നവകേരളത്തിന്റെ വിശാല മാനിഫെസ്റ്റോ

നവകേരളത്തിന്റെ വിശാല മാനിഫെസ്റ്റോ

ജെക്കോബി

രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരള വികസന കാഴ്ചപ്പാട്’ പുതിയ ലോകക്രമത്തിന്റെ വെളിച്ചത്തില്‍ തൊഴിലാളിവര്‍ഗ സമഗ്രാധിപത്യ പാര്‍ട്ടിയുടെ ചില പ്രഖ്യാപിത പ്രത്യയശാസ്ത്ര നിലപാടുകള്‍ പൊളിച്ചെഴുതുന്നു. ഐക്യകേരളം രൂപംകൊള്ളുന്നതിന് ഒരു വര്‍ഷം മുമ്പ്, 1956 ജൂണില്‍ തൃശൂരില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിച്ച ‘പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍’ എന്ന പ്രമേയത്തിനുശേഷം ആദ്യമായാണ് ഇത്ര ചരിത്രപ്രാധാന്യമുള്ള വികസന നയരേഖ അവതരിപ്പിക്കപ്പെടുന്നതെന്നും, വരുന്ന കാല്‍നൂറ്റാണ്ട് സംസ്ഥാനത്ത് ഇടതുഭരണം നിലനിര്‍ത്താനുള്ള വികസന രൂപരേഖയാണിതെന്നും സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

സ്വകാര്യ മൂലധനം, വിദേശ നിക്ഷേപം, സ്വകാര്യ-പൊതുമേഖല പങ്കാളിത്തം, വ്യവസായരംഗത്തെ ആധുനികവത്കരണം, തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനശൈലിയില്‍ സമഗ്ര മാറ്റം, ഉന്നത വിദ്യാഭ്യാസ മേഖലയിലും വിജ്ഞാന നൈപുണ്യ മേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിനും വന്‍കിട സ്വകാര്യ നിക്ഷേപവും വിദേശ പങ്കാളിത്തവും – ഇത്യാദി കാര്യങ്ങളിലെ താത്വിക പ്രതിബന്ധങ്ങളും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും നീക്കി പുതിയ കാലത്തിനൊത്ത് പുതിയ വികസന ബദല്‍രേഖ പിണറായി വിജയന്‍ അവതരിപ്പിക്കുന്നത് അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിലെ ജീവിതനിലവാരം ”വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ക്കു സമാനമായി ഉയര്‍ത്തുക” എന്ന ലക്ഷ്യത്തോടെയാണ്.

1957-ലെ ആദ്യത്തെ തെരഞ്ഞെടുപ്പിനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനപത്രികയും ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിപ്ലവകരമായ നയപരിപാടിയുമായി മാറിയ വികസന കാഴ്ചപ്പാടിന്റെ പൂര്‍വചരിത്രം എടുത്തുകാട്ടി, വിശ്വവിഖ്യാത കേരളമോഡല്‍ വികസനത്തിന്റെ പൈതൃകപ്പെരുമയുടെ നൈരന്തര്യമെന്ന മട്ടില്‍ ആഗോളീകരണത്തിന്റെയും നവഉദാരീകരണത്തിന്റെയും കാലത്തെ മധ്യവര്‍ഗ താല്പര്യങ്ങളുടെ മാനിഫെസ്റ്റോയാണ് പിണറായി വിജയന്‍ രൂപപ്പെടുത്തുന്നതെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്തായാലും കംപ്യൂട്ടര്‍വത്കരണം, കാര്‍ഷികരംഗത്തെ യന്ത്രവത്കരണം, സ്വാശ്രയ വിദ്യാഭ്യാസം, പൊതുമേഖല-സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെ പല വിഷയങ്ങളിലും പാര്‍ട്ടി സ്വീകരിച്ചുവന്ന നിലപാടുകളില്‍ നിന്നുള്ള നയവ്യതിയാനം കാലത്തിന്റെ അനിവാര്യതയാണ്.

ദേശീയതലത്തില്‍ പാര്‍ട്ടി എതിര്‍ക്കുന്ന ചില നയങ്ങള്‍ പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കാവുന്നതാണെന്ന വൈരുധ്യാത്മക നയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ളതാണ്. രാജ്യത്ത് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍, മൂലധനത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് വീക്ഷത്തിലുണ്ടായ മാറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കിഫ്ബി മുതല്‍ സില്‍വര്‍ലൈന്‍ വരെയുള്ള വിഷയങ്ങളില്‍ പിണറായി പക്ഷം കണ്ടെത്തിയ വികസന ബദല്‍ പരിപ്രേക്ഷ്യങ്ങള്‍. നവഉദാര സാമ്പത്തികനയത്തിന്റെ ബഹുമുഖ ആക്രമണത്തെ ചെറുക്കുന്നതിന് കേരളം മുന്നോട്ടുവയ്ക്കുന്ന ജനകീയ ബദലിന്റെ ചട്ടക്കൂട് സാര്‍വദേശീയതലത്തില്‍ പുതിയ മാതൃകയാണെന്നും പാര്‍ട്ടി വക്താക്കള്‍ പറയുന്നു.

സ്വകാര്യ നിക്ഷേപങ്ങളെ വികസനത്തിന് ആശ്രയിക്കാമെന്ന നയം 1957-ല്‍തന്നെ പാര്‍ട്ടി അംഗീകരിച്ചതാണെന്നും മാവൂര്‍ ഗോളിയോര്‍ റയോണ്‍സ് വന്നത് ഈ പശ്ചാത്തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുന്നുണ്ട്. 1967-ലെ സപ്തകക്ഷി ഭരണകാലത്ത് വ്യവസായമന്ത്രി ടി.വി. തോമസ് ജപ്പാനിലെ തോഷിബാ കമ്പനിയുമായി മൂലധനനിക്ഷേപത്തിന് കരാറുണ്ടാക്കിയപ്പോള്‍, മുതലാളിത്തരാജ്യത്തിന്റെ നിക്ഷേപമെന്ന നിലയില്‍ മുഖ്യമന്ത്രി ഇ.എം.എസ് അതിനെ തള്ളിപ്പറഞ്ഞതോ എന്നും മറ്റുമുള്ള മറുചോദ്യങ്ങള്‍ ഇപ്പോള്‍ അപ്രസക്തമാണ്. നിയമവ്യവസ്ഥകളെയും കോടതിവിധികളെയും വെല്ലുവിളിക്കുന്ന തൊഴിലാളികളുടെ സംഘടിതശക്തിയുടെയും തൊഴില്‍സമരങ്ങളുടെയും പേരില്‍ നിലനിന്ന കുപ്രസിദ്ധി മൂലം വ്യവസായ വികസനവും വന്‍കിട നിക്ഷേപസാധ്യതകളും കേരളത്തിനു നഷ്ടപ്പെട്ടതിനും, ഏഷ്യന്‍ വികസന ബാങ്ക് വായ്പയ്‌ക്കെതിരെയും സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെയും സഹകരണമേഖലയില്‍ മെഡിക്കല്‍ കോളജ് തുറക്കുന്നതിനെതിരെയും മികച്ച സര്‍ക്കാര്‍ കലാലയങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്കുന്നതിനെതിരെയും വിദേശ സര്‍വകലാശാലകളുമായി അക്കാദമിക ധാരണയുണ്ടാക്കുന്നതിനെതിരെയും മറ്റും രക്തരൂഷിത പ്രക്ഷോഭങ്ങള്‍ നയിച്ചതിനും പുരോഗമന പ്രസ്ഥാനക്കാര്‍ കേരളജനതയോട് എന്നെങ്കിലും മാപ്പുചോദിക്കുമോ?

എല്ലാം കോര്‍പറേറ്റുകള്‍ക്കും കമ്പോളത്തിനും വിട്ടുകൊടുക്കുന്ന കേന്ദ്ര നയത്തില്‍ നിന്നു വ്യത്യസ്തമായി, സാമൂഹിക നിയന്ത്രണത്തോടെ മറ്റു മൂലധനങ്ങളെ ജനക്ഷേമത്തിനും പശ്ചാത്തലവികസനത്തിനുമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് 2016-ലെ നവകേരളയാത്രയോടെ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പ്രായോഗികതലത്തില്‍ കാണിച്ചുതന്നത്. നൂറ്റാണ്ടിലെ മഹാപ്രളയവും ചുഴലികൊടുങ്കാറ്റും അതിതീവ്രമഴയും ഉള്‍പ്പെടെ തുടര്‍ച്ചയായി അതിഭയാനകമായ പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും നേരിടുമ്പോഴും നവകേരളസൃഷ്ടിക്കായുള്ള രാജ്യാന്തര നിക്ഷേപസാധ്യതകള്‍ കണ്ടെത്തുന്നതിന് എത്ര വിപുലമായ കണ്‍സള്‍ട്ടന്‍സി സംവിധാനങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഒരുക്കിയത്! ഇപ്പോള്‍, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം മികവിന്റ കേന്ദ്രമാക്കാന്‍ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നം നവകേരള നയരേഖയില്‍ പിണറായി പങ്കുവച്ചതിനു തൊട്ടുപിന്നാലെ തങ്ങളുടെ പൂര്‍ണപിന്തുണയുമായി നെതര്‍ലന്‍ഡ്‌സിന്റെ അംബാസഡറും ജപ്പാന്റെ കോണ്‍സല്‍ ജനറലും തിരുവനന്തപുരത്ത് പറന്നെത്തിയത് തന്റെ നവകേരളം എത്രമേല്‍ നിക്ഷേപസൗഹൃദമാണെന്ന് ഇരുരാജ്യങ്ങളെയും നേരത്തേതന്നെ ബോധ്യപ്പെടുത്താന്‍ നമ്മുടെ മുഖ്യമന്ത്രിക്കു കഴിഞ്ഞു എന്നതിനാലാണ്.

മോദി ഗവണ്‍മെന്റ് പിന്‍തിരിഞ്ഞുനിന്നാലും കേരളത്തിന്റെ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് എത്ര വായ്പ വേണമെങ്കിലും ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്‍ ഏജന്‍സിയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും ജര്‍മന്‍ ഡവലപ്‌മെന്റ് ബാങ്കും നല്കുമെന്ന ഉറപ്പിന്മേലാണ് അന്തിമ അലൈന്‍മെന്റ് നിര്‍ണയവും വിശദ പദ്ധതി റിപ്പോര്‍ട്ടും സാമൂഹിക, സാമ്പത്തിക ആഘാതപഠനങ്ങളുമൊന്നുമില്ലാതെ തന്നെ കെറെയിലിന് സ്ഥലമെടുപ്പുമായി മുന്നോട്ടുപോകാന്‍ പിണറായി വിജയന്‍ ഉത്തരവുനല്കിയത്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പിണറായി വിജയന്റെ നവകേരള നയരേഖയ്ക്ക് വര്‍ഗബഹുജനസംഘടനകളുടെയും പാര്‍ട്ടി അണികളുടെയും മാത്രമല്ല കേരളത്തിലെ മധ്യവര്‍ഗങ്ങളുടെയും പിന്തുണയുണ്ടെന്നും, അന്തര്‍ദേശീയതലത്തില്‍ കമ്യൂണിസ്റ്റ് ചൈനയ്ക്കു മാത്രമല്ല, ലാറ്റിനമേരിക്കയിലെ ചിലി, വെനസ്വേല, ബൊളീവിയ, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലെ ഇടതുപക്ഷ പുരോഗമന ശക്തികള്‍ക്കും വരെ മാതൃകയാക്കാവുന്ന ജനകീയ ബദലാണെന്നും ഏപ്രിലില്‍ കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കുക എന്നത് ഇനി ഔപചാരികമായ ഒരു ചടങ്ങുമാത്രമാകും.

കൊവിഡ് മഹാമാരിക്കാലത്ത് കേന്ദ്ര ഭരണകക്ഷിയുടെ ചങ്ങാത്ത മുതലാളിമാരൊഴികെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും വരുമാനം ക്ഷയിച്ചില്ലാതായി, തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും നാണ്യപെരുപ്പവും അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍, സാധാരണ ജനങ്ങളുടെ ഇന്നത്തെ ദുരിതങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കുന്നതിനു പകരം, 2022-23 സാമ്പത്തിക വര്‍ഷത്തിലെ യൂണിയന്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം മുന്നില്‍കണ്ട് അടുത്ത 25 വര്‍ഷത്തെ ‘അമൃതകാലം’ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ അടിസ്ഥാനസൗകര്യവികസന മേഖലയിലെ വന്‍സ്വപ്‌നപദ്ധതികള്‍ വര്‍ണിക്കുകയായിരുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകൃതിദുരന്തഭീഷണി കൂടുതല്‍ തീവ്രതരമായിക്കൊണ്ടിരിക്കേ കേരളത്തിന്റെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ പരിഗണിക്കാതെ, വന്‍കിട ഭൂവിനിയോഗത്തിന്റെ വികസനപദ്ധതികള്‍ക്കായി വിദേശവായ്പയുടെ സാധ്യതകള്‍ക്കു പിന്നാലെ പായുകയാണ് പിണറായി വിജയന്‍. സംസ്ഥാനത്തെ ധനസ്ഥിതി, കമ്മി ചരിത്രത്തിലെ ഏറ്റവും ശോചനീയ നിലയിലാണെങ്കിലും അടുത്ത 25 വര്‍ഷത്തെ വികസനത്തിന്റെ പേരിലുള്ള കമ്മീഷന്‍ അഡ്വാന്‍സായി കൈപ്പറ്റാന്‍ കഴിഞ്ഞാല്‍ അതില്‍പരം പാര്‍ട്ടി ബദലുണ്ടോ!

 

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം

അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരുവില്‍ ദുരൂഹ രോഗം കണ്ടെത്തി.ഒരാള്‍ മരിച്ചു,292 ഓളം പേര്‍ രോഗബാധിതരായി.ഓക്കാനം,അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്. രോഗകാരണം എന്താണെന്ന് ഇതുവരെ

കെ.എല്‍.സി.എ സംസ്ഥാനതല ബിസിനസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

കെഎല്‍സിഎ സംസ്ഥാനതല ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. അവാർഡ് വിതരണം 2018 മേയ് 27 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ആശീര്‍ഭവനില്‍. കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ സംസ്ഥാനസമിതിയുടെ

കേരളപുരത്ത് സമാധാന നടത്തം സംഘടിപ്പിച്ചു

കൊല്ലം: മതേതരത്വം സംരക്ഷിക്കുവാനും ലോക സമാധാനത്തിനും യൂത്ത് ഫോര്‍ പീസ് എന്ന ആശയം മുന്‍ നിര്‍ത്തി കൊല്ലം രൂപതയുടെ ‘സമാധാന നടത്തം’ കേരളപുരം മേരി റാണി ദേവാലയം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*