Breaking News

ദൈവത്തിന്റെ മണ്ടത്തരങ്ങള്‍

ദൈവത്തിന്റെ മണ്ടത്തരങ്ങള്‍

മറ്റുള്ളവരെക്കാള്‍ ബുദ്ധിമാനാണ് താനെന്നും തന്റെ അഭിപ്രായങ്ങളൊന്നും തെറ്റില്ലെന്നും ധരിച്ചിരുന്ന ഒരാള്‍ ഉച്ചസമയത്ത് ഒരു മാവിന്‍ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത്-അടുത്തുകണ്ട മത്തവള്ളിയില്‍ ഒരു വലിയ മത്തങ്ങ വിളഞ്ഞുകിടക്കുന്നു. ഉടനെ തന്റെ വിമര്‍ശന ബുദ്ധിയില്‍ ഇങ്ങനെ ഒരു ചിന്ത വന്നു. ദൈവം എന്തൊരു മണ്ടനാണ്. സ്വയം നിവര്‍ന്നു നില്‍ക്കുവാന്‍ കഴിവില്ലാത്ത വള്ളിയില്‍ ഒരു വലിയ മണ്‍കുടത്തിന്റെ വലുപ്പത്തിലുള്ള ഫലം. എന്നാല്‍ നല്ല ബലവത്തായി തലയുയര്‍ത്തി നില്‍ക്കുന്ന മാവില്‍ ചെറിയ ഫലങ്ങള്‍! ഞാനാണ് ഇവയുടെ സ്രഷ്ടാവെങ്കില്‍ ബലം കുറഞ്ഞ വള്ളികളില്‍ ചെറിയ ഫലവും ബലമുള്ള മരങ്ങളില്‍ വലിയ ഫലവും വളരാന്‍ അനുവദിക്കുമായിരുന്നു.
അയാള്‍ വീണ്ടും ചുറ്റുപാടും നിരീക്ഷിച്ചു. ദൈവത്തിന്റെ വേറെയും ചില മണ്ടത്തരങ്ങള്‍ നോട്ടു ചെയ്തു. ചില വൃക്ഷങ്ങള്‍ ഓരോ സീസണിലും ഫലം പുറപ്പെടുവിക്കുന്നു. വര്‍ഷങ്ങളോളം അവ ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ വാഴയുടെ കാര്യം നോക്കുക. അത് ഒരിക്കല്‍ മാത്രം കുലയ്ക്കുന്നു. പിന്നീട് ആ വാഴയില്‍ നിന്ന് ഫലമൊന്നും ലഭിക്കുകയില്ല. ഞാനാണ് അതിനെ സൃഷ്ടിച്ചിരുന്നതെങ്കില്‍ തെങ്ങില്‍ കായ്കനികള്‍ ധാരാളം ഉണ്ടാകുന്നതുപോലെ പല പ്രാവശ്യം ഒരു വാഴയില്‍ നിന്ന് ഫലം നല്‍കുമായിരുന്നു. സുഗന്ധപുഷ്പമായ റോസച്ചെടിയില്‍ എന്തിനാണ് മുള്ളുകളെ സൃഷ്ടിച്ചത്? മുള്ളുകള്‍ വല്ല വേലിപടര്‍പ്പിലും വളരുന്ന ചെടികളില്‍ ആയാല്‍ പോരേ? പക്ഷികള്‍ക്ക് പറക്കുവാന്‍ ചിറകുകള്‍ നല്‍കിയിട്ടുള്ളതുപോലെ എപ്പോഴും സഞ്ചരിക്കുന്ന മനുഷ്യന് എന്തുകൊണ്ട് പറക്കുവാനുള്ള കഴിവ് ദൈവം നല്‍കിയില്ല? തവളകള്‍ക്കും പാമ്പുകള്‍ക്കും ആമകള്‍ക്കും കരയിലും വെള്ളത്തിലും ജീവിക്കുവാനുള്ള കഴിവുണ്ട് എന്തുകൊണ്ട് ആ കഴിവ് മനുഷ്യന് നല്‍കിയില്ല? ഏറ്റവും ഉപകാരപ്രദമായ ജീവികള്‍ക്ക് നല്‍കേണ്ടിയിരിക്കുന്ന ചില കഴിവുകള്‍ വലിയ ഗുണമൊന്നുമില്ലാത്ത ജീവികള്‍ക്കാണ് ദൈവം നല്‍കിയിട്ടുള്ളത്. ദൈവത്തിന്റെ വിഡ്ഢിത്തരങ്ങളെക്കുറിച്ച് ഒരു ഗവേഷണം നടത്താന്‍ തന്നെ അയാള്‍ തീരുമാനിച്ചു.
അപ്പോള്‍ ഇളം കാറ്റില്‍ അയാളിരിക്കുന്ന മാവിന്‍ ചില്ലകള്‍ ആടിയുലയുന്നു. പെട്ടെന്ന് ഉയര്‍ന്ന ഒരു കൊമ്പില്‍ നിന്ന് ഒരു മാമ്പഴം നിലത്തേയ്ക്കു പതിച്ചു. അത് നേരെ വന്നുവീണത് ആ ബുദ്ധിമാന്റെ നെറുകംതലയില്‍ത്തന്നെ ആയിരുന്നു. വളരെ ഉയരത്തില്‍ നിന്നു പതിച്ചതിനാല്‍ അത് അയാളുടെ തലയിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. ‘അയ്യോ’ എന്നു നിലവിളിച്ചുകൊണ്ട് അയാള്‍ ചാടി എഴുന്നേറ്റു. മാങ്ങ വീണ ഭാഗത്ത് ഒരു മുഴയുണ്ടായി. അപ്പോഴാണ് അയാള്‍ക്ക് ഒരു ബോധോദയം ഉണ്ടായത്. ”എന്റെ ദൈവമേ , ഈ ചെറിയ മാമ്പഴത്തിനു പകരം വലിയൊരു മത്തങ്ങയുടെ വലിപ്പത്തിലുള്ള മാമ്പഴമാണ് തലയില്‍ പതിച്ചെങ്കില്‍ എന്റെ തല ഇപ്പോള്‍ വിണ്ടുകീറിയേനെ.”
വീണ്ടുവിചാരത്തോടെ അയാള്‍ പറഞ്ഞു: ദൈവമേ, എന്നോട് ക്ഷമിക്കണമേ. എന്റെ അജ്ഞതകൊണ്ട് ഞാന്‍ എന്തൊക്കെയോ പുലമ്പി. അങ്ങയുടെ ജ്ഞാനത്തെ ആര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും? അങ്ങ് എല്ലാം അതാതു പോലെ സൃഷ്ടിച്ചിരിക്കുന്നത് ഞങ്ങളുടെ നന്മയ്ക്കാണെന്ന് ഞാന്‍ ഏറ്റുപറയുന്നു. എന്ത്, എപ്പോഴാണ്, എങ്ങനെയാണ് വേണ്ടതെന്ന് അങ്ങേയ്ക്ക് മാത്രമേ അറിയാവൂ.
”ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു, വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു” എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത്. (സങ്കീ 104:24).
ദൈവത്തിന്റെ ചില പദ്ധതികളും സൃഷ്ടികളും മണ്ടത്തരങ്ങളാണെന്നു ചിന്തിച്ച് അവയെ തിരസ്‌ക്കരിച്ചതിന്റെ ഫലമായിട്ട് എന്തെല്ലാം അനിഷ്ടങ്ങളാണ് മനുഷ്യര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ആദത്തിനോടും ഹവ്വായോടും ദൈവം പറഞ്ഞു ”തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.” (ഉത് 2:16-17) എന്നാല്‍ സര്‍പ്പം സ്ത്രീയോടു പറഞ്ഞു: ”നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെടുമെന്നും ദൈവത്തിനറിയാം.” (ഉത് 3:4-5). ദൈവം പറഞ്ഞത് കള്ളമാണെന്നും സര്‍പ്പം പറഞ്ഞത് ശരിയാണെന്നും അവര്‍ കരുതി. അതോടുകൂടി അവര്‍ പറുദീസയില്‍ നിന്ന് ഔട്ടായി.
ഈജിപ്തില്‍നിന്നു മോചിതരായ ഇസ്രായേല്‍ ജനതയ്ക്ക് വളരെ എളുപ്പത്തില്‍ വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കായിരുന്നു. എന്നാല്‍ അമോര്യയിലെ ജനങ്ങള്‍ വലിയവരും ഉയരം കൂടിയവരുമാണെന്നു പറഞ്ഞ് ഭയപ്പെട്ടു. മോശ ജനങ്ങളോട്, ”നിങ്ങളുടെ മുന്‍പേ പോകുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍ നിങ്ങളുടെ കണ്‍മുന്‍പില്‍ വച്ച് പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും.” എന്നു പറഞ്ഞിട്ടും (നിയ 1:30) ജനങ്ങള്‍ കൂട്ടാക്കിയില്ല. അവര്‍ അവരുടെ അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ദൈവം തങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞതിന്റെ ഫലമായി മരുഭൂമിയില്‍ നാല്‍പതു വര്‍ഷത്തോളം ചുറ്റിക്കറങ്ങാനാണ് വിധിയുണ്ടായത്.
ഇസ്രായേലിലെ ആദ്യത്തെ രാജാവായ സാവൂളിനോട് സാമുവല്‍ പ്രവാചകന്‍ വഴി ദൈവം പറഞ്ഞത് അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക, ആരും അവശേഷിക്കാത്തവിധം എല്ലാറ്റിനെയും കൊന്നുകളയുക എന്നാണ് (1 സാമു 15:3). എന്നാല്‍ സാവൂള്‍ അമലേക്യരുടെ രാജാവിനെ വധിച്ചില്ല. ഏറ്റവും നല്ല ആടുമാടുകളെ നശിപ്പിച്ചുമില്ല. ദൈവത്തിനു ബലിയര്‍പ്പിക്കാനാണ് അവയെ വധിക്കാതിരുന്നതെന്നാണ് രാജാവ് പറഞ്ഞ ന്യായം. എന്നാല്‍ പ്രവാചകന്‍ പറഞ്ഞത് ഇതാണ്: ”തന്റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റ് ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം, മുട്ടാടുകളുടെ മേദസിനേക്കാള്‍ ഉത്കൃഷ്ടം.” (1 സാമു 15:22).
താന്‍ മിശിഹാ-രക്ഷകന്‍-ആകുന്നത് പീഢാസഹനങ്ങളിലൂടെയും മരണത്തിലൂടെയുമായിരിക്കും എന്ന് ഈശോ പറഞ്ഞപ്പോള്‍ പത്രോസ് തടസം പറഞ്ഞു. അപ്പോള്‍, ”സാത്താനേ, നീ എന്റെ മുമ്പില്‍ നിന്നു പോകു. നിന്റെ ചിന്ത ദൈവികമല്ല. മാനുഷികമാണ്” എന്നാണ് കര്‍ത്താവ് പറഞ്ഞത്. (മര്‍ 8:33). ഒരുപക്ഷേ, യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള ഒരു പ്രധാന കാരണം ദൈവത്തിന്റെ പദ്ധതി ശരിയല്ല എന്ന ഒരു ചിന്തയായിരിക്കണം. അത് അവന്റെ തന്നെ പതനത്തിനിടയാക്കി.


Related Articles

കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

കുട്ടനാട് മേഖലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.  ജില്ലാ തല ബാങ്കേഴ്‌സ് സമിതിയെ ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന്

ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് നടപടി കെസിബിസി അപലപിച്ചു

കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ 2018-ലെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഐഎ

അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍. ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ ഇന്ന് രാത്രിയോടെ പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പെരുമ്പാവൂര്‍,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*