നവംബര്‍ 21 മീന്‍ പിടിക്കുന്നവര്‍ പറയുന്നു

നവംബര്‍ 21 മീന്‍ പിടിക്കുന്നവര്‍ പറയുന്നു

മീന്‍പിടിത്തത്തൊഴിലിനെയും തൊഴിലാളികളെയും അന്താരാഷ്ട്ര ജനസമൂഹം ആദരവോടെ ഓര്‍മിക്കുന്ന ഒരുദിനം നവംബര്‍ മാസത്തിലുണ്ട്. വെള്ളത്തിന്റെയും ജീവന്റെയും തീരങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പച്ചപ്പിന്റെയും ഓര്‍മപോലെ നവംബര്‍ 21 കടന്നുപോകുന്നു. അവര്‍ കടലിനോട് മല്ലിടുന്നുവെന്ന്, അവര്‍ കായല്‍ക്കാറ്റിനെ വെല്ലുന്നുവെന്ന്, അവര്‍ പുഴരാത്രികളുടെ ഇരുളിന്റെ കനത്ത കരിമ്പടത്തെ വാരി മാറ്റുന്നുവെന്ന്, ആഴത്തിലേക്ക് വലയിട്ട് ക്ഷമയോടെ കാത്തിരിക്കുന്നെന്ന്, പിറ്റേന്ന് പ്രഭാതത്തില്‍ നമ്മുടെ രുചിയനുഭവങ്ങളെ വെള്ളം തന്ന ദാനത്തെക്കൊണ്ട് സമ്പന്നമാക്കുന്നുവെന്നെല്ലാം ഈ ദിവസം പറയുന്നുണ്ടാകണം. വെള്ളത്തിന്റെ തണുത്ത ആഴങ്ങളില്‍ നിന്ന് മീന്‍കൂട്ടങ്ങള്‍ പോഷണത്തിന്റെ സമ്മാനമായി നമ്മിലേയ്‌ക്കെത്തുന്നുവെന്ന് പറയുന്നതു തന്നെയാണ് ഉചിതം. കാരണം മീന്‍പിടിക്കാന്‍ പോയവരാരും കടല്‍ത്തിരകളെ കീറിമുറിച്ച് കടല്‍ജീവനുകളെ വേട്ടയാടുന്നവരാണെന്ന് ഒരിക്കലും സ്വന്തമായി അവകാശപ്പെട്ടിരുന്നില്ല. അവര്‍ക്ക് കടല്‍ ജീവിതം അമ്മയോടൊപ്പമുള്ള സഞ്ചാരം തന്നെ. കര്‍ക്കിടകത്തിന്റെ കാറ്റും കോളും കാണുമ്പോഴും ശാന്തതയേറ്റുന്ന വെള്ളപ്പരപ്പിലെ തിരയിളക്കത്തില്‍ വരെ അവര്‍ കൈകൂപ്പിയിരുന്നത് കടലമ്മേ കനിയണമേയെന്നാണ്! ചില വിശ്വാസങ്ങളൊക്കെ എന്നും അങ്ങനെ തന്നെയായിരുന്നു: ഇപ്പോഴും അങ്ങനെ തന്നെ. ശാസ്ത്രത്തിന്റെ പുത്തന്‍ വിശദീകരണങ്ങളും വ്യവസായികാടിസ്ഥാനത്തിലുള്ള തൊഴില്‍വ്യാഖ്യാനങ്ങളും കൊണ്ട് പുത്തന്‍കാലം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുമ്പോഴും ഒരു യുക്തിക്കും വഴങ്ങാത്ത വെള്ളത്തിന്റെ, ആകാശത്തിന്റെ മന്ത്രങ്ങള്‍ക്ക് അവര്‍ ചെവിയോര്‍ക്കുന്നുണ്ട്. അവര്‍ക്കറിയാം എല്ലാ കണക്കുകൂട്ടലുകളും പിഴച്ചുപോകുന്ന ചില തിരക്കണക്കുകളുണ്ടെന്ന്. ആ ഗണിതം യുക്തിയുടേതല്ല; ചില ഹൃദയ ബന്ധങ്ങളുടേതാണ്. വെള്ളവും മനുഷ്യനുമായുള്ള അതിപുരാതനമായ ഉടമ്പടിയുടെ ചായ്‌വുകള്‍.
മീന്‍പിടിക്കാന്‍ പോയവര്‍ നമ്മളോട് പറഞ്ഞത് മീനിന്റെ രുചിക്കൂട്ടുകളെപ്പറ്റി മാത്രമായിരുന്നില്ലല്ലോ. കായലിന്റെ തീരത്ത് കണ്ടലെന്ന ചെടിയുണ്ടെന്നും അതിന്റെ വേരുകള്‍ക്കിടയില്‍ കാലത്തെ രുചികൊണ്ട് വെല്ലുന്ന കരിമീന്‍കൂട്ടങ്ങള്‍ രാപ്പാര്‍ക്കുന്നുണ്ടെന്നും തീരത്തിന്റെ തിട്ടകളെ കരിങ്കല്ലുകെട്ടി വരിയും മുന്നേ കണ്ടല്‍വേരുകള്‍ ഒഴുക്കിന്റെ താളം ക്രമപ്പെടുത്തുന്നുണ്ടെന്നുമുള്ള കഥകളും പേച്ചും കേട്ട് അന്ന് വളര്‍ന്നവര്‍ കൈത്തോടുകളുടെയും കുളങ്ങളുടെയും വെട്ടിക്കേറ്റിയ തിട്ടകളിലിരുന്ന് വര്‍ണരാജികള്‍ വിടര്‍ത്തുന്ന കുഞ്ഞുമീന്‍ രാജാക്കളെക്കണ്ട് അത്ഭുതത്താല്‍ വിടര്‍ന്നു. തെളിവെള്ളത്തിന്റെ ഒഴുക്കിനെതിരെ പരുത്തിനൂലിഴചേര്‍ന്ന കുളിത്തോര്‍ത്ത് വിടര്‍ത്തി പരലുപിടിക്കാനിറങ്ങി. അന്ന് വെട്ടിത്തിളങ്ങുന്ന കയ്പമീനും കാര്‍മേഘത്തില്‍ ചുവന്ന പിണര്‍പാഞ്ഞപോലുള്ള കരിങ്കണ്ണയും പാടത്ത് നിറയെ ഉണ്ടായിരുന്നു. നാടന്‍ അമ്പഴങ്ങയുടെ പുളിരസത്തില്‍ മുളകും തേങ്ങയും ചേര്‍ന്നരഞ്ഞ കുഴമ്പില്‍ കയ്പമീന്‍ രുചിയുടെ പുതിയ രസക്കൂട്ടുകള്‍ പേച്ചിക്കൊണ്ടിരുന്നു.
നാട്ടിന്‍പുറങ്ങള്‍ക്ക് പോഷകസമൃദ്ധിയെപ്പറ്റിയുള്ള സര്‍ക്കാര്‍വക പരസ്യങ്ങള്‍ അന്ന് കിട്ടിത്തുടങ്ങിയിരുന്നില്ല. കുപ്പിയിലടച്ച പരിശുദ്ധിയെന്ന വാഗ്ദാനങ്ങള്‍ കമ്പോളത്തിലുണ്ടായിരുന്നില്ല. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വെള്ളം കുറുകാന്‍ തുടങ്ങുമ്പോള്‍ ആരും ക്ഷണിക്കാതെ മീന്‍കൂട്ടങ്ങള്‍ പാഞ്ഞെത്തിയിരുന്നു. വ്യവസായികാടിസ്ഥാനത്തില്‍ ക്ഷണിച്ചുകൊണ്ടുവന്ന് വളര്‍ത്തി വലുതാക്കി തൂക്കി വില്‍പ്പന നടത്തുന്ന നടപടികള്‍ പിന്നീടാണല്ലോ വന്നത്. നെല്‍കൃഷി നാടുകടത്തപ്പെട്ട ശേഷം ഉപ്പുവിളഞ്ഞ കണ്ടങ്ങളില്‍ ചെമ്മീന്‍ വാറ്റ് തുടങ്ങിയ കാലത്ത് രുചിയില്‍ കരിമീനെ വെല്ലുന്ന കറൂപ്പും പൂളാനും ഭൂഗര്‍ഭങ്ങളില്‍ സ്വയം അടങ്ങികിടന്നു. അവര്‍ പിടിതന്നും പിടി തരാതെയും നമ്മോടൊപ്പമുണ്ടായിരുന്നു. പാടങ്ങളില്‍ ചെമ്മീന്‍ വളര്‍ന്നു. കാശുണ്ടായി. നെല്ലു പോയി. എല്ലാം പതുക്കെ തിരിച്ചുപിടിക്കാന്‍ തുടങ്ങുകയാണ്. ചാലുകളില്‍ മീന്‍കൂട്ടങ്ങള്‍ കെട്ടിയിട്ട് വളര്‍ത്തപ്പെട്ടു. പിന്നീട് വെള്ളം കെട്ടിക്കിടക്കുന്നിടങ്ങളൊക്കെ ചതുപ്പായി എണ്ണപ്പെട്ടു. അവ നികത്തിയെടുത്തു. നിലം നിലംപരിശായി. കെട്ടിടങ്ങള്‍ ഉയര്‍ന്നു, കുളങ്ങള്‍ തരിശായി മാറി. വെറും കുഴികള്‍ നികത്തേണ്ടവയായി. മാറിയതെല്ലാം തുണ്ടുതുണ്ടായി വില്‍ക്കപ്പെട്ടു. അപ്പോഴാണ് വെള്ളം ഓര്‍മയുണര്‍ന്നെഴുന്നേറ്റത്. ഒഴുകിയ വഴികള്‍ ഓര്‍ത്തെടുത്തത്. പ്രളയമുണ്ടായത്. അപ്പോള്‍ നമ്മളോര്‍ത്തു-അയ്യോ നമ്മുടെ കുളങ്ങള്‍! നമ്മുടെ കൈത്തോടുകള്‍! നമ്മുടെ കടല്‍ത്തീരങ്ങള്‍! നമ്മുടെ നദികളും പുഴകളും! നമ്മുടെ മീന്‍കൂട്ടങ്ങള്‍!
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത്സ്യമേഖലയുടെ ചുമതല വഹിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും കൊച്ചിയില്‍ കഴിഞ്ഞ ആഴ്ച സമ്മേളിച്ചിരുന്നു. മത്സ്യമേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുഖ്യമന്ത്രി പറഞ്ഞത് മത്സ്യമേഖലയെ ശക്തിപ്പെടുത്താന്‍ ശാസ്ത്രത്തിന്റെയും വ്യവസായ നയങ്ങളുടെയും ആരോഗ്യകരമായ സംയോജനം അനിവാര്യമാണെന്നാണ്. അതത്രയും ശരിയാണ്. സമ്മേളനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മത്സ്യമേഖലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും ഈ കാര്യം സൂചിപ്പിച്ചു. തീരദേശത്തിന്റെ ജീവിതത്തെ ഗുണപരമായി മാറ്റാന്‍ ശാസ്ത്രനേട്ടങ്ങള്‍ക്ക് കഴിയുന്നുണ്ടോ? നടപ്പാക്കുന്ന വ്യവസായ നയങ്ങള്‍കൊണ്ട് തീരദേശങ്ങള്‍ സമ്പന്നമാകുന്നുണ്ടോ? ചോദ്യങ്ങള്‍ ബാക്കിയാകുന്നു.
എല്ലാ അധ്വാനങ്ങള്‍ക്കുമൊടുവില്‍ പട്ടിണിയാവുന്ന കടല്‍ത്തീരങ്ങളിലെ മനുഷ്യരെ, അവരുടെ ജീവിതങ്ങളെ, അവരുടെ ജീവിത പരിസരങ്ങളെ പൊതുസമൂഹവും ഭരണകൂടവും ഗൗരവതരമായി സമീപിച്ചിട്ടുണ്ടോ? മത്സ്യബന്ധനത്തിലൂടെ വിദേശനാണ്യശേഖരം വര്‍ധിപ്പിക്കാന്‍ വമ്പന്‍ കയറ്റുമതി കമ്പനികള്‍ക്കും അവരുടെ വ്യവസായ സംരംഭങ്ങള്‍ക്കും അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍, കടല്‍ത്തീരമണലിലെ സമ്പന്നമായ ലോഹഅയിര് നിക്ഷേപങ്ങളില്‍ കണ്ണുനട്ട് വരുന്നവര്‍ക്ക് അനുകൂലമായി കുറിപ്പെഴുതുമ്പോള്‍, അന്താരാഷ്ട്രതലങ്ങളിലെ കച്ചവടബന്ധങ്ങള്‍ക്കുള്ള ഉടമ്പടികളില്‍ വിട്ടുവീഴ്ച ചെയ്യുമ്പോള്‍, തോറ്റുപോകുന്ന ജനസമൂഹങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് ഭരണകൂടം ഓര്‍മിക്കേണ്ടതല്ലേ. ലളിതമായ സമവാക്യങ്ങള്‍ കൊണ്ടോ പരിഹാരനിര്‍ദേശങ്ങള്‍ കൊണ്ടോ എളുപ്പത്തില്‍ പരിഹരിക്കാവുന്ന കാര്യങ്ങളല്ല ഇതൊന്നും. അന്താരാഷ്ട്രബന്ധങ്ങളുടെയും അവയുടെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ പ്രാദേശിക-ദേശീയ ഭരണകൂടങ്ങള്‍ പലപ്പോഴും നിസ്സഹായമാകുന്നുണ്ട്. എന്നിട്ടും ജനായത്ത ഭരണസംവിധാനത്തിന്റെ നടപടിക്രമങ്ങളില്‍ പിന്നെയും വിശ്വാസം അര്‍പ്പിച്ച തീരദേശ സമൂഹങ്ങള്‍ ഭരണാധികാരത്തിന്റെ വാതിലുകളില്‍ നിരന്തരം മുട്ടിവിളിക്കുന്നുണ്ട്. കാരണം ഏതു സമ്മര്‍ദങ്ങളെയും അതിജീവിക്കാന്‍ ഈ നാട്ടിലെ ജനാധിപത്യ സംവിധാനത്തിന് ശക്തിയുണ്ടെന്ന് പൊതുസമൂഹത്തിലെ വിവിധ ധാരകളിലുള്ളവര്‍ വിശ്വസിക്കുന്നതുപോലെ തീരദേശ സമൂഹങ്ങളും നിലവിലെ ഭരണസംവിധാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. തങ്ങള്‍ക്കുവേണ്ടി ഭരണകൂടം അനുകൂല നിലപാടുകള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നുമുണ്ട്.
മീന്‍കുട്ടയും ചുമന്ന് പോകുന്ന സ്ത്രീകള്‍, വഴിയരുകിലിരുന്ന് മീന്‍ ചില്ലറ വില്‍പ്പന നടത്തുന്നവര്‍, കക്കവാരിവിറ്റ് ഉപജീവനം തേടുന്നവര്‍, രണ്ടു കോലുകള്‍ക്കൊണ്ട് ചെറുമീനുകളെ വരുതിയിലാക്കിപ്പിടിച്ച് വിറ്റ് കഴിയാന്‍ മാത്രം അറിയാവുന്നവര്‍, വലവീശി നടന്ന് മീന്‍പിടിച്ചു കഴിയുന്നവര്‍, അവരുടെ പ്രശ്‌നങ്ങള്‍….അങ്ങനെയങ്ങനെ പറഞ്ഞാല്‍ തീരാത്തത്രയും വ്യത്യസ്ത പണികളിലൂടെ മീന്‍പിടിക്കുന്ന മേഖലയുടെ ഓരങ്ങളില്‍ കഴിയുന്നവരൊക്കെ ഈ ദിവസം ഓര്‍മയുടെ ഉമ്മറത്തേയ്ക്ക് കൊണ്ടുവരുന്നുണ്ടാകുമോ? മീന്‍പിടുത്തത്തോട് നേരിട്ട് ബന്ധപ്പെടാതെ അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെയും മറക്കാമോ? ചെമ്മീന്‍ ഫാക്ടറികളില്‍ പച്ചച്ചെമ്മീന്റെ തൊണ്ട് പൊളിച്ച് കൈവിരലുകള്‍ അഴുകിവീര്‍ത്ത് വേദനയിലാകുന്ന സ്ത്രീ തൊഴിലാളികളുടെ ദുരിതപര്‍വങ്ങളെ ഈ ദിനം വിവരിക്കുന്നുണ്ടാവുമോ?
വെള്ളത്തിന്റെ ഓരോ തുരുത്തും ജീവന്റെ ആവാസവ്യവസ്ഥയാണെന്ന ഹരിതാഭമായ ചിന്ത ഈ ദിവസം നല്‍കുന്നുണ്ടാവണം. മാലിന്യക്കൂമ്പാരങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച തോടുകളും അരുവികളും ഇനിയും ഒഴുകേണ്ടതുണ്ടെന്ന ജൈവബോധം മനുഷ്യമേധയില്‍ വേരോടാന്‍ കൂടി ഈ ദിനം ഉപകാരപ്പെടണമെന്ന് നവംബര്‍ 21 പറയുന്നു. നമ്മള്‍ നഷ്ടപ്പെടുത്തിയ വെള്ളത്തിന്റെ അറിവുകള്‍, നാട്ടറിവുകള്‍, നാടന്‍ മത്സ്യസമ്പത്ത്, തനത് ഭക്ഷണശീലങ്ങള്‍, രുചിക്കൂട്ടുകള്‍, പ്രകൃതിയോട് ഒത്തിണങ്ങിപ്പോയ ജീവിതരീതികള്‍ എന്നിങ്ങനെ എല്ലാറ്റിനെയും ഓര്‍ത്തെടുക്കാന്‍ ഈ ദിവസം ചൂണ്ടയില്‍ ഇരകോര്‍ത്ത് തോട്ടിറമ്പില്‍ ധ്യാനസ്ഥനായി പള്ളത്തിയോ നച്ചക്കയോ കൊത്താന്‍ കാത്തിരുന്നപ്പോള്‍ ക്ഷമയുടെ അഗാധതകള്‍ ഒരാള്‍ അറിയുണ്ടായിരുന്നു. വെള്ളത്തിന്റെ പച്ചനിറവും ആകാശത്തിന്റെ നീലിമയും അന്ന് എന്തെല്ലാം നമ്മളോട് പറയുന്നുണ്ടായിരുന്നില്ല!. തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങ് ദൂരെ കടല്‍ത്തിരകള്‍ക്കുമീതെ ഒരു വള്ളം പൊട്ടുപോലെ നീങ്ങുന്നുണ്ട്. കായലിനു നടുവില്‍ കൊതുമ്പുവള്ളത്തിലിരുന്ന് ഒരാള്‍ ആഴങ്ങളെ ധ്യാനിക്കുന്നുണ്ട്. മീനുകള്‍ എന്നോട് എന്തെല്ലാമായിരിക്കാം പറയുന്നത് ?. വലിയ പ്രളയകാലത്ത് ജീവന്‍ കൊടുത്തും ത്യാഗികളാകുന്ന മനുഷ്യരുടെ കഥകള്‍ കടലിലെത്തുന്ന പുഴകളും നദികളും ഏറ്റുപറയുന്നുണ്ടാകണം.


Related Articles

കടല്‍വള്ളത്തില്‍ ചിത്രം വരച്ചും കട്ടമരത്തില്‍ കവിത ചൊല്ലിയും ശംഖുമുഖം തീരം

തിരുവനന്തപുരം: കടല്‍തീരത്ത് അണിനിരത്തിയ വള്ളത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതകളും പ്രളയത്തിന്റെ ദുരന്തകാഴ്ചകളും മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങളും വരച്ച് തീരദേശത്തെ ചിത്രകാരന്മാര്‍. ഓഖി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കടലാഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട

ഗോത്രവര്‍ഗ സമൂഹങ്ങള്‍ നീതി തേടുന്നു

വനമേഖലയില്‍ കഴിയുന്ന ആദിവാസി ഗോത്രവര്‍ഗക്കാരും വനവിഭവങ്ങളെ ആശ്രയിച്ചുകഴിയുന്ന ഗോത്രവര്‍ഗക്കാരല്ലാത്ത ജനസമൂഹങ്ങളില്‍പ്പെട്ട ആളുകളും അവരവരുടെ വേരുകളറുത്ത് കാടിറങ്ങാന്‍ തയ്യാറാകേണ്ട ചരിത്രസന്ദര്‍ഭത്തിനാണോ നമ്മള്‍ ഇനി സാക്ഷികളാകാന്‍ പോകുന്നത്? 2006ല്‍ ഇന്ത്യന്‍

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ LPG ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

1) വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് LPG യുടെ മണം ഉണ്ടോ എന്നു ശ്രദ്ധിയ്ക്കുക :- എല്‍‌പി‌ജിയുടെ ചോര്‍ച്ച മനസിലാക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗം ആണ് അതിന്‍റെ മണം. എല്‍‌പി‌ജിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*