നാം ആരുടെ മക്കള്‍?

നാം ആരുടെ മക്കള്‍?

ശരത് വെണ്‍പാല

മുന്‍മൊഴി
”ആ മരമീമരം രാമനാകുമ്പോള്‍
വാത്മീകത്തില്‍ രാമായണരാഗം
ഹേറാം ഹേറാം വെടിയുണ്ടയാകുമ്പോള്‍
നാഥുറാം ഗോഡ്‌സെ വെളുക്കെച്ചിരിക്കുന്നു’

ഈ കവിതയുടെ ആദ്യവരികളെഴുതിയപ്പോള്‍ ഒരു സുഹൃത്തു കമന്റു ചെയ്തു, ഒരു രാജ്യദ്രോഹിയാകാന്‍ സാധ്യതയുണ്ടെന്ന്. സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ ഒരു പൗരന്‍ അറിയാതെ ചോദിച്ചു പോകുന്ന ചോദ്യമാണ് നാം ആരുടെ മക്കള്‍? ഗാന്ധിയുടേതോ ഗോഡ്‌സെയുടെയോ?

ഗാന്ധിയെന്ന ഗായത്രീമന്ത്രം

മോഹന്‍ദാസ് കരംചന്ദ്ഗാന്ധി-ഇന്ത്യയുടെ രാഷ്ട്രപിതാവ്. ഭാരതം പെറ്റിട്ട മക്കളില്‍ ഏറ്റവും സുഹൃദ സമ്പന്നനായ പുത്രന്‍. സത്യമായിരുന്നു അവന്റെ ദൈവം. അഹിംസയായിരുന്നു ആയുധം. പല കഷ്ണങ്ങളായിരുന്ന നാട്ടുരാജ്യങ്ങളെ സ്വാതന്ത്ര്യമെന്ന ഒറ്റ വാക്കിന്റെ സ്വപ്‌നത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവന്‍. ജീവിതമെന്ന സത്യാന്വേഷണ പരീക്ഷണങ്ങളില്‍ പതറാതെ നിന്നവന്‍. റാമും റഹിമും ഒന്നാണെന്നു പറഞ്ഞവന്‍. അംഗബലമില്ലായിരുന്നിട്ടും ആയുധബലം കൊണ്ട് ഇന്ത്യ കീഴടക്കിയ ബ്രിട്ടീഷുകാരോട് സത്യഗ്രഹം ചെയ്ത് സ്വാതന്ത്ര്യം വാങ്ങിയവന്‍. ചര്‍ക്കയില്‍ താന്‍ തന്നെ നെയ്ത ഒറ്റമുണ്ടുടുത്ത് മറുമുണ്ടു പുതച്ച് അര്‍ദ്ധനഗ്നനായ ഫക്കീര്‍. അധികാരത്തില്‍ നിന്നും ആഢംഭരങ്ങളില്‍ നിന്നും ആത്മബലത്തിന്റെ ഊന്നുവടി കുത്തിനടന്നകന്നവന്‍. ഹിന്ദു മതതത്വങ്ങളെ ആധുനിക ഇന്ത്യയ്ക്കായി നിര്‍ദ്ധാരണം ചെയ്ത, ക്രിസ്തുവിന്റെ മലയിലെ പ്രസംഗത്തെ വ്രതം പോലെ കൊണ്ടു നടന്ന മഹാത്മാവ്. പറഞ്ഞാലും പാടിയാലും തീരാത്ത ഗാഥകള്‍ ഇനിയുമുണ്ട്.

ഗോഡ്‌സെയെന്ന ഗന്ധകത്തിര
മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു പ്രാവശ്യം നിറയൊഴിച്ച ഹിന്ദുത്വവാദിയായ മറാത്ത ബ്രാഹ്മണന്‍. ഹിന്ദു മഹാസഭയുടെ ചാവേര്‍. സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ടവന്‍. രാമചന്ദ്ര എന്ന ആദ്യപേരിന്റെ ജാതകദോഷം മാറ്റാന്‍ സ്വന്തം പേര് നാഥുറാം എന്നു തിരുത്തിയവന്‍. പിന്നീട് ഇന്ത്യയുടെ ദുശ്ശകുനമായി മാറിയവന്‍. സവര്‍ക്കറിന്റെ ശിഷ്യന്‍. മട്രിക്കുലേഷന്‍ തോറ്റു ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചവന്‍. എന്നിട്ടും മറാത്തി ഭാഷയില്‍ അഗ്രാണി എന്ന പത്രം തുടങ്ങിയവന്‍. പിന്നീട് അതിന്റെ പേര് ഹിന്ദുരാഷ്ട്ര എന്നാക്കി. ഹിന്ദു മഹാസഭയുടേയും മാര്‍സസിന്റെയും ഹിന്ദുത്വവാദത്തിന് ചൂടും ചൂരും പോരെന്നു പറഞ്ഞ് ഹിന്ദുരാഷ്ട്രദള്‍ എന്ന പേരായ സംഘടന സ്ഥാപിച്ചവന്‍. ആദ്യത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും ഒരു പ്രാര്‍ത്ഥനാ സദസില്‍ വച്ച് കൂപ്പിയ കരത്തിനുള്ളില്‍ തോക്കൊളിപ്പിച്ചു വന്ദനം പറഞ്ഞ് ഹിന്ദുമതം ജന്മം നല്‍കിയ ഏറ്റവും മഹാനായ മകനെ വെടിവച്ചു വീഴ്ത്തിയവന്‍. അതില്‍ പശ്ചാത്താപമില്ലെന്നു പ്രഖ്യാപിച്ചവന്‍. അഹിംസയുടെ പ്രവാചകനെ നിഗ്രഹിച്ച ഹിംസിച്ച ഹിംസ്രജന്തു. ആശയത്തിനെ ആശയം കൊണ്ടു നേരിടാന്‍ കെല്‍പ്പില്ലാത്തവന്‍. ആയുധം കൊണ്ടു നേരിട്ടവന്‍. മൂന്നു ഗന്ധകത്തിരകള്‍ കൊണ്ട് ഇന്ത്യന്‍ മനസാക്ഷിയെ മാത്രമല്ല. ലോക മനസാക്ഷിയെ തന്നെ കീറി മുറിച്ചവന്‍. നാഥുറാം വിനായക ഗോഡ്‌സെ.

ഗാന്ധിയും ഗുജറാത്തും പിന്നെ ഗോഡ്‌സെയും
ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധിയുടെ ജനനം. അവിടുത്തെ ഒരു സ്‌കൂളില്‍ നടന്ന പ്രസംഗമത്സരത്തില്‍ കൊടുത്ത വിഷയത്തിലൊന്ന് ഗാന്ധിയെ കൊല്ലാനുള്ള കാരണങ്ങള്‍ എന്നതായിരുന്നു. ആ വിഷയം സംസാരിച്ച കുട്ടിക്ക് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. പ്രത്യാസിംഗ് താക്കൂര്‍ എന്ന പേരുള്ള കാഷായവേഷധാരി മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഗോഡ്‌സേ ഒരു ദേശസ്‌നേഹിയെന്ന് പറഞ്ഞ് വിവാദമുണ്ടാക്കി. 2008ലെ മെലഗോണ്‍ എന്ന സ്ഥലത്ത് പത്തുപേര്‍ കൊല്ലപ്പെടുകയും 82 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ബോംബു സ്‌ഫോടനത്തില്‍ കുറ്റവാളിയായി പ്രതിചേര്‍ക്കപ്പെട്ട കാവി സന്ന്യാസിനി ഇന്ത്യന്‍ പാര്‍ലമെന്റംഗമായി. 3,64,822 വോട്ടിന്റെ ഭൂരിപക്ഷവുമായി. അത്തരക്കാരുടെ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ‘വൈ ഐ കില്‍ഡ് ഗാന്ധി’ എന്ന പേരില്‍ പുസ്തകവും സിനിമയും നിര്‍മിക്കപ്പെടുമ്പോള്‍ സ്വാഭാവികമായി ഒരു പൗരന്‍ ചിന്തിച്ചു പോകും നാം ആരുടെ മക്കള്‍.

പിന്‍മൊഴി
ഗാന്ധിയും – ഗോഡ്‌സെയും രാഷ്ട്രീയത്തിലെ നിലാവും നിഴലുമാണ്. വിരുദ്ധമായ രണ്ട് ആശയസംഹിതകളാണ്. ഗാന്ധി മനുഷ്യസ്‌നേഹത്തിന്റെയും മാനവികതയുടെയും പ്രവാചകനാകുമ്പോള്‍ ഗോഡ്‌സെ അപരവിദ്വേഷത്തിന്റെയും മാനവ നിഗ്രഹത്തിന്റെയും പ്രചാരകനാണ്. തനിക്കെതിരെ സംസാരിക്കുന്നവര്‍ തന്റെ ആശയത്തിന് ബദലു തീര്‍ക്കുന്നവരൊക്കെ ശത്രുക്കളാണെന്നു കരുതുന്നവരുടെ തലമുറയറ്റിട്ടില്ല. നാസികള്‍ ജര്‍മന്‍ ദേശീയത പറഞ്ഞ് യഹൂദരെ കൊന്നു. ലങ്കയില്‍ തമിഴ് സ്വത്വബോധം പറഞ്ഞ് സിംഹളരെയും സിംഹള ദേശീയത പറഞ്ഞ് തമിഴരേയും കശാപ്പു ചെയ്തു. മുസ്ലിം മതത്തില്‍ തന്നെ തീവ്രവാദത്തിന്റെ റിക്ടര്‍ സ്‌കെയിലില്‍ കുറവ് അടയാളപ്പെടുത്തുന്നവരെ ഇല്ലായ്മ ചെയ്യുന്നു. പ്രബുദ്ധമായ കേരളത്തില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ നിരന്തരം നടമാടുന്നു. കോളജുകളിലും സ്‌കൂളുകളിലും കത്തിമുനയിലൊടുങ്ങുന്ന ജന്മങ്ങള്‍. അങ്ങനെ ആഗോളവും പ്രാദേശികവുമായി ഈ പ്രതിഭാസം നിലനില്‍ക്കുന്നു. അതിനിടയില്‍ കമ്മ്യൂണിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റല്ലാത്തവരെ കൊല്ലുന്നു.

മനുഷ്യന്‍ രാഷ്ട്രീയമായി ചിന്തിക്കാനാരംഭിച്ച നാള്‍ മുതല്‍ ആശയത്തെ ആശയം കൊണ്ടു നേരിടുന്നവരും ആശയത്തെ ആയുധം കൊണ്ടു നേരിടുന്നവരും എന്ന രണ്ട് വിഭാഗങ്ങളുണ്ട്. ആദ്യത്തെ വിഭാഗം വിഭിന്നമെന്നു കരുതുന്ന സ്വത്വങ്ങളെക്കൂടി ഒരു ചരടിലെന്നവണ്ണം കൊളുത്തിച്ചേര്‍ത്ത് രാഷ്ട്രനിര്‍മ്മിതി നടത്തുന്നു. നാനാത്വങ്ങളെ ഏകത്വമാക്കി മാറ്റുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണത്. രണ്ടാമത്തെ വിനാശകരമായ വിചിന്തനമാണ് ഏകത്വമെന്നു കരുതിയതില്‍ തന്നെ ഭിന്നതകള്‍ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രം. സ്വത്വരാഷ്ട്രീയ ബോധം ഉണര്‍ത്തിവിട്ട് അതിനുവെളിയിലുള്ളവരെല്ലാം ശത്രുക്കളെന്നു പ്രഖ്യാപിച്ച് ഉന്‍മൂലന സിദ്ധാന്തം നടപ്പിലാക്കുന്ന പദ്ധതി. ഇന്ത്യയിലെ ന്യൂനപക്ഷമായ ബ്രാഹ്മണര്‍ക്ക് മനുസ്മൃതി മൂലം ലഭിച്ചിരുന്ന അനിയന്ത്രിതമായ അധികാരവും ആനുകൂല്യങ്ങളും തിരികെ കിട്ടുകയും ജാതിശ്രേണിബദ്ധമായ ആചാരങ്ങളിലേക്കും അന്ധകാരാവൃതമായ അനാചാരങ്ങളിലേക്കും ഇന്ത്യയെ നയിക്കുവാന്‍ പര്യാപ്തമായ വിഷമാണ് ഗോഡ്‌സെയെന്ന് അറിയാവുന്ന ഹിന്ദുത്വവാദികള്‍ ഗോഡ്‌സെയെ ദേശീയവാദിയായി ദേശസ്‌നേഹിയായി ഒക്കെ ഉയര്‍ത്തിക്കാട്ടുന്നു. ബ്രിട്ടിഷുകാരുടെ മുന്നില്‍ ദയയാചിച്ച് മാപ്പപേക്ഷകള്‍ ഇംപോസിഷന്‍ പോലെയെഴുതിയ സവര്‍ക്കര്‍ വീരസവര്‍ക്കരാകുന്നു. കുല്‍ബുര്‍ക്കിയെ പോലെയുള്ള ദിഷണകള്‍ കൊല ചെയ്യപ്പെടുന്നു. ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും അതിനായി മരിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നവരുടെ കൊടിയടയാളമാണ് ഗാന്ധി. ഇന്ത്യന്‍ ദേശീയതയുടെ, ബഹുസ്വരതയുടെ, സംസ്‌കാരത്തിന്റെ, ജനാധിപത്യത്തിന്റെ ഒക്കെ നേര്‍ചിത്രമാണ് ഗാന്ധി. ഇതിന്റെയെല്ലാം വിപരീതമാണ് ഗോഡ്‌സെ. ഗാന്ധിയുടെ കൊലപാതകി, ഹിന്ദു വംശീയവാദി, മറാത്തബ്രാഹ്മണ മേല്‍ക്കോയ്മയില്‍ വിശ്വസിച്ച മനുവാദി. ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദു മാത്രമെന്ന് ഭ്രാന്തു പറയുന്ന ഗോഡ്‌സെഭക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവാണ് ഗാന്ധിയെ കൊല്ലാനെന്ത് കാരണമെന്ന പ്രസംഗ വിഷയവും വൈ ഐ കില്‍ഡ് ഗാന്ധി എന്ന പുസ്തകവും സിനിമയും മറ്റും. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും, ‘നാം ആരുടെ മക്കള്‍ ഗാന്ധിയുടേയോ ഗോഡ്‌സേയുടേയോ?’

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ദൈവനിയോഗത്തിന്റെ നാള്‍വഴിയിലൂടെ

വൈദിക വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിസിറ്റേഷന്‍ സഭയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡോ.ജയിംസ് ആനാപറമ്പില്‍ പിതാവിനോട് വിസിറ്റേഷന്‍ സഭയെകുറിച്ച് ചോദിച്ചപ്പോള്‍, ആലപ്പുഴ രൂപതയില്‍ ജന്മം കൊണ്ട്, വളരെയധികം പരിമിതികളിലൂടെ

ചരിത്രത്തില്‍ ഇടം നേടി 100 വില്ലുവണ്ടി ഘോഷയാത്രകള്‍

എറണാകുളം: ചരിത്രത്തില്‍ ഇടം നേടി കെപിഎംഎസിന്റെ 100 വില്ലുവണ്ടി ഘോഷയാത്രകള്‍. പ്രതീകാത്മകമായി പൂക്കള്‍ വിരിച്ച പാതയിലൂടെ വില്ലുവണ്ടികള്‍ നീങ്ങിയത് ജനങ്ങള്‍ക്ക് നയാനന്ദകരമായി. കോയമ്പത്തൂര്‍, വള്ളിയൂര്‍, പൊള്ളാച്ചി തുടങ്ങിയിടങ്ങളില്‍

തിരുപ്പിറവിയുടെ തിരിച്ചറിവുകള്‍

”ഇതാ, സകലജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ദാവീദിന്റെ നഗരത്തില്‍ ജനിച്ചിരിക്കുന്നു”(ലൂക്കാ 2:10,11). മനുഷ്യകുലത്തിനു ലഭിച്ച ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*