ദൈവത്തിന്റെ വാഗ്ദാനവും ദാവീദിന്റെ സിംഹാസനവും

ദൈവത്തിന്റെ വാഗ്ദാനവും ദാവീദിന്റെ സിംഹാസനവും

ഗബ്രിയേല്‍ ദൈവദൂതന്‍ കന്യകയായ മറിയത്തിന് നല്‍കുന്ന മംഗളവാര്‍ത്തയാണ് നമ്മുടെ സുവിശേഷഭാഗം. മംഗളവാര്‍ത്തയില്‍ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്കൊന്ന് ശ്രദ്ധിക്കാം:
1. ഗബ്രിയേല്‍ ദൈവദൂതന്‍ മേരിയോട് പറയുന്നു; നിന്റെ പുത്രന്‍ വലിയവനായിരിക്കും
2. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവന് കൊടുക്കും.
(ഇത് വളരെ പ്രാധാന്യമേറിയതാണ്. മിശിഹായുടെ ദാവീദിന്റെ ഗോത്രത്തില്‍ നിന്നുള്ള ഉത്ഭവത്തിന്റെ സൂചന)
3. അത്യുന്നതന്റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെടും.
4. അവന്റെ രാജ്യത്തിന് അവസാനമുണ്ടായിരിക്കുകയില്ല.
ഈ നാല് കാര്യങ്ങള്‍:
അവന്റെ മഹത്വം
അവന്റെ സിംഹാസനം
അവന്റെ ദൈവപുത്ര സ്ഥാനം
അവന്റെ നിത്യമായ രാജ്യം
ദൈവദൂതന്റെ മംഗളവാര്‍ത്തയിലെ ഈ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ നമുക്ക് മനസ്സിലാകണമെങ്കില്‍, പഴയനിയമത്തില്‍ നാഥാന്‍ പ്രവാചകനിലൂടെ ദൈവം ദാവീദിനോട് ചെയ്ത ഒരു പ്രവചനം കൂടി മനസ്സിലാക്കണം. ആ ഭാഗമാണ് ഇന്ന് നമുക്ക് ഒന്നാം വായനയായി ലഭിച്ചിരിക്കുന്ന സാമുവലിന്റെ രണ്ടാം പുസ്തകത്തിലെ ഏഴാം അദ്ധ്യായത്തില്‍ നിന്നുള്ള ഭാഗം. സാമുവലിന്റെ രണ്ടാം പുസ്തകത്തിന്റെ ആറാം അദ്ധ്യായം: ദാവീദ് രാജാവ് കര്‍ത്താവിന്റെ വാഗ്ദാനപേടകം ജറുസലേം നഗരത്തിലേക്ക്, തന്റെ തലസ്ഥാന നഗരത്തിലേക്ക് കൊണ്ടു വന്നു. തന്റെ രാജ്യത്തിന്റെ കേന്ദ്രസ്ഥാനമായി കര്‍ത്താവിന്റെ വാഗ്ദാന പേടകം ഉണ്ടായിരിക്കണമെന്നും തന്റെ ഭരണത്തിന്റെ കേന്ദ്രമായി കര്‍ത്താവിന്റെ ആരാധനയായിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ദാവീദിന് ഒരുപാട് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ദൈവത്തിന്റെ പ്രിയപ്പെട്ടവനാക്കുന്നത് ഇപ്രകാരമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം ഒരു കൂടാരത്തില്‍ ഇരിക്കുമ്പോള്‍ താന്‍ ഒരു കൊട്ടാരത്തില്‍ വസിക്കുന്നത് ശരിയല്ല എന്ന് ദാവീദിന് തോന്നി. ഇതാണ് ഒന്നാം വായനയുടെ പശ്ചാത്തലം. അതുകൊണ്ട് അദ്ദേഹം വാഗ്ദാനപേടകം സൂക്ഷിക്കാന്‍, ദൈവമായ കര്‍ത്താവിന് വസിക്കുവാന്‍ ഒരു ദേവാലയം നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നു. തന്റെ ആഗ്രഹം അദ്ദേഹം നാഥാന്‍ പ്രവാചകനെ അറിയിക്കുന്നു. നാഥാന്‍ പറയുന്നു; ‘യുക്തം പോലെ ചെയ്തുകൊള്ളുക. കര്‍ത്താവ് നിന്നോട് കൂടെയുണ്ട്’

പക്ഷെ, അന്ന് രാത്രി കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്യുന്നു; വെറുമൊരു ആട്ടിടയനായിരുന്ന ദാവീദിനെ ദൈവം എപ്രകാരം ഉയര്‍ത്തിയെന്നും ഇസ്രായേലിന്റെ രാജസ്ഥാനംവരെ എത്തിച്ചുവെന്നുമുള്ള ദാവീദിന്റെ ജീവിതം ചുരുക്കമായി പറയുന്നു. ആ വചനഭാഗത്തിന്റെ അവസാനത്തിലാണ് നമുക്ക് പ്രാധാന്യമേറിയ കര്‍ത്താവിന്റെ വചനങ്ങള്‍ വരുന്നത്.
‘നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവ് അരുളിച്ചെയ്യുന്നു. ദിനങ്ങള്‍ തികഞ്ഞ് നീ പൂര്‍വ്വികരോട് ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. ഞാന്‍ അവന് പിതാവും അവന്‍ എനിക്ക് പുത്രനും ആയിരിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും’മറിയത്തോടുളള മംഗളവാര്‍ത്തയിലെപ്പോലെ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്ക് ഇവിടെയും ശ്രദ്ധിക്കാം.

1. ദാവിദിന്റെ വംശവും പിന്തുടര്‍ച്ചയുടെ ഔരസപുത്രനും മഹത്വമുള്ളതായിരിക്കും.
2. നിന്റെ ഔരസപുത്രന്‍ ദാവീദിന്റെ സിംഹാസനം എന്നെന്നേക്കുമായി സ്ഥാപിക്കും.
3. ദാവീദിന്റെ ഔരസപുത്രനെ ദൈവം വിശേഷിപ്പിക്കുന്നത് ‘എന്റെ സ്വന്തം പുത്രന്‍’ എന്നാണ്.
(ഞാന്‍ അവന് പിതാവും അവന്‍ എനിക്ക് പുത്രനുമായിരിക്കും) ഇവിടെയാണ് പഴയനിയമത്തില്‍ ആദ്യമായി ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച്, വ്യക്തമായി ‘ദൈവത്തിന്റെ പുത്രന്‍’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പുറപ്പാടിന്റെ പുസ്തകം നാലാം അദ്ധ്യായത്തില്‍ ഇസ്രായേലിനെ തന്റെ ‘ആദ്യജാതന്‍’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഒരു വ്യക്തിയെക്കുറിച്ച് ആദ്യമായാണ് ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടുന്നത്.
4. (ഏറ്റവും സങ്കീര്‍ണ്ണവും ഏറ്റവും പ്രധാനപ്പെട്ടതും) ദൈവം ദാവീദിനോടും അവന്റെ വംശ
ത്തോടും വാഗ്ദാനം ചെയ്യുന്നു: ‘നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും. (നിത്യമായി നിലനില്‍ക്കും).
ദാവീദിനോട് വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ഗബ്രിയേലിന്റെ മംഗളവാര്‍ത്തയില്‍ മറിയത്തോട് ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്താണത് അര്‍ത്ഥമാക്കുന്നത്? ദാവീദിന് നല്‍കപ്പെട്ട വാഗ്ദാനത്തിന്റെ യഥാര്‍ത്ഥ പൂര്‍ത്തീകരണം സംഭവിക്കുന്നത് മറിയത്തിലാണ് എന്ന് വ്യക്തമാക്കുകയാണിവിടെ. മറ്റു വാക്കുകളില്‍, ദാവീദിനോട് ചെയ്യപ്പെട്ട വാഗ്ദാനം ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ഇത് എങ്ങിനെയാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാന്‍ ഇസ്രായേലിന്റെ ചരിത്രത്തിലൂടെ ഒന്നു സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ദാവീദിനോടുള്ള വാഗ്ദാനവും ഇസ്രായേലിന്റെ ചരിത്രവും
ഏകദേശം ബിസി 1000 ത്തിലാണ് നാഥാന്‍ പ്രവാചകനിലൂടെ ദാവീദിന്റെ സിംഹാസനവും രാജ്യവും എന്നേക്കും നിലനില്‍ക്കും എന്ന പ്രവചനം നല്‍കപ്പെടുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഏതാനും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ദാവീദിന്റെ രാജ്യവും സിംഹാസനവും വിഭജിക്കപ്പെടുകയും ഇല്ലാതാവുകയും ചെയ്തു. ആ ചരിത്രം നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം.

ബിസി 1000 ദൈവത്തിന്റെ വാഗ്ദാനം
ബിസി 922 സോളമന്റെ മരണത്തോടെ ദാവീദിന്റെ രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു.
1. ഇസ്രായേല്‍ – വടക്കന്‍ രാജ്യം (10 ഗോത്രങ്ങള്‍)
2. യൂദാ – തെക്കന്‍ രാജ്യം (2 ഗോത്രങ്ങള്‍)
ബിസി 722 അസ്സിറിയന്‍ വിപ്രവാസം. വടക്കന്‍ രാജ്യം (10 ഗോത്രങ്ങള്‍) അസ്സീറിയക്കാര്‍ ആക്രമിച്ച് കീഴ്പ്പടുത്തുകയും അവരെ അടിമകളായി അസ്സീറിയയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. (2 രാജ 15 – 17).
ബിസി 587 ബാബിലോണ്‍ വിപ്രവാസം. അവശേഷിച്ച രണ്ട് ഗോത്രങ്ങള്‍ ബാബിലോണിയക്കാര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും ബാബിലോണിലേക്ക് അടിമകളായി കൊണ്ടു പോവുകയും ചെയ്യുന്നു. അവര്‍ ജറുസലേം നശിപ്പിച്ച് ദേവാലയം അഗ്‌നിക്കിരയാക്കി. യഹുദരുടെ രാജാവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് രാജാവിനേയും എല്ലാ മക്കളേയും വധിക്കുകയും ചെയ്യുന്നു. ദാവീദിന്റെ വംശത്തില്‍ നിന്നുള്ള രാജവാഴ്ച എന്നേക്കുമായി അങ്ങിനെ ഇസ്രായേലില്‍ അവസാനിക്കുന്നു. ബിസി 587 ആയപ്പോഴേക്കും, ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ ആയപ്പോഴേക്കും ദൈവത്തിന്റെ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു? ദാവീദും അവന്റെ വംശത്തിലും പെട്ട എല്ലാവരും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു, രാജ്യം ഇല്ലാതായി.
വാഗ്ദാനം പാലിക്കുന്നതില്‍ ദൈവം പരാജയപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് തോന്നിയേക്കാം.
ബിസി 587 മുതല്‍ യേശുക്രിസ്തുവിന്റെ കാലംവരെ ദാവീദിന്റെ സിംഹാസനം പുനരുദ്ധരിക്കപ്പെട്ടില്ല. എന്നേക്കും നിലനില്‍ക്കും എന്ന് വാഗ്ദാനം ചെയ്യപ്പെട്ട ദാവീദിന്റെ സിംഹാസനം എന്നേക്കും ഇല്ലാതായി.
ബിസി 538 ല്‍ യൂദായിലെ രണ്ട് ഗോത്രങ്ങള്‍ ബാബിലോണ്‍ പ്രവാസത്തില്‍ നിന്ന് തിരിച്ചെത്തി. അവര്‍ ജറുസലേം പുനരുദ്ധരിച്ചു, ദേവാലയം പുതുക്കിപ്പണിതു. എന്നാല്‍, ദാവീദിന്റെ വംശവും സിംഹാസനവും ഒരിക്കലും പുനരുദ്ധരിക്കപ്പെട്ടില്ല. രണ്ട് ഗോത്രങ്ങള്‍ മാത്രമാണ് തിരിച്ചെത്തിയത്. വലിയ ഭാഗമായ പത്ത് ഗോത്രങ്ങള്‍ തിരിച്ചെത്തിയില്ല. അവര്‍ ചരിത്രത്തില്‍ ഇസ്രായേലിന്റെ നഷ്ടപ്പെട്ട ഗോത്രങ്ങളായി നിലകൊണ്ടു. ഒരു ഐക്യരാജ്യം എന്നനിലയില്‍ ദാവീദിന്റെ രാജ്യം ഇല്ലാതായി.
എഡി ഒന്നാം നൂറ്റാണ്ട് വരെ ഇത് തന്നെയായിരുന്നു ദാവീദിന്റെ രാജ്യത്തിന്റെ അവസ്ഥ; മാലാഖ പാവപ്പെട്ട ഒരു കന്യകയുടെ അടുക്കലേക്ക് ദൈവത്താല്‍ അയക്കപ്പെടുന്നതുവരെ… ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്ന് പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്…..

ദൈവദൂതന്‍ ആ കന്യകയായ പെണ്‍കുട്ടിയോട് പറയുന്നു: നീയാണ് രക്ഷകനായ മിശിഹായുടെ അമ്മയാകാന്‍ പോകുന്നത്.നീയാണ് ‘ദൈവത്തിന്റെ പുത്രന്റെ’ അമ്മയാകാന്‍ പോകുന്നത്. അവന്റെ നാമം മഹത്വമേറിയതായിരിക്കും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ അവന്‍ എന്നേക്കും ഇരിക്കും.(ദാവീദിന്റെ രാജ്യം ഇല്ലാതായെങ്കിലും) അവന്റെ രാജ്യം എന്നും എന്നേക്കും നിലനില്‍ക്കും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല.ഈ നിമിഷമാണ് നൂറ്റാണ്ടുകളായി ഇസ്രായേല്‍ ജനം കാത്തിരുന്ന നിമിഷം! ഈ നിമിഷമാണ് രക്ഷാകരചരിത്രത്തിലെ ഏറ്റവും ശോഭയേറിയ നിമിഷം! ഈ നിമിഷമാണ് ആദം മുതലുള്ള പൂര്‍വ്വപിതാക്കന്മാരുടേയും പ്രവാചകന്മാരുടേയും

കാത്തിരിപ്പും പ്രതീക്ഷയും സാഫല്യമടയുന്ന നിമിഷം! ഈ നിമിഷമാണ് നൂറ്റാണ്ടുകളായുള്ള മനുഷ്യവംശത്തിന്റെ കാത്തിരിപ്പ് പൂവണിയുന്ന നിമിഷം! ഈ നിമിഷമാണ് ദൈവം തന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കുന്ന നിമിഷം! ഈ നിമിഷമാണ് ദാവീദിന്റെ സിംഹാസനം പുനരുദ്ധരിക്കുന്ന നിമിഷം! ഈ നിമിഷമാണ് ആദ്യപാപം മൂലം വീണുപോയ മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിന്റെ നിമിഷം !അതാണ് ദൈവമയച്ച ഗബ്രിയേല്‍ ദൈവദൂതന്റെ മംഗളവാര്‍ത്തയിലൂടെ കന്യകാമറിയത്തില്‍ സംഭവിക്കുന്നത്.ഇവിടെ മനസ്സിലാക്കേണ്ട ദൈവരഹസ്യം: ദാവീദിന്റെ വംശപരമ്പരയെ പ്രതീകാത്മകമായി ‘ദൈവപുത്രന്‍’ എന്ന് വിളിച്ചെങ്കില്‍, മേരിയുടെ പുത്രനാണ് യഥാര്‍ത്ഥ, നിത്യനായ ദൈവപുത്രന്‍. കാരണം, പരിശുദ്ധാത്മാവിലൂടെ ദൈവംതന്നെയാണ് അവളുടെ ഉദരത്തില്‍ മാംസമായി ഉരുവായതും മനുഷ്യനായി അവതരിച്ചതും. അവളുടെ ഉദരത്തിലെ ആ ശിശു മനുഷ്യാവതാരം ചെയ്ത ദൈവം തന്നെയാണ്. ആ കന്യക അത് കൊണ്ട് മനുഷ്യനായവതരിച്ച ദൈവത്തിന്റെ അമ്മയാണ്.അതേ, മറിയം ദൈവമാതാവ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadamjeevanaadamnewsjeevanaadamonline

Related Articles

സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: രാജ്യത്ത് അതിവേഗത്തില്‍ വര്‍ധിച്ചുവരുന്ന സ്വത്തിന്റെ കേന്ദ്രീകരണം ഭീതിജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.

40 രൂപയ്ക്ക് പെട്രോൾ നൽകി KLCA , KLCWA പ്രതിഷേധം

 പെട്രോൾ , ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെയും , കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാം ഡീ-കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും മാനാട്ടുപറമ്പ് KLCA ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*