നാലു പതിറ്റാണ്ടിന്റെ കവിതക്കാലം

നാലു പതിറ്റാണ്ടിന്റെ കവിതക്കാലം

കുഞ്ഞുണ്ണി മാഷിനുശേഷം മലയാള ബാലസാഹിത്യ ലോകത്തില്‍ ഇളം മനസുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനില്ല. സിപ്പി പള്ളിപ്പുറമെന്ന കുഞ്ഞുങ്ങളുടെ മഹാകവിക്ക് ഇക്കഴിഞ്ഞ മാസം 75 വയസ് തികഞ്ഞു. നാലു പതിറ്റാണ്ടിലേറെയായി കുഞ്ഞുമനസുകള്‍ക്ക് ആടിപ്പാടി രസിക്കാനുള്ള നന്മയുടെ നറുവെട്ടം വിരിയുന്ന നിരവധി കവിതകളും കഥ കളും അദ്ദേഹത്തിന്റെ തൂലികയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്. കുഞ്ഞുമനസുകള്‍ തൊട്ടറിയുന്ന ദൈവകരസ്പര്‍ശമുള്ള സാഹിത്യകാരന്‍ ജീവനാദത്തോട് സംസാരിക്കുന്നു.
? സിപ്പി പള്ളിപ്പുറമെന്ന പേരിനും ഒരു കഥയുണ്ടാകുമല്ലോ.
അപ്പൂപ്പന്റെ പേര് സിപ്പി എന്നായിരുന്നു. സിപ്പി സിപ്പായി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അപ്പനും അമ്മയും എനിക്ക് ആ പേരാണ് ഇട്ടത്. ആ പേരു ചുരുങ്ങിയാണ് സിപ്പി ആയത്. കഥയെഴുതി തുടങ്ങിയപ്പോള്‍ താമസസ്ഥലമായ പള്ളിപ്പുറം എന്ന പേരും ചേര്‍ത്തു.
? ആദ്യമായ് എഴുതിയ കവിത ഓര്‍മയുണ്ടോ.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതുന്നത്. ക്ലാസിലിരിക്കുമ്പോള്‍ തൊട്ടടുത്ത മാവിന്‍കൊമ്പില്‍ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനെ കണ്ടിട്ട് കുത്തിക്കുറിച്ച ഒരു കൊച്ചുകവിതയാണത്. അന്ന് നാട്ടിലെ കുറെ യുവാക്കള്‍ ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ‘കലാരത്‌നം’ കൈയെഴുത്തുമാസികയില്‍ ഇതും ചേര്‍ത്ത് പുറത്തിറക്കിയപ്പോള്‍ എനിക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാനായില്ല.
? കുഞ്ഞുങ്ങള്‍ക്കുവേണ്ടി എഴുതുമ്പോള്‍, അവരെങ്ങനെ അത് സ്വീകരിക്കും എന്ന് മുന്‍കൂട്ടി കാണുക ബുദ്ധിമുട്ടാണ്. അതെങ്ങനെ യാഥാര്‍ത്ഥ്യമാക്കുന്നു.
എഴുതുമ്പോള്‍ അതു വായിക്കുമെന്ന് നാം കരുതുന്ന വായനക്കാരുടെ പ്രായത്തെക്കുറിച്ച് നല്ല ബോധ്യം വേണം. കുട്ടികളുടെ ഭാവനാലോകം മനസിലാക്കുന്നവര്‍ക്കേ അവര്‍ക്കുവേണ്ടി എഴുതാനാവൂ. സെക്‌സും വയലന്‍സുമൊക്കെ പൂര്‍ണമായി ഒഴിവാക്കണം. സത്യസന്ധതയും നന്മയും തളിര്‍ക്കുന്നതും കൊച്ചു കൊച്ചു തമാശകള്‍ നിറഞ്ഞതുമാവണം കഥകള്‍. അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും മാത്രമേ എഴുത്തില്‍ ഉപയോഗിക്കാവൂ. ഒരു കുട്ടിയായി നിന്നിട്ടുവേണം അവര്‍ക്കുവേണ്ടി എഴുതാന്‍. കുട്ടികളുടെയും വലിയവരുടെയും മനസുകള്‍ സഞ്ചരിക്കുന്ന വഴികളുടെ വ്യത്യാസം നാം മനസിലാക്കണം. സ്വയം ഒരു കുട്ടിയായി മാറിയാല്‍ മാത്രമേ അവര്‍ക്കുവേണ്ടി എഴുതാന്‍ കഴിയു.
? പ്രൈമറി അദ്ധ്യാപന ജീവിതം കുട്ടികള്‍ക്കു വേണ്ടിയുള്ള രചനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടോ.
തീര്‍ച്ചയായും. പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകന് ഇടപെടേണ്ടിവരുന്നത് മുഴുവനും കൊച്ചു കൂട്ടുകാരോടാണല്ലോ! എന്റെ ആദ്യ അദ്ധ്യാപന ദിനത്തിന്റെ തുടക്കം ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. അവരോട് ഇടപെടുന്നത് അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ആയിരിക്കണമല്ലോ. അവര്‍ക്ക് പറ്റിയ പുതിയ പാട്ടുകള്‍ ഞാന്‍ തന്നെ തയ്യാറാക്കിക്കൊണ്ടുപോയിരുന്നു. അന്ന് കുട്ടികള്‍ക്കായെഴുതിയ സംഖ്യാഗാനങ്ങളും അക്ഷരപ്പാട്ടുകളുമൊക്കെ പില്‍ക്കാലത്ത് ബാലരമയിലും പൂമ്പാറ്റയിലും കളിക്കുടുക്കയിലുമൊക്കെ ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
? എഴുത്തുകാരനായി തീരാന്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് അമ്മൂമ്മയാണ് എന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന മുത്തശിമാരുടെ ഈ സാന്നിധ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്.
എന്റെ അമ്മയുടെ അമ്മ ഏലീശ്വ എന്ന അമ്മൂമ്മയാണ് ചെറുപ്പത്തില്‍ തന്നെ മനസില്‍ കുട്ടിക്കവിതയുടെ വിത്തുപാകിയത്. പെരുമ്പിള്ളിയിലെ സ്വന്തം വീട്ടില്‍ നിന്ന് ഇടക്കിടെ ഞങ്ങളെക്കാണാന്‍ പള്ളിപ്പുറത്ത് അമ്മൂമ്മ പതിവായെത്തുമായിരുന്നു. അമ്മൂമ്മയുടെ വരവ് ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഒരുത്സവം തന്നെയായിരുന്നു. നാടന്‍ പാട്ടുകളും മുത്തശിക്കഥകളും കുട്ടിക്കവിതകളും ബൈബിള്‍ കഥകളുമൊക്കെ അമ്മൂമ്മയില്‍ നിന്നും സദാ കേള്‍ക്കുവാന്‍ പറ്റിയിരുന്നു.
എന്നിലെ എഴുത്തുകാരനെ വളര്‍ത്തിയതും ഈ മുത്തശി സംസ്‌കാരം തന്നെ ആയിരുന്നു. ശരി തെറ്റുകളുടെ ആദ്യപാഠം പഠിക്കേണ്ട ബാല്യകാലം മുത്തശിമാരുടെ മടിത്തട്ടിലാണ് കുഞ്ഞുങ്ങള്‍ വളരേണ്ടത്. ഒരുപാട് ജീവിതാനുഭവങ്ങള്‍ ഉള്ളവരാണവര്‍. അവര്‍ക്ക് നന്മയുടെ പാഠങ്ങളാണ് കുഞ്ഞുമക്കള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ളത്. കഥപറയുമ്പോഴും പാട്ടുപാടിക്കൊടുക്കുമ്പോഴും എങ്ങനെ നല്ല മനുഷ്യനാകണമെന്നാണ് അവര്‍ പറഞ്ഞുതരുന്നത്. എത്ര കഥാപുസ്തകങ്ങള്‍ ഉണ്ടെങ്കിലും മുത്തശിമാര്‍ക്ക് പകരം മുത്തശിമാര്‍ മാത്രം.
? കോട്ടപ്പുറം രൂപതയുടെ പിറവിക്കാലം മുതല്‍ രൂപീകൃതമായിരുന്ന ‘മെയ് മാസ കലാമേള’ ഒത്തിരി പ്രതിഭകള്‍ക്ക് അവസരം നല്‍കുകയുണ്ടായി. അതിനെക്കുറിച്ച് ഒന്ന് വിവരിക്കാമോ.
കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഒത്തിരി പ്രോത്സാഹിപ്പിച്ചിരുന്നതും പ്രചോദനം നല്‍കിയിരുന്നതുമായ ഒരു വേദിയായിരുന്നു അത്. കോട്ടപ്പുറം രൂപത സ്ഥാപിതമായപ്പോള്‍ അന്നത്തെ ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ പ്രത്യേക താല്പര്യത്താല്‍ മെയ്മാസത്തില്‍ ഒരു കലാസാഹിത്യമേള സംഘടിപ്പിച്ചു. അന്ന് കെഎല്‍സിഎയുടെ കലാസാഹിത്യഫോറം കണ്‍വീനര്‍ ആയിരുന്നു ഞാന്‍. കലാകാരന്മാരെ വളര്‍ത്താനായി എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആലോചന വന്നു. അങ്ങനെ വന്ന ഒരു പരിപാടിയാണിത്. അന്ന് രൂപതയ്ക്ക് സ്വന്തമായി ബിഷപ് ഹൗസ് പോലുമില്ല. കോതപറമ്പ് ഒഎസ്‌ജെ ഭവനത്തിലാണ് പിതാവ് താമസിച്ചിരുന്നത്. എന്നിട്ടുപോലും സാഹിത്യകാരന്മാരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും എല്ലാ മെയ് മാസത്തിലും ഒരാഴ്ച നീളുന്ന കലാമേളകള്‍ സംഘടിപ്പിച്ചിരുന്നു. ഒരുപാട് കലാപ്രതിഭകള്‍ ഇതിലൂടെ വിവിധ സാംസ്‌കാരിക മേഖലകളില്‍ വളര്‍ന്നുവന്നു കഴിവു തെളിയിച്ചിട്ടുണ്ട്. മൂന്നു ദിവസത്തെ കലാമേളയും തുടര്‍ന്ന് മൂന്നു ദിവസത്തെ സാഹിത്യശില്പശാലയും അതിനെ തുടര്‍ന്ന് കലാമേളയും. സുകുമാര്‍ അഴീക്കോട്, പ്രേംജി, ജോസ് പ്രകാശ്, കുഞ്ഞുണ്ണി മാഷ്, എം. വി ദേവന്‍, കെ. എല്‍ മോഹനവര്‍മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വി. പി നന്ദകുമാര്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ആ കലാസംഗമത്തില്‍ അതിഥികളായി എത്തിയിരുന്നു. കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ കൊല്ലത്തുവച്ച് കഴിഞ്ഞ വര്‍ഷം ഒരു സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. വളരെ സന്തോഷത്തോടും ആവേശത്തോടുംകൂടിയാണ് അതില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍ അനുഭവങ്ങള്‍ പങ്കുവച്ചത്. അതൊരു നല്ല അനുഭവമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണ്. കെആര്‍എല്‍സിസി അത് തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം.
? തുടക്കക്കാരായ എഴുത്തുകാര്‍ക്ക് കേരളടൈംസ് ദിനപത്രം നല്‍കിയിരുന്ന അവസരങ്ങള്‍ എന്തായിരുന്നു.
അക്കാലത്ത് എഴുത്തുകാരനെന്ന നിലയില്‍ പല ചെറുപ്പക്കാര്‍ക്കും ഒരു തട്ടകം ഉറപ്പിച്ചുനല്‍കിയത് കേരളടൈംസ് തന്നെയാണ്. അന്ന് പത്രത്തില്‍ ബാലപംക്തി കൈകാര്യം ചെയ്തിരുന്നത് പ്രൊഫ. ജോസഫ് മാടപ്പിള്ളി ആയിരുന്നു. കേരളടൈംസിന്റെ വാരാന്ത്യപ്പതിപ്പില്‍ എഴുതാന്‍ ജോര്‍ജ് വെളിപ്പറമ്പിലച്ചന്‍ എനിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കുമായിരുന്നു. വാരാന്ത്യപ്പതിപ്പില്‍ കാട്ടിലെ കഥകള്‍, മുത്തും ചിപ്പിയും തുടങ്ങിയവ ഞാന്‍ തുടര്‍ച്ചയായി എഴുതിത്തുടങ്ങി. കേരളടൈംസിന്റെ ഞായറാഴ്ചപ്പതിപ്പായ സത്യനാദത്തിലും സിന്ധു എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള നോവല്‍ എഴുതി. അതൊക്കെ ആകാംക്ഷയോടെ കാത്തിരുന്ന ഒരുപറ്റം കുട്ടിക്കൂട്ടമുണ്ടായിരുന്നു.
എഴുത്തുകാരായ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഒരു വേദി കേരളടൈംസ് രൂപീകരിച്ചത് അക്കാലത്താണ്. ‘കേരളടൈംസ് പ്രതിഭാവേദി’ എന്ന പേരില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചു. അതിന്റെ ഒരു പ്രധാന ഭാഗമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അന്നത്തെ യുവാക്കള്‍ക്ക് എഴുതാനും സാഹിത്യരംഗത്ത് വളരാനും ഏറെ സഹായിച്ചിട്ടുള്ള ഒരു പ്രധാന സംരംഭമാണിത്.
യുഗപ്രതിഭ എന്ന പേരില്‍ പത്രത്തിന്റെ രണ്ടു പേജ് ബുധനാഴ്ച തോറും ഇങ്ങനെയുള്ളവര്‍ക്ക് എഴുതാനായും മാറ്റിവച്ചിരുന്നു എന്നു പറയുമ്പോള്‍ അന്നത്തെ മാധ്യമ സംസ്‌കാരത്തിന്റെ ക്രാന്തദര്‍ശിത്വം മനസിലാക്കാം. വെളിപ്പറമ്പിലച്ചന്റെ നിര്‍ണായകമായ നേതൃത്വവും സ്വാധീനവും ഇതിനൊക്കെ പ്രചോദനമാകുമായിരുന്നു. സെബാസ്റ്റിയന്‍ പള്ളിത്തോട്, ജോണി മിറാന്‍ഡ, എം. എല്‍ മാത്യു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കാര്‍ത്തികേയന്‍ പടിയത്ത്, സീന കുമാരി, തോമസ് ജോസഫ്, മധു മഞ്ജുളാലയം, പി. രമ തുടങ്ങിയവര്‍ പ്രതിഭാവേദിയില്‍ തങ്ങളുടെ സാഹിത്യരചനകള്‍ വെളിച്ചം കാണിച്ചവരാണ്. മഹാകവി വൈലോപ്പിള്ളി, പ്രൊഫ. കെ. എം തരകന്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, സാനു മാഷ്, പാറപ്പുറത്ത്, പ്രൊഫ. തോമസ് മാത്യു, കുഞ്ഞുണ്ണി മാഷ്, ഡോ. എം. ലീലാവതി, ഡി. വിനയചന്ദ്രന്‍ എന്നീ മഹാരഥന്മാര്‍ ക്ലാസുകള്‍ നയിച്ചിരുന്നു. 15 വര്‍ഷത്തോളം മുടങ്ങാതെ നടത്തി.
ഇപ്പോള്‍ ജീവനാദം നിരവധി പുതിയ എഴുത്തുകാര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നുണ്ട.് അതൊരു നല്ല പ്രതീക്ഷയാണ്.
? കുഞ്ഞുണ്ണി മാഷുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് വിശദീകരിക്കാമോ.
കുഞ്ഞുണ്ണി മാഷിന്റെ ഉപദേശങ്ങളും പ്രോത്സാഹനങ്ങളും എന്റെ വളര്‍ച്ചയില്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഞങ്ങളൊരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഒത്തിരി സംസാരിക്കും. അങ്ങനെ സംസാരിക്കുമ്പോള്‍ നമുക്ക് കഥകള്‍ക്കും കവിതകള്‍ക്കും ആവശ്യമുള്ള ‘ത്രെഡ്’ കിട്ടുമായിരുന്നു. മാതൃഭൂമിയില്‍ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന കാലത്തു തന്നെ ‘കുട്ടേട്ടനെ’ പരിചയമുണ്ട്. എഴുതാനും വളരാനും പ്രചോദനം നല്‍കുമായിരുന്നു.
സിപ്പി പള്ളിപ്പുറത്തിന് ഏഴുതാന്‍ ഊര്‍ജം ലഭിക്കുന്നത് കുട്ടികളില്‍ നിന്നു തന്നെയാണ്. സപ്തതി പിന്നിട്ടിട്ടും പേരക്കിടാങ്ങളായ ലോയ്ജിയുടെയും ലോലിതയുടെയും സിന്‍ഡ്രലയുടെയും കൂടെക്കൂടിയാല്‍ കളിയുടെയും കഥകളുടെയും മറ്റൊരു ലോകത്താണ് അദ്ദേഹം. നമ്മളൊക്കെ എത്ര മുതിര്‍ന്നാലും ഇടയ്‌ക്കൊക്കെ അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗയാത്രയും പൂരവും ചെണ്ടയുമൊക്കെ വായിക്കാന്‍ വെമ്പല്‍കൊള്ളുന്നതും ഈ സര്‍ഗപ്രതിഭയുടെ മാന്ത്രിക തൂലികയുടെ ശക്തികൊണ്ട് തന്നെയാണ്. മേരി സെലിനാണ് സിപ്പിമാഷിന്റെ ഭാര്യ. ശാരിക, നവനീത് എന്നിവര്‍ മക്കളും.


Related Articles

ആശങ്കയില്ലാതെ ഉയരുന്ന പോളിംഗ്

കൊവിഡ് മഹാമാരിക്കാലത്തെ വോട്ടെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അസാമാന്യ ജാഗ്രതയോടെ ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട പൗരാവകാശമായ സമ്മതിദാനത്തിന്റെ മഹിമ എത്രത്തോളം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതിന്റെ ഉത്തമ നിദര്‍ശനമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ

കെനിയയില്‍ നിന്നൊരു മലയാളി വിജയഗാഥ

നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോള്‍ അതു നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുന്നു!’  പൗലോ കൊയ്ലോയുടെ വാക്കുകളാണിത്. ഈ വാക്കുകളെ സാര്‍ത്ഥകമാക്കുന്ന കഥയാണ് കെനിയയില്‍ നിന്നു

അപഹാസ്യമാകുന്ന മദ്യനയം

മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്നതാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തിന്റെ കാതലായ വശം. രാത്രി ആഘോഷത്തിന്റെ ഭാഗമായി പുതിയതായി തുറക്കുമെന്നു പറഞ്ഞിരുന്ന പബ്ബുകള്‍ തല്ക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചത്, അവിടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*