നന്മകളാൽ നിറഞ്ഞ്‌ പുണ്യം പൂക്കട്ടെ

നന്മകളാൽ നിറഞ്ഞ്‌ പുണ്യം പൂക്കട്ടെ

മനസില്‍ നന്മ നിറയുവാനും നന്മ ചെയ്യുവാനുമുള്ള മനസിന്റെ ഒരുക്കവും തഴക്കവുമാണ്‌ പുണ്യം എന്ന്‌ ആദ്യകുര്‍ബാന സ്വീകരണ ഒരുക്കത്തില്‍ പഠിച്ചിട്ടുണ്ട്‌. എന്നാല്‍ അതിന്‌ പ്രായോഗിക പരിശീലനം നല്‍കുന്നത്‌ അമ്മമാരാണ്‌. യേശുവിന്റെ പീഡാനുഭവ കുരിശുമരണത്തെ ധ്യാനിച്ച്‌ കുരിശിന്റെ വഴിയിലൂടെ ആത്മനാ യാത്ര ചെയ്യുന്ന പരിശുദ്ധമായ ഈ നോമ്പുകാലം പുണ്യം പൂവിടേണ്ടകാലമാണ്‌.
വേനല്‍ച്ചൂടില്‍ കേരളമാകെ കത്തിക്കാളുകയാണ്‌. പത്രമാധ്യമങ്ങളിലെ വാര്‍ത്തകള്‍ പലതും നമ്മെ പൊള്ളിക്കുന്നതാണ്‌. നിഷ്‌കരുണം കൊല ചെയ്യപ്പെട്ട പാലക്കാട്ടെ പാവം മനുഷ്യന്‍ മധു, കണ്ണൂരിലെ ഷുഹൈബ്‌ വധം തുടങ്ങി ചുട്ടുപൊള്ളുന്ന വാര്‍ത്തകള്‍ നമ്മുടെ നെഞ്ചില്‍ നെരിപ്പോട്‌ കത്തിക്കുകയാണ്‌. നമ്മുടെ പാപഭാരം ചുമലിലേറ്റി പ്രപഞ്ചോത്‌പത്തി മുതല്‍ ഇനിയും പിറക്കാനിരിക്കുന്ന അനേക കോടി വരെയുള്ളവരുടെ പാപ പരിഹാരത്തിനായി ദാരുണമാംവിധം ക്രൂശിതനായ യേശുവിന്റെ പീഡാനുഭവ സ്‌മരണകള്‍ നമ്മുടെ ആത്മാവിലും ചുട്ടുപൊള്ളുന്ന അനുതാപമുണ്ടാക്കണം.
ഏശയ്യ പ്രവാചകന്‍ കൃത്യമായിത്തന്നെ പ്രവചിച്ചു, “നമ്മുടെ അതിക്രമങ്ങള്‍ക്ക്‌ വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി. ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.” (ഏശ 53:5)
ക്രൈസ്‌തവ മതത്തില്‍ മാത്രമല്ല, ഹൈന്ദവമതത്തിലും, ഇസ്ലാം മതത്തിലുമെല്ലാം നോമ്പാചരണമുണ്ട്‌. ഇസ്ലാം സഹോദരങ്ങള്‍ റംസാന്‍ വ്രതമെടുക്കുമ്പോഴും ഹൈന്ദവ സഹോദരങ്ങള്‍ വ്രതമെടുത്ത്‌ ശബരിമല ചവിട്ടുമ്പോഴും ത്യാഗത്തിന്റെ കാണിക്ക നാം കാണുന്നു. എങ്കില്‍ നമ്മെ ഇത്രമാത്രം സ്‌നേഹിച്ച്‌ നമുക്കുവേണ്ടി മരിച്ചുയര്‍ത്ത രക്ഷകനായ യേശുവിന്‌ എത്ര മാത്രം സ്‌നേഹത്തിന്റെ, പരിത്യാഗത്തില്‍ തീര്‍ത്ത നന്ദിയുടെ ജീവിതമാകണം നാം നല്‌കേണ്ടത്‌.
ഉപവാസം
ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മം ഇവയൊക്കെ സ്വര്‍ഗം അംഗീകരിക്കുന്നു എന്നതിന്‌ വിശുദ്ധ ഗ്രന്ഥത്തില്‍ തെളിവുണ്ട്‌. “നീ ഉപവസിക്കുന്നത്‌ അദൃശ്യനായ പിതാവല്ലാതെ മറ്റാരുംകാണാതിരിണ്ടേതിന്‌ ശിരസില്‍ തൈലം പുരട്ടുകയും, മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്ക്‌ പ്രതിഫലം തരും. (മത്തായി 6:17-18). ബാഹ്യമായ അനുഷ്‌ഠാനങ്ങളെക്കാള്‍ ഹൃദയം ദൈവത്തോട്‌ ചേര്‍ത്തുവച്ചുകൊണ്ടുള്ള പരിത്യാഗങ്ങളാണ്‌ അവിടുത്തേയ്‌ക്ക്‌ ഇഷ്‌ടം. സ്‌നേഹം തന്നെയായ ദൈവം വീക്ഷിക്കുന്നത്‌ നമ്മുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ കല്‌പനയ്‌ക്ക്‌ മുന്‍തൂക്കമുണ്ടോയെന്നാണ്‌. മര്‍ത്തായുടെ പരിചരണങ്ങളെക്കാളേറെ മറിയത്തിന്റെ വചന ശ്രവണത്തെ ഈശോ ശ്ലാഘിച്ചത്‌ മനോഭാവങ്ങളെ വിലയിരുത്തിയാവണം.
എത്രയേറെ ചെയ്‌തു എന്നതിനെക്കാള്‍ ഏതു മനോഭാവത്തോടെ ചെയ്‌തു എന്നത്‌ മാനദണ്ഡമാക്കുകയാണ്‌ യേശു. ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുന്ന, നുകത്തിന്റെ കയറുകള്‍ അഴിക്കുന്ന, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുന്ന, ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുന്ന ഉപവാസമാണ്‌ യഥാര്‍ത്ഥ ഉപവാസമെന്ന്‌ ഏശയ്യ വ്യക്തമാക്കുന്നു. (ഏശ 58: 6, 7) ഉപവാസത്തിന്‌ ഒരു പുതിയ മാനമാണ്‌ പ്രവാചകന്‍ നല്‍കുന്നത്‌. പരസ്‌നേഹത്തില്‍ ചാലിച്ചെടുത്ത ദൈവസ്‌നേഹത്തിനും അതില്‍ നിന്ന്‌ ഉളവാകുന്ന പരിത്യാഗത്തിനും മാത്രമേ സ്വര്‍ഗം വിലകല്‌പിക്കുന്നുള്ളുവെന്ന്‌ ഈ വചനങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
ഉപവാസത്തിന്റെ ശാസ്‌ത്രീയ വശം
ഉപവാസത്തിന്‌ നാം വിചാരിക്കുന്നതിലേറെ ശാരീരികമായ ഗുണമേന്മകളുണ്ട്‌. പന്ത്രണ്ടു മണിക്കൂര്‍ തുടങ്ങി 18 മണിക്കൂര്‍ വരെ ഉപവസിക്കുന്നത്‌ നല്ലതാണെന്ന്‌ ശാസ്‌ത്രം പറയുന്നു. ഉപവാസം മൂലം ശരീരഭാരം കുറയുന്നു എന്നു മാത്രമല്ല ഹാനികരമായ ചീത്ത കൊളസ്‌ട്രോള്‍-ട്രൈഗ്ലിസറൈഡ്‌ കുറയുവാന്‍ ഇടയാവുന്നു. നാം കഴിക്കുന്ന പല ആഹാരങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ ജങ്ക്‌ ഫുഡുകളില്‍ നിന്നും ഉണ്ടാകുന്ന ഫ്രീ റാഡിക്കല്‍സ്‌ തലച്ചോറിലെ കോശങ്ങള്‍ക്ക്‌ ഹാനികരമാണ്‌. ഉപവസിക്കുമ്പോള്‍ തലച്ചോറിന്‌ ചെറിയ തോതില്‍ സമ്മര്‍ദ്ദമുണ്ടാകുന്നുണ്ട്‌. പുതിയ കോശങ്ങള്‍ തലച്ചോറില്‍ രൂപപ്പെടുവാന്‍ ഈ സമ്മര്‍ദ്ദം ഇടയാക്കുന്നുവെന്ന്‌ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഉപവാസം വഴി നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ഉത്തേജിപ്പിക്കപ്പെട്ട്‌ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. ഉപവാസം ചര്‍മകാന്തി കൂടുവാനും മുഖക്കൂരു കുറയുവാനും നല്ലതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പ്രമേഹരോഗികള്‍ക്ക്‌ ശരീരത്തിലെ പാന്‍ക്രിയാസ്‌ ഗ്രന്ഥി ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രവര്‍ത്തനക്ഷമമല്ല. അഥവ ഇന്‍സുലിന്‍ റസിസ്റ്റന്റാണ്‌. എന്നാല്‍ ഉപവാസം ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടും.
രക്തസമ്മര്‍ദ്ദവും ഹൃദ്രോഗ സാദ്ധ്യതയും കുറയുവാനും ഉപവാസം കാരണമാകും. നിര്‍ജലീകരണം, തലവേദന, നെഞ്ചെരിച്ചില്‍, തലകറക്കം, ഹൈപ്പോഗ്ലൈസീമിയ (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ കുറയല്‍) തുടങ്ങിയ ഏതാനും ഭവിഷ്യത്തുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ധാരാളം വെള്ളം കുടിക്കുകയും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്‌താല്‍ ഇവ ഒഴിവാക്കാവുന്നതാണ്‌.
ആത്മീയ ഫലങ്ങളോടൊപ്പം ശാരീരികമായി നേട്ടങ്ങളുണ്ട്‌ എന്ന്‌ സൂചിപ്പിച്ചെന്നു മാത്രം. ആരോഗ്യവും ശാരീരിക സൗന്ദര്യവും ലക്ഷ്യമാക്കിയായിരിക്കരുത്‌ ഒരിക്കലും നമ്മുടെ ഉപവാസം.
പ്രാര്‍ത്ഥനയുടെ മാതൃക
രാത്രിയുടെ യാമങ്ങളിലും പ്രഭാതത്തിന്റെ ആദ്യമണിക്കൂറിലും മലമുകളിലും വിജനതകളിലും പ്രാര്‍ത്ഥിച്ചിരുന്ന സുവിശേഷങ്ങളിലെ യേശു തന്നെയാണ്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ നമ്മുടെ മഹനീയ മാതൃക. പ്രാര്‍ത്ഥനയുടെ പിന്‍ബലം ഉണ്ടായിരുന്നതുകൊണ്ടല്ലേ സഹനത്തിന്റെ മൂര്‍ദ്ധന്യത്തിലും കുരിശില്‍ കിടന്നുകൊണ്ട്‌ ശത്രുക്കള്‍ക്കുവേണ്ടി അവിടുത്തേയ്‌ക്ക്‌ പ്രാര്‍ത്ഥിക്കാനായത്‌! യേശു ദൈവപുത്രനായിരുന്നിട്ടും മരുഭൂമിയില്‍ നാല്‌പത്‌ ദിനരാത്രങ്ങള്‍ ഉപവാസപ്രാര്‍ത്ഥനയില്‍ കരുത്താര്‍ജിക്കുന്നുണ്ട്‌. ഉപവാസ പ്രാര്‍ത്ഥനയുടെ ശക്തി നന്നായി അറിയുന്ന പ്രലോഭകന്‍ അതിന്‌ പ്രതിബന്ധം സൃഷ്‌ടിക്കുവാനെത്തുന്നുണ്ട്‌. തന്റെ ദൗത്യനിര്‍വഹണത്തിന്‌ ഏറ്റവും കരുത്തുറ്റത്‌ ഉപവാസ പ്രാര്‍ത്ഥനയാണെന്ന്‌ തിരിച്ചറിവുള്ള യേശുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ പ്രലോഭനങ്ങള്‍ നിഷ്‌പ്രഭമാകുന്നു. തിന്മയുടെ ശക്തികളെ അടിയറവു പറയിക്കുവാന്‍ കരുത്തുള്ളതാണ്‌ ഉപവാസപ്രാര്‍ത്ഥന. യേശുവിനു മുന്‍പില്‍ പ്രതിബന്ധമുയര്‍ത്താന്‍ ശ്രമിച്ച പ്രലോഭകന്‍ അവിടുത്തെ ശിഷ്യന്മാര്‍ക്ക്‌ പിന്‍തിരിയുവാന്‍ പ്രേരണകളേകുന്നു. തിരുവചനത്തിന്റെ ശക്തിയില്‍ നമുക്ക്‌ ഉണര്‍വുള്ളവരാകാം.
ചിപ്പിക്കുള്ളിലെ മുത്ത്‌
വിശുദ്ധ ചെറുപുഷ്‌പം തന്റെ ആത്മകഥയില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്‌: കര്‍മലമലയില്‍ പറിച്ചു നട്ടപ്പെട്ട ചെറുപുഷ്‌പം കുരിശിന്റെ തണലിലാണ്‌ വിലസിക്കേണ്ടിയിരുന്നത്‌. മലയാള മണ്ണിന്റെ ചെറുപുഷ്‌പമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആത്മനിയന്ത്രണമായിരുന്നു “ഈ ലോക സന്തോഷങ്ങള്‍ എനിക്ക്‌ കയ്‌പ്പായി പകര്‍ന്ന്‌ തരണമേ” എന്നത്‌. ഉപവാസത്തിന്റെയും ആശാനിഗ്രഹത്തിന്റെയും, പരിത്യാഗത്തിന്റേയും, സഹനത്തിന്റേയും ഒക്കെ സുഗന്ധമുള്ള പ്രാര്‍ത്ഥനകളാണ്‌ ഇവരെയൊക്കെ സ്വര്‍ഗത്തിലേയ്‌ക്കുയര്‍ത്തിയത്‌. അങ്ങനെ ചിപ്പിക്കുള്ളിലെ മുത്തായി മാറി ഈ വിശുദ്ധാത്മാക്കള്‍.
വെല്ലുവിളി
~ഒരു യഥാര്‍ത്ഥ ക്രിസ്‌ത്യാനിക്ക്‌ എല്ലാ ദിവസവും നോമ്പ്‌ നോക്കാനാവണം. കാരണം അത്‌ ഭക്ഷണപാനീയങ്ങളുടെ, മത്സ്യമാംസാഹാരങ്ങളുടെ കുറച്ചുനാളത്തേയ്‌ക്കുള്ള ഉപേക്ഷ മാത്രമല്ല. മറിച്ച്‌ പാപത്തോടും പാപസാഹചര്യങ്ങളോടും വിടപറയലാണത്‌. ഹൃദയം ദൈവത്തിങ്കലേയ്‌ക്ക്‌ തിരിക്കലാണ്‌, അപരനിലേക്ക്‌ സഹായഹസ്‌തം നീട്ടലാണത്‌. സ്‌നേഹവും ത്യാഗവും ചാലിച്ചു ചേര്‍ത്ത ജീവിത സമര്‍പ്പണമാണത്‌.
അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മവുമെല്ലാം അര്‍ത്ഥവത്താകും. അങ്ങിനെ നമ്മുടെ നോമ്പില്‍ പുണ്യങ്ങള്‍ പൂവിടട്ടെ.

-സിസ്റ്റര്‍ ഡോ. ജയ ജോസഫ്‌ സിടിസി


Related Articles

കര്‍ഷക സമരം: മൂന്നാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് മൂന്നാംവട്ട ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വിളിച്ച

ചെല്ലാനത്തുകാര്‍ക്ക് നിരാശയുടെ ഓണം

കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗണും കടലേറ്റവും ദുരിതത്തിലാക്കിയ ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഇത്തവണയും നിരാശയുടെ ഓണം. കടല്‍കയറ്റത്തില്‍ വാസയോഗ്യമല്ലാതായ പല വീടുകളും താമസ യോഗ്യമല്ലാത്തതിനാല്‍ പലരും അയല്‍ വീടുകളിലും ബന്ധുവീടുകളിലുമാണ്

അക്രമങ്ങള്‍ വേണ്ട ജനാധിപത്യബോധമുണ്ടാകട്ടെ

യൂണിവേഴ്‌സിറ്റി കോളജിനുമുന്നില്‍ നിന്നു സെക്രട്ടേറിയറ്റ് പടിക്കലേക്ക് വിദ്യാര്‍ഥിനി സമൂഹം പഠിക്കാനുള്ള അവകാശത്തിനായും കാമ്പസിനുള്ളിലെ സ്വാതന്ത്ര്യത്തിനായും പ്രക്ഷോഭജാഥയായി നീങ്ങുന്നതു കണ്ടതിനുശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൊടികളുടെ നിറമില്ലാതെ, രാഷ്ട്രീയ സംഘടനകളുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*