നാലു തലമുറകള്‍ വരെ ശിക്ഷയോ?

നാലു തലമുറകള്‍ വരെ ശിക്ഷയോ?

ബൈബിള്‍ ചോദ്യോത്തരം
റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി

ചോദ്യം: പൂര്‍വികര്‍ വഴി നാലു തലമുറകള്‍ വരെ ശാപമുണ്ടാകുമെന്ന് പഴയനിയമത്തില്‍ പലയിടത്തും കാണുന്നു. എന്നാല്‍ പുതിയനിയമത്തില്‍ അതേപ്പറ്റി പരാമര്‍ശമില്ല. ഈ ബൈബിള്‍വാക്യങ്ങളുടെ അര്‍ഥമെന്ത്? അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ടാണ് ചില കുടുംബങ്ങളില്‍ പാരമ്പര്യമായി ഭ്രാന്ത്, വന്ധ്യത, ആത്മഹത്യ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകുന്നത്?
തോമസ് പള്ളിപ്പറമ്പില്‍

ഉത്തരം: പുറപ്പാട് 20,5-6; 34,7; നിയമാവര്‍ത്തനം 5,9-10 എന്നിവയാണ് പ്രസക്തമായ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍. ഈ വി. ഗ്രന്ഥഭാഗങ്ങളെ അവയുടെ ശരിയായ പശ്ചാത്തലത്തില്‍ മനസിലാക്കാത്തതിന്റെ ഫലമാണ് ഈ തെറ്റിദ്ധാരണ. പുറപ്പാട് 20ഉം നിയമാവര്‍ത്തനം 5ഉം ഉടമ്പടിനിയമങ്ങളുടെ വിവരണത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാഖ്യാനിക്കേണ്ടത്. ഉടമ്പടി ചെയ്ത ദൈവവുമായുള്ള ബന്ധമാണ് ഇവിടത്തെ പ്രധാന വിഷയം. ഉടമ്പടി ദൈവത്തെ ഉപേക്ഷിക്കുമ്പോള്‍ ഇസ്രയേല്‍ ചെയ്യുന്നത് ഘനമായ പാപമാണ്. ദൈവം ഒന്നേയുള്ളൂ. ആ ദൈവം ഏക കര്‍ത്താവായി ഏക ഹൃദയത്തോടെ, ഏക സ്‌നേഹത്തോടെ, ഏക ദേവാലയത്തില്‍ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണ് ഉടമ്പടി വിശ്വസ്തത. ഉടമ്പടിയോടുള്ള അവിശ്വസ്തതയില്‍ ജീവിക്കുന്നവര്‍ ആനുപാതികമായ ശിക്ഷയ്ക്ക് അര്‍ഹരാണ്.
അതിനാല്‍ വിഗ്രഹങ്ങള്‍ ഉപേക്ഷിക്കുകയും ഏകദൈവത്തിലേക്ക് ജീവിതത്തെ കേന്ദ്രീകരിക്കുകയും ചെയ്യുക ഇസ്രായേലിന്റെ അടിസ്ഥാന ധര്‍മ്മമാണ്. കാരണം, ദൈവം വിശ്വസ്തതയുള്ളവനും ഇസ്രായേലിന്റെ ചരിത്രത്തോട് പ്രതിബദ്ധതയുള്ളവനുമായ യഥാര്‍ഥ ദൈവമാണ്. ആ പ്രതിബദ്ധതയുടെ പ്രകടനമാണ് ‘ദൈവത്തിന്റെ അസഹിഷ്ണുത അല്ലെങ്കില്‍ അസൂയ’ എന്നു വിശേഷിപ്പിക്കുമ്പോള്‍ സൂചന. ‘എന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ് അസഹിഷ്ണുവായ ദൈവമാണ്’ (പുറ 20,5). ഇവിടെ ഉദ്ദേശിക്കുന്ന പാപം ‘ദൈവത്തെ ഉപേക്ഷിക്കല്‍, വെറുക്കല്‍’ ആണ്. ശിക്ഷ നിശ്ചയിച്ചിരിക്കുന്നത് ‘എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍’ക്കാണ് (പുറ 20,5); ‘നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ…’ (നിയമ 5,9). ഇതു ദൈവജനത്തിന്റെ പാപമാണ്. ദൈവജനം പല തലമുറകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഉടമ്പടി ചെയ്ത ദൈവത്തെ, ഉടമ്പടിയോടുള്ള വിശ്വസ്ത തെറ്റാതെ പാലിക്കുന്ന ദൈവത്തെ ‘വെറുക്കുക’ എന്ന പാപത്തിന്റെ വലുപ്പവും അതിന്റെ പ്രത്യാഘാതങ്ങളുടെ കാഠിന്യവുമാണ് വിവിധ തലമുറകള്‍ ശിക്ഷയനുഭവിക്കും എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. ഒരുവന്‍ ചെയ്ത പാപത്തിന്റെ പരിണതഫലങ്ങള്‍ ദൈവം നേരിട്ടു നല്‍കുന്ന ശിക്ഷയായി കണക്കാക്കുന്ന രീതിയുമുണ്ടായിരുന്നു. ആ ചിന്തയും പശ്ചാത്തലത്തിലുണ്ട്. ഈ ബൈബിള്‍ ഭാഗങ്ങളിലെല്ലാം ദൈവത്തിന്റെ പക്ഷത്തെ അടിവരയിട്ടുകാണിക്കുന്ന രീതിയാണുള്ളത്.

മേല്‍പറഞ്ഞ രണ്ടു വിശുദ്ധഗ്രന്ഥഭാഗങ്ങളും (പുറ 20,5-6; 34,7; നിയമ 5,9-10) ദൈവത്തിന്റെ വിശ്വസ്തമായ സ്‌നേഹത്തെക്കുറിച്ചു പറയുന്നുണ്ട് എന്നതു ശ്രദ്ധിക്കണം. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കും അവന്റെ കല്പന പാലിക്കുന്നവര്‍ക്കും ആയിരം തലമുറ വരെ കരുണ കാണിക്കും എന്നു പറയുമ്പോള്‍ നാലു തലമുറകളുമായുള്ള വൈരുധ്യം വ്യക്തമാണല്ലോ. ശിക്ഷിക്കുന്നതിനെക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് രക്ഷിക്കുന്നതിനും കാരുണ്യം കാണിക്കുന്നതിനുമാണ്. അതേസമയം നീതിയും കാരുണ്യവും ദൈവത്തില്‍ മനോഹരമായി സമ്മേളിക്കുന്നു.
പുറ 34,7 ഉടമ്പടിപത്രികയുടെ പശ്ചാത്തലത്തിലുള്ള വാക്യമാണ്. ദൈവം മോശയ്ക്ക് സ്വയം വെളിപ്പെടുത്തുമ്പോഴാണ് താന്‍ മൂന്നും നാലും തലമുറകളോളം ശിക്ഷിക്കുന്നവനാണ് എന്നു പറയുന്നത്. തുടര്‍ന്ന് ദൈവം ‘കാരുണ്യവാനും കൃപാലുവും കോപിക്കുന്നതില്‍ വിമുഖനും സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനും തെറ്റുകുറ്റങ്ങള്‍ ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോടു കരുണകാണിക്കുന്നവനുമാണ്’ എന്നു പറഞ്ഞിരിക്കുന്നു. കാരുണ്യം നീതിയെ ഇല്ലാതാക്കുന്നില്ല എന്നു സൂചന.
പഴയനിയമത്തില്‍തന്നെ ഇതില്‍ നിന്നു വ്യത്യസ്തമായ പ്രവാചകവീക്ഷണത്തിന്റെ തുടക്കം കാണാം. ഓരോ വ്യക്തിയും അവന്റെ പ്രവൃത്തിയുടെ ഫലം കൊയ്യുന്നു എന്നാണ് പ്രബോധനം (എസെ. 18,18-20). പിതാവിന്റെ കുറ്റങ്ങള്‍ക്ക് മക്കള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നാണ് സന്ദേശം. വിശുദ്ധഗ്രന്ഥത്തിലെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളുടെ അരുവികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. പല പഴയനിയമ പ്രബോധനങ്ങളുടെയും സാധുതയും കാലാവധിയും യേശുവിന്റെ വരവോടെ ഇല്ലാതായിട്ടുണ്ട്. ക്രൈസ്തവര്‍ അവയ്ക്കനുസരിച്ചല്ല ജീവിതത്തെ വിലയിരുത്തേണ്ടതും രൂപപ്പെടുത്തേണ്ടതും. പക്ഷെ അവ ബൈബിളിന്റെ ഭാഗംതന്നെ. കാരണം അവ വെളിപാടിന്റെ പൂര്‍ത്തീകരണപ്രക്രിയയുടെ ഘട്ടങ്ങളും മനുഷ്യരുടെ പഠന-സ്വാംശീകരണ വഴികളുമാണ്.
പിന്നെ, എന്തുകൊണ്ടാണ് ചില കുടുംബങ്ങളില്‍ ചില രോഗങ്ങളും സ്ഥിതികളും പരമ്പരാഗതമായി ഉണ്ടാകുന്നത്? പരമ്പരാഗതമായി, ജനിതകമായി തലമുറകളിലൂടെ തുടരുന്ന രോഗങ്ങള്‍ ഉണ്ടാകാം. അത് ശരീരത്തിന്റെ തലത്തിലാണ്. പക്ഷെ അതു പാപത്തിന്റെ ശിക്ഷയല്ല. കൂടാതെ, ചില പാപങ്ങളുടെയും പാപകരമായ ജീവിതത്തിന്റെയും പരിണതഫലമായ രോഗങ്ങളുണ്ട്. പക്ഷെ അതും തലമുറകളിലേക്ക് വ്യാപിക്കുന്ന തരത്തിലും ഉണ്ടാകാമെങ്കിലും പൂര്‍വികരുടെ പാപഫലമാണ് എന്നു പറയുന്നതിന് അടിസ്ഥാനമില്ല. ദൈവശിക്ഷയുമല്ലത്.
മനശ്ശാസ്ത്രപരമായി കുടുംബപാരമ്പര്യവും ചരിത്രവും നമ്മുടെ മനസിന് പരിധികള്‍ നിശ്ചയിക്കാം;  മാനസികമായി മുന്‍വിധികളുടെ രൂപത്തില്‍ സ്വാധീനിക്കാം. പക്ഷെ അത് വ്യക്തിപരമായ മാനസികപ്രശ്‌നമാണ്.
പരമ്പരാഗതമായി തുടരുന്ന രോഗങ്ങള്‍ ഒരു കുടുംബത്തില്‍ ഉണ്ടെങ്കില്‍ ശാസ്ത്രത്തില്‍ വിശദീകരണം തേടണം. എല്ലാത്തിനും വിശദീകരണം ലഭിക്കണമെന്നില്ല. അതും അംഗീകരിക്കണം. യേശുവിന്റെ രക്ഷാകരപ്രവര്‍ത്തനം മനുഷ്യര്‍ക്ക് പാപവൃക്ഷത്തിന്റെ ശാഖകള്‍ അറക്കുക മാത്രമല്ല, അടിവേരുകളും മുറിച്ച്, സമൂലമായ പുതിയ പ്രകൃതി (മാനവികത) ലഭ്യമാക്കിയിട്ടുണ്ട്. ആത്മീയതലത്തില്‍ രക്ഷ അനുഭവിക്കുന്നവര്‍ക്കുള്ളത് ഈ മാനവികതയാണ്. ഓരോരുത്തരും സ്വാതന്ത്ര്യം പക്വമായി ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങളാണ് ആ വ്യക്തിയുടെ ജീവിതത്തിനടിസ്ഥാനം.


Related Articles

വനിതാ ഡീക്കന്മാര്‍ ഉടന്‍ ഉണ്ടാകില്ല -ഫ്രാന്‍സിസ് പാപ്പ

മാഴ്‌സിഡോണിയ: കത്തോലിക്കാ സഭയില്‍ വനിതാ ഡീക്കന്മാരുടെ സാധ്യതയെക്കുറിച്ച് വത്തിക്കാന്‍ കമ്മീഷന്‍ നടത്തുന്ന പഠനം തുടരുകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഉടനെ ഇക്കാര്യത്തില്‍ എന്തെങ്കിലും പദ്ധതിയുണ്ടാകില്ലെന്നും

നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കൊവിഡ് മഹാമാരിയുടെയും അതിശൈത്യത്തിന്റെയും ഭീഷണ സാഹചര്യത്തിലും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്ത പതിനായിരകണക്കിനു കര്‍ഷകരെ തടയാനായി ബാരിക്കേഡുകളും കോണ്‍ക്രീറ്റ്

സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂലമ്പള്ളി കുടിയിറക്കലും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പോരാടിയ സെലസ്റ്റിൻ മാസ്റ്ററുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*