നവയുഗ നിയന്താവിന് പ്രണാമം

വിശുദ്ധ ത്രേസ്യയുടെ ബെര്ണര്ദീന് ബച്ചിനെല്ലി എന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി റോമില്‍ നിന്ന് കേരളക്കരയില്‍ പെരിയാര്‍ തീരത്തെ വരാപ്പുഴ ദ്വീപില്‍ നേപ്പിള്‍സുകാരനായ മറ്റൊരു ബെര്‍ണദീനോടൊപ്പം വന്നണയുന്നത് തന്റെ പൗരോഹിത്യത്തിന്റെ മൂന്നാം കൊല്ലം ഇരുപത്താറാം വയസിലാണ് – 1833ല്‍. പിന്നെ 35 കൊല്ലം, അറുപത്തൊന്നാം വയസില്‍ അന്ത്യശ്വാസം വലിക്കുംവരെ, ഒരിക്കല്‍ പോലും തന്റെ മാതൃരാജ്യത്തേക്കു തിരിഞ്ഞുനോക്കാതെ ബച്ചിനെല്ലി എന്ന മഹാപ്രേഷിതന് മലബാര്‍ മിഷനുവേണ്ടി, കേരളത്തിന്റെ നവോത്ഥാനനിര്മിതിക്കായി തന്റെ ജീവിതം അര്‍പ്പിച്ചു. ദക്ഷിണ കാനറ മുതല്‍ കന്യാകുമാരി വരെ പരന്നുകിടന്ന വരാപ്പുഴ വികാരിയാത്ത് എന്ന കത്തോലിക്കാ സഭയുടെ അവിഭക്ത പ്രാദേശിക പ്രവിശ്യയില്‍ മൂന്നൂറോളം വര്‍ഷം നീണ്ട കര്‍മലീത്തരുടെ അപ്പസ്തോലിക ശുശ്രൂഷാ ചരിത്രത്തില്‍ പരമ തേജസ്വികളുടെ ഉത്തുംഗ ശ്രേണിയില്‍ പ്രാതഃസ്മരണീയനാണ് ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി.
മലയാളത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞും ആത്മവിശുദ്ധിയുടെ സുകൃതജപങ്ങളുരുവിട്ടും കെട്ടുവള്ളത്തില്‍ കടവുകള്‍ താണ്ടിയും വരാപ്പുഴ ഇടവകയിലെ നാലായിരത്തില്പരം വിശ്വാസികളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളില്‍ ഇടപെട്ടും പ്രേഷിതചൈതന്യത്തിന്റെ നിറവില്‍ ഇടയശുശ്രൂഷ നയിച്ചുകൊണ്ടിരിക്കെയാണ് ഒരുനാള്‍ ബച്ചിനെല്ലി എന്ന കൊച്ചുമൂപ്പച്ചന്‍ കൂനമ്മാവില്‍ ഒരു കുടിപ്പള്ളിക്കൂടത്തിലെ ആശാന് തണ്ണിക്കോട്ട് വറീത് സാല്‍വദോറിനെ കണ്ടുമുട്ടുന്നത്. നിലത്തെഴുത്തും ഓലയും എഴുത്താണിയുമൊക്കെയായി കുഞ്ഞുങ്ങള്‍ക്ക് അക്ഷരവെളിച്ചം പകരുന്ന ആശാന്റെ നിസ്വാര്‍ഥ സേവനം മാനിച്ച് അദ്ദേഹത്തിന് ’16 പുത്തന്‍’ ശമ്പളം നല്കാന് ആര്‍ദ്രഹൃദയനായ ഇടയന് ഉടന്‍ ഏര്‍പ്പാടു ചെയ്തു. അധ്യാപകവൃത്തിക്ക് വേതനം നല്‍കുന്നതിന് സ്ഥിരംസംവിധാനം വേണമെന്നുകണ്ട് അദ്ദേഹം നാട്ടിലെ പ്രമാണിമാരില്‍ നാലുപേരോട് മാസംതോറും ഓരോ പുത്തന്‍ വീതം സംഭാവന ചെയ്യാന്‍ നിര്‍ദേശിച്ചു; വികാരി നാലു പുത്തന്‍ നല്‍കും, തന്റെ കൈയില്‍ നിന്ന് എട്ടു പുത്തനും. സര്‍വാശ്ലേഷകമായ മനുഷ്യസ്നേഹത്തിന്റെയും ക്രാന്തദര്‍ശിത്വത്തിന്റെയും ഈ അടയാളമുദ്ര ബച്ചിനെല്ലിയുടെ സമസ്ത കര്‍മപദ്ധതികളിലും ഇടയലേഖനങ്ങളിലും അജപാലന ആഹ്വാനങ്ങളിലും തെളിഞ്ഞുകാണാനാകും.
വിദ്യാദാനം സര്‍വശ്രേഷ്ഠമായ പ്രേഷിതശുശ്രൂഷയാണെന്ന തിരിച്ചറിവാകണം വരാപ്പുഴ വികാരിയാത്തിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ് മൂന്നു വര്‍ഷത്തിനകം, 1856ല്‍, ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കല്പന ഇറക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വികാരിയാത്തിലെ എല്ലാ ഇടവകകളിലും കരകളിലും പള്ളിയോടുചേര്‍ന്ന് ഒന്നോ അതിലധികമോ സ്കൂളുകള്‍ പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി സ്ഥാപിക്കണമെന്നും, ജാതിമതലിംഗഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കണമെന്നുമാണ് ബച്ചിനെല്ലി പിതാവ് തന്റെ ഇടയലേഖനത്തില്‍ കല്പിച്ചത്. തിരുവിതാംകൂറില്‍ ലണ്ടന്‍ മിഷനും ചര്‍ച്ച് മിഷന് സൊസൈറ്റിയും, മലബാറില്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനും മറ്റുമായി പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസത്തിന് സമഗ്രവും സര്‍വവ്യാപകവുമായ വിദ്യാലയശൃംഖലയ്ക്ക് പ്രായോഗികവും വ്യവസ്ഥാപിതവുമായ പദ്ധതി കേരളത്തില്‍ ആദ്യം നടപ്പാക്കിയത് ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയാണ്.
സ്കൂള്‍ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ വീടുകളില്‍ നിന്ന് ‘പിടിയരി’ സംഭാവന സ്വീകരിക്കുന്നതിന് ഉണ്ണിമിശിഹായുടെ ധര്‍മസംഘം എന്ന സംവിധാനത്തിന് അദ്ദേഹം രൂപം നല്കി. സ്കൂള്‍ നിര്‍മാണം, മാനേജ്മെന്റ്, അറ്റകുറ്റപ്പണിയും നടത്തിപ്പും, അധ്യാപകരുടെ ശമ്പളം, അധ്യാപനത്തിന്റെ ഗുണനിലവാരം വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കാനും നിജസ്ഥിതി സംബന്ധിച്ച് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ടു നല്കാനുമായി മേഖലാ തലത്തില്‍ പ്രമുഖ തദ്ദേശീയ വൈദികരെ തന്റെ ഡപ്യൂട്ടികളായി ബച്ചിനെല്ലി പിതാവ് നിയമിച്ചിരുന്നു. ഈ ഡപ്യൂട്ടികള്‍ 20 ദിവസം വീതം ഓരോ ഇടവകയിലും താമസിച്ച് കാര്യങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കണമെന്നായിരുന്നു കല്പന. വികാരിയാത്തിലെ മൊത്തം വിദ്യാലയങ്ങളുടെ മേല്‍നോട്ടത്തിന് പ്രൊക്യുറേറ്ററും തദ്ദേശീയ സന്യാസ ആശ്രമങ്ങള്ക്കായുള്ള ഡലിഗേറ്റുമായ ഇറ്റാലിയന്‍ കര്‍മലീത്താ മിഷണറി ഫാ. ലെയോപോള്‍ഡ് ബൊക്കാറോയെയും ചുമതലപ്പെടുത്തിയിരുന്നു.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു മതില്‍കൊണ്ട് വേര്‍തിരിച്ച ക്ലാസ്മുറികളിലാണ് ഇരുത്തിയിരുന്നത്. എന്നാല്‍ ഇരുകൂട്ടരെയും പഠിപ്പിക്കാന്‍ മിക്കവാറും ഒരു അധ്യാപകനാണുണ്ടാവുക. ഈ വിദ്യാലയങ്ങളില്‍ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് വിശ്വാസപരിശീലനത്തിന് ഞായറാഴ്ചകളിലും മറ്റ് അവധിദിനങ്ങളിലും രണ്ടു മണിക്കൂര്‍ വീതം വേദപാഠ ക്ലാസുകള്‍ നടത്തണമെന്നും ഇതിനായി യോഗ്യരായ അധ്യാപകരെ നിശ്ചയിക്കണമെന്നും കുട്ടികളുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും 1857ലെ ഒരു ഇടയലേഖനത്തില്‍ അദ്ദേഹം നിഷ്കര്‍ഷിക്കുന്നുണ്ട്. വരാപ്പുഴയില്‍ സത്യവേദ മാര്‍ഗം തേടിയെത്തുന്നവരെ പരിശീലിപ്പിച്ച് ജ്ഞാനസ്നാനത്തിന് ഒരുക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന കാറ്റക്കുമനേറ്റുമായി ബന്ധപ്പെട്ടും കര്‍മലീത്താ ആശ്രമത്തോടുചേര്‍ന്നുള്ള സെമിനാരിയില്‍ രണ്ടു ടേമുകളിലായി 13 കൊല്ലം റെക്ടറുടെ ചുമതല വഹിച്ചതില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ച അനുഭവസമ്പത്തും ഈ മാര്‍ഗരേഖകളില്‍ പ്രതിഫലിച്ചിരുന്നു.
രാജ്യത്ത് തദ്ദേശീയ വനിതകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീസമൂഹത്തിന് – കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയ്ക്ക് (ടിഒസിഡി) – അനുമതിയും അംഗീകാരവും നല്‍കിയത് വരാപ്പുഴയുടെ വികാരി അപ്പസ്തോലിക്കയായിരുന്ന ബച്ചിനെല്ലിയാണ്. ദൈവദാസി മദര്‍ ഏലീശ്വ സ്ഥാപിച്ച ടിഒസിഡി സമൂഹത്തില്‍ നിന്നാണ് പിന്നീട് റീത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരേസ്യന്‍ കാര്‍മലൈറ്റ്സ് സന്യാസിനിസമൂഹവും (സിടിസി), കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) സമൂഹവും ഉത്ഭവിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യത്തെ കോണ്‍വന്റ് സ്കൂളും ബോര്‍ഡിംഗ് ഹൗസും 1868ല്‍ മദര്‍ ഏലീശ്വ കൂനമ്മാവില്‍ സ്ഥാപിച്ചത് ബച്ചിനെല്ലി പിതാവിന്റെ അനുഗ്രഹാശിസുകളോടെയാണ്. ഭാഷ, കണക്ക്, ശാസ്ത്രം, ആര്‍ട്സ്, ക്രാഫ്റ്റ്സ്, ഹാന്‍ഡിക്രാഫ്റ്റ്സ്, സംഗീതം, പാചകകല, ധ്യാനം, വേദോപദേശം എന്നിവയ്ക്ക് പ്രത്യേക പാഠ്യക്രമം ഇവിടെ ഒരുക്കിയിരുന്നു.
സന്യാസജീവിതശൈലി പിന്തുടരാന് ആഗ്രഹിച്ച ഒരുസംഘം തദ്ദേശീയ വൈദികര്‍ വരാപ്പുഴ വികാരി അപ്പസ്തോലിക്കയുടെ അനുമതിയോടെ മാന്നാനത്ത് 1831ല്‍ ആരംഭിച്ച അമലോത്ഭവ ദാസസംഘത്തിന് 1853ല്‍ റോമില്‍ നിന്ന് നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയുടെ അംഗീകാരം വാങ്ങാനും ഈ സമൂഹത്തിന്റെ ഘടനാപരമായ കാനോനിക സ്ഥിരീകരണവും ചട്ടങ്ങളും വ്യവസ്ഥ ചെയ്യാനും ആ സമൂഹത്തിനായി റോമില്‍ നിന്നു നിയമിക്കപ്പെട്ട വികാര്‍ പ്രൊവിന്‍ഷ്യല്‍ എന്ന നിലയില്‍ മോണ്‍. ബച്ചിനെല്ലിക്കു കഴിഞ്ഞു. 1855 ഡിസംബറില്‍ ഫാ. സിറിയക് ഏലിയാസ് (വരാപ്പുഴ വികാരിയാത്തിലെ വൈദികന് എന്ന നിലയില്‍ ചാവറ കുര്യാക്കോസ് എന്ന് അറിയപ്പെട്ടിരുന്നു ആ വിശുദ്ധന്) സന്യാസസഭാംഗമായി വ്രതവാഗ്ദാനം നടത്തിയത് മോണ്‍. ബച്ചിനെല്ലിയുടെ ഡലിഗേറ്റായിരുന്ന ഫാ. മര്സലീനോ ബെരാര്ദിയുടെ മുന്‍പാകെയാണ്. സെര്‍വന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ഓഫ് മൗണ്ട് കാര്‍മല്‍ എന്ന ആ കര്‍മലീത്താ മൂന്നാം സഭ നൂറു വര്‍ഷത്തിനുശേഷം, 1958ലാണ് കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന പേരിലേക്കു മാറിയത്.
സുറിയാനി റീത്തുകാര്ക്കെന്നപോലെ ലത്തീന്‍കാര്‍ക്കുവേണ്ടി കൂനമ്മാവ് സെന്റ് ഫിലോമിനാ പള്ളിയോടുചേര്‍ന്ന് 1857 ജൂലൈയില്‍ ആറുമുറികളുള്ള രണ്ടുനില ആശ്രമം ബച്ചിനെല്ലി പിതാവ് ഒരുക്കിയിരുന്നു. ഇത് പിന്നീട് സുറിയാനി സന്യാസാര്ഥികളുടെ നൊവിഷ്യേറ്റായി മാറി. സുറിയാനിക്കാര്‍ക്കുവേണ്ടിയുള്ള വരാപ്പുഴ വികാരി അപ്പസ്തോലിക്കയുടെ വികാരി ജനറല്‍ എന്ന നിലയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിലെ അവസാനത്തെ ഏഴുവര്‍ഷം ചെലവഴിച്ചതും മരിച്ചതും കൂനമ്മാവിലെ സെന്റ് ഫിലോമിനാസ് ആശ്രമത്തിലാണ്. ആ വിശുദ്ധന്റെ പൂജ്യഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത് സെന്റ് ഫിലോമിനാസ് ദൈവാലയത്തിലാണ്. വിശുദ്ധ ചാവറയുടെ നാമത്തിലുള്ള വരാപ്പുഴ അതിരൂപതയുടെ തീര്‍ഥാടനകേന്ദ്രമാണ് ഈ ദൈവാലയം.
കൂനമ്മാവില്‍ സ്ഥാപിച്ച ആദ്യ ആശ്രമത്തിന്റെ തുടര്‍ച്ചയെന്നോണം 1866ല്‍ മഞ്ഞുമ്മല്‍ അമലോത്ഭവ നാഥയുടെ നാമത്തിലുള്ള ആശ്രമവും പള്ളിയും സ്ഥാപിക്കാന്‍ ബച്ചിനെല്ലി പിതാവ് മുന്‍കൈ എടുത്തു. ആഗോള നിഷ്പാദുക കര്‍മലീത്താ സഭയുടെ ഏറ്റവും വലിയ പ്രോവിന്സാണിന്ന് വിശുദ്ധ പത്താം പീയൂസിന്റെ നാമത്തിലുള്ള മഞ്ഞുമ്മല്‍ ഒസിഡി പ്രോവിന്‍സ്.
വൈദികരൂപീകരണത്തിന് മലബാറില്‍ നിലനിന്നിരുന്ന പരമ്പരാഗതശൈലിയിലുള്ള മല്പാന് പാഠശാലകള്‍ അപര്യാപ്തമാണെന്നു കണ്ടെത്തി ആ സമ്പ്രദായം പാടേ നിര്‍ത്തലാക്കിയ ബച്ചിനെല്ലി മെത്രാപ്പോലീത്ത വരാപ്പുഴയിലെ സെന്‍ട്രല്‍ സെമിനാരി വിപുലീകരിച്ച് പുത്തന്പള്ളിയിലേക്കു മാറ്റിസ്ഥാപിക്കുകയുണ്ടായി. കേരളസഭയുടെ ഐക്യത്തിനും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമായി വൈദികപരിശീലന സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന് ധീരമായ നീക്കമാണ് അദ്ദേഹം നടത്തിയത്.
സാമൂഹിക പരിവര്‍ത്തനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും ആധ്യാത്മിക നവീകരണത്തിനുമായി ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി നടപ്പാക്കിയ പദ്ധതികളും വിശ്വാസികള്‍ക്കും സമൂഹത്തിനും നല്കിയ ഉദ്ബോധനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അവിസ്മരണീയമാണ്. നാടോടികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ഭിക്ഷാടകര്‍ക്കും നല്‍കേണ്ട പരിചരണവും കരുതലും, വസൂരിക്കെതിരെ രാജാവ് നടപ്പാക്കിയ പ്രതിരോധ കുത്തിവയ്പ് വിജയകരമാക്കല്‍, കൊള്ളപ്പലിശ വാങ്ങുന്നതിലെ അനീതി തടയാനുള്ള ശ്രമം തുടങ്ങി സാമൂഹിക പ്രതിബദ്ധത നിറഞ്ഞുനില്ക്കുന്ന ഉദ്ബോധനങ്ങളിലും ആധ്യാത്മിക പരിപോഷണത്തിനായുള്ള ഭക്തിമാര്‍ഗങ്ങളുടെ പ്രചാരണത്തിലും ഈ ശ്രേഷ്ഠാചാര്യന് വെട്ടിത്തെളിച്ച പാതയിലെ ദീപ്ര വെളിച്ചം ഇനിയും വരാനിരിക്കുന്ന തലമുറകള്‍ക്കും വഴികാട്ടിയാകും.
ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മുന്നൊരുക്കത്തില്‍, പത്തൊന്‍പതാം നൂറ്റാണ്ടിലെ മലയാളക്കരയുടെ സാമൂഹിക പശ്ചാത്തലത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കും നേതൃത്വം വഹിച്ച ആ മഹാപ്രേഷിതന്റെ 150-ാം ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ കേരളമക്കള്‍ മഹാപ്രളയമായെത്തിയ കൊടുംയാതനകളുടെ ദുരിതപര്‍വത്തിലാണ്. പ്രത്യാശയുടെയും വിശ്വാസ സ്ഥിരീകരണത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതിജ്ഞ പുതുക്കാന്‍ ഈ പുണ്യശ്ലോകന്റെ ധന്യസ്മൃതി നമുക്ക് തുണയാകട്ടെ.
Related
Related Articles
മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ എം. മുകുന്ദനെ ആദരിച്ചു
കോഴിക്കോട്: എഴുത്തച്ഛന് പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദനെ മാഹി സെന്റ് തെരാസാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആദരിച്ചു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ മേരി മാതാ
ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പുണ്യപുരുഷന്
നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം പിതാവ് വിശുദ്ധപാതയിലേക്ക് പ്രയാണം ആരംഭിക്കുകയാണ്. ഈ പുണ്യപുരുഷനെക്കുറിച്ചുള്ള ഓര്‍മകള്‍ ജനഹൃദയങ്ങളിലും കൊല്ലം നഗരവീഥികളിലും ഇന്നും തെളിഞ്ഞുനില്ക്കുന്നു.
മനുഷ്യരെ പിടിക്കുന്നവര്‍
പണ്ഡിതരെയും പണക്കാരെയുമല്ല യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത്; പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയായിരുന്നു. ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് യേശു അവരോടു പറഞ്ഞു. പ്രളയകാലത്ത് ഏറ്റവും