നവോത്ഥാന ചരിത്രം തിരുത്തരുത്

മതില്കെട്ടുന്നതിനെക്കുറിച്ചാണ് നാട്ടിലെ ഏറ്റവും പുതിയ വര്‍ത്തമാനം. നവോത്ഥാന മതില് എന്ന് പേര്. ഇടതുപക്ഷമുന്നണിയുടെ ഉത്സാഹത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയാണ് മതില് പണിയുന്നതെന്നായിരുന്നു ആദ്യതീരുമാനം. പിന്നെ കേട്ടു സര്‍ക്കാര്‍ തന്നെ ഉത്സാഹക്കമ്മിറ്റിയാകുന്നുവെന്ന്. പ്രതിപക്ഷം നിയമസഭാ നടപടികളില്‍ നിന്ന് ഇറങ്ങിപ്പോവുകയും തിരിച്ചുകയറുകയും ചെയ്തുകൊണ്ടിരിക്കേ, മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാകവാടത്തില്‍ സത്യഗ്രഹം നടത്തിക്കൊണ്ടിരിക്കേ (നിരാഹാരമോ അല്ലയോ എന്ന് വ്യക്തമല്ല), സെക്രട്ടേറിയറ്റ് നടയ്ക്കല്‍ എ. എന്‍ രാധാകൃഷ്ണന് നിരാഹാര സത്യഗ്രഹത്തിലായിരിക്കേ, മതില്‍ക്കെട്ടു പണിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്നാണ് കേള്‍വി. പ്രതിപക്ഷ നേതാവ് പറഞ്ഞു: പ്രളയാനന്തര സാമ്പത്തിക ഞെരുക്കകാലത്ത്, ജനത്തിന്റെ നികുതിപ്പണം പിഴിഞ്ഞ് സര്‍ക്കാര്‍ നവോത്ഥാന മതില്‍പോലെ നിഷ്പ്രയോജന രാഷ്ട്രീയകളികള്‍ക്ക് മുതിരരുത്. പറഞ്ഞതില്‍പ്പാതി പതിരായിപ്പോകുമെങ്കിലും പാതിയില്‍ പകുതിയെങ്കിലും കതിര്മണികള് തന്നെ! നാമജപരാഷ്ട്രീയത്തെ നവോത്ഥാന മതില്‍കെട്ടി അടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. 2019ന്റെ പുതുപുലരി വിടരുന്നത് അങ്ങനെ മതില്ക്കെട്ടോടെയാകുമെന്ന് ചുരുക്കം.
ചില ഉപകഥകള്‍ കൂടി പ്രചാരത്തിലുണ്ട്. നവോത്ഥാന മതില്‍പ്പണിക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സംഘടനകളെ ജാതിസംഘടനകളെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചുവെന്നാണ് ഒന്നാമത്തെ കഥ. താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലായെന്ന് പ്രതിപക്ഷ നേതാവ് മറുകഥ പറഞ്ഞു. വന്നവരാരും പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം അറിയിച്ചതായി ഇതുവരെ അറിയില്ല. 190 സംഘടനകള്‍ക്കാണ് ക്ഷണം നല്‍കിയത്. കുറെപ്പേര് വന്നു. ഇവരെല്ലാം നവോത്ഥാനപ്പോരാട്ടങ്ങളുടെ പിന്തലുമറയില്പ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കുകയും പിന്നീട് നവോത്ഥാനമൂല്യങ്ങളുടെ പിന്‍തലമുറക്കാരാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഏതാനും പേരെയും സര്‍ക്കാര്‍ ചിലവില്‍ വിളിച്ചുവരുത്തിയതായും ആക്ഷേപം ഉയര്‍ന്നതും വിവാദമായി. ഇന്ത്യയുടെ മതേതര നിലപാടുകള്‍ക്കെതിരെ കര്‍സേവയ്ക്കുപോയ നേതാവടക്കമുള്ളവരാണ് നവോത്ഥാന മതില്പണിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. നടേശന് മുതലാളിയാകട്ടെ ആ വഞ്ചിയിലും ഈ വഞ്ചിയിലുമായി ആലോലമാടി നില്ക്കുന്നു. ആചാരസംരക്ഷണത്തിനായി തേര് ഉരുട്ടാന്‍ പോയ മകന് മുതലാളിക്കൊപ്പം കൂടണോ അതോ നവോത്ഥാനമതില്കെട്ടാന് ഇറങ്ങിപ്പുറപ്പെട്ട അച്ഛന് മുതലാളിക്കൊപ്പം കൂടണോ എന്ന കണ്‍ഫ്യൂഷനിലാണ് അനുയായികള്‍. പിണറായി സഖാവിന്റെ സാന്നിധ്യത്തില്‍ ഒന്നു പറഞ്ഞും അസാന്നിധ്യത്തില്‍ മറ്റൊന്നു പറഞ്ഞും ഇരട്ടത്താപ്പ് കളിക്കുന്ന മുതലാളിയുടെ മനസിലിരുപ്പ് തിരിഞ്ഞുകിട്ടിയവര് മാത്രം ഊറിച്ചിരിക്കുന്നു. ഈ രാഷ്ട്രീയക്കളികള്ക്കിടയിലും അത്രയ്ക്ക് ചിരിതരാത്ത ഗൗരവതരമായ ചില ചോദ്യങ്ങള്‍ മറനീക്കി പുറത്തുവരുത്തുന്നുണ്ട്. കേരളത്തില്‍ നവോത്ഥാനം നടന്നതിന്റെ ചരിത്രനാള്‍ വഴികള്‍ അടയാളപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത് വിളിച്ച സമുദായസംഘടനകള്‍ മാത്രമാണോ പ്രാപ്തി നേടിയവര്‍? ജാതിയുടേയും മതത്തിന്റെയും സമുദായത്തിന്റെയും തരംതിരിവ് നടത്തി നവോത്ഥാന ചരിത്രം എഴുതാന്‍ താല്പര്യമുണ്ടെങ്കില് ഇടതുപക്ഷത്തിന് സമഗ്രമായ ചരിത്ര രചനയ്ക്ക് വേറെയും ചരിത്ര പാഠങ്ങള്‍ പരിശോധിക്കേണ്ടതായി വരും. നിലവില്‍ കത്തിനില്‍ക്കുന്ന ശബരിമല വിഷയത്തെ നേരിടാനാണ് സര്‍ക്കാര്‍ ഇക്കണ്ട കളിക്കെല്ലാം മുതിരുന്നത് എന്ന് വ്യക്തമായതിനാല്‍ ജാതിയും മതവും തിരിച്ചുള്ള, നവോത്ഥാന പേരിലുള്ള രാഷ്ട്രീയക്കളികള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീക്കളിതന്നെയെന്ന് നേരത്തെ തിരിച്ചറിഞ്ഞാല്‍ അത്രയും നന്ന്.
നവോത്ഥാനത്തിന്റെ നാനാതരത്തിലുള്ള ഉള്‍പ്പിരിവുകളില്‍ തീര്‍ച്ചയായും വിവിധ സമുദായങ്ങള്‍ക്കുള്ളില്‍ നടന്ന നവീകരണ ശ്രമങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. അതേസമയം, നവോത്ഥാന നായകര്‍ എന്ന് ആദരവോടെ കേരള സമൂഹം വിളിക്കുന്ന ഉജ്വലരായ മനുഷ്യരെ ഏതെങ്കിലും സമുദായത്തിന്റെ സ്വത്തായി മൊത്തത്തില്‍ എഴുതിക്കൊടുത്ത് മറ്റുള്ളവര്‍ കൈയും കെട്ടി നോക്കി നില്‍ക്കേണ്ടതുണ്ടോ? ഇനിയിപ്പോള്‍ സമുദായ സംഘടനകള്‍ തന്നെ വേണം എന്ന നിര്‍ബന്ധം പിടിച്ചാല്‍ പോലും ചരിത്രപാഠങ്ങളെയാകെ തമസ്ക്കരിക്കാമോ? ക്രൈസ്തവ മിഷണറിമാരും മറ്റ് നവോത്ഥാന നേതാക്കളും താന്താങ്ങളുടെ സമുദായ ഉല്ക്കര്ഷേച്ഛയ്ക്ക് മാത്രമായാണോ ജീവിതം സമര്‍പ്പിച്ചത്? നാട്ടിലുണ്ടായിരുന്ന മനുഷ്യത്വഹീനമായ രീതികള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളും കൈക്കൊണ്ട നിലപാടുകളും എതിര്ക്കപ്പെട്ടതിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയാം അതത് സമുദായങ്ങള്‍ തന്നെ ഇവര്‍ക്കെതിരെ കുരിശുകള്‍ പണിതുയര്‍ത്തിയതിന്റെ അധികം പറയപ്പെടാത്ത ചരിത്ര ഏടുകള്‍. ക്രൈസ്തവ ബോധത്തില്‍ കറുപ്പ് പടര്‍ത്തിയ സവര്ണതെമ്മാടിത്തത്തിന് ഇന്നും പേശിബലം കുറഞ്ഞിട്ടില്ല. പുലപ്പള്ളിയും പറപ്പള്ളിയും മാര്ക്കക്കാരനും മുക്കുവനും തൊടീലും തീണ്ടലുമായി ഇപ്പോഴും അഭിമാനക്കൊലയ്ക്കുവരെ ഇരയാകുന്നുണ്ടല്ലോ! മിഷണറിമാര്‍ നേരിടേണ്ടി വന്ന സമ്മര്‍ദ്ദങ്ങളും എതിര്‍പ്പുകളും പുറത്തുനിന്നു മാത്രമായിരുന്നില്ലായെന്നറിയണം. നവോത്ഥാന നായകരെ അവരവരുടെ താല്പര്യത്തിനായി നിര്മിച്ചുകൊണ്ടേയിരിക്കുന്ന കാലത്ത്, ചരിത്രാംശങ്ങള്‍ ചോര്‍ന്നുപോകാതെ സത്യപ്രസ്താവനകള്‍ നടത്തേണ്ട പുതിയകാല രാഷ്ട്രീയം ജീവിക്കുക തന്നെ വേണം.
ഊരൂട്ടമ്പലത്തും പുല്ലാട്ടും അടിമക്കുട്ടികളെയും അവര്ണ്ണക്കുട്ടികളെയും സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ നാരായണ ഗുരുവും അയ്യങ്കാളിയും ചേര്‍ന്നു നടത്തിയ സമരനേതൃത്വം ഓര്‍മിക്കണം. അന്ന് ക്ലാസ് മുറിയിലേക്ക് ചെന്ന കുഞ്ഞുങ്ങളെ അടിച്ചോടിക്കാന്‍ മുന്‍കൈയടുത്ത നായര്‍ പ്രമാണികളോടൊപ്പം ഈഴവ പ്രമുഖരും ഉണ്ടായിരുന്നുവെന്നുമറിയണം. നാരായണഗുരുവും അയ്യങ്കാളിയും ഇതേപ്പറ്റി സങ്കടത്തോടെ നടത്തുന്ന വര്‍ത്തമാനങ്ങളുമുണ്ട്. മനംനൊന്ത് തന്റെ സമുദായസംഘടനയോട് വിടപറയുന്ന ഗുരുവിന്റെ ചരിത്രവും പറയേണ്ടതല്ലേ? അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘത്തിന്റെ പില്ക്കാല ചരിത്രം അധികം പറയപ്പെട്ടിട്ടുണ്ടോ? അധികാര വടംവലിയിലും സംഘടനാ പിളര്‍പ്പിലും മനം നൊന്തല്ലേ മഹാനായ ആ മനുഷ്യന് മരണപ്പെട്ടത്? പൊയ്കയില്‍ അപ്പച്ചന്റെയും വൈകുണ്ഠ സ്വാമികളുടെയും തൈക്കാട്ട് അയ്യാവിന്റെയുമൊക്കെ ചരിത്രവും മറ്റൊന്നല്ല!
നവോത്ഥാനത്തിന്റെ മൊത്തം ചരിത്രമൂല്യവും ശേഷിയും പില്ക്കാല നേതാക്കള്‍ക്കും ഗുണപരമായ മാറ്റം വന്ന സംഘടനകള്‍ക്കുമായി തീറെഴുതിക്കൊടുക്കുമ്പോള്‍ സംഭവിക്കുന്ന ചരിത്രശോഷണം ചരിത്ര പഠിതാക്കള്‍ കാണാതെ പോകരുത്. സര്‍ക്കാരിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള പാഠമാണോ നവോത്ഥാനം?
നികുതിപ്പണം പൊതുസമൂഹത്തിന്റേതാണ്. അത് ചെലവഴിക്കുന്നത് കക്ഷിതാല്‍പര്യങ്ങള്‍ക്കു വേണ്ടി ആവരുത്. എല്ലാവരും ചേര്‍ന്ന് നുണകള്‍കൊണ്ട് ചരിത്രം നെയ്താലും സത്യം പകല്‍പോലെ പ്രകാശിക്കുക തന്നെ ചെയ്യും. കേരളത്തെ നിര്‍മിച്ചെടുത്ത മഹത്തുക്കളെ മറക്കാതിരിക്കണം നമ്മള്-ചരിത്രത്തെയും.
Related
Related Articles
കോടതി വിധിയെ മാനിക്കുന്നു- ക്നാനായ സഭ
സിസ്റ്റര്‍ അഭയ കൊലക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണം. പ്രതികളായ വൈദീകന് തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയെയും ജീവപര്യന്തം ശിക്ഷയും, പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
നവീകരിച്ച വരാപ്പുഴ ദേവാലയം ആശീര്‍വദിച്ചു
എറണാകുളം: നവീകരിച്ച ചരിത്ര പ്രസിദ്ധമായ വരാപ്പുഴ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയം അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആശിര്‍വദിച്ചു. ഗോതിക് ശില്പചാരുതിയുടെ മനോഹാരിതയും
സ്പിരിത്തൂസ് ദോമിനി
കൊവിഡ് മഹാമാരി മൂലം ലോകം മുഴുവനും ലോക്ഡൗണായ കാലത്ത് അദ്ധ്യാപനം നടന്നത് ഓണ്‍ലൈന്‍ വഴിയാണല്ലോ. നൂറിലധികം വരുന്ന അല്മായര്ക്കായി നടക്കുന്ന ഒരു ഓണ്‍ലൈന്‍ കാനോന്‍ ലോ കോഴ്സില്‍