Breaking News

നഗര മാവോയിസ്റ്റുകളും ചില ആട്ടിന്‍കുട്ടികളും

നഗര മാവോയിസ്റ്റുകളും ചില ആട്ടിന്‍കുട്ടികളും

 

നഗരം കേന്ദ്രീകരിച്ച് തീവ്രവാദ ആശയപ്രചാരണം നടത്തുന്ന മാവോവാദികള്‍ എന്നു മുദ്രകുത്തി നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ (യുഎപിഎ) കുപ്രസിദ്ധ വകുപ്പുകള്‍ പ്രകാരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി പ്രവര്‍ത്തകര്‍ കൂടിയായ ഒരു നിയമവിദ്യാര്‍ഥിയെയും ഒരു ജേണലിസം വിദ്യാര്‍ഥിയെയും കോഴിക്കോട് പന്തീരാങ്കാവില്‍ പൊലീസ് അറസ്റ്റു ചെയ്തത് സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെയും ഇടതുമുന്നണി സര്‍ക്കാരിനെയും വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നു. അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ യുവതി അടക്കം തമിഴ്‌നാട്ടുകാരായ നാലു മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് എന്ന പ്രത്യേക ദൗത്യസേനാ കമാന്‍ഡോകളുടെ വെടിയേറ്റുമരിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അത് ഭരണകൂട ഭീകരതതന്നെയാണെന്നും ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ പോലും പരസ്യമായ തെളിവെടുപ്പിന്റെ പിന്‍ബലത്തോടെ ആരോപണം ഉന്നയിച്ചിരിക്കെയാണ് സംശയം തോന്നിപ്പിക്കുന്ന സാഹചര്യത്തില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസുമായി പെരുമണ്ണ പാറമ്മല്‍ അങ്ങാടിയില്‍ കണ്ടെത്തിയ യുവാക്കളുടെമേല്‍ യുഎപിഎ ചുമത്തി പൊലീസ് ഭീകരവാഴ്ചയുടെ രാഷ്ട്രീയ വിവാദത്തില്‍ കാട്ടിലെ മാവോവാദികളുടെ നാട്ടിലെ കണ്ണികള്‍ എന്ന പുതിയ ട്വിസ്റ്റ് കൊണ്ടുവരുന്നത്.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനു പകരം വെടിവച്ചുകൊല്ലുന്നത് പൊലീസ് ഭീകരതയാണ്. പിണറായി വിജയന്റെ ഭരണത്തില്‍ നിലമ്പൂര്‍, വൈത്തിരി, അട്ടപ്പാടി എന്നിവിടങ്ങളിലായി മൂന്നു കൊല്ലത്തിനിടെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ നാലു സംഭവങ്ങളിലായി രണ്ടു വനിതകള്‍ ഉള്‍പ്പെടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏതെങ്കിലുമൊരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയധികം ഏറ്റുമുട്ടല്‍ വധം നടക്കുന്നത് ആദ്യമായാണ്. ഏഴു കൊലകളും വ്യാജ ഏറ്റുമുട്ടലുകളാണെന്നാണ് ആക്ഷേപം. അട്ടപ്പാടിയിലെ തണ്ടര്‍ബോള്‍ട്ടിന്റെ ഓപ്പറേഷനെ സ്വയരക്ഷയ്ക്കുള്ള പ്രത്യാക്രമണമായി നിയമസഭയില്‍ ന്യായീകരിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തെയും ഭരണമുന്നണിക്കകത്ത് ‘രാഷ്ട്രീയ കോലാഹലമുണ്ടാക്കുന്നവരെയും’ ഒരു കാര്യം ഓര്‍മിപ്പിച്ചു: മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളൊന്നുമല്ല. മാവോയിസ്റ്റ് ഭീഷണിയെ നിസാരവത്കരിക്കരുത്. രാജ്യത്ത് ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദി സംഘം എത്ര സിആര്‍പിഎഫ് ജവാന്മാരെയും മറ്റു സുരക്ഷാഭടന്മാരെയും പൊലീസിനെയും നിരപരാധരായ പൗരന്മാരെയുമാണ് കൊന്നൊടുക്കിയിട്ടുള്ളത് എന്നോര്‍ക്കണം.
ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 2005 മുതല്‍ 2018 വരെ നക്‌സല്‍-മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 11,031 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2015-18 കാലത്ത് ഏഴായിരത്തോളം മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്തു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാലാണ് ജാര്‍ഖണ്ഡില്‍ 81 നിയമസഭാമണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പു നടത്തുന്നത്.
പശ്ചിമഘട്ടത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ മുക്കവലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ വെളിച്ചത്തിലാണ് തണ്ടര്‍ബോള്‍ട്ട് എന്ന പ്രത്യേക ദൗത്യസംഘം രൂപീകരിച്ചത്. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രവിഹിതത്തിനുള്ള പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റും അന്വേഷിക്കുന്നുണ്ട്. എകെ 47, ഒഡീഷയിലെ പൊലീസ് ആയുധശേഖരത്തില്‍ നിന്ന് കൊള്ളയടിച്ച രണ്ട് തോക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ ആക്രമിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്.
പ്രത്യയശാസ്ത്രപരമായ പോരാട്ടം നയിക്കുന്നവരെ വെടിവച്ചുകൊല്ലാനും ഏതെങ്കിലും ലഘുലേഖ കൈവശം വച്ചു എന്നതിന്റെ പേരില്‍ കരിനിയമം ചുമത്തി ആരെയെങ്കിലും ജയിലിലടക്കാനും പൊലീസിന് അധികാരം നല്‍കിയത് ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ചെയ്തികളോട് ഏതെങ്കിലും തരത്തില്‍ വിയോജിക്കുന്നവരെ തീവ്രവാദം, ഭീകരത, രാജ്യദ്രോഹം, ദേശസുരക്ഷയ്ക്കും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുമെതിരെ സായുധകലാപ ഭീഷണി തുടങ്ങി വിവിധോദ്ദേശ്യ കരിനിയമത്തിന്റെ ഊരാകുടുക്കില്‍ അകപ്പെടുത്തി അനിശ്ചിതകാലത്തേക്ക് വിചാരണ കൂടാതെ തടങ്കലിലിടുക എന്ന പൗരാവകാശധ്വംസനത്തിന്റെ പുത്തന്‍ സംജ്ഞയാണ് നഗര മാവോയിസ്റ്റ്. ആദിവാസികളോടും ദളിതരോടും നിസ്വരോടും ജാതിഭ്രഷ്ടരോടും പക്ഷംചേരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പരിസ്ഥിതിവാദികളെയും അഴിമതിക്കാരെ ചൂണ്ടി വിസില്‍ മുഴക്കുന്നവരെയും അനീതിക്കു കൂട്ടുനില്‍ക്കാത്ത വിമതരെയും അധികാരികളുടെ സൈ്വരം കെടുത്തുന്ന വിവരാവകാശ പോരാളികളെയും പ്രതിഷേധക്കാരെയും വേട്ടയാടുന്നതിന് ഏകപക്ഷീയമായി ചാര്‍ത്താവുന്ന ക്രിമിനല്‍ മുദ്ര.
നിരോധിത സംഘടനകളെ കരിമ്പട്ടികയില്‍ പെടുത്തി ബാങ്ക് അക്കൗണ്ടും ധനസ്രോതസുകളും മരവിപ്പിക്കുന്നതിനു പുറമെ, വ്യക്തികളെ ഗവണ്‍മെന്റ് വിജ്ഞാപനത്തിലൂടെ ഭീകരര്‍ എന്നു പ്രഖ്യാപിച്ച് സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര ഗവണ്‍മെന്റിന് അധികാരം നല്‍കുന്ന യുഎപിഎ ഭേദഗതി ബില്ല് കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പാര്‍ലമെന്റ് പാസാക്കുകയും ഓഗസ്റ്റ് ഒന്‍പതിന് രാഷ്ട്രപതി അത് അംഗീകരിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യത്തിനു വകുപ്പില്ല; തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമില്ല. വിചാരണയ്‌ക്കോ ശിക്ഷയ്‌ക്കോ അല്ല പ്രാമുഖ്യം – ഭരണഘടന 21-ാം വകുപ്പില്‍ പറയുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും അന്തസിനും സല്‍പ്പേരിനും ശാശ്വതമായി കളങ്കം ചാര്‍ത്തി കുറെക്കാലത്തേക്ക് തടഞ്ഞുവയ്ക്കുക എന്നതാണ് തന്ത്രം. താന്‍ കുറ്റക്കാരനല്ലെന്ന് കുറ്റാരോപിതന്‍ തെളിയിക്കണം. കുറ്റത്തിന്റെ മാനദണ്ഡം വ്യക്തമല്ലതാനും.
തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് (പ്രിവന്‍ഷന്‍) ആക്ട് (ടാഡാ), പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) എന്നിവയ്ക്ക് കാലപരിധിയുണ്ടായിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞാല്‍ പാര്‍ലമെന്റ് പുനരവലോകനം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇതിന്‍പ്രകാരം ടാഡായുടെ കാലാവധി 1995ല്‍ കഴിഞ്ഞു; പോട്ട 2004ല്‍ പിന്‍വലിച്ചു. എന്നാല്‍ യുഎപിഎയ്ക്ക് അസ്തമയ വ്യവസ്ഥയൊന്നുമില്ല. ജനാധിപത്യമൂല്യങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും എതിരായ യുഎപിഎ നിയമഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്റിന്റെ വിശദീകരണം തേടിയിട്ടുണ്ട്. മാവോയിസ്റ്റാവുക എന്നതു കുറ്റകരമല്ലെന്നും ഏതെങ്കിലും ആശയത്തെ പിന്താങ്ങുന്നതും സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതും ലഘുലേഖകളോ പുസ്തകങ്ങളെ കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാകുന്നില്ലെന്നും കേരള ഹൈക്കോടതി 2015ല്‍ വിധിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ ഇടതുപക്ഷം യുഎപിഎയുടെ പേരിലുള്ള ബിജെപിയുടെ ഭീകരവേട്ടയ്‌ക്കെതിരെ പ്രക്ഷോഭം നയിക്കുമ്പോള്‍, രാജ്യത്ത് ഇടതുഭരണം നിലനില്‍ക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് പോസ്റ്ററും നോട്ടീസുമായി അങ്ങാടിയിലെത്തിയ രണ്ടു യുവ സഖാക്കളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെ സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടേറിയറ്റും പ്രാദേശിക നേതൃനിരയും ശക്തമായി അപലപിക്കുന്നുണ്ട്. യുഎപിഎ ദുരുപയോഗം അനുവദിക്കരുതെന്ന് പാര്‍ട്ടി മുഖപത്രം മുഖപ്രസംഗം എഴുതി. രാജ്യദ്രോഹവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് ജനങ്ങളെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂടഭീകരത സിപിഎമ്മിന്റെയോ സര്‍ക്കാരിന്റെയോ സമീപനമല്ലെന്നും ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഉന്നത സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുവദിക്കൂ എന്നും നീതിനിഷേധത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും നയം വ്യക്തമാക്കുന്നു. ഇത്രയൊക്കെയായിട്ടും അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കെതിരെ മാവോയിസ്റ്റ് രഹസ്യ കോഡും രഹസ്യരേഖകളും തീവ്രവാദി യോഗങ്ങളുടെ മിനിറ്റ്‌സും ഡിജിറ്റല്‍ രേഖകളും ഉള്‍പ്പെടെ യുഎപിഎ പ്രോസിക്യൂഷനുവേണ്ടി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
വാളയാറിലെ അട്ടപ്പള്ളത്ത് പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാര്‍ അതിക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി 52 ദിവസത്തെ ഇടവേളയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതു സംബന്ധിച്ച കേസ് അന്വേഷണത്തില്‍ വരുത്തിയ വീഴ്ചകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍, സിബിഐ അന്വേഷണമില്ലെങ്കില്‍ കാര്യക്ഷമമായ പുനരന്വേഷണത്തിന് ഇതിന്റെ നൂറിലൊരംശം നെഞ്ചൂക്കും നീതിബോധവും പൊലീസിനും രാഷ്ട്രീയ മേലധികാരികള്‍ക്കുണ്ടാകുമോ? ജനപക്ഷ രാഷ്ട്രീയത്തിന്റെ ഇടതുമാതൃക അമിത് ഷായ്ക്കും കൂട്ടര്‍ക്കും കാണിച്ചുകൊടുക്കാന്‍ പിണറായിയുടെയും ബഹ്‌റയുടെയും പൊലീസ് സേനയ്ക്കാവില്ലെന്നുണ്ടോ!Related Articles

ഓശാന തിരുനാള്‍

റോമന്‍ റീത്തില്‍ ഉപയോഗിക്കുന്ന യാമപ്രാര്‍ത്ഥനകളില്‍ ഓശാന ഞായറാഴ്ച വായിക്കുന്നതിനുവേണ്ടി നല്‍കുന്ന മനോഹരമായ ഒരു വായനയുണ്ട്. അത് എഴുതിയിരിക്കുന്നത് ക്രിറ്റിലെ വിശുദ്ധ അന്ത്രയോസാണ്. കൊറോണ പകര്‍ച്ചവ്യാധിമൂലം ഒരുമിച്ചു കൂടാനും

വാരിക്കുഴിയിലെ കൊലപാതകത്തിൻറെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു

വാരിക്കുഴിയിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രം ഫാ വിൻസൻറ് കൊമ്പന. ചിത്രത്തിലെ നായകനായ വൈദികൻറെ കഥാപാത്രം അവതരിപ്പിക്കുന്നത് പുതുമുഖ നടൻ അമിത് ചക്കാലക്കലാണ്. അരയംതുരുത്ത്

പിഴല സമരം: ഒക്ടോബര്‍ ഒന്നിന് കളക്ടറുടെ ക്യാമ്പ് ഓഫീസ് വളയും

എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. അഡ്വ. അഥീന സുന്ദര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*