നമ്പ്രാടത്ത് ജാനകിയെന്ന അമ്മയുടെ കാല്‍ക്കല്‍ നമസ്‌കരിച്ച്

നമ്പ്രാടത്ത് ജാനകിയെന്ന  അമ്മയുടെ കാല്‍ക്കല്‍ നമസ്‌കരിച്ച്

റവ. ഡോ. ഗാസ്പര്‍ കടവിപറമ്പില്‍

”ഇന്ത്യന്‍ പേസ്ബൗളര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു ഓവര്‍ എറിയുന്ന സമയത്തിനിടക്ക്, നാലുമാലിന്യവണ്ടികള്‍ നിറക്കാന്‍ മാത്രമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ വലിച്ചെറിയപ്പട്ടിരിക്കും”. 2018ലെ അന്താരാഷ്ട്ര പരിസ്ഥിതിദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ പാരിസ്ഥിതിക അവബോധത്തിനായി പൗരസമൂഹത്തിന് നല്‍കിയിരിക്കുന്ന കുറിപ്പിലാണ് ഈ വിശേഷം നല്‍കിയിരിക്കുന്നത്. ”പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്തുതോല്പിക്കുക” എന്നതാണ് 2018ലെ പരിസ്ഥിതിദിനാഘോഷത്തിന്റെ പ്രമേയം പ്ലാസ്റ്റിക് മലിനീകരണമെന്ന ഭീഷണിയെപ്പറ്റി നിരവധി വസ്തുതകള്‍ കണക്കുകളുടെ രൂപത്തില്‍ ലഭ്യമായിട്ടുണ്ട്. ഞെട്ടിക്കുന്നവയാണ് പല കണക്കുകളും. ഓരോ മിനിറ്റിലും ഒരു മില്ല്യന്‍പ്ലാസ്റ്റിക്ക് കുപ്പികള്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ വാങ്ങിക്കൂട്ടുന്നുണ്ട്. വാങ്ങിക്കുട്ടുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളില്‍ അമ്പതുശതമാനവും ഒരു തവണ മാത്രമുള്ള ഉപയോഗത്തിനുള്ളതാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഉല്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കഴിഞ്ഞ നൂറ്റാണ്ട് മൊത്തം ഉണ്ടാക്കിയെടുത്ത മാലിന്യത്തേക്കാള്‍ കൂടുതലാണ്! ഓരോ വര്‍ഷവും ലോകത്തുള്ള മനുഷ്യരാകമാനം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണം 500 മില്ല്യന്‍ വരുമത്രെ! തലപെരുപ്പിക്കുന്ന കണക്കുകള്‍. പുനര്‍വിചിന്തനത്തിന് നേരമായി എന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ കണക്കുകള്‍.

 നിരവധി പരിപാടികള്‍ ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ പരിസ്ഥിതി ദിനാഘോഷത്തിനായി തയ്യാറാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൗരസമൂഹം മുഴുവന്റെയും സഹകരണത്തോടെ ശുചീകരണ യജ്ഞത്തിനായി തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി രാഷ്ട്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റും നിരവധി നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. 

പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധയും പനിയും സംസ്ഥാനത്തെ ഞെട്ടിച്ചെങ്കിലും  ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍മൂലം സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു. ഓരോ മഴക്കാലവും കേരളത്തിന് ഭയജനകമായ പനിക്കാലമാകുന്നതെന്തുകൊണ്ടെന്ന ഗൗരവതരമായ ചോദ്യത്തെക്കുറിച്ചുള്ള പരിശോധന ഇനിയും വൈകരുതെന്ന് വിവേകമുള്ളവര്‍ പറഞ്ഞു തുടങ്ങിയിട്ട് നാളേറെയായിരിക്കുന്നു. പൊതുഇടങ്ങളിലും റോഡുകളിലും മാലിന്യം നിക്ഷേപിക്കുന്ന പ്രവണതയില്‍ നിന്ന് മലയാളിയുടെ ശൂന്യബോധവും പൗരധര്‍മവും മുന്നോട്ടുപോയിട്ടില്ല. വാഹനങ്ങളിലെത്തിയും നടന്നുവന്നും ആരും കാണാതെ പ്ലാസ്റ്റിക്കൂടുകളില്‍ മാലിന്യമെടുത്ത് പുറമ്പോക്ക് പ്രദേശങ്ങളിലും ഓടകളിലും കായലുകളിലും തോടുകളിലും റോഡരികിലും വലിച്ചെറിയുന്നതരം പൗരധര്‍മത്തില്‍ നിന്നും മുന്നോട്ടു പോകാതെ ഭീതി പരത്തുന്ന രോഗങ്ങളില്‍ നിന്നും ഈ നാട് മോചിതമാകുമെന്ന് തോന്നുന്നില്ല. വീടുകളിലും തൊഴില്‍ മേഖലകളിലും വ്യവസായരംഗത്തും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം അവരവര്‍ക്കു തന്നെയെന്ന തിരിച്ചറിവ് കിട്ടാനാവശ്യമായ നിമയനിര്‍മാണങ്ങള്‍ പാകപ്പെടുത്താന്‍ ഭരണകൂടം ഇനിയും വൈകരുത്. 

‘നിങ്ങള്‍ ക്യാമറാനിരീക്ഷണത്തിലാണ്’ ‘നിങ്ങള്‍ നാട്ടുകരുടെ നിരീക്ഷണത്തിലാണ്’ ‘പിടിക്കപ്പെട്ടാല്‍ കൈകാര്യം ചെയ്തു കളയും തുടങ്ങിയ ഭീഷണികളില്‍ ഒതുങ്ങുന്ന ‘നിയമധര്‍മം’ പോരാ ഈ നാട്ടില്‍. കൈവശമുള്ള പറമ്പുമുഴുവന്‍ വീടുവക്കാന്‍ തയ്യാറെടുക്കുന്ന മലയാളികളോട് ബയോഗ്യാസ് തുടങ്ങിയ മാലിന്യനിര്‍മാര്‍ജനത്തിനുതകുന്ന സംവിധാനങ്ങള്‍ കൂടി വീടുപണിയുമ്പോള്‍ നിര്‍ബന്ധമാക്കണമെന്ന് നിയമഭാഷയില്‍ പറയാന്‍ സ്റ്റേറ്റിനു കഴിയേണ്ടതല്ലേ? 

സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കിറങ്ങുന്നവര്‍ക്ക് തുണിസഞ്ചികള്‍ കുടി കൈയില്‍ കരുതാവുന്നതല്ലേ? അത്തരമൊരു സംസ്‌കാരം മലയാളി കൈവിട്ടിട്ട് ഏറെക്കാലമായില്ലല്ലോ? ഒരുപാട് സൗകര്യങ്ങള്‍ കൈയെത്തിപ്പിടിക്കുമ്പോള്‍ മറന്നുകളയരുതാത്ത കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് അവരവര്‍ ഉണ്ടാക്കിക്കൂട്ടുന്ന മാലിന്യകൂമ്പാരം തന്നെയാണ്; അതിന്റെ നിര്‍മാര്‍ജനമാണ്.

പ്ലാസ്റ്റിക്കിനെ ചെറുത്തു തോല്‍പിക്കാന്‍ ഭരണം കൈയാളുന്നവരും പ്രതിപക്ഷവും ഒരുമിച്ച് കച്ചകെട്ടിയിറങ്ങിയിരിക്കുന്നതായാണ് വാര്‍ത്തകള്‍. ഫഌക്‌സ് നിരോധനമെന്ന ആശയത്തിലേക്ക് നടന്നു നീങ്ങാന്‍ ആദ്യചുവടെന്നോണം നടന്ന സര്‍വകക്ഷിയോഗത്തില്‍ പ്ലാസ്റ്റിക് നിരോധനം സാവകാശത്തിലാണെങ്കിലും നടപ്പിലാക്കണമെന്ന് ഏകസ്വരത്തിലാണ് തീരുമാനമുണ്ടായത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുവഴികളിലുയര്‍ത്തുന്ന വമ്പന്‍ പരസ്യങ്ങളില്‍ ഇനി മുതല്‍ ഫഌക്‌സ് ഉപയോഗിക്കില്ലായെന്ന രീതിയിലുള്ള വര്‍ത്തമാനങ്ങളുമുണ്ടായി. നിര്‍ഭാഗ്യമെന്നു പറയട്ടെ കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ കൂറ്റന്‍ പരസ്യമായി ഫഌക്‌സ് ബോര്‍ഡുകള്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ഭരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളോട് പറയാന്‍ നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം ഉയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍. കൊണ്ടാലും പഠിക്കാത്ത ഒരു സമൂഹത്തിനു നേരെയുള്ള ചൂണ്ടുവിരല്‍ തന്നെ ഇവ. 

കേരളത്തിന്റെ പരിസ്ഥിതി നാശം എത്രയോ ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നതിന്റെ നേര്‍ സാക്ഷ്യമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞയാഴ്ചയില്‍ ധവളപത്രം ഇറക്കിയിരുന്നു. നാല്‍പത്തിനാല് നദികളുടെ നാട് എന്ന് കേളികേട്ട ദൈവത്തിന്റെ നാട്ടിലെ നദികളുടെയും പുഴകളുടെയും തടാകങ്ങളുടെയും അവസ്ഥ പരമദയനീയവും നാശത്തിന്റെ വക്കിലുമാണെന്ന് പറയുന്നത് ‘വികസന വിരുദ്ധര്‍’, ‘വരട്ടുവാദികള്‍’ എന്നെല്ലാം ഓമനപ്പേരിട്ടുവിളിക്കുന്ന പരിസ്ഥിതിവാദികളല്ല; സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.  

ക്യാബിനറ്റിനു മുന്നില്‍ സമര്‍പ്പിച്ച ധവളപത്രം അംഗീകരിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് നല്‍കി. പതിവുപോലെ  ചെറിയ വാര്‍ത്തയായി ഒരുങ്ങി. നാല്‍പ്പത്തിനാല് നദികള്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെയുള്ള അറുപത്തഞ്ച് ലക്ഷം കിണറുകളില്‍ എണ്‍പതു ശതമാനവും മലിനമാണ്. നാടിന്റെ വലിയ ജലസ്രോതസുകളെല്ലാം മലിനമായിക്കഴിഞ്ഞു. കുപ്പിവെള്ളക്കച്ചവടം കൊഴുക്കുന്ന നാട്ടില്‍ ജല സാക്ഷരതക്കുള്ള സമയം അതിക്രമിച്ചിരിക്കുകയാണല്ലോ? വായുമലിനീകരണത്തിന്റെ തോത് ഭീതിയുണര്‍ത്തുംവിധം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ചയില്‍ ഹോളണ്ടിന്റെ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും പ്രധാനമായും ഊന്നിയതും ഉടമ്പടിയില്‍ ഒപ്പുവച്ചതും ‘ക്ലീന്‍ എയര്‍ ഇന്ത്യ ഇനീഷ്യറ്റീവ്’ എന്ന സംരംഭത്തിനായിരുന്നുവെന്ന കാര്യവും ഇവിടെ കൂട്ടിവായിക്കണം. ചെറുദൂരങ്ങള്‍ പോലും നടക്കാന്‍ മടിക്കുന്ന മലയാളിയുടെ വാഹനഭ്രമം കുറെക്കൂടി പരിസ്ഥിതി സൗഹൃദത്തിനായി വഴിമാറേണ്ടതല്ലേ? ഇന്ധനവില ആകാശത്തിന്റെ അതിരുകളിലേക്ക് കുതിക്കുന്നതു കൊണ്ടുമാത്രമല്ല, അല്ലാത്തപ്പോഴും, സൈക്കിളെന്ന ആരോഗ്യപ്രദമായ വാഹനം, ജീവിതക്കാഴ്ചപ്പാട് സ്വീകരിക്കാന്‍ ഇനിയും വൈകിക്കൂടായെന്ന് കാലം തെറ്റുന്ന കാലാവസ്ഥയും പരിസ്ഥിതി വിനാശവും വിളിച്ചുകൂവിക്കൊണ്ടേയിരിക്കുന്നു.

തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും വയലുകള്‍ നശിപ്പിച്ചും കണ്ടല്‍ക്കാടുകള്‍ വെട്ടിമൂടിയും നമ്മള്‍ നേടിയ വികസനമൊന്നും ശാശ്വതമല്ലായെന്ന തിരിച്ചറിവ് സാവകാശത്തില്‍ ഇളം തലമുറകളിലേക്ക് പകരാന്‍ നമുക്ക് സാധിക്കണം. ടൈല്‍സ് നിരത്തിയും കല്ലുപാകിയും മുറ്റം വെടിപ്പാക്കുന്നവര്‍ മണ്ണില്‍ ചവിട്ടിനടക്കാന്‍ നേരമായിരിക്കുന്നു. ഇത്തിരിവട്ടമുള്ള വീട്ടുമുറ്റത്ത് പച്ചപ്പിന്റെ തണലുണ്ടാക്കണമെന്ന് മനുഷ്യര്‍ ആഗ്രഹിച്ചു തുടങ്ങുന്നത് നല്ല ലക്ഷണം തന്നെ. ഇനിയും അവശേഷിക്കുന്ന വെളിമ്പറമ്പുകളില്‍ പ്ലാവും, മാവും, പുളിയും വളരട്ടെ. പള്ളിമണികള്‍ മാവിലും പുളിയിലും കെട്ടിയിരുന്ന കാലം അത്രദൂരത്തായിട്ടില്ലല്ലോ. കിളികള്‍ വരികയും അണ്ണാറക്കണ്ണന്‍മാര്‍ ഓടിക്കളിക്കുകയും കാക്കകള്‍ ചേക്കേറുകയും ചെയ്യുന്ന വീട്ടുമുറ്റങ്ങള്‍ പ്രാര്‍ത്ഥനയും ആത്മീയതയും തന്നെ. പച്ചവെള്ളത്തിന്റെയും പച്ചപ്പിന്റെയും ആത്മീയഭാവങ്ങള്‍ വരണ്ടനാളുകള്‍ക്കുള്ള ആശിര്‍വാദം തന്നെ. 

കീഴാറ്റൂരിലെ നമ്പ്രോത്ത് ജാനകിയെന്ന കര്‍ഷകസ്ത്രീയുടെയും മഹാരാഷ്ട്രയെ മാത്രമല്ല രാഷ്ട്രത്തെ മുഴുവന്‍ ഇളക്കിമറിച്ച കര്‍ഷകമഹാറാലിയില്‍ പങ്കെടുത്ത് പാദം പൊള്ളിവീര്‍ത്ത് വേദനയുടെ കാഴ്ചയായി മാറിയ പേരറിയാത്ത കര്‍ഷക സ്ത്രീകളുടെയും പാദങ്ങളില്‍ നമസ്‌കരിച്ച് പരിസ്ഥിതിദിനത്തെ വരവേല്‍ക്കുക നമ്മള്‍. അവര്‍ വലിയ തിരിച്ചറിവിന്റെ അടയാളങ്ങള്‍. അവരുടെ പാദങ്ങളെയോര്‍ത്ത് സച്ചിദാനന്ദന്‍ മാഷ് എഴുതിയ ‘കാലുകള്‍’ എന്ന കവിത തീരുന്നത് ഇങ്ങനെ: ”പോവുക, ആ കാല്‍ക്കല്‍ വീണ് മാപ്പു ചോദിക്കൂ, വേര്, താരാട്ട്, കിണര്‍, വയല്‍ മറന്ന കൃതഘ്‌നരേ! പോവുക, പ്രാര്‍ത്ഥിക്കുക, കാട്ടുതീ പടരുന്ന നാളെയില്‍ നിന്നും കാക്കാന്‍, മക്കളേ സ്വയം മാറാന്‍!”.


Related Articles

ഭിക്ഷാടന മാഫിയയ്ക്കുപിന്നിൽ

മോഷ്ടിച്ചയാള്‍ക്കു മരണം വിധിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ ആടിയുലയുകയാണ്‌ കേരളം. അട്ടപ്പാടിയിലെ മധുവും മധുവിന്റെ മരണവും മനുഷ്യന്റെ മനസിലെ മാറാമുറിവായി നിലനില്‍ക്കുന്നു. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളും പങ്കുവെക്കപ്പെടാതെ പോകുവാന്‍

തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കും : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ

സദ്‌വാര്‍ത്തയായ് ഒരു ക്രിസ്മസ് നക്ഷത്രമായ്

രക്ഷകനെ ആരെല്ലാം കണ്ടുമുട്ടിയിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങള്‍ മാറ്റി മറിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം പിന്നീട് ഒരു സദ്‌വാര്‍ത്തയായി മാറി. അനേകരെ രക്ഷയിലേക്ക് അടുപ്പിക്കുന്ന ഒരു സദ്‌വാര്‍ത്ത. വഴിതെളിക്കുന്ന ഒരു വെള്ളിനക്ഷത്രം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*