നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേന്‍

നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേന്‍

മുന്നൂറു കൊല്ലം മുമ്പ് രസികന്‍ ശ്ലോകമെഴുതിയ കുഞ്ചന്‍നമ്പ്യാരെക്കുറിച്ചല്ല പറയുന്നത്. കോടതി വഴി ഉന്നത പൊലീസുകാരെ ക്ഷയും മയും പറയിപ്പിച്ച നമ്പി നാരായണനെക്കുറിച്ചാണ്, കരുണാകരനെക്കുറിച്ചും മക്കളെക്കുറിച്ചുമാണ്…തമ്പുരാക്കന്മാരെ പൊറുക്കേണം.

എല്ലാം ചാരം

1994 ഒക്ടോബര്‍ 20നാണ് ചാരവനിതയെന്നാരോപിച്ച് മാലദ്വീപില്‍ നിന്നെത്തിയ മറിയം റഷീദയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 30ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരായ ഡോ. നമ്പി നാരായണനെയും, ഡോ. ശശി കുമാറിനെയും അറസ്റ്റ് ചെയ്യുന്നു. കേസില്‍ മൊത്തം 6 പ്രതികള്‍. 2018 സെപ്റ്റംബര്‍ 14ന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി. എന്നു വച്ചാല്‍ 24 ആണ്ടിനു ശേഷമാണ് നമ്പി നാരായണന് പലരുടെയും ഭാഷയില്‍ നീതി ലഭ്യമായിരിക്കുന്നത്. പൂര്‍ണമായും അതുലഭിച്ചിട്ടില്ലെന്നാണ് നമ്പി വിധി വന്നശേഷം പറഞ്ഞത്.

എന്തിനായിരുന്നു മറിയം റഷീദയെയും ബന്ധുവായ ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്തത്? അവരെ ചോദ്യം ചെയ്തപ്പോള്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരുടെ പേരെങ്ങനെ പട്ടികയില്‍ വന്നു? 

സിബി മാത്യൂസെന്ന പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ആര്‍ക്കും ഇതുവരെ മോശമഭിപ്രായമൊന്നുമില്ല. പണ്ടും അങ്ങിനെ ഉണ്ടായിരുന്നില്ല. അദ്ദേഹമന്വേഷിച്ച കേസ് തുമ്പയില്‍ നിന്നും പണ്ട് റോക്കറ്റ് വിക്ഷേപിച്ച പോലെ ചിതറിത്തെറിച്ചതെങ്ങിനെ?. സമകാലികമായ പല കേസുകളും നമുക്കിപ്പോള്‍ ഓര്‍മവരും. മനുഷ്യര്‍ വെളിക്കിറങ്ങും മുമ്പ്് മാധ്യമങ്ങള്‍ കാത്തുകെട്ടിക്കിടന്ന് വാര്‍ത്തകള്‍ ചമച്ച് അന്വേഷണഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി ഒടുവില്‍ കോടതിയില്‍ വിചാരണയ്ക്കു വരുമ്പോള്‍ ഫയലൊന്നാകെ ജഡ്ജിയദ്ദേഹമെടുത്ത് പൊലീസിന്റെ മുഖത്തെറിഞ്ഞ അനുഭവങ്ങള്‍!

1994 നവംബര്‍ 15നാണ് കേരള പൊലീസിന്റെ പ്രത്യേകസംഘം ചാരക്കേസന്വേഷണം ആരംഭിച്ചത്. അര മാസത്തിനു ശേഷം ഡിസംബര്‍ 2ന് കേസ് സിബിഐ ഏറ്റെടുത്തു. ഒരു മാസത്തിനു ശേഷം ഹൈക്കോടതി സര്‍ക്കാരിനോട് കേസിന്റെ പുരോഗതി ആരാഞ്ഞപ്പോള്‍ ഇതുവരെ കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് ബഹുമാനപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. പരാതികളും അന്വേഷണങ്ങളും കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു പുരോഗതിയും പരോഗതിയുമില്ലാതെ കേസുകള്‍ തലങ്ങും വിലങ്ങും കോടതി കയറിയിറങ്ങുന്ന ഒരു രാജ്യത്താണ് ഒരു മാസത്തിനുള്ളില്‍ അന്വേഷണ സംഘങ്ങളുടെ ട്രൗസര്‍ കീറിപ്പോയതന്ന് സാരം. 1996 മേയ് 1ന് കേസ് അടിസ്ഥാനരഹിതമെന്ന് സിബിഐ കണ്ടെത്തുന്നു. പിറ്റേദിവസം തന്നെ ആറു പ്രതികളെയും വിട്ടയക്കാന്‍ വിചാരണക്കോടതിയുടെ ഉത്തരവ്. 

ഡിസംബര്‍ 14ന് ചാരക്കേസ് വീണ്ടും അന്വേഷിക്കുവാന്‍ അപ്പോഴത്തെ ഇടതുസര്‍ക്കാര്‍ തീരുമാനിക്കുന്നു. എന്നു വച്ചാല്‍ സംശയങ്ങള്‍ പൂര്‍ണമായും സര്‍്കകാരിനെ വിട്ടുപോയിരുന്നില്ലെന്നു സാരം. പിടിച്ചത് ചാരന്മാരെ തന്നെയോ എന്ന് ആശങ്ക. നേരത്തെ കേസന്വേഷിച്ച സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നു. തങ്ങളന്വേഷിച്ച് തീര്‍പ്പു കല്പിച്ച കേസ് പുനരാരംഭിക്കുന്നത് ശരിയല്ലെന്നായിരുന്നു കൂട്ടിലെ തത്തകളുടെ നിലപാട്. സുപ്രീം കോടതിക്കും സംഗതി ബോധ്യപ്പെട്ടതിനാല്‍ പുനരന്വേഷണ ഉത്തരവ് റദ്ദാക്കി. കേസ് പുതിയ സഹസ്രാബ്ദത്തിലേക്കു കടന്നതോടെ പ്രതി വാദിയായി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിലും കോടതികളിലും നമ്പിയുടെ ഒന്നൊന്നര കടത്തനാടന്‍ പയറ്റ്. 

ചാരക്കേസ് കത്തിക്കാളുന്ന സമയത്ത് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും കിട്ടിയിരുന്നു പിടിപ്പത് പണി. മറിയം റഷീദയെയും നമ്പി നാരായണനെയൊന്നും അദ്ദേഹത്തിന് അറിയാനേ പാടില്ലായിരുന്നു. ഹൂഈസ് റഷീദയെന്നും നമ്പി ആരെന്നും കരുണാകരന്‍ തുടരെ ചോദിച്ചെങ്കിലും സ്വന്തം പാര്‍ട്ടിക്കാര്‍ പോലും മുഖത്തുനോക്കി കമാന്ന് ഒരക്ഷം പറയാതെ പരസ്പരം ചെവിയില്‍ ചാരന്‍, ചാരന്‍ എന്ന് വിളിച്ചാക്ഷേപിക്കുകയായിരുന്നു അദ്ദേഹത്തെ. കേസിന്റെ ഏറ്റവും തുമ്പത്തു തന്നെ കരുണാകരനെ കൂട്ടിക്കെട്ടാനുള്ള വലിയ വടവും കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ചു. തട്ടില്‍ കേസിലും രാജന്‍ കേസിലും നൈസായി ഊരിപ്പോന്ന കരുണാകര്‍ജി പക്ഷേ താനുണ്ടാക്കിയ ഐക്യമുന്നണിയുടെ കാലുവാരലില്‍ വീണുപോയി.

ഗാന്ധി കുടുംബത്തിന് പാരമ്പര്യമായി പതിച്ചുകിട്ടിയിരുന്ന പ്രധാനമന്ത്രി കസേരയില്‍ അന്നു വാണിരുന്നത് നരസിംഹറാവു. പ്രധാനമന്ത്രിക്കസേര തനിക്കു വേണ്ട കേരളത്തിന്റെ മുഖ്യമന്ത്രി ആയാല്‍ മതിയെന്ന കരുണാകരന്റെ അഹന്തയ്ക്ക് ദൈവം തൂണില്‍ കാത്തുവച്ച നരസിംഹം. റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കരുണാകരനാണ്. ശേഷമെല്ലാം ഗള്‍ഫില്‍ ആടുജീവിതം നയിച്ച് തിരിച്ച്‌നാട്ടില്‍ വന്ന് സേവാദളവുമായി കവാത്ത് നടത്തിയിരുന്ന കരുണാകര പുത്രന്‍ കെ. മുരളീധരന്‍ പറഞ്ഞിട്ടുണ്ടല്ലോ. അച്ഛനെ ആരൊക്കെ ചതിച്ചുവെന്നും ചതിച്ചവരില്‍ തന്നെ നിഷ്‌കളങ്കമായി ചതിച്ചവരാരെന്നും അദ്ദേഹം വേര്‍തിരിച്ചു പറഞ്ഞിട്ടുണ്ട്. നരസിംഹറാവു നിത്യനിദ്രപ്രാപിച്ചതിനാല്‍(റാവുവിന്റെ ആറാം ചരമവാര്‍ഷികദിവസമായിരുന്നു കരുണാകരന്റെ മരണം) ഉത്തരവാദി റാവു മാത്രമാണെന്ന് മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് നല്കിയിട്ടുണ്ട്. കരുണാകര പുത്രി കെ. പത്മജ 4 പേരുടെ പട്ടിക തന്റെ കയ്യിലുണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കിലും സഹോദരസ്‌നേഹത്താല്‍ അതു കീറിക്കളഞ്ഞതായാണ് അറിവ്.

കീറിക്കളയാത്ത അക്കാലത്തെ ചില വര്‍ത്തമാനപ്പത്രങ്ങള്‍ ഇപ്പോഴും ചാരക്കഥയുടെ കനലെരിച്ചു കൊണ്ടിരിക്കുന്നുണ്ട്. പൊലീസും മാധ്യമങ്ങളും(അന്നു സോഷ്യലും ചാനലുമൊന്നും ഇല്ലല്ലോ)ചേര്‍ന്നു സാഹസികമായി നടത്തിയ അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍. അതിന്റെ മുനകള്‍ അമേരിക്കന്‍ ചാരസംഘമായ സിഐഎയിലേക്കും സോവിയറ്റുകാരുടെ കെജിബിയിലേക്കും ഇസ്രായേലിന്റെ മൊസാദിലേക്കും വരെ നീണ്ടു. ചാരവനിത മാതാഹരിയെ കുറിച്ച് പൗലോ കൊയ്‌ലോ നോവലെഴുതുന്നതിനും ദശാബ്ദങ്ങള്‍ക്കു മുമ്പു തന്നെ മലയാളപത്രങ്ങള്‍ അവരെ നമുക്ക് പരിചയപ്പെടുത്തി. രണ്ടാം മാതാഹരിയായി മറിയം റഷീദയെയും അവതരിപ്പിച്ചു.

പൊലീസ് റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു കേസ് അന്വേഷിക്കുവാന്‍ ന്യായമായും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടല്ലോ. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ചാരക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത് അങ്ങിനെയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി പിണറായി വിജയന്‍ 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നല്‌കേണ്ടി വന്നിരിക്കുന്നു. പിണറായി അമേരിക്കയില്‍ പോയ ഗ്യാപ്പില്‍ മുഖ്യമന്ത്രി കളിക്കുന്ന ഇ.പി ജയരാജന്‍ മന്ത്രി, സുപ്രീം കോടതി വിധി വന്നയുടനെ അതിനെ സ്വാഗതം ചെയ്തിരിക്കുന്നു. അന്നു തന്റെ പാര്‍ട്ടി കരുണാകരനെ കീറി ഭിത്തിയിലൊട്ടിച്ച കാര്യമൊന്നും ജയരാജന്‍ മന്ത്രി ഓര്‍ക്കുന്നില്ലേ? ചാരക്കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി ആയിരുന്നെന്ന കാര്യംപോലും പാവം ആവേശത്താല്‍ മറന്നുപോയി. അദ്ദേഹത്തിന്റെ ജേഷ്ഠസഹോദരസ്ഥാനീയനായ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്കാലത്ത് ഗംഭീരജാഥയൊന്ന് നയിച്ചിരുന്നു-കരുണാകരന്റെ രാജി ആവശ്യപ്പെട്ട്. ‘മീശയിലൊക്കെ കരിവാരിത്തേച്ച് ബാലന്‍ ഈ വഴി വന്നിരുന്നു’വെന്ന് വികെഎന്‍ അന്നദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയ ചിലരോടു പറഞ്ഞിരുന്നു. ആ കോടിയേരിയാണ് ചാരക്കേസിലെ ഇപ്പോഴത്തെ വിധിയില്‍ ആഹഌദചിത്തനായി ഉമ്മന്‍ചാണ്ടിയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നത്. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കരുണാകരന്‍ അന്നു പറഞ്ഞപ്പോള്‍ ഇത്രയൊന്നും ആരും കരുതിയിട്ടുണ്ടാകില്ല.

ശേഷം ഫൗസിയ ഹസന്റെ പുസ്തകം വായിച്ചിട്ടാകാം.


Related Articles

അരൂക്കുറ്റിയില്‍ തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

കൊച്ചി: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി കവര്‍ന്ന് മാലിന്യചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവൃത്തിയില്‍ കൊച്ചി

ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്

മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം ന്യൂയോര്‍ക്ക്: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കുന്ന

ഇപ്പോഴാണ് തലവര തെളിഞ്ഞത്

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി.ശശിയുടെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയില്‍ മിന്നിമറിഞ്ഞ ഒരു തോണിക്കാരന്റെ മുഖം പിന്നീട് മലയാള സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയത് മറക്കാനാവില്ല. മലയാള സിനിമയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*