നന്മയുടെ പ്രളയം

നന്മയുടെ പ്രളയം

മരണത്തെ മുഖാമുഖം കണ്ട ദിനങ്ങള്‍, കൂടെയുണ്ടായിരുന്നവര്‍ മണ്‍മറഞ്ഞിരിക്കുന്നു; നീണ്ട കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവ നിമിഷനേരംകൊണ്ട് നിലംപൊത്തിയിരിക്കുന്നു. മനുഷ്യനു താങ്ങാവുന്നതിലുമപ്പുറമാണ് ഈ പ്രളയംമൂലം ദൈവത്തിന്റെ സ്വന്തം നാട് നേരിടേണ്ടിവന്നത്. പൂവണിഞ്ഞുനില്‍ക്കേണ്ട കേരളനാട് ദുരിതഭൂമിയെപ്പോലെയായിരിക്കുന്നു. കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍, നിസ്സഹായാവസ്ഥയുടെ കൊടുമുടിയില്‍ പട്ടിണികിടന്ന് മരിക്കേണ്ടിവന്നവരുടെ ശരീരങ്ങള്‍, ഈ ചിത്രങ്ങളൊക്കെ വരുത്തിവച്ച കണ്ണീര് എത്ര തുടച്ചാലും മായില്ല. ആഫ്രിക്കന്‍ ഭൂമിയില്‍ ഭക്ഷണത്തിനായി അടികൂടുന്ന അവസ്ഥ കേരളഭൂമിയില്‍ വന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍ ഹൃദയം തേങ്ങുന്നു. ഒരുതുള്ളി ജലത്തിന്റെ മൂല്യം എന്തെന്ന് നാടറിഞ്ഞ ദിനങ്ങള്‍. ഈ ദുരന്തത്തിന്റെ കാരണങ്ങള്‍ മനുഷ്യന്റെ സ്വാര്‍ത്ഥതയും അഹങ്കാരവുമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചോതുന്നു. ഇത്രയൊക്കെ നാശനഷ്ടങ്ങള്‍ ഈ പ്രളയംമൂലം വന്നെങ്കില്‍ മറ്റൊരു പ്രളയവും ഇതിനിടയില്‍ ഉദയംചെയ്തു എന്നത് ഒരിക്കലും മറക്കാനാവാത്ത സത്യമാണ്.
തമ്പുരാന്റെ കണ്ണുകളിലൂടെ വീക്ഷിക്കുന്ന ഓരോ വിശ്വാസിയും തിരിച്ചറിയേണ്ട സത്യമാണ് ഈ ദിവസങ്ങളില്‍ നാം അനുഭവിച്ച സ്‌നേഹത്തിന്റെയും നന്മകളുടെയും പ്രളയം. സാന്ത്വനപ്പെടുത്തുന്ന ഈശോയുടെ സാന്നിദ്ധ്യമാണ് നാം ആഴത്തിലനുഭവിച്ചത്. ദൈവാലയങ്ങളും പരിസരവും വേദനയനുഭവിക്കുന്നവര്‍ക്ക് സൗഖ്യത്തിന്റെ ഇടമായി മാറി. നാടു മുഴുവനും ഒരുമിക്കപ്പെട്ട നിമിഷങ്ങള്‍. ഒരു സര്‍വകലാശാലയും പഠിപ്പിക്കാത്ത വലിയ പാഠങ്ങളാണ് ദൈവം കേരള ജനതയെ പഠിപ്പിച്ചത്. ദുരിതക്കടലില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിത്തിരിച്ച കരുത്തരായ മത്സ്യത്തൊഴിലാളികള്‍ കര്‍ത്താവിന്റെ മാലാഖമാരായി. ആയിരക്കണക്കിന് ജീവനുകളെയാണ് അവര്‍ രക്ഷിച്ചത്. പ്രകൃതിയെ ശ്വാസംമുട്ടിച്ച് പ്രളയമായി, സംഹാരതാണ്ഡവമായി അനേകായിരങ്ങളെ കഴുത്തൊപ്പം മുക്കിയൊഴുക്കിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വെമ്പല്‍കൊണ്ടപ്പോള്‍ ധൈര്യശാലികളായ അവര്‍ മുന്നോട്ടുവന്നു. കര്‍ത്താവിന്റെ കരങ്ങളായി അവര്‍ പ്രവര്‍ത്തിച്ചു. മീന്‍പിടുത്തക്കാരാരോട് ‘ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം’ എന്നരുള്‍ച്ചെയ്ത ഈശോനാഥന്റെ വാക്കുകള്‍ കാതുകളില്‍ അലയടിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ച പട്ടാളക്കാര്‍, ഉറ്റവരെയും ഉടയവരെയും കുറിച്ച് വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുവാന്‍ അക്ഷീണം പ്രയ്ത്‌നിച്ച മാധ്യമപ്രവര്‍ത്തകര്‍ ധീരശാലികളായ പൊലീസുകാര്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ഭരണാധികാരികളുടെ സാന്നിധ്യം എന്നിങ്ങനെ നീളുന്നു നന്മകളുടെ പ്രളയത്തിന്റെ കഥ. ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കപ്പെട്ട സഹായങ്ങള്‍ വിവിധ ക്യാമ്പുകളില്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുവാന്‍ ഇറങ്ങിത്തിരിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍, സഭയിലെ സംഘടനാംഗങ്ങള്‍ ഇവരൊക്കെ പ്രളയക്കെടുതിയില്‍ നിലംപതിച്ചവരുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ കയ്യൊപ്പാണ് പതിച്ചത്.
മകളുടെ വിവാഹത്തിനു നീക്കിവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൊച്ചി മേയര്‍ സൗമിനി ജയിന്‍ നല്‍കിയതും സ്‌നേഹത്തിന്റെ മറ്റൊരു സാക്ഷ്യമായിരുന്നു. തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള കൊച്ചുമകള്‍ നാലുവര്‍ഷമായി ഒരു സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിവച്ച പണം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത നന്മയുടെ വലിയൊരു പ്രളയംതന്നെ സൃഷ്ടിച്ചു. രാഷ്ട്രങ്ങളുടെ അതിര്‍ത്തി രേഖകള്‍അതിലംഘിച്ച് കേരളത്തിലേക്ക് സഹായവും സാന്ത്വനവും ഒഴുകിയെത്തിയപ്പോള്‍ സാര്‍വലൗകികമായ മാനവികതയുടെ പുതിയ ആകാശങ്ങള്‍ തുറന്നുകിട്ടിയ പ്രതീതിയായിരുന്നു. താങ്ങും തണലുമായി മാറുന്നതിന്റെ അനുപമമായ ദൃശ്യങ്ങള്‍ നാടെങ്ങും കാണാമായിരുന്നു. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ പ്ലസ്‌വണ്‍കാരിയായ സ്വാഹയും അനുജന്‍ ബ്രഹ്മയും കര്‍ഷകനായ അച്ഛന്‍ ഇവരുവര്‍ക്കുമായി സ്വരുക്കൂട്ടിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് നന്മയുടെ ഉതിച്ചുയരുന്നു കിരണങ്ങള്‍ തന്നെയാണ്. കാരുണ്യവാനായ തമ്പുരാന്റെ മുഖം തന്നെയാണ് ഈ പ്രളയം വെളിപ്പെടുത്തി തന്നത്. കരുതലാകുന്ന ആ സ്‌നേഹം ആവോളം നാം അനുഭവിച്ച ദിനങ്ങള്‍. ആ സംരക്ഷണവലയം സ്‌നേഹത്തോടെ നമ്മെ പൊതിഞ്ഞത് നമുക്ക് മറക്കാതിരിക്കാം. നന്മകളുടെ പ്രളയം ഉറക്കെ വിളിച്ചോതുന്ന സത്യമിതാണ്.
”അതിനാല്‍ നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്‌നേഹിക്കുകയും തന്റെ കല്‍പന പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകള്‍ വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം.”


Related Articles

മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്

കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്)

മായാമോഹിനിമാര്‍

ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ചാക്കോ സാറിനും ഭാര്യയ്ക്കും ഒരു മോഹം. ഒരു കാറ് വാങ്ങി തീര്‍ഥാടനകേന്ദ്രങ്ങളിലൊക്കെ ചുറ്റിക്കറങ്ങണമെന്ന്. മക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. അപ്പനും അമ്മയും

കോട്ടപ്പുറം രൂപതയില്‍ മാര്യേജ് ബ്യൂറോ

കോട്ടപ്പുറം: രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴില്‍ രൂപീകൃതമായ ആര്‍സി മാര്യേജ് ബ്യൂറോ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസിയുടെ കീഴിലുള്ള 12 രൂപതകളേയും ഉള്‍ക്കൊള്ളിച്ചാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*