ധനവാന്റെ മരണം

നാട്ടിലെ ഏറ്റവും വലിയ മുതലാളിയായിരുന്നു അവറാച്ചന്. വലിയ ബംഗ്ലാവ്, ഏക്കറുകണക്കിന് റബ്ബര്‍ തോട്ടം, നെല്‍വയലുകള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നുവേണ്ട വലിയപറമ്പില്‍ അവറാച്ചന് കൈവയ്ക്കാത്ത മേഖലകളില്ല. എല്ലാം നല്‍കിയിട്ടും അവറാച്ചന് ദൈവം ഒരു സന്തതിയെ നല്‍കിയില്ല. അതുകൊണ്ട് ഭാര്യ മരിച്ചതില്‍ പിന്നെ അയാള്‍ തനിച്ചാണ്. ബന്ധുക്കളുമായിട്ട് അത്ര അടുപ്പത്തിലുമല്ല.
ഭാര്യ മരിച്ചതില്‍ പിന്നെ അവറാച്ചന് പള്ളിയില്‍ പോകുന്നതു മതിയാക്കി. അതിനുമുമ്പും ഭാര്യയുടെ നിര്‍ബന്ധംകൊണ്ടു മാത്രം ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെയേ പോകുമായിരുന്നുള്ളൂ. ഈശ്വരവിശ്വാസം അവറാച്ചന് പണ്ടേ ഇല്ലായിരുന്നു. അതേസമയം അവറാച്ചന്റെ ബിസിനസ് മാനേജര്‍ സേവ്യര്‍ വലിയ ഈശ്വരവിശ്വാസിയായിരുന്നു. എല്ലാ ദിവസവും അയാള്‍ ഭാര്യയും മക്കളുമൊത്ത് സന്ധ്യാപ്രാര്‍ത്ഥന ചൊല്ലും, മിക്കവാറും ദിവസങ്ങളില്‍ പള്ളിയില്‍ പോകും, കഴിയാവുന്നത്ര ദാനധര്‍മങ്ങള്‍ ചെയ്യും.
സേവ്യര്‍ കുടുംബവുമൊത്ത് പ്രാര്‍ത്ഥന ചൊല്ലുന്നതും മക്കളും ഭാര്യയുമായി ഭക്ഷണം കഴിക്കുന്നതും ഒക്കെ അവറാച്ചന് തന്റെ മട്ടുപ്പാവിലുരുന്നുകൊണ്ട് കാണുമായിരുന്നു. എന്തൊരു സന്തോഷത്തിലാണ് അവര്‍ കഴിയുന്നത് എന്നോര്‍ത്ത് അയാള്‍ക്ക് അത്ഭുതവും അസൂയയും ഉണ്ടായിരുന്നു. തനിക്ക് അളവില്ലാത്ത സമ്പത്തുണ്ടായിട്ടും എല്ലാവിധ സുഖസൗകര്യങ്ങളുള്ള വീടുണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു സമാധാനവും അനുഭവിക്കാന്‍ സാധിക്കാത്തത്? ഒരു ഭയാനകമായ ശൂന്യത തന്റെ ജീവിതത്തില്‍ നിറഞ്ഞിരിക്കുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. അതിനയാള്‍ പരിഹാരം കണ്ടത് വിലപിടിപ്പുള്ള വിദേശമദ്യത്തിലായിരുന്നു. പക്ഷേ എത്ര കുടിച്ചിട്ടും ആ ശൂന്യത നികത്താനായില്ല. നാട്ടിലെ ഏറ്റവും വലിയ ധനികനായിരുന്നിട്ടും തന്റെ ജോലിക്കാരന് അനുഭവിക്കുന്ന സന്തോഷവും സമാധാനവും തനിക്കില്ലല്ലോ എന്നോര്ത്തയാള് പരിതപിച്ചു.
ഒരു ദിവസം പതിവില്ലാതെ സേവ്യര്‍ രാവിലെ തന്നെ മുതലാളിയെ കാണാനെത്തി. അയാള്‍ ആകെ പരിഭ്രമിച്ചിരുന്നു. ”എന്തുപറ്റി സേവ്യര്‍? ബിസിനസില്‍ വല്ല കുഴപ്പവുണ്ടായോ? അല്ലെങ്കില്‍ തൊഴിലാളികളുടെ ഇടയില്‍ വല്ല തര്ക്കവുമുണ്ടായോ?” അവറാച്ചന് ചോദിച്ചു.
”ഹേയ്, അങ്ങനെയൊന്നുമില്ല മുതലാളി. ഒരു പേഴ്സണല്‍ കാര്യം പറയാനാണ് ഞാന്‍ വന്നത്” സേവ്യര്‍ പറഞ്ഞു.
”അതെന്താണ്? എന്തായാലും പറയാം. പൈസ വല്ലതും വേണോ?”
”അതൊന്നുമല്ല മുതലാളി… ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഒരു ദൈവദൂതന് എന്റെയടുക്കല്‍ വന്ന് ഉടനെ സംഭവിക്കാന്‍ പോകുന്ന കാര്യം പറഞ്ഞു. അതുകേട്ട് ഞാന്‍ ആകെ പരിഭ്രമിച്ചിരിക്കുകയാണ്”.
”അതെന്താണ്?” ആകാംക്ഷയോടെ അവരാച്ചന് ചോദിച്ചു.
”അത് മറ്റൊന്നുമല്ല, ദൂതന് പറഞ്ഞത്… ഈ നാട്ടിലെ ഏറ്റവും വലിയ ധനികന് ഇന്നു രാത്രി 12 മണി കഴിയുമ്പോള്‍ മരിക്കുമെന്നാണ്… അത് അങ്ങയോട് പറയാനാണ്…”
അവറാച്ചന് കാര്യം പിടികിട്ടി. നാട്ടിലെ ഇപ്പോഴത്തെ നിലയില്‍ താനാണ് ഏറ്റവും വലിയ ധനികന്. അപ്പോള്‍ ഇന്നു രാത്രി താന്‍ മരിക്കുമെന്നാണല്ലോ അതിനര്‍ത്ഥം. പക്ഷേ, ദൈവവിശ്വാസം തീരെ നഷ്ടപ്പെട്ടിരുന്ന അവറാച്ചന് ഈ സ്വപ്നത്തെ ചിരിച്ചുതള്ളി. ”ഓഹോ, ഇതാണോ വലിയ കാര്യം. സേവ്യര്‍ അതോര്‍ത്ത് ഒട്ടും വിഷമിക്കേണ്ട. മരണത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം”.
സേവ്യര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവറാച്ചന് തനിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നാലോചിച്ചു. തന്റെ ബോഡി വളരെ ഫിറ്റാണ്. എല്ലാ ദിവസവും വ്യായാമവും മരുന്നുകളും യഥാസമയം കഴിക്കുന്നുണ്ട്. എന്നാലും ഒരു ശങ്ക. ഉടനെ പതിവായി കാണുന്ന ഡോക്ടറെ ഫോണ്‍ വിളിച്ചു, ഒരു ജനറല്‍ ചെക്കപ്പ് നടത്താന്‍. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് നഗരത്തിലെ ഏറ്റവും അത്യാധുനിക ആശുപത്രിയിലെത്തി കംപ്ലീറ്റ് ചെക്കപ്പ് നടത്തി. വൈകുന്നേരമായപ്പോള്‍ ”യു ആര് പെര്‍ഫെക്ട്ലി ഓള്‍റൈറ്റ്. ഒന്നുകൊണ്ടും പേടിക്കേണ്ട” എന്ന സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ നല്കി.
സേവ്യറിന്റെ അന്ധവിശ്വാസത്തെ അവറാച്ചന് പുച്ഛിച്ചുതള്ളി. ”ഈ വിശ്വാസികള്‍ക്കൊക്കെ ചിലപ്പോള്‍ ചില വെളിപാടുണ്ടാകും. ഇന്ന ദിവസം ലോകം അവസാനിക്കും, ഭൂകമ്പമുണ്ടാകും പല ദുരന്തമുണ്ടാകും എന്നൊക്കെ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തും.”
ഡോക്ടറുടെ ക്ലീന്‍ റിപ്പോര്‍ട്ട് കൈയിലുണ്ടായിരുന്നിട്ടും രാത്രി 11 മണി കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ഭയം. രാത്രി 12 മണി കഴിയുമ്പോള്‍ നാട്ടിലെ ഏറ്റവും വലിയ ധനികന് മരിക്കുമെന്നാണല്ലോ പറഞ്ഞത്. 12 മണി വരെ അവറാച്ചന് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പലപ്രാവശ്യം ക്ലോക്കിലേക്ക് കണ്ണുകള്‍ പാഞ്ഞു. 12 മണിയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഒന്നു നിന്നു. പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല.
പിന്നെയും മിനിറ്റുകള്‍ കടന്നുപോയി. മണി പന്ത്രണ്ടരയായി. എല്ലാം സേവ്യറിന്റെ അന്ധവിശ്വാസമായിരുന്നു എന്ന കാര്യം ഉറപ്പായി. വെറുതെ മനുഷ്യന്റെ സ്വസ്ഥത നശിപ്പിച്ചു. ഇനി കിടന്നുറങ്ങാം എന്നു കരുതി ബെഡ്റൂമിലേക്ക് നടക്കുമ്പോള്‍ പുറത്തെ കോളിങ്ബെല്‍ അടിക്കുന്ന ശബ്ദം കേട്ടു. ആരാണ് ഈ പാതിരാത്രിയില്‍ മണിയടിക്കുന്നത്?
വാതില്‍ തുറന്നപ്പോള്‍ സേവ്യറിന്റെ മൂത്തമകന് കരഞ്ഞുകൊണ്ട് വെളിയില്‍ നില്ക്കുന്നു. ”എന്തുപറ്റി മകനേ?” ആകാംക്ഷയോടെ അവറാച്ചന് ചോദിച്ചു.
”ഡാഡി അല്പംമുമ്പേ മരിച്ചു. അറ്റാക്കായിരുന്നു.”
കുറച്ചു കഴിഞ്ഞപ്പോഴാണ് അവറാച്ചന് മുതലാളിക്ക് ബോധോദയമുണ്ടായത്. ആരാണ് അല്ലെങ്കില്‍ ആരായിരുന്നു ഇവിടത്തെ ഏറ്റവും വലിയ ധനവാന്? അത് താനല്ല. പണവും വീടും തോട്ടങ്ങളും അല്ല ശരിയായ ധനം. പിന്നെയോ സംതൃപ്തിയോടെ, സമാധാനത്തോടെ ജീവിക്കുന്ന വ്യക്തിയാണ് ഏറ്റവും വലിയ ധനവാന്.
”അനന്തരം അവന് അവരോടു പറഞ്ഞു: ‘ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്… പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍”. (ലൂക്ക 12:15,33)
അടുത്ത ലക്കം
വിഷം പുരട്ടിയ ചപ്പാത്തി
Related
Related Articles
തപസ്സുകാലം നാലാം ഞായര്‍
Daily Readings First Reading: 2 Chronicles 36:14-17, 19-23 Responsorial Psalm: Psalms 137:1-2, 3, 4-5, 6 Second Reading Ephesians 2:4-10
ഹൃദയത്തിലെ നല്ല നിക്ഷേപം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ
ആണ്ടുവട്ടത്തിലെ എട്ടാം ഞായർ വിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന് തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു
വിശുദ്ധ യൗസേപ്പിതാവ് പണിത ഗോവണി
മെക്സിക്കോയില്‍ സാന്റാഫെ എന്നു പറയുന്ന സ്ഥലത്ത് ലോറേറ്റോ സിസ്റ്റേഴ്സിന്റെ ഒരു ചാപ്പലുണ്ട്. 1873-78 കാലഘട്ടത്തില്‍ പണിതതാണ് ആ ചാപ്പല്‍. വളരെ മനോഹരമായ ഒരു പള്ളി. പക്ഷേ, പണിയെല്ലാം