നവംബർ 1 പറയുന്നു… ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന്

കേരളം പിറന്നതും വളര്‍ന്നതും ത്യാഗങ്ങളുടെയും ദര്‍ശനങ്ങളുടെയും ചരിത്രത്തിലാണ്. നവോത്ഥാനം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചരിത്രാനുഭാവത്തിലൂടെ മാത്രമേ കേരളത്തിന്റെ സമകാലീന അനുഭവങ്ങളെ വ്യാഖ്യാനിക്കാനാകൂ. രാഷ്ട്രീയമായും ബൗദ്ധികമായും സാംസ്കാരികമായും സാമൂഹ്യമായും കേരളം നേടിയ ഔന്നത്യത്തെ ഓര്‍മിക്കാനും കൂടിയാണ് കേരളപ്പിറവിദിനം. ഇക്കൊല്ലത്തെ കേരളപ്പിറവി ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവര്‍ എടുക്കേണ്ട പ്രതിജ്ഞ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ”എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം” എന്ന് അവസാനിക്കുന്ന പ്രതിജ്ഞ കുറേയേറെ ഓര്‍മപ്പെടുത്തലുകളുടെ വാക്യങ്ങള്‍ കൂടിയാണ്.
”അനേകം മതങ്ങളും ലോകവീക്ഷണങ്ങളും സാമൂഹിക ജാഗ്രതാപ്രസ്ഥാനങ്ങളും കലാസാഹിത്യ രൂപങ്ങളും സമൃദ്ധമാക്കിയതാണ് കേരളീയസംസ്കൃതി” എന്ന് പ്രതിജ്ഞയെടുക്കുന്ന മലയാളി മലയാളഭാഷയെപ്പറ്റി അഭിമാനത്തോടെ ഓര്‍മകള്‍ പറയുന്നു. എന്റെ ഭാഷ ഞാന്‍ ലോകത്തെ നോക്കിക്കാണുന്ന രീതിയാണെന്ന് പറയുന്നു. ”മലയാളിയുടെ മതാതീതമായ സൗഹൃദവും നവോത്ഥാനത്തിലൂടെ മലയാളികള്‍ കൈവരിച്ച ആധുനികമായ അവബോധവും എന്റെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നു. മലയാളിയുടെ സമത്വഭാവനയെ ആദരിക്കുന്നു” എന്ന് പ്രതിജ്ഞയെടുക്കുന്നയാള് ചൊല്ലുന്നു. ദീര്‍ഘമായ ചരിത്രത്തിന്റെ അടരുകളാണ് ഏതാനും വാക്യങ്ങളിലൂടെ പ്രതിജ്ഞയായി നല്‍കിയിരിക്കുന്നത്.
കേരളം രൂപപ്പെട്ടതിന്റെ നാള്‍വഴികളെക്കുറിച്ച് എത്രയോ പുസ്തകങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു! ചരിത്രം എപ്പോഴും ആരുടെയെങ്കിലുമൊക്കെ സംഭവങ്ങള്‍ക്കു നടുവില്‍ നില്ക്കുന്ന ചിന്തകളുടെയും പ്രവൃത്തികളുടെയും തിരഞ്ഞെടുപ്പിലൂടെയും മാറ്റിവയ്ക്കലുകളിലൂടെയും വിരചിതമാകുന്നതിനാല് അപൂര്‍ണ്ണം തന്നെ. നവോത്ഥാന നായകരുടെ പേരുകള്‍ എഴുതുമ്പോള്‍ ചില പേരുകള്‍ വിട്ടുപോകുന്നത് അങ്ങനെയാണ്. ചില ചരിത്ര ഏടുകള്‍ സ്പര്‍ശിക്കാതെ പോകുന്നത് അങ്ങനെയാണ്. ചില ചരിത്രങ്ങള്‍ പ്രസക്തമാണോ എന്ന സംശയമുണ്ടാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് സൂക്ഷ്മചരിത്രരചനകള് ഉണ്ടാകുന്നതും നാട്ടുവഴി ചരിത്രമുണ്ടാകുന്നതും പ്രാദേശികാനുഭവങ്ങളുടെ രേഖകളുണ്ടാകുന്നതും വാമൊഴികളുടെ അടയാളപ്പെടലുകള്‍ ഉണ്ടാകുന്നതും എഴുതപ്പെടുന്ന ചരിത്രങ്ങളുടെ തിരുത്തലുകള്‍ ഉണ്ടാകുന്നതും. ഇവയെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന കേരളം എന്ന അനുഭവത്തെ നവംബര്‍ ഒന്നാം തീയതി ഓര്‍മപ്പെടുത്തും.
ഐക്യകേരളമെന്നത് രാഷ്ട്രീയമായി രൂപപ്പെട്ട ഒരു അനുഭവത്തിന്റെ പേരു മാത്രമല്ലല്ലോ. മലയാള ഭാഷയിലും അതിന്റെ പ്രാദേശിക വ്യതിയാനങ്ങളിലൂടെയും ഉരുവം കൊണ്ട കലയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക- സാമൂഹ്യമുന്നേറ്റങ്ങളുടെയും ആകെത്തുകയെന്നോണമാണ് ഐക്യകേരളം ഉണ്ടാകുന്നത്. ഉണ്ടായിരുന്നവയെല്ലാം അപ്പാടെ സ്വീകരിക്കപ്പെടുന്നില്ല. ഒരു സംസ്കാരത്തിലും കൊള്ളേണ്ടവ സ്വീകരിച്ചും തള്ളേണ്ടവ തഴഞ്ഞും തിരുത്തേണ്ടവ തിരുത്തിയും സംസ്കാരനിര്മിതിയുണ്ടാകുന്നു. ബൗദ്ധികവും സാംസ്കാരികവുമായ തുറവികളോടെ ജീവിക്കുന്ന സമൂഹങ്ങള്‍ പുത്തന്‍ അറിവുകളുടെയും ഉണര്‍ച്ചകളുടെയും വെളിച്ചത്തില്‍ തിരുത്തലുകള്‍ നടത്തുന്നു. മായ്ക്കേണ്ടവ മായ്ച്ചുകളഞ്ഞ് പുത്തന്‍ അക്ഷരങ്ങള്‍ എഴുതുന്നു; അക്ഷരങ്ങള്‍ കൊരുത്ത് വാക്യങ്ങള്‍ നിര്‍മിക്കുന്നു. കേരളം രൂപപ്പെടുന്നത് ഇത്തരം നവനിര്മിതികളിലൂടെത്തന്നെ.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ നേടാനുള്ള സമരങ്ങളുടെയും വിദ്യാഭ്യാസപരവും സാമൂഹ്യവുമായ ഉന്നതി ആര്‍ജിക്കാനുള്ള പരിശ്രമങ്ങളുടെയും ചാലകശക്തിയായി വര്‍ത്തിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പഠിക്കാനുള്ള കുറെയേറെ ശ്രമങ്ങള്‍ മലയാളത്തിലും ഇതരഭാഷകളിലുമായി ഉണ്ടായിട്ടുണ്ട്. സാമൂഹ്യ- സാംസ്ക്കാരിക ഉണര്‍വുകള്‍ നല്കിയ പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ആദരിക്കാനുള്ള ഓര്‍മദിനം കൂടിയാണ് നവംബര്‍ ഒന്ന്. ചിലര്‍ മാത്രം ഓര്‍മിക്കപ്പെടുകയും കുറെപേര് തഴയപ്പെടാനും പാടില്ല.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നവര്‍ കണ്ണാടി പ്രതിഷ്ഠയും വൈകുണ്ഠസ്വാമികളെയും മറക്കാമോ? ശ്രീനാരായണ ഗുരുവിന്റെ പേരില്‍ മാത്രമായി കണ്ണാടി പ്രതിഷ്ഠ ഒതുക്കേണ്ടതില്ല. സ്വാമിത്തോപ്പിലെ അയ്യാവൈകുണ്ഠസ്വാമി, ഭാഷാ സംസ്ഥാനമായ തമിഴ്നാടിന്റെ സന്താനമാകുന്നതിനും മുന്നേ തിരുവിതാംകൂറിന്റെ ജാതിപ്പറച്ചിലുകള്ക്കെതിരെയുള്ള തീക്ഷ്ണ സ്വരമായിരുന്നല്ലോ! മഹാത്മാ അയ്യങ്കാളി നടത്തിയ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി പറയപ്പെടുന്നുണ്ട്. അത് പറയേണ്ടതു തന്നെയാണ്. ജാതിവിരുദ്ധ നിലപാടുകളിലൂടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി എല്ലാവരെയും ഒരുമിച്ചു കൂട്ടാന്‍ പരിശ്രമം നടത്തിയ ക്രൈസ്തവ മിഷണറിമാരുടെ സേവനങ്ങള്‍ അതിന്റെ പേരില്‍ നിരാകരിക്കേണ്ടതില്ല. ക്രൈസ്തവ ആത്മീയ നിലപാടുകളെ വെല്ലുവിളിക്കുകയും വേദപുസ്തകം കത്തിക്കുകയും പ്രത്യക്ഷരക്ഷാദൈവസഭയെന്ന പേരില്‍ വിശ്വാസിസമൂഹം രൂപീകരിക്കുകയും ചെയ്ത പൊയ്കയില്‍ യോഹന്നാന് എന്ന അപ്പച്ചന്റെ നിലപാടുകള്‍ ക്രൈസ്തവ മിഷണറിമാരുടെ നിലപാടുകള്‍ക്കെതിരായ ചുവടുവയ്പായി മാത്രം കാണേണ്ടതില്ല. അത് കേരളത്തെ രൂപപ്പെടുത്താനുള്ള നാള് വഴിക്കണക്കുകളിലൊന്നായിരുന്നു. ‘ജാതി ചോദിക്കരുത്’ എന്ന നാരായണ ഗുരുവിന്റെ വാക്യത്തെ പൊയ്കയില്‍ അപ്പച്ചന് ഗംഭീരമായ അടയാളങ്ങള്‍ കൊണ്ട് വ്യാഖ്യാനിക്കുന്നുണ്ടല്ലോ! നാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും കുമാരനാശാന്റെയും ഉജ്വലമായ കൃതികളുടെയും കാവ്യങ്ങളുടെയും കൂട്ടത്തില്‍ പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളും പണ്ഡിറ്റ് കറുപ്പന്റെ കവനങ്ങളും സഹോദരന് അയ്യപ്പന്റെ പാട്ടുകളുമെല്ലാം ചേര്‍ന്നാണ് കേരളത്തിന്റെ ഊടും പാവും നെയ്തത്. നവംബര്‍ ഒന്ന് മറവികള്‍ക്കെതിരായ ജാഗ്രതയാകുന്നതും അതുകൊണ്ടു തന്നെ.
Related
Related Articles
ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു; അഭിമാന നേട്ടമായി ഐ എസ് ആര് ഒ
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. നേരത്തെ ചന്ദ്രയാന്‍
വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി
വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര് ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ്
എല്ലാവര്ക്കും എല്ലാമായി അനുപമനായ ഒരാള്‍
എല്ലാവര്ക്കും എല്ലാമായിത്തീര്‍ന്ന ഒരാള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരിക തീര്‍ത്തും സ്വാഭാവികം. ജാതി, മതഭേദങ്ങളെപ്പോലും ഉല്ലംഖിച്ച ആ സ്വീകാര്യതയായിരുന്നു പുണ്യശ്ലോകനായ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ മഹിതജീവിതത്തിന്റെ മുഖമുദ്രകളിലൊന്ന്. ജീവിതകാലത്ത്