍നിന്ന് സിനിമയോടായി ആരാധന മാറി. ആരാധന അന്യഭാഷകളിലേക്കും പടര്‍ന്നുപന്തലിച്ചു. ഒരു വിവേചനവുമില്ലാതെ സിനിമകളെല്ലാം കാണും. എന്നെങ്കിലുമൊരുകാലത്ത് സിനിമയിലെത്തണമെന്നായിരുന്നു അഗ്രഹവും സ്വപ്‌നവും പക്ഷേ അത് സാക്ഷാത്കരിക്കുമോ എന്ന് ഉറപ്പൊന്നുമില്ലായിരുന്നു. സത്യം പറഞ്ഞാല്‍ മമ്മൂക്കയോടുള്ള ആരാധന തന്നെയാണ് സിനിമയിലെത്തണമെന്നുള്ള അഗ്രഹത്തിന്റെയും പിറകില്‍. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടക്കുമ്പോഴാണ് മമ്മൂട്ടിയുടെ മഹനാഗരം റിലീസാകുന്നത്. സിനിമ കാണാനായി പരീക്ഷ കട്ട് ചെയ്തു. അതു വലിയ കോലാഹലമായി. എസ്എസ്എല്‍സി പരീക്ഷ എഴുതിക്കില്ലെന്നു വരെയായി കാര്യങ്ങള്‍.

? വീട്ടില്‍നിന്നുള്ള പിന്തുണ.
ആലപ്പുഴ ജില്ലയിലെ സൗദി എന്ന തീരദേശഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അപ്പന്‍ സെബാസ്റ്റ്യന്‍, അമ്മ ഐബി സെബാസ്റ്റ്യന്‍. വീട്ടുകാര്‍ കഷ്ടപ്പെട്ടാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. സ്വാഭാവികമായി ഞാനൊരു ജോലിക്കാരനാകണമെന്ന് അവര്‍ ആഗ്രഹിച്ചു. പഠനം കഴിഞ്ഞപ്പോള്‍ സ്വന്തംകാലില്‍ നില്‍ക്കാനായി ഒരുപാട് പണികള്‍ ചെയ്തു. മരപ്പണി, ഓട്ടോ, ബസ് ഡ്രൈവര്‍, ക്ലീനര്‍, കണ്ടക്ടര്‍… അങ്ങനെ ചെയ്യാത്ത ജോലികള്‍ കുറവാണെന്നു പറയാം. പക്ഷേ എന്തുജോലിയാണെങ്കിലും വൈകീട്ട് കൂട്ടുകാരോടൊത്ത് സിനിമയ്ക്ക് പോയിരിക്കും. വിക്രമിന്റെ സാമി എന്ന സിനിമ റീലീസ് ചെയ്ത സമയം. ഞാനന്ന് ഒരു സ്വകാര്യവ്യക്തിയുടെ കാര്‍ ഡ്രൈവറാണ്. രാത്രി എട്ടു മണിക്ക് എനിക്ക് പോകണമെന്ന് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. തിയറ്ററില്‍ കൂട്ടുകാര്‍ കാത്തുനില്ക്കും. പക്ഷേ ആ സമയത്ത് അവര്‍ക്ക് ഒരു ഓട്ടംപോകണമായിരുന്നു. കൂടുതലൊന്നും പറയാതെ കാറിന്റെ കീ കൊടുത്ത് ഞാന്‍ ആ വീട്ടില്‍നിന്നിറങ്ങി തിയറ്ററിലേക്കോടി.

? സിനിമയിലെത്താനുള്ള ശ്രമങ്ങള്‍, സങ്കേതികപരിജ്ഞാനം…
-വിവാഹത്തിനുശേഷം ചെല്ലാനം മറുവക്കാട് എന്ന സ്ഥലത്താണ് താമസം. ചെല്ലാനം സെന്റ് സെബാസ്റ്റിയന്‍ ഇടവകാംഗം. ഭാര്യ അനിലയും മക്കളായ എവ്‌ലിന്‍, ഇവാനിയ, ഭാര്യയുടെ അപ്പച്ചനും അമ്മച്ചിയും എന്നിവരടങ്ങുന്നതാണ് ഇപ്പോഴത്തെ കുടുംബം. വിവാഹം കഴിക്കുന്ന സമയത്ത് ഞാന്‍ ഓട്ടോ ഡ്രൈവറായിരുന്നു. എന്റെ സിനിമാക്കമ്പം ഭാര്യ അനിലയോട് കൂട്ടുകാര്‍ വിശദമായി തന്നെ പറഞ്ഞിരുന്നു. എനിക്ക് സിനിമയില്‍ നല്ല ഭാവിയുണ്ടെന്നും അവര്‍ പറഞ്ഞു. അനില എന്നോട് അക്കാര്യം സംസാരിച്ചു. ആനിമേഷനിലായിരുന്നു എനിക്ക് താല്പര്യം. സാങ്കേതികമായി അതു പഠിക്കണമായിരുന്നു. എന്റെ കയ്യിലാണെങ്കില്‍ ഫീസ് കൊടുക്കാന്‍ കാശില്ല. മോന് ബിസ്‌ക്കറ്റ് വാങ്ങാന്‍പോലും പണമില്ലാത്ത അവസ്ഥ. ഒന്നും പറയാതെ ഭാര്യ കയ്യില്‍ കിടന്ന രണ്ടു സ്വര്‍ണവള ഊരിത്തന്നിട്ട് കോഴ്‌സ് ചെയ്യാന്‍ പറഞ്ഞു. രണ്ടു വര്‍ഷം പഠനവും ഓട്ടോറിക്ഷ ഓടിക്കലുമായി നടന്നു. ഭാര്യ തുന്നല്‍പ്പണി ചെയ്താണ് അന്ന് വീടുപുലര്‍ത്തിയത്. പിന്നീട് ഒരു ചാനലില്‍ ജോലി ചെയ്തു. അവിടെ ഒഴിവുസമയത്ത് തനിയെ ഇരുന്ന് എഡിറ്റിംഗ് പഠിച്ചു.

? ഒരു കടത്ത് നാടന്‍ കഥയില്‍ കഥ, എഡിറ്റിംഗ്, സംവിധാനം ഇതെല്ലാം പീറ്റര്‍ സാജന്‍ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമയില്‍ ഏതാണ് ഏറ്റവും പ്രധാനം.
-ഓരോ ചെറിയ കാര്യങ്ങള്‍ക്കും സിനിമയില്‍ പ്രധാന്യമുണ്ടെന്നു കരുതുന്നയാളാണ് ഞാന്‍. ലൈറ്റിംഗ് ശരിയായില്ലെങ്കില്‍ അത് സിനിമയുടെ ക്വാളിറ്റിയെ ബാധിക്കും. അതുപോലെ നല്ല കഥയും തിരക്കഥയും അത് കോര്‍ത്തിണക്കാനുള്ള സംവിധാനമികവുമുണ്ടാകണം. പക്ഷേ അതിനേക്കാള്‍ പ്രധാന്യം എഡിറ്റിംഗിനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എഡിറ്റിംഗിനു വരുന്ന സിനിമകള്‍ മിക്കവാറും അസംസ്‌കൃതവസ്തുവായിരിക്കും. എംടിയുടെയോ ലോഹിതദാസിന്റെയോ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യുന്നവര്‍ക്ക് സീനുകളനുസരിച്ച് അതു ചിത്രീകരിക്കുകയേ വേണ്ടൂ. എന്നാല്‍ മിക്കവാറും അവസ്ഥ അതല്ല. ചിത്രീകരിച്ച സീനുകള്‍ പലയിടത്തായി ചിതറിക്കിടക്കുകയായിരിക്കും. നന്നായി എഡിറ്റ് ചെയ്തില്ലെങ്കില്‍ ആ സിനിമ തിയറ്ററില്‍ പൊട്ടിപ്പൊളിയുമെന്നതിന് ഒരു സംശയവും വേണ്ട. അതേസമയം വലിയ ടെന്‍ഷനുള്ള പണിയാണ് സംവിധാനം. ഷൂട്ടിംഗ് തുടങ്ങാന്‍ താമസിച്ചാല്‍, നീണ്ടുപോയാല്‍, ഏതെങ്കിലുമൊരു ആര്‍ട്ടിസ്റ്റിന് സമയത്ത് എത്താന്‍ കഴിയാതിരുന്നാല്‍, ലൊക്കേഷന്‍ റെഡിയായില്ലെങ്കില്‍… എല്ലാം ടെന്‍ഷനാണ്. എല്ലാത്തിനും മറുപടി പറയേണ്ടത് സംവിധായകനാണ്. ഇക്കാര്യങ്ങള്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുമ്പോഴേ നന്നായി അറിയാമായിരുന്നതുകൊണ്ട് എല്ലാം മുന്‍കൂട്ടി നന്നായി പ്ലാന്‍ ചെയ്താണ് ഒരു കടത്ത് നാടന്‍ കഥ ചിത്രീകരിച്ചത്. ഒരു ലൊക്കേഷന്‍ പറ്റിയില്ലെങ്കില്‍ സമയം കളയാതെ അടുത്ത സ്ഥലത്ത് ചിത്രീകരണം തുടങ്ങാനുള്ള സംവിധാനം വരെ തയ്യാറാക്കിയിരുന്നു. ആസ്വദിച്ച് ചെയ്യാനുള്ള പണിയാണ് സംവിധാനമെന്ന് തോന്നിയിട്ടില്ല. അതേസമയം നമ്മുടെ മനസിലുള്ള ചില കാഴ്ചപ്പാടുകള്‍, സ്വപ്‌നം… ഇതെല്ലാം ഭംഗിയായി ചിത്രീകരിക്കാനും കഴിഞ്ഞു.

? സഹപ്രവര്‍ത്തകര്‍, താരങ്ങള്‍ പ്രത്യേകിച്ച് ഷഹീന്‍ സിദ്ദിക് തുടങ്ങിയവരുടെ സഹകരണവും, പെര്‍ഫോമന്‍സും എപ്രകാരമായിരുന്നു.
-സിനിമ ഒരു ടീം വര്‍ക്കാണ്. പക്ഷേ അതിനുള്ള സൗകര്യങ്ങളും മാനസികാവസ്ഥയും ഒരുക്കിയെടുക്കണം. സിദ്ദിക്കിക്കായുടെ മകനാണ് ഷഹീന്‍. എന്റെ സിനിമയിലെ കഥാപാത്രമാകാന്‍ ഷഹീന്‍ യോജിക്കുമെന്ന് തോന്നി. സുഹൃത്തുക്കളും അക്കാര്യം പറഞ്ഞു. ഷഹീന്‍ ആദ്യമഭിനിയിച്ച സിനിമ കണ്ടപ്പോള്‍ കൂടുതല്‍ ബോധ്യമായി. തുടക്കക്കാരനായതുകൊണ്ട് വലിയ ആര്‍ട്ടിസ്റ്റുകളെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല അവരുടെ ഡേറ്റ് അനുസരിച്ച് ഷൂട്ടിംഗും മറ്റു താരങ്ങളുടെ ഡേറ്റുമെല്ലാം ക്രമീകരിക്കണം. അത്തരമൊരു റിസ്‌കിലേക്ക് ഇപ്പോള്‍ പോകേണ്ട എന്നു കരുതി. ഇതൊരു സൂപ്പര്‍ഹിറ്റാകാന്‍ പോകുന്ന സിനിമയല്ല, ആവറേജായിരിക്കുമെന്ന് നിര്‍മാതാവിനെയും (നീരാഞ്ജനം സിനിമാസ്) ബോധ്യപ്പെടുത്തിയിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍, ഛായാഗ്രഹണം, നായിക എല്ലാവരുടെയും ആദ്യസിനിമയായിരുന്നു. ഒറ്റ ഷെഡ്യൂളിലായിരുന്നു ഷൂട്ടിംഗ്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ. ഷൂട്ടിംഗിനുമുമ്പ് ക്യാമറ അടക്കം ഉപയോഗിച്ച് റിഹേഴ്‌സല്‍ നടത്തി. ഷഹീനടക്കം എല്ലാവരും കൃത്യസമയത്തു തന്നെ റിഹേഴ്‌സലിനും എത്തിയിരുന്നു. സലിംകുമാര്‍, പ്രദീപ് റാവത്ത്, സുധീര്‍ കരമന, ബിജുക്കുട്ടന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും നന്നായി സഹകരിച്ചു. എന്റെ സുഹൃത്തുക്കള്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. അവരില്ലെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല.

? ത്രില്ലര്‍ സിനിമകളാണോ മനസിലുള്ളത്.
-ഇപ്പോള്‍ ത്രില്ലറുകളാണ് ഉള്ളത്. നേരത്തെതന്നെ ഫാമിലി സബ്ജക്ട് എനിക്കത്ര ഇഷ്ടമായിരുന്നില്ല. പക്ഷേ മാറ്റങ്ങള്‍ വരാം. അതു നമ്മുടെ പ്രായം, പരിചയം, സന്ദര്‍ഭം ഇതൊക്കെ ആശ്രയിച്ചിരിക്കുന്നു.

? കടത്ത് നാടന്‍ സിനിമയുടെ കഥയെക്കുറിച്ച്.
-നമ്മുടെ ചുറ്റുപാടുകളില്‍ കാണുന്ന ചില സംഭവങ്ങളാണ് കഥയാക്കിയത്. ഹവാല ഇടപാട് ശരിയായ വിധത്തില്‍ മലയാളത്തില്‍ നേരത്തെ ചിത്രീകരിച്ചിട്ടില്ല. വളരെ സീരിയസായ ഒരു പ്രശ്‌നം റിയലിസ്റ്റിക്കായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. അപ്രതീക്ഷിതമായ ഒരു ക്ലൈമാക്‌സും ചേര്‍ത്തു. കഥയും തിരക്കഥയും തയ്യാറാക്കുന്നതില്‍ സുഹൃത്ത് മാധവും സഹായിച്ചു.
? ദൈവവിശ്വാസിയാണെങ്കില്‍, ജീവിതത്തെ വിശ്വാസം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്.
-ദൈവം മാത്രമാണ് എനിക്കു പലപ്പോഴും തുണയായിരുന്നിട്ടുള്ളത്. എന്റെ സാഹചര്യം പറഞ്ഞല്ലോ. നമുക്ക് ആഗ്രഹമുണ്ടായാല്‍ മാത്രം പോര കൈപിടിച്ചുയര്‍ത്താന്‍ ആരെങ്കിലുമൊക്കെ വേണം. എനിക്ക് അത്തരം ഗോഡ്ഫാദര്‍മാരാരുമുണ്ടായിട്ടില്ല. പക്ഷേ സന്നിഗ്ധാവസ്ഥകളിലും ദൈവം കൂടെയുണ്ടായിരുന്നു. ഒരു അപേക്ഷയൊക്കെ പരിഗണിക്കപ്പെടുമ്പോള്‍ പട്ടികയില്‍ ഏറ്റവും അവസാനത്തെ ആളായിരിക്കും ഞാന്‍. ഞാനപ്പോള്‍ ദൈവമേ എന്നു പ്രാര്‍ഥിച്ചുപോകും. ഒരു കൈവന്ന് പിടിച്ചുയര്‍ത്തിക്കൊണ്ടുപോകുന്നതുപോലെ പിന്നെ അനുഭവപ്പെടും. ഞാനപ്പോള്‍ ക്യൂവിന്റെ ഏറ്റവും മുന്നിലായിരിക്കും.


Tags assigned to this article:
interviewkadatha nadanmollywoodpeter sajan

Related Articles

ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു

ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട്

വിവാദങ്ങളിൽ ആടിയുലഞ്ഞ പുരസ്‌കാര പ്രഖ്യാപനം

കുറച്ചുകാലമായി അപസ്വരങ്ങളൊഴിഞ്ഞതായിരുന്നു സംസ്ഥാന സിനിമാ പുരസ്‌കാര നിര്‍ണയം. ഇത്തവണ പൂര്‍വാധികം ശക്തിയോടെ വിവാദം കത്തിക്കാളി. കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായതുകൊണ്ട് രാഷ്ട്രീയക്കാരും വിവാദത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ ശ്രമിച്ചു.

ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്

ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*