ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചില മരണങ്ങള്

പാഠം ഒന്ന്
മെച്ചപ്പെട്ട ജോലിയും ശമ്പളവും പ്രതീക്ഷിച്ചാണ് അയാള്‍ ഗള്‍ഫിലേക്കു പോയത്. എന്നാല്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായ സാഹചര്യങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ കഠിനമായ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതനായി. ജോലിക്ക് അനുസൃതമായ കൂലി പലപ്പോഴും ലഭിച്ചിരുന്നില്ല. വീട്ടിലെ പ്രാരബ്ധം ഓര്‍ത്തു പിടിച്ചുനിന്നു. കഠിനമായ ജോലിക്കിടയിലും മുണ്ടുമുറുക്കിയുടുത്ത് ചില്വാനം മിച്ചം പിടിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തി.
ഇരുമ്പുരുക്കും യന്ത്രസാമഗ്രികളുമായി ബന്ധപ്പെട്ട തൊഴിലിനെ സംബന്ധിച്ചുള്ള സാമാന്യജ്ഞാനം പ്രയോജനപ്പെടുത്തി നാട്ടില്‍ തന്നെ ചെറിയ ജോലികള്‍ തരപ്പെടുത്തുവാന്‍ തീരുമാനിച്ചു. തൊഴില്‍ശാല സ്ഥാപിക്കുവാനുള്ള ഇടത്തിനായുള്ള അന്വേഷണത്തിനൊടുവില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി. വിലപേശലില്‍ ഭീമമായ തുകയ്ക്ക് പാട്ടക്കരാര്‍ ഉറപ്പിച്ച്, വര്‍ക്ക്ഷോപ് സ്ഥലമുടമയുമായുള്ള പണികള്‍ ആരംഭിച്ചു. കയ്യിലുള്ള സമ്പാദ്യവും സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും സംഘടിപ്പിച്ച തുകയും മുടക്കിയാണ് സ്ഥാപനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഒരുക്കിയത്. വര്‍ക്ക്ഷോപ് ആരംഭിക്കുന്നതിന് ലൈസന്‍സ് ആവശ്യമായിരുന്നു. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിച്ചു. അവിടം മുതല്‍ പ്രവാസിയുടെ പ്രയാസങ്ങളുടെ ആരംഭവും തുടങ്ങി.
പഞ്ചായത്ത് സമിതിയും ഉദ്യോഗസ്ഥരും ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി. കടമ്പകള്‍ ഒന്നൊന്നായ് കടന്ന്, ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ച് നല്കി, ലൈസന്‍സിന്റെ പടിവാതില്ക്കല് എത്തിയപ്പോള്‍ അപ്രതീക്ഷിതമായി വലിയൊരു കീറാമുട്ടി രംഗപ്രവേശം ചെയ്തു. വര്‍ക്ക്ഷോപ് തുടങ്ങുവാന്‍ കണ്ടയിടം പണ്ടെങ്ങാനും നെല്പാടം ആയിരുന്നത്രെ! ആയതിനാല്‍ ”കൃഷിയിടത്തില്‍” വര്‍ക്ക്ഷോപ് തുടങ്ങുന്നത് നാടിന്റെ കാര്‍ഷിക സമ്പത്തിന്റെ നാശത്തിന് കാരണമാകും. അതുകൊണ്ടു തന്നെ സമ്മതിക്കില്ലെന്ന് ഒരു വിഭാഗം ”ദേശസ്നേഹികള്‍.” വിപ്ലവപ്പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ജാഥയായി വന്ന് അവരുടെ കൊടി നാട്ടി, പണിയിടം പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ജോലികള്‍ തടസപ്പെടുത്തി പണിക്കാരെ ആട്ടിപ്പായിച്ചു.
‘നിരോധനം’ മറി കടന്ന് പണികള്‍ തുടര്‍ന്നാല്‍ അനന്തരഫലം ഗുരുതരമാകുമെന്ന് പ്രഖ്യാപിച്ചു. കുഞ്ഞുസഖാക്കളെ പലവട്ടം കണ്ട് ചര്‍ച്ച നടത്തിയെങ്കിലും യുവവിപ്ലവകാരികള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. നാട്ടിന്റെ കാര്ഷികസമ്പത്തിലും, നാട്ടാരുടെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും തങ്ങള്‍ക്കുള്ള കരുതലിനും ആകാംക്ഷയ്ക്കും കടുകുമുണിയോളം വ്യത്യാസം വരുത്തുവാന്‍ വിപ്ലവബോധമുള്ള യുവനേതൃത്വനിര അശേഷം തയ്യാറായില്ല.
തര്‍ക്കസ്ഥലത്തിന് ചുറ്റുമുള്ള ഇടങ്ങളിലെല്ലാം ഉയര്‍ന്നു നില്ക്കുന്ന ബഹുനിലമാളികകള്‍ നിര്‍മിച്ചപ്പോള്‍ കുംഭകര്‍ണ്ണസേവയിലായിരുന്ന പോരാളികള്‍ പ്രവാസി തന്റെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനുള്ള വ്യഗ്രതയ്ക്കിടയില്‍ ആരംഭിക്കുന്ന തൊഴില്‍ശാലയുടെ നിര്‍മാണവേളയില്‍ മാത്രം ഞെട്ടിയുണര്‍ന്നതിന്റെ ഗുട്ടന്‍സിനെ സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ അതിന്റെ കാരണവും പരിഹാരവും വെളിവാക്കപ്പെട്ടു.
കാര്‍ഷികഭൂമി കാര്ഷികേതരഭൂമിയായി പരിണാമം സിദ്ധിക്കുമെന്ന മാന്ത്രികത്തെ സംബന്ധിച്ച് പ്രവാസിക്ക് അറിവ് ലഭിച്ചു. ആവശ്യപ്പെട്ട തുക നേതാവിനെ സംബന്ധിച്ച് നിസാരമെങ്കിലും സ്വയം തൊഴില്‍ സംരംഭകന് മോഹാലസ്യം വരുന്നതിന് തുല്യമായിരുന്നു. യാചനയും ആവലാതിയുമായി നേതാക്കളുടെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും, ഉദ്യോഗസ്ഥരുടെ ആഫീസിലും കയറിയിറങ്ങി വലഞ്ഞു. കാര്‍ഷിക ഭൂമിയെ സംബന്ധിച്ച് കാലാകാലങ്ങളില്‍ നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും ചൂണ്ടിക്കാട്ടി പുത്തന്‍ തടസവാദങ്ങള്‍ ഒന്നൊന്നൊയി എടുത്തുകാട്ടി നിരോധനം നീട്ടിക്കൊണ്ടുപോയി. ഉപജീവനത്തിന് വര്‍ക്ക്ഷോപ്പ് തുടങ്ങുവാന്‍ വന്നപ്പോള്‍ ഉന്നയിച്ച ഇതേ തടസങ്ങളും നിയമങ്ങളും മണിമന്ദിരങ്ങള്‍ നിര്‍മിച്ചപ്പോള്‍ എന്തേ നിങ്ങള്‍ ഉന്നയിച്ചില്ല എന്ന പ്രവാസിയുടെ ”ധിക്കാരപരമായ” ചോദ്യം രാഷ്ട്രീയ ഉദ്യോഗസ്ഥനേതൃത്വത്തെ ഒന്നുകൂടി ചൊടിപ്പിച്ചു. ഫലം നിരോധനത്തിന്റെ ഫയലുകള്‍ക്ക് കനം വര്‍ദ്ധിച്ചു. കയ്യിലുള്ളതും തീര്‍ന്നു വായ്പയെടുത്തതും വിനിയോഗിച്ചു. ഇനിയും പൂര്‍ത്തിയാകാത്ത തൊഴില്‍ശാല ആരംഭിക്കുവാനുള്ള യജ്ഞം അനന്തമായി നീണ്ടുപോയപ്പോള്‍ കടവും പലിശയും ഏറിവന്നു. തവണയടക്കുവാന് പണിപ്പെട്ടു. പ്രശ്നങ്ങളും പ്രതിസന്ധികളും നാള്‍ക്കുനാള്‍ ഏറിവന്നു. ജീവിതം വഴിമുട്ടി. കയ്യിലുള്ളതും പോയി, ഭീമമായ തുക കടവുമായി. പണിയൊട്ട് തുടങ്ങുവാന്‍ കഴിയുന്നുമില്ല. മണലാരണ്യത്തില്‍ ചുട്ടുപഴുത്ത പൊരിമണലില്‍ എല്ലുനുറുങ്ങി പണിയെടുത്ത്, പ്രതികൂലസാഹചര്യങ്ങളെ വകഞ്ഞുമാറ്റി പ്രതിസന്ധികളെ തരണം ചെയ്തു വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയ പ്രവാസി സ്വന്തം ഗ്രാമത്തിലെ പരിചയക്കാരുടെ മുന്നില്‍ വേലയെടുത്ത് ജീവിക്കുവാനുള്ള അനുമതിക്കായി കേണപേക്ഷിച്ചിട്ടും നിഷ്കരുണം നീതി നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയം പ്രാപിച്ചു.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി ഇടം പിടിച്ചു. തുടക്കത്തില്‍ പ്രതിരോധം തീര്‍ത്ത ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വത്തിന്റെ വിശദീകരണങ്ങള്‍ പൊതുസമൂഹത്തിന് സ്വീകാര്യമല്ലായിരുന്നു. നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഏറ്റെടുത്തു. ചര്‍ച്ചകളും പ്രതിഷേധങ്ങളും സജീവമായി. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ വിശദീകരണത്തിന് സ്വീകാര്യത ലഭിച്ചില്ല. പ്രദേശത്തെ പ്രതിനിധികരിക്കുന്ന എംഎല്‍എ സംസ്ഥാനം ഭരിക്കുന്ന മന്ത്രി കൂടിയായപ്പോള്‍ വിഷയത്തിന് ഗൗരവം കൂടി വന്നു. ജനരോഷം തണുപ്പിക്കാന്‍ പ്രവാസിയുടെ മരണക്കുറിപ്പില്‍ പേരെടുത്തു പറഞ്ഞിരുന്ന മൂന്നു യുവസഖാക്കളുടെ പേരില്‍ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സഖാക്കളെ റിമാന്‍ഡു ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. സബ്ജയിലില്‍ നിന്ന് പുറത്തുവന്ന വിപ്ലവകാരികളെ സഹസഖാക്കള്‍ രക്തസാക്ഷി പരിവേഷം നല്കി ചുവന്ന ഹാരങ്ങള്‍ അണിയിച്ച്, ചെങ്കൊടി കയ്യിലേന്തി ഉശിരന്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പട്ടണമദ്ധ്യത്തിലൂടെ ഘോഷയാത്രയായി കൊണ്ടുപോയി. അച്ചടി ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയും പടവും വിശദമായി വന്നു.
പാഠം രണ്ട്
ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടി ഛര്‍ദിച്ച് ക്ലാസില്‍ കുഴഞ്ഞുവീണു. ലഹരി ഉള്ളില്‍ ചെന്നതാണ് മോഹാലസ്യത്തിന്റെ കാരണമെന്ന് വെളിവായി. മറ്റൊരു പെണ്‍കുട്ടി വീട്ടില്‍ നിന്നു കൊണ്ടുവന്ന ദ്രാവകം ആയതിന്റെ വലിപ്പച്ചെറുപ്പം അറിയാതെ കുടിച്ചതായിരുന്നു കാരണം. ഇവരോടൊപ്പം പാനീയസദസില് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. വിദ്യാലയത്തിനുള്ളില്‍ ആണ്‍പെണ്‍ സംഘം ചേര്‍ന്ന് ലഹരിവസ്തു ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണല്ലോ. കൃത്യത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടു. അതിന്‍പ്രകാരം സ്കൂളില്‍ വന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കുട്ടിയെ കുറ്റപ്പെടുത്തുകയും ശാസിക്കുകയും ചെയ്യുന്നതിനു പകരം പ്രധാനാദ്ധ്യാപികയോടു തട്ടിക്കയറുകയാണ് ചെയ്തത്. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ബന്ധവും സ്വന്തവുമുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ രൂക്ഷമായ ഭാഷയില്‍, മറ്റു കുട്ടികളുടെയും അദ്ധ്യാപകരുടെയും മുന്നില്‍ വച്ച് പ്രിന്സിപ്പാളിനോടു ഭീഷണിയുടെ സ്വരത്തില്‍ പ്രതികരിച്ചു.
ഗുരുശിഷ്യബന്ധത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് അനുസൃതമായ നടപടികളാണ് പ്രധാനാദ്ധ്യാപികയുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാല്‍, നിരപരാധികളും നിഷ്കളങ്കരുമായ പെണ്‍കുട്ടികളെ മന:പൂര്‍വമായി കളങ്കപ്പെടുത്തുവാനും, അപരാധികളാക്കുവാനും അദ്ധ്യാപിക മന:പൂര്‍വം കെട്ടിച്ചമച്ച കഥയാണ് ലഹരി കേസെന്ന് രക്ഷകര്‍ത്താക്കള്‍ തീര്‍ത്തുപറഞ്ഞു. പകല്‍ സമയത്ത് ക്ലാസ് മുറിയില്‍ നടന്ന സംഭവത്തിന് മറ്റു കുട്ടികളും അദ്ധ്യാപകരും സാക്ഷികളാണെങ്കിലും അതൊന്നും വകവച്ചുകൊടുക്കുവാനോ അംഗീകരിക്കുവാനോ ”ഉത്തരവാദിത്വപ്പെട്ട” ”രക്ഷകര്‍ത്താവ്” തയ്യാറായില്ല. തന്റെ പ്രിയശിഷ്യരുടെ നല്ലഭാവി മാത്രം ലക്ഷ്യം വച്ച് അവരെ തിരുത്തുവാന്‍ മാതൃകാപരവും നിയമാനുസൃതവുമായ നടപടികള്‍ സ്വീകരിച്ച പ്രധാനാദ്ധ്യാപിക പക്ഷേ, സമൂഹത്തിനു മുന്നില്‍ തെറ്റിദ്ധരിക്കപ്പെട്ട് കുറ്റവാളിയായി ആരോപിക്കപ്പെട്ട് അവഹേളനത്തിന് പാത്രമായി. ഒരു സ്ത്രീയെന്ന പരിഗണന പോലും ലഭിക്കാതെ തന്റെ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വച്ച് ആക്ഷേപിക്കപ്പെട്ട നിരപരാധിയായ അദ്ധ്യാപികയ്ക്ക് ഇത് താങ്ങാവുന്നതിലും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വൈകിട്ട് വീട്ടില്‍ചെന്ന ടീച്ചര്‍ ആകെ അസ്വസ്ഥയായിരുന്നു. പകല്‍ വിദ്യാലയത്തില്‍ വച്ച് അനുഭവിച്ച മാനസികപീഡനത്തില്‍ ഖിന്നയായി, അതില്‍ നിന്നും മോചിതയാകാന്‍ സാധിക്കാതിരുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആത്മഹത്യ പരിഹാരമായി കണ്ടു. അങ്ങനെ ഭാര്യയും അമ്മയുമായ ഗുരു ഓര്‍മയായി മാറി.
പാഠം മൂന്ന്
അണ്‍എയ്ഡഡ് സ്കൂളില്‍ ഉച്ചഭക്ഷണസമയത്ത് പത്താം ക്ലാസിലെ പെണ്‍കുട്ടി 8-ാം ക്ലാസില്‍ കയറി ചെന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം കയ്യാങ്കളിയില്‍ എത്തി. വിവരം അറിഞ്ഞ എട്ടാം ക്ലാസിലെ ടീച്ചര്‍ ക്ലാസിലെത്തി രണ്ടുകൂട്ടരെയും പിരിച്ചുവിട്ടു. എട്ടാം ക്ലാസില്‍ അതിക്രമിച്ചു കയറിയ പത്താം ക്ലാസുകാരിയോടു പ്രിന്സിപാളിന്റെ മുറിയിലേക്കു വരാന്‍ പറഞ്ഞ് അദ്ധ്യാപിക മുമ്പേ നടന്നു. ഉച്ചഭക്ഷണവിശ്രമസമയമായതിനാല് സ്കൂളിലെ മൂവായിരത്തി എണ്ണൂറോളം കുട്ടികള്‍ ഗ്രൗണ്ടിലും ക്ലാസ് മുറികളിലുമായി തിങ്ങിനിറഞ്ഞു നിന്നിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ 10-ാംക്ലാസുകാരിയെ പ്രതീക്ഷിച്ച് 8-ാം ക്ലാസിലെ ടീച്ചര്‍ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുട്ടികളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ അരുതേ ചെയ്യരുതേ ചാടരുതേ എന്ന് അലറിവിളിച്ചുകരയുന്ന കുട്ടികളെയും അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആണ് കണ്ടത്. എന്നാല്‍ നിലവിളിയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രൈമറി സെക്ഷന്റെ മൂന്നാമത്തെ നിലയില്‍ നിന്നു ഒരു കുട്ടി താഴേയ്ക്കു ചാടി. ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട പത്താം ക്ലാസുകാരിയായിരുന്നു ആ ഹതഭാഗ്യ.
അല്പം സമയം പോലും നഷ്ടപ്പെടുത്താതെ വാഹനം തരപ്പെടുത്തി പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ തൊട്ടടുത്തുള്ള എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ എത്തിച്ചു. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ വന്നു. പൊടുന്നനെ കുറെ ‘മനുഷ്യസ്നേഹികളായ പൊതുപ്രവര്‍ത്തകരും’ എത്തിച്ചേര്‍ന്നു. അടിയന്തര ചികിത്സ ആരംഭിച്ചപ്പോള്‍ ആശുപത്രിയുടെ ഉടമസ്ഥരും വിദ്യാലയ അധികൃതരും തമ്മിലുള്ള ബന്ധം ചികഞ്ഞെടുത്ത് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി വഷളാക്കി ചികിത്സ തടസപ്പെടുത്തി. അങ്ങനെ വിലപ്പെട്ട സമയം പാഴാക്കി. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 70 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സ നല്കുന്നതിനിടയില് ആരോഗ്യനില വഷളായി. പാവം കുട്ടി ഇഹലോകത്തോടു വിടപറഞ്ഞു.
വീണുകിട്ടിയ അവസരം പരമാവധി മുതലാക്കുവാന്‍ ഉത്സാഹകമ്മിറ്റിക്കാര്‍ ഉഷാറായി രംഗത്തു വന്നു. പൊടുന്നനെ ഉണ്ടായ ദാരുണസംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം തുടങ്ങി. ഒരുപറ്റം മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്ത് വിഷയത്തെ വല്ലാതെ പൊലിപ്പിച്ചു; സെന്‍സേഷണല്‍ ആക്കുവാന് എല്ലാവിധ ശ്രമങ്ങളും നടത്തി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിന് എതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിരുന്ന ചില പ്രതിലോമശക്തികള്‍ ഈ അവസരം നന്നായി മുതലെടുത്തു. അഖിലേന്ത്യാ റാങ്ക് ഉള്‍പ്പെടെ വര്‍ഷങ്ങളായി സ്ഥിരമായി നൂറുശതമാനം വിജയം കരസ്ഥമാക്കുന്ന, എല്ലാവിധ ആധുനികഭൗതിക സൗകര്യങ്ങളുമുള്ള പള്ളിക്കൂടത്തിനെ തകര്‍ക്കുവാന്‍ ഹിഡന്‍അജണ്ട അവര്‍ നടപ്പിലാക്കി. സ്കൂളിന് എതിരെ സമരങ്ങളുടെ ഒരു പരമ്പര അവര്‍ തൊടുത്തുവിട്ടു. കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ നട്ടാല്‍ കുരുക്കാത്ത കഥകള്‍ പടച്ചുവിട്ടു. കുട്ടിയെ അദ്ധ്യാപിക കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു വധിച്ചു എന്നു രേഖപ്പെടുത്തിയ നൂറുകണക്കിന് ഫ്ളക്സ് ബോര്‍ഡുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ചു.
കൃത്യം നടന്ന സ്ഥലത്ത് സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുള്ള ദാരുണസംഭവത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഒന്നു പരിശോധിക്കുവാന്‍ ആക്ഷന്‍ കൗണ്‍സിലുകാര്‍ കനിവു കാട്ടിയില്ല. സ്കൂളിനെയും മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്ത് പ്രചരിപ്പിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറില്‍പരം ആളുകളെ ചോദ്യം ചെയ്തു. അധികാരികള്‍ക്ക് സംഭവത്തിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെട്ടു. എന്നാല്‍ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള ബാഹ്യശക്തികളുടെ സമ്മര്‍ദ്ദം ഏറിവന്നു. പൊലീസ് രണ്ടു അദ്ധ്യാപികമാരെ പ്രതിയാക്കി കേസെടുത്തു. നിരപരാധികളായ അദ്ധ്യാപികമാര്‍ അറസ്റ്റു ഭയന്നു ഒളിവില്‍ പോയി. എട്ടാം ക്ലാസിലെ അദ്ധ്യാപികയ്ക്കൊപ്പം പത്താം ക്ലാസിലെ അദ്ധ്യാപികയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. ഈ ദാരുണ സംഭവം നടക്കുന്ന ദിവസം പത്താം ക്ലാസിലെ അദ്ധ്യാപികയുടെ മൂന്നാം ക്ലാസില്‍പഠിക്കുന്ന കുഞ്ഞിന്റെ ജന്മദിനം ആയിരുന്നു. ഈ സമയത്തു തന്റെ മകളുമായി തൊട്ടടുത്തുള്ള മാതാവിന്റെ പ്രാര്‍ത്ഥനാലയത്തില്‍ അവര്‍ പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു. ഇതൊക്കെ അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിട്ടും അധികാരികള്‍ പത്താം ക്ലാസ് അദ്ധ്യാപികയെ പ്രതിപട്ടികയില്‍ ചേര്‍ക്കുവാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
നീണ്ടനാളത്തെ ഒളിവുജീവിതം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. മാനേജ്മെന്റ് അവരുടെ സസ്പെന്ഷന് പിന്‍വലിച്ചു. തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചു.
തങ്ങളുടെ സ്കൂളിലെ ഒരു ബാലികയുടെ അപകടമരണത്തില്‍ സ്കൂള്‍ അധികൃതര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു. ഈ കുട്ടിയോടുള്ള ആദരസൂചകമായി വാര്‍ഷിക കലാകായിക മത്സരങ്ങള്‍ റദ്ദു ചെയ്തു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി. അദ്ധ്യാപക അനദ്ധ്യാപകരുടെ വാര്‍ഷിക ഉല്ലാസയാത്ര വേണ്ടെന്നു വച്ചു. വര്‍ഷം തോറും വിപുലമായി ആഘോഷിച്ചുവന്നിരുന്ന ആനിവേഴ്സറി തുടങ്ങിയുള്ള എല്ലാവിധ ആഘോഷങ്ങളും നിര്‍ത്തി വച്ചു. തികച്ചും ദു:ഖസാന്ദ്രമായ ഒരു അന്തരീക്ഷം സ്കൂളിലാകമാനം തങ്ങിനിന്നു.
സ്കൂളില്‍ മൊത്തം 150 ഓളം അദ്ധ്യാപകര്‍ ഉണ്ട്. ഇവര്‍ 5 സ്റ്റാഫ് റൂമുകളിലായാണ് വിശ്രമിക്കുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ 20 അദ്ധ്യാപകര്‍ തങ്ങുന്ന റൂമിലാണ് ”കുറ്റാരോപിതരായ” രണ്ടുപേരുടെയും ഇരിപ്പിടം. സസ്പെന്ഷന് കഴിഞ്ഞ് വന്നുവെങ്കിലും അവര്‍ ക്ലാസുകളില്‍ പോയി പഠിപ്പിക്കുവാന്‍ തയ്യാറായിരുന്നില്ല. ഒളിവു ജീവിതസമയത്ത് അച്ചടി ദൃശ്യമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ വന്ന ആരോപണങ്ങളും ആക്രോശങ്ങളും ഇവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതൊക്കെ ഓര്‍ത്ത് ഇവര്‍ കരയുകയായിരുന്നു. ഇതിനൊരു പരിഹാരമായി സഹപ്രവര്‍ത്തകര്‍ ഇവര്‍ക്കായി ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചു. ഇവരെ ഒന്നു ധൈര്യപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള ഒരു കൗണ്‍സിലിംഗ് തെറാപ്പി ആയിരുന്നു ഈ പ്രാര്‍ത്ഥനാകൂട്ടായ്മ. പ്രാര്‍ത്ഥനയ്ക്ക് ഒടുവില്‍ ഒരു കേക്ക് വാങ്ങിച്ചു മുറിച്ചു നല്കി, അവരെ പൊതുധാരയിലേക്ക് കൊണ്ടുവരുവാനുള്ള പദ്ധതി. യാതൊരു മുന്നൊരുക്കവുമില്ലാതെ, മാനേജ്മെന്റിന്റെ അറിവില്ലാതെ ഒരു അദ്ധ്യാപികയുടെ ബുദ്ധിയില്‍ ഉദിച്ച നിര്‍ദോഷമായ ഒരു പദ്ധതിയായിരുന്നു. അത് ഏതോ വലിയ പാതകമായി ചിത്രീകരിക്കപ്പെട്ടു. ഇതറിഞ്ഞമാത്രയില് കുറച്ചു നാളത്തേക്കു അടങ്ങിയിരുന്ന പ്രതിലോമശക്തികള്‍ മാളത്തിനു പുറത്തുവന്ന് പ്രക്ഷോഭസമരങ്ങള്‍ ശക്തമാക്കി. വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റിന് ഇതൊരു തലവേദനയായി ഭവിച്ചു. ഗത്യന്തരമില്ലാതെ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള തീരുമാനം എടുത്ത് മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും ചെയ്തു. മൂവായിരത്തി എണ്ണൂറു വിദ്യാര്‍ത്ഥികളും, നൂറ്റി അന്‍പതു അദ്ധ്യാപകരും ഇവരുടെ കുടുംബാംഗങ്ങളും വീണ്ടും പ്രതിരോധത്തിലായി. പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി മുതലെടുക്കുവാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി ഉപജാപസംഘം സജീവമായി ഇപ്പോഴും രംഗത്തു നില്ക്കുന്നു. ഇവരെ ആളും അര്‍ത്ഥവും നല്കി, എരിതീയില്‍ എണ്ണയൊഴിച്ച്, നന്നായി നടക്കുന്ന ഒരു സരസ്വതീക്ഷേത്രത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്താന്‍ വിധ്വംസകശക്തികള്‍ വീണ്ടും വീണ്ടും ഇല്ലാക്കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു.
പാഠം ഒന്നും രണ്ടും നടന്നത് ഈയടുത്തകാലത്താണ്. പ്രവാസിയുടെയും പ്രധാനാദ്ധ്യാപികയുടെയും ആത്മഹത്യയെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. രാഷ്ട്രീയ സാമുദായിക ശക്തികള്‍ അനുനയത്തിന്റെയും ഭീഷണിയുടെയും സ്വരത്തില്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ ഏതാണ്ട് തണുത്തുറഞ്ഞ അവസ്ഥയിലാണ്. പാഠം മൂന്നിലെ സംഭവം ഒന്നിനും രണ്ടിനും മുന്നേ നടന്നതാണ്. പക്ഷേ, മൂന്നാം പാഠം ഏഴുമാസം കഴിഞ്ഞിട്ടും ലൈവായി നിലനിര്‍ത്താന്‍ വിരുദ്ധശക്തികള്‍ തകൃതിയായി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നു. നിരപരാധികളായ, രണ്ടു അദ്ധ്യാപികമാരെയും, സ്കൂള്‍ മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും അവര്‍ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. വിഷയത്തിന്റെ യാഥാര്‍ത്ഥ്യം ഇനിയും പൊതുസമൂഹം വേണ്ടവണ്ണം അറിഞ്ഞിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിഷയം ഏതായാലും യാഥാര്‍ത്ഥ്യബോധത്തോടെ, സത്യസന്ധമായി സമീപിക്കുവാനും പരിഹരിക്കുവാനും ആണു നാം ശ്രമിക്കേണ്ടത്. അല്ലാതുള്ള ഏതു നടപടിയും അപലപനീയമാണ്; ഒപ്പം പ്രതിഷേധാര്‍ഹവും.
Related
Related Articles
ജുഡീഷ്യറിയില്‍ കൈകടത്താന്‍ അനുവദിക്കരുത്
രാജ്യത്തെ ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥിതിയുടെയും നെടുംതൂണുകളിലൊന്നായ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ആപല്സന്ധിയിലാണെന്ന ആശങ്ക വര്‍ധിക്കുകയാണ്. ‘യതോ ധര്മസ്തതോ ജയഃ’ എന്ന് സത്യത്തിന്റെ വിജയം ഉദ്ഘോഷിക്കുന്ന പരമോന്നത
പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം
ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ
എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍
പ്രത്യയശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങളെ മൃഗീയശക്തികൊണ്ട് അടിച്ചൊതുക്കുന്ന കിരാതവാഴ്ചയുടെ ഭയാനക ദൃശ്യങ്ങളാണ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് അരങ്ങേറിയത്. മുഖംമൂടിയണിഞ്ഞ വലിയൊരു അക്രമിസംഘം ഇരുമ്പുദണ്ഡുകളും കൂടങ്ങളും ഹോക്കിസ്റ്റിക്കും