Breaking News

ധനവാന്മാര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍…

ധനവാന്മാര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍…

ഒരിക്കല്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ദൈവം സംപ്രീതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരു വരം നല്കാനായി അവിടുന്ന് എന്നെ അയച്ചിരിക്കുകയാണ്. മൂന്നുതരത്തിലുള്ള വരങ്ങള്‍ എന്റെ പക്കലുണ്ട്. ഒന്ന് അളവില്ലാത്ത ധനം, രണ്ട് അപാരമായ അറിവ്, മൂന്ന് അസാധാരണമായ രൂപഭംഗി. ഇതില്‍ ഏതെങ്കിലും ഒരെണ്ണം മാത്രമേ നിങ്ങള്‍ തിരഞ്ഞെടുക്കാവൂ.
ചെറുപ്പക്കാര്‍ ആകെ കണ്‍ഫ്യൂഷനിലായി. ഏതാണ് ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചം? പണമുണ്ടെങ്കില്‍ കൈവരിക്കാന്‍ പറ്റും.
ഇനി അഥവാ അറിവാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, ഏറ്റവും നല്ല ബുദ്ധിയുള്ളവര്‍ക്ക് പണമുണ്ടാക്കാന്‍ പ്രയാസമുണ്ടാകില്ല. അറിവുള്ളവന് എവിടെയും സ്വീകാര്യതയുണ്ടാകും.
നല്ല രൂപഭംഗിയുള്ള ഒരാള്‍ക്ക് തീര്‍ച്ചയായും മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാന്‍ എളുപ്പം കഴിയും. അങ്ങനെയുള്ളവര്‍ക്ക് നല്ല വൈവാഹികബന്ധങ്ങള്‍ കൈവരിക്കാന്‍ എളുപ്പമാണ്. അതുവഴി ധനവും മറ്റു സൗകര്യങ്ങളും കൈവരും.
എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാനാകാതെ ചെറുപ്പക്കാര്‍ വിഷണ്ണരായി നിന്നപ്പോള്‍, ‘സാരമില്ല. വേണ്ടത്ര സമയമുണ്ട്, ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി’ എന്നും പറഞ്ഞ് ദൈവദൂതന്‍ അപ്രത്യക്ഷനായി.
ഇതുപോലെ ഒരു മാലാഖ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തായിരിക്കും തിരഞ്ഞെടുക്കുക? ഇന്ന് പലരുടെയും പ്രധാന ലക്ഷ്യം പണമുണ്ടാക്കുക എന്നതാണ്, അധ്വാനിച്ച് നേടാനല്ല, പിന്നെയോ എങ്ങനെ എളുപ്പത്തില്‍ കൂടുതല്‍ സമ്പാദിക്കാം എന്നാണു ചിന്തിക്കുക. അതിനാല്‍ ഏറ്റവും കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വിറ്റുപോകുന്ന നാട് നമ്മുടേതാണ്. പിന്നെ, ആരെ എങ്ങനെയൊക്കെ പറ്റിക്കാം, കബളിപ്പിക്കാം, അതില്‍നിന്ന് എന്തു നേടാം എന്നൊക്കെയാണ് ചിന്ത. എങ്ങനെയെങ്കിലും-ചതിച്ചോ വെട്ടിച്ചോ കള്ളത്തരങ്ങള്‍ കാട്ടിയോ നുണപറഞ്ഞോ നാലുകാശുണ്ടാക്കാം എന്ന ചിന്ത. ഒത്തിരിപേര്‍ ഇതുമൂലം ഓണ്‍ലൈനിലൂടെയും ലോട്ടറിയെടുത്തും പലപ്രാവശ്യവും തട്ടിപ്പിനിരയാകുന്നുണ്ടെങ്കിലും ബുദ്ധിമാന്മാരെന്നു പറയുന്ന മലയാളികള്‍ വിദഗ്ധമായി പറ്റിക്കപ്പെടുകയാണ്.
പണത്തിനുവേണ്ടി ഭാര്യാ-ഭര്‍തൃബന്ധം വേണ്ടെന്നുവയ്ക്കാനും സഹോദരങ്ങളില്‍നിന്ന് അകന്നുനില്ക്കുവാനും സ്വന്തം ആരോഗ്യം അവഗണിക്കാനൊന്നും നമുക്ക് മടിയില്ല. അതുകൊണ്ടല്ലേ, ഉറ്റവരെയും ഉടയവരെയും വിട്ടുപേക്ഷിച്ച്, അന്യനാട്ടില്‍പോയി ദുരിതമനുഭവിക്കുന്നത്. തമാശയായിട്ട് ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്: ഒരിക്കല്‍ ഒരു ധനവാന്‍ ഒരു പണസഞ്ചിയുമായി നടക്കുമ്പോള്‍ പെട്ടെന്ന് കുറെ തസ്‌ക്കരന്മാര്‍ വളഞ്ഞു. ‘ജീവന്‍ വേണമെങ്കില്‍ നിന്റെ കൈയിലുള്ള പണമെല്ലാം തരിക. പണം അല്ലെങ്കില്‍ ജീവന്‍’. പെട്ടെന്നുള്ള ധനവാന്റെ മറുപടി ഇതായിരുന്നു: ‘എന്റെ ജീവന്‍ വേണമെങ്കില്‍ എടുത്തോളൂ. പണം എനിക്കാവശ്യമുണ്ട്.’ ഭാവി സുരക്ഷിതമാക്കാന്‍വേണ്ടി വര്‍ത്തമാനകാലം നഷ്ടപ്പെടാന്‍ തയ്യാറാകുന്ന വിഡ്ഢികളായി പണത്തോടുള്ള ആസക്തി മനുഷ്യനെ മാറ്റുന്നു എന്നതാണ് സത്യം.
‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാണ്’ എന്ന് യേശു സുവിശേഷഭാഗ്യങ്ങളില്‍ പറയുന്നുണ്ട്. ദൈവത്തില്‍ ആശ്രയിക്കുന്നവരാണ് യഥാര്‍ഥ ആത്മാവില്‍ ദരിദ്രര്‍. അവരുടെ നേട്ടങ്ങളെല്ലാം ദൈവത്തിന്റെ ദാനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ദരിദ്രര്‍ മാത്രമല്ല ധനവാന്മാരും ഭാഗ്യവാന്മാര്‍ എന്നു പറയുവാന്‍ സാധിക്കുകയില്ലേ?
പ്രശസ്തനായ ജോണ്‍ ഡി.റോക്ക്‌ഫെല്ലര്‍ ഒരു ശതകോടീശ്വരനായിരുന്നു. കഠിനാധ്വാനത്തിലൂടെയും തന്റെ ബിസിനസിലൂടെയും ആവശ്യത്തിലുമധികം സമ്പാദിച്ചു. എന്നാല്‍ തന്റെ 53-ാമത്തെ വയസില്‍ അദ്ദേഹം മാനസികമായും ശാരീരികമായും വളരെ തര്‍ന്നവനായിത്തീര്‍ന്നു. കോടികള്‍ ഉണ്ടായിട്ടും മനഃസമാധാനം ഇല്ലാത്ത അവസ്ഥ. അതോടുകൂടി പണംകൊണ്ട് എല്ലാം നേടാന്‍ സാധിക്കുകയില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് തന്റെ പണം വേണ്ടരീതിയില്‍ ചെലവഴിച്ചുകൂടാ? സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സഹായിക്കുവാനായി അദ്ദേഹം റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു. മനുഷ്യനന്മയ്ക്കുതകുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കും ആരോഗ്യം, ഭക്ഷണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്കുമായാണ് പ്രധാനമായും ഈ ഫൗണ്ടോഷന്‍ യത്‌നിക്കുന്നത്. 1913ല്‍ റോക്ക്‌ഫെല്ലര്‍ തുടങ്ങിവച്ച ഈ മഹനീയ പ്രസ്ഥാനത്തിന് പിന്നീടുള്ള ഓരോ തലമുറയും സകലവിധ പിന്തുണയും നല്കുന്നുണ്ട്.
ധനവാന്മാരെയൊക്കെ മോശക്കാരായി കാണരുത്. കോടീശ്വരന്മാരായ ബില്‍ഗേറ്റ്‌സ്, വാരന്‍ ബഫ്റ്റ്, ജോണ്‍ സോറോസ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവര്‍ ഈ കഴിഞ്ഞ വര്‍ഷം ദാനധര്‍മത്തിനായി ചെലവഴിച്ചത് 14 ബില്യണ്‍ ഡോളറിലധികം തുകയാണ്. ന്യായമായ മാര്‍ഗത്തിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം ദുര്‍വ്യയം ചെയ്യാതെ നന്മപ്രവര്‍ത്തിക്കാനായി അവര്‍ ഒരു നിശ്ചിത ശതമാനം എല്ലാവര്‍ക്കും നീക്കിവയ്ക്കുകയാണ്.
ധനവാന്മാര്‍ ഭാഗ്യവാന്മാരാകുന്നത് കുറെയേറെ പണം സമ്പാദിച്ചു കൂട്ടുമ്പോഴോ ബാങ്കില്‍ നല്ല ഡിപ്പോസിറ്റ് ഉണ്ടാകുമ്പോഴോ അല്ല. ന്യായമായ മാര്‍ഗത്തിലൂടെ തങ്ങള്‍ക്കു ലഭിക്കുന്ന വിഹിതത്തില്‍നിന്ന് തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് ബാക്കി മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ചെലവഴിക്കുമ്പോഴാണ്.
സക്കേവൂസിന്റെ കഥ ഓര്‍മിക്കുന്നത് നല്ലതാണ്. തന്റെ സമ്പാദ്യത്തിന്റെ പകുതി ദരിദ്രര്‍ക്കു കൊടുക്കുവാനും താന്‍ ആരെയൊക്കെ പറ്റിച്ചോ അവര്‍ക്കെല്ലാം നാലിരട്ടിയായി കൊടുക്കുവാനും അദ്ദേഹം തയ്യാറായി. അപ്പോ ‘ഈ ഭവനത്തിനു രക്ഷ കൈവരിക്കുന്നു’ എന്ന് യജമാനന്‍ പറയുന്നത് കേള്‍ക്കുവാനുള്ള ഭാഗ്യം സക്കേവൂസിനുണ്ടായി.
പണത്തേക്കാള്‍ ഉപരി സ്‌നേഹത്തില്‍ സമ്പന്നരാകുന്നവരും ആധ്യാത്മിക ജീവിതത്തിലും സമ്പന്നരാകുന്നവരു ഭാഗ്യവാന്മാര്‍. അവര്‍ ദൈവരാജ്യം കൈവശമാക്കും. നമ്മുടെ യഥാര്‍ഥ സമ്പത്ത് എന്താണെന്ന് ഒരു ആത്മപരിശോധന ചെയ്യാം.


Related Articles

ഡിസംബർ 6 ലത്തീൻ കത്തോലിക്ക സമുദായദിനം

സഹോദരന്റെ കാവലാളാകുക   സ്വന്തം ഏകാന്തതകൾക്ക് കാവൽക്കാരനാകാനാണ് കോവിഡ് കാലം നമ്മെ നിർബന്ധിച്ചത്. കൊറന്റയിൻ എന്നു പറഞ്ഞാൽ എല്ലാവരിൽ നിന്നും അകന്ന് ഒറ്റക്കാകുക എന്നതാണല്ലോ? ഈ കാലത്തെ

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി) ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ്

ദേവസഹായത്തിന്റെ നാമകരണം എന്തേ ഇത്ര വൈകി?

  തെക്കന്‍ തിരുവിതാംകൂറിലെ നട്ടാലം ഗ്രാമത്തില്‍ പിറന്ന് കാറ്റാടിമലയില്‍ രക്തസാക്ഷിത്വം വരിച്ച ദേവസഹായം സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് 2022 മേയ് 15ന് ഉയര്‍ത്തപ്പെടുന്നു. ദേവസഹായത്തിന്റെ രക്തസാക്ഷിത്വം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*