ദൈവത്തെ കാണുമ്പോള്‍

കുട്ടനാട്ടിനടുത്തുള്ള പുളിങ്കുന്ന് ഗ്രാമത്തില്‍നിന്ന് ആലപ്പുഴയിലെത്തി മലയാള സിനിമാചരിത്രത്തില്‍ ‘ഉദയ’ എന്ന സ്റ്റുഡിയോയുടെ പേരും എണ്ണമറ്റ ഹിറ്റ്സിനിമകളും കുറിച്ചിട്ട മാളിയംപുരയ്ക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബന്. അപ്പന് ബോബന് കുഞ്ചാക്കോയും നടനും നിര്‍മാതാവും സംവിധായകനുമായിരുന്നു. 2005 ഏപ്രില്‍ രണ്ടിന് പ്രിയ ആന്‍ സാമുവേലിനെ വിവാഹം ചെയ്തു. 1981ല്‍ പിതാവായ ബോബന് കുഞ്ചാക്കോ നിര്‍മിച്ച് ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. 1997ല്‍ അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം.
നിറം, ദോസ്ത്, നരേന്ദ്രന് മകന് ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം 2005ഓടെ സിനിമാരംഗത്തുനിന്നു വിട്ടുനിന്നു. 2008ല്‍ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്നു. 2010ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ വീണ്ടും മലയാള സിനിമയുടെ ഭാഗ്യതാരമായി കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചന് മാറി.
ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, മല്ലൂസിംഗ്, റോമന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, കൊന്തയും പൂണൂലും, വിശുദ്ധന്, മഞ്ജുവാര്യര്‍ രണ്ടാം വരവ് നടത്തിയ ഹൗ ഓള്‍ഡ് ആര് യു, തട്ടിന്‍പുറത്ത് അശോകന്, അള്ള് രാമഭദ്രന്, വൈറസ് തുടങ്ങി നിരവധി ഹിറ്റുചിത്രങ്ങള്‍ ചാക്കോച്ചന്റേതായുണ്ട്.
2005ലാണ് കുഞ്ചാക്കോ ബോബന് വിവാഹിതനാകുന്നത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്-പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന് പേരിട്ടത്. ബോബന് കുഞ്ചാക്കോ എന്ന ഇസഹാക്ക്. ചാക്കോച്ചനും പ്രിയയും അവരുടെ സുഹൃത്തുക്കളും ചാക്കോച്ചന്റെ ആരാധകരും അവനെ ഇസ എന്ന ഓമനപ്പേരില്‍ സ്നേഹപൂര്‍വം വിളിക്കുന്നു.
ഒരു കട്ട് കേള്‍ക്കാന്‍ കാത്തുനില്‍ക്കുകയാണ് ചാക്കോച്ചന് എന്നു തോന്നില്ല-കട്ട് കേള്‍ക്കും വരെ. നേരെ മൊബൈല്ഫോണിനടുത്തേക്കാണ് ഓട്ടം. ഷൂട്ടിംഗ് സെറ്റിന് സമീപം ഒരുക്കിയിട്ടിരിക്കുന്ന കാരവന്റെ അകത്തേക്ക് ഓടിക്കയറുന്നതിനിടയില്‍ ഫോണ്‍ സംഭാഷണം തുടങ്ങി. മറുഭാഗത്ത് പ്രിയയുണ്ട്. കൊഞ്ചിക്കുഴയുന്ന ഇസയുമുണ്ട്.
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്ക്കടവിനുശേഷം മിഥുന് മാനുവല്‍ തോമസ് ഒരുക്കുന്ന പുതിയ ചിത്രം അഞ്ചാം പാതിരയുടെ സെറ്റിലാണ് ചാക്കോച്ചന് മനസ് തുറന്നത്.
? എന്താണ് അഞ്ചാം പാതിരയുടെ പ്രത്യേകത.
അതൊരു ക്രൈംതില്ലറാണ്. അത്തരം സിനിമകളില്‍ ഞാന്‍ വളരെ കുറച്ചേ അഭിനയിച്ചിട്ടുള്ളൂ. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകന് മിഥുനാണ് ചിത്രം ഒരുക്കുന്നത്. നരച്ച താടിയുമായാണ് (സാള്‍ട്ട് ആന്‍ഡ് പെപ്പര്‍) ഇതില്‍ ഞാനഭിനയിക്കുന്നത്. മിഥുന് കഥപറയാന്‍ വന്നപ്പോള്‍ ഞാന്‍ തന്നെ ഒന്നൊമ്പരന്നു. അദ്ദേഹം ത്രില്ലറുകളില്‍ താല്പര്യമുള്ള ആളാണെന്ന് അപ്പോഴാണ് മനസിലാകുന്നത്. ഞാനും അത്തരം ചിത്രങ്ങളില്‍ അധികം അഭിനിയിച്ചിട്ടില്ലെങ്കിലും ത്രില്ലര്‍ തന്നെയാണ് എന്റെയും ഫേവറിറ്റ്. സ്കൂളില്‍ പഠിക്കുമ്പോഴാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. കുറേനാള്‍ മമ്മൂക്കയെ അനുകരിക്കലായിരുന്നു പിന്നെ എന്റെ പണി. സേതുമാധവന് വീട്ടില്‍ ധരിക്കുന്നത് ഒരു കാവിമുണ്ടാണ്. ഞാനും അത്തരമൊന്ന് സംഘടിപ്പിച്ചു. യൂണിഫോമിന്റെ ഉള്ളില്‍ ഒരു രഹസ്യകീശ തയ്പിച്ചു. അതില്‍ എന്റെ രഹസ്യ ഐഡി കാര്‍ഡുണ്ടായിരുന്നു. പക്ഷേ ഞാന്‍ കരുതിയതിനേക്കാള്‍ ട്വിസ്റ്റുകളുള്ള ഒരു സര്‍പ്രൈസാണ് മിഥുന് ഒരുക്കുന്നത്.
? സംവിധായകന് കെ.എം. കമല്‍ സംവിധാനം ചെയ്യുന്ന സിനിമയിലും അഭിനിയിക്കുന്നണ്ടല്ലോ.
ഉണ്ട്. ഇപ്പോഴത്തെ സെന്‍സേഷണല്‍ താരങ്ങളായ ജോജു ജോര്‍ജും വിനായകനും ദിലീഷ്പോത്തനുമാണ് ഈ ചിത്രത്തില്‍ കൂടെയുള്ളത്. പട എന്നാണ് സിനിമയുടെ പേര്. കമല്‍ നേരത്തെ ഹിന്ദിയില്‍ ഐഡി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യസംരംഭമാണ് പട. സമീര്‍ താഹിറാണ് ഛായാഗ്രഹണം. ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സിനിമയാണിത്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട നിര്‍മിച്ചിരിക്കുന്നത്. 1996ല്‍ പാലക്കാട് കളക്ടറായിരുന്ന വി.ആര്.റെഡിയെ അയ്യങ്കാളിപ്പടയെന്ന സംഘടന കുറേ മണിക്കൂറുകളോളം അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയിരുന്നു. ഇതാണ് കഥയ്ക്ക് ആസ്പദമായ സംഭവം. കളക്ടറെ ബന്ദിയാക്കുന്നവരോട് അനുഭാവമുള്ള ഒരാളാണ് എന്റെ കഥാപാത്രം.
? കുറച്ചുനാളായി ടൈപ്പ് കഥാപാത്രങ്ങളായിരുന്നു.
ശരിയാണ്. നമ്മളാഗ്രഹിക്കുന്നതല്ല അത്. അതിന്റെ കുഴപ്പം നമുക്കുതന്നെ മടുത്തുപോകുമെന്നതാണ്. കാണികളുടെ കാര്യമപ്പോള്‍ പറയാനുണ്ടോ! ഈ വര്‍ഷം അള്ള് രാമഭദ്രനില്‍ പൊലീസുകാരന്റെ വേഷമാണ് ചെയ്തത്. വൈറസില്‍ സയന്റിസ്റ്റ് ആയിരുന്നു. അഞ്ചാം പാതിരയില്‍ ഡോ. അന്‍വര്‍ ഹുസൈന് എന്ന സൈക്കോളജിസ്റ്റിനെയാണ് അവതരിപ്പിക്കുന്നത്. എല്ലാം വ്യത്യസ്ത വേഷങ്ങളാണ്.
? സീരിയസ് കഥാപാത്രങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയാണോ.
നേരത്തെ പറഞ്ഞതുപോലെ നമ്മള് വേണമെന്നുവച്ച് ചെയ്യുന്നതല്ല അത്. ഞാനെന്റെ സുഹൃത്തുക്കളായ തിരക്കഥാകൃത്തുക്കളോടും സംവിധായകരോടും വ്യത്യസ്തതയെക്കുറിച്ച് എപ്പോഴും ആരായാറുണ്ട്. അള്ള് രാമഭദ്രനിലെ മേക്ക് ഓവര്‍ എന്നെ സഹായിച്ചിട്ടുണ്ട്. തൊട്ടുപിറകെയാണ് വൈറസിലെ കഥാപാത്രം ലഭിക്കുന്നത്. രണ്ടും വളരെ വ്യത്യസ്തങ്ങളായിരുന്നു. രാമഭദ്രനില്‍ ഞാന്‍ മാസ് ഡയലോഗുകള്‍ പറയുമ്പോള്‍ വളരെ സൗമ്യനും സീരിയസുമായ കഥാപാത്രമാണ് വൈറസിലേത്. രണ്ടും കാണികള്‍ നന്നായി സ്വീകരിച്ചു. ഒന്നര പതിറ്റാണ്ടുകാലത്തെ എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവാണിതെന്നു തന്നെ പറയാം. അതെനിക്ക് വലിയ ആത്മവിശ്വാസം തന്നു. അത്തരം കഥാപാത്രങ്ങളെ എനിക്കു തരാന്‍ സംവിധായകര്‍ക്കും ധൈര്യമുണ്ടാകും. മികച്ച കഥയും കഥാപാത്രങ്ങളും അണിയറപ്രവര്ത്തകരുമുള്ള പ്രൊജക്ടുകളാണ് വേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലുമൊന്ന് പാളിയാല്‍ പ്രശ്നമാണ്.
? ഇസഹാക്കിന്റെ വിശേഷങ്ങളെന്തൊക്കെയാണ്.
ഇസയ്ക്കിപ്പോള് അഞ്ചു മാസം പ്രായമായി. ഇപ്പോള്‍ തിരിയലും മറിയലും തുടങ്ങിയിട്ടുണ്ട്. ഡാന്സുകാരനെപ്പോലെ കാലുകൊണ്ട് ആക്ഷനൊക്കെ കാണിക്കുന്നുണ്ട്. ഞാനൊരു മൂളിപ്പാട്ടുപാടിയാല് അവനും തിരിച്ച് മൂളും. കാര്യമായ കുറുമ്പും വാശിയൊന്നുമില്ല. ഇസയുടെ കൂടെയിരിക്കുന്നത് എപ്പോഴും സന്തോഷം തരും. പ്രിയയും ഏറെ സന്തോഷവതിയാണ്. എല്ലാ അമ്മമാരെപ്പോലെയും മോനെക്കുറിച്ച് കുറച്ചു ടെന്‍ഷനുമുണ്ട്. കാലാവസ്ഥയില്‍ ചെറിയൊരു മാറ്റമുണ്ടായാല്‍പോലും അവള് ടെന്‍ഷനടിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഡോക്ടര്‍ എപ്പോഴും വിളിപ്പുറത്തുണ്ട്.
? നിങ്ങളുടെ വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷമാണ് ഇസഹാക്ക് ജനിക്കുന്നത്.
അത്തരം സന്ദര്‍ഭങ്ങളില്‍ സന്തോഷമെത്രയുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലല്ലോ. ഇപ്പോള്‍ ഞാന്‍ സമാധാനത്തിലാണ്. ഏറെക്കാലം അനുഭവിച്ച പിരിമുറുക്കവും വേദനകളും എന്നെ വിട്ടകന്നു. എന്നേക്കാള്‍ കൂടുതല്‍ വേദന അനുഭവിച്ചത് പ്രിയയാണ്. അവളുടെ സന്തോഷം എനിക്കതുകൊണ്ട് ഏറെ മധുരമുള്ളതാകുന്നു. ഒരു സ്ത്രീയായതുകൊണ്ട് ചുറ്റുപാടുംനിന്ന് ഒരുപാട് ചോദ്യങ്ങളെ അവള്‍ക്ക് നേരിടേണ്ടിവന്നിരുന്നു. 14 വര്‍ഷം അവളെന്നെ നോക്കി. ഇനിയിപ്പോള്‍ ഇസയെ നോക്കാം.
? ഇസഹാക്കിന്റെ വരവ് ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കിയോ.
അവനാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതരീതികള്‍ നിശ്ചയിക്കുന്നത്. അവനാണ് രാജാവ്. എപ്പോഴാണ് ഞങ്ങളുറങ്ങേണ്ടതെന്നും ഉണരേണ്ടതെന്നും ഇസയാണ് തീരുമാനിക്കുന്നത്. അവന് ഉറങ്ങുകയാണെങ്കില്‍ ചെറിയൊരു ചലനം മതി ഉണരാന്‍. അവന്റെ ഉറക്കം കളയാതിരിക്കാന്‍ ഞങ്ങള്‍ ഉറങ്ങാതിരിക്കുന്നു. ഉറക്കമെന്നത് ഇപ്പോള്‍ വളരെ കുറവാണ്, പക്ഷേ ഞാനതും ആസ്വദിക്കുന്നു. ഞങ്ങളൊരു പെണ്‍കുട്ടിയെയാണ് പ്രതീക്ഷിച്ചിരുന്നത്. പ്രിയ അതുകൊണ്ട് കുറേ പെണ്ണുടുപ്പുകള്‍ വാങ്ങിയിരുന്നു. അതു പലതും ഇപ്പോള്‍ ഇസയാണ് ധരിക്കുന്നത്.
? ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും എങ്ങനെ ഇസഹാക്കിന്റെ വരവിനെ സ്വീകരിച്ചു.
ഞങ്ങളെപ്പോലെ കുട്ടികളുണ്ടാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന നിരവധി ദമ്പതികള്‍ ലോകത്തിലുണ്ട്. പലരും എന്റെ നമ്പര്‍ തേടിപ്പിടിച്ച് എവിടെയായിരുന്നു ചികിത്സ എന്നൊക്കെ ചോദിക്കുന്നുണ്ട്. അടുത്തിടെ ഒരു ഡോക്ടര്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അമേരിക്കയിലുള്ള സഹോദരിക്ക് കുട്ടികളില്ല. ഞങ്ങളുടെ ഡോക്ടറുടെ ഫോണ്‍ നമ്പര്‍ കൊടുക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ഥിച്ചത്. കഴിഞ്ഞ മാസം അദ്ദേഹമെന്നെ വിളിച്ച് സഹോദരിയും അമ്മയാകാനുള്ള വഴിയിലാണെന്നു പറഞ്ഞു. അത്തരം കാര്യങ്ങള്‍ ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടു വര്‍ഷം വലിയ കുഴപ്പമുണ്ടാകില്ല. മൂന്നാംവര്‍ഷം മുതല്‍ ദമ്പതികള്‍ ടെന്‍ഷനിലാകും. എന്റെ കാര്യത്തില്‍ 14 വര്‍ഷമെടുത്തു ആ ടെന്‍ഷന്‍ മാറാന്‍. ഇസ കുട്ടികളില്ലാത്ത ഏറെ പേരുടെ പ്രതീക്ഷയായെന്നത് ഏറെ സന്തോഷം തരുന്നു. ബൈബിളിലെ ഇസഹാക്കിനെ അനുസ്മരിച്ചാണ് ഈ പേരിട്ടത്. അബ്രഹാമും സാറായും വൃദ്ധരായപ്പോഴാണ് ദൈവം അവര്‍ക്കു ഇസഹാക്കിനെ നല്കി അനുഗ്രഹിച്ചത്. ഇപ്പോഴിതാ ആദ്യത്തെ ഓണമാഘോഷിക്കാന്‍ ഇസഹാക്ക് ഒരുങ്ങിയിരിക്കുകയാണ്. എല്ലാവരും വളരെ സന്തോഷിക്കുന്നു.
? മകനെയോ മകളെയോ പ്രതീക്ഷിച്ചിരിക്കുന്നവരെക്കുറിച്ച്.
ഇത്തരം ഘട്ടത്തില്‍ മാനസികമായി നമുക്ക് വലിയ തളര്‍ച്ചയുണ്ടാകും. പിടിച്ചുനില്‍ക്കല്‍ ഏറെ പ്രധാനമാണ്. സാധാരണയായി നമ്മള് ട്രീറ്റ്മെന്റിന് പോകും. ഫലം വിപരീതമാണങ്കില്‍ ആകെ തകര്‍ന്നുപോകും. ഡിപ്രഷന് നമ്മെ വളരെ മോശമായി ബാധിക്കും. അത് മാറാന്‍ ഒരു യാത്ര പോകും. വീണ്ടും ചികിത്സ ആരംഭിക്കും. അതും ഫലിച്ചെന്നു വരില്ല. ചികിത്സ വിജയിക്കണമെങ്കില്‍ ബ്രേക്കുകള്‍ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത്തരം ഇടവേളകള്‍ ചികിത്സയുടെ ഫലം ഇല്ലാതാക്കിയേക്കും. കുടുംബത്തിലെയും സുഹൃത്തുക്കളുടെയും പിന്തുണ വളരെ പ്രധാനമാണ്. ഈശ്വരനോടുള്ള പ്രാര്‍ഥന ഇതില്‍ ഏറ്റവും പ്രധാനാണ്. ഇസ ജനിച്ചപ്പോള്‍ ഞാന്‍ സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പിട്ടിരുന്നു. അതിങ്ങനെയാണ്: ‘നിങ്ങളാരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടണ്ട്, കേട്ടിട്ടുണ്ട്, സ്പര്‍ശിച്ചിട്ടുണ്ട്! എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മനുഷ്യരിലൂടെ, എന്നെ സ്നേഹിച്ചവരിലൂടെ, സഹായിച്ചവരിലൂടെ, പിടിച്ചെഴുന്നേല്പ്പിച്ചവരിലൂടെ, കൂടെ നിന്നവരിലൂടെ, എനിക്ക് വേണ്ടി പ്രാര്ഥിച്ചവരിലൂടെ. ഇതാണ് ഭൂമിയിലെ എന്റെ സ്വര്‍ഗം. ദൈവത്തിന് നന്ദി. എല്ലാവര്ക്കും നന്ദി.’
എല്ലാവര്ക്കും എന്റെയും പ്രിയയുടെയും ഇസയുടെയും ഓണാശംസകളും. കുഞ്ചാക്കോ ബോബന് പറഞ്ഞു.
തയ്യാറാക്കിയത്: അനില്‍ ടി.
Related
Related Articles
ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമ്പോള്‍
ഇന്ത്യയുടെ മതനിരപേക്ഷ സ്വരൂപത്തെ പൗരത്വ നിയമഭേദഗതിയിലൂടെ രായ്ക്കുരാമാനം പാര്‍ലമെന്റില്‍ മാറ്റിപ്പണിതവര്‍ക്കെതിരെ രാജ്യത്തെ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും തെരുവുകളിലും യുവജനങ്ങളുടെയും ജനാധിപത്യവിശ്വാസികളുടെയും രോഷാഗ്നി ആളിപ്പടരുകയാണ്. ജനകീയപ്രക്ഷോഭങ്ങളെ രാജ്യദ്രോഹികളുടെ കലാപമായി ചിത്രീകരിക്കാനും
പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും
നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.
സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ അവര്‍ അത്ഭുതംപൂണ്ടു നോക്കി നില്‍ക്കുകയാണ്.