നിങ്ങളുടെ വഴിയെ ഞങ്ങളില്ല.. ഫാ മാർട്ടിൻ


കുരിശുയുദ്ധത്തിന്റെ പശ്ചാതലത്തിൽ ക്രിസ്ത്യാനികളെ മുസ്ലിം അടിമത്വത്തിൽ നിന്നും മോചിപ്പിക്കുവാനായി സ്നേഹവും കാരുണ്യവും ആയുധമാക്കുകയാണ് വി പീറ്റർ നൊളാസ്കോയും സംഘവും. മെഴ്സിഡാരിയൻ സന്ന്യാസ സമൂഹത്തിന്റെ പൈതൃകത്തെ കുറിച്ച് ഫാ മാർട്ടിൻ ആന്റണിയുടെ കുറിപ്പ്
കുരിശു യുദ്ധം ഒരു നിലനിൽപ്പിന്റെ പോരാട്ടമായോ രാഷ്ട്രീയ സംഘർഷമായോ മത-സാംസ്കാരിക സംഘട്ടനമായോ കരുതിയിരുന്നതു പോലെതന്നെ പൗരുഷത്തിന്റെ പുതുമോടിയായി കരുതിയിരുന്ന കാലഘട്ടമായിരുന്നു പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ. അതുകൊണ്ടാണ് അസീസിയിലെ ഫ്രാൻസിസിനു പോലും ക്രിസ്തു ഒരു അനുഭവമാകുന്നതിനു മുമ്പ് പടച്ചട്ട അണിയേണ്ടി വന്നത് എന്ന് ചരിത്രം. ആ കാലഘട്ടത്തിൽ ഒത്തിരി പാരാമിലിറ്ററി സ്വഭാവമുള്ള സന്യാസ സമൂഹങ്ങൾ ഉണ്ടായിരുന്നു. ക്രിസ്ത്യാനികളെ മുസ്ലീങ്ങളിൽ നിന്നും രക്ഷിക്കുക എന്നത് മാത്രമായിരുന്നു ആ സന്യാസ സമൂഹങ്ങളുടെ ലക്ഷ്യം. ശരിയാണ്, അവകളെല്ലാം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ ആയിരുന്നു. മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ അടിമകളാക്കുന്നു, ക്രിസ്ത്യാനികൾ മുസ്ലീങ്ങളെ അടിമകളാക്കുന്ന സമയമായിരുന്നല്ലോ അത്. ഈ പാരാമിലിറ്ററി സന്യാസ സമൂഹങ്ങളെല്ലാം സ്ഥാപിച്ചതും നിലനിന്നതും ഇസ്ലാം മതവുമായി ബന്ധപ്പെട്ടാണ്. ആ ബന്ധമോ പരസ്പരം ശത്രുക്കളായി കരുതിയുള്ള ബന്ധവുമായിരുന്നു.
ഈ കാലഘട്ടത്തിലാണ്, അതായത് ഏകദേശം 1218 ൽ ബാഴ്സലോണയിൽ നിന്നുള്ള പീറ്റർ നൊളാസ്ക്കോ എന്ന ചെറുപ്പക്കാരൻ ചിന്തിക്കുകയാണ്; ഇസ്ലാമുമായിട്ടുള്ള ബന്ധത്തിന് എന്തിനാണ് വെറുപ്പിന്റെ മേമ്പൊടി ചേർക്കുന്നത്? അനുരഞ്ജനത്തിന്റെ മാർഗ്ഗത്തിലൂടെ അടിമകളായിട്ടുള്ള ക്രിസ്ത്യാനികളെ മോചിപ്പിക്കാൻ പാടില്ലേ? അങ്ങനെ അയാൾ ഒരു സന്യാസ സമൂഹം സ്ഥാപിക്കുന്നു. അതിന് പ്രചോദനമായതോ പരിശുദ്ധ കന്യകാമറിയത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ ഭക്തിയും. എന്നിട്ട് അയാൾ ആ സമൂഹത്തിന് “കാരുണ്യ മാതാവിന്റെ സഭ” (Order of Our Lady of Mercy) എന്ന പേരും നൽകി. വടക്കേ ആഫ്രിക്കയിലെ മുസ്ലീങ്ങളുമായിട്ട് ഇടപഴകുന്നതിന് വേണ്ടിയാണ് നൊളാസ്ക്കോ ഈ സഭ സ്ഥാപിച്ചത്. വാളിന്റെയോ വെറുപ്പിന്റെയോ മാർഗ്ഗം അയാൾ സ്വീകരിച്ചില്ല. മറിച്ച് സ്നേഹത്തിന്റെയും പരസ്പര സംഭാഷണത്തിന്റെയും സുവിശേഷമാർഗ്ഗം സ്വീകരിച്ചു. മുസ്ലീങ്ങളാൽ അടിമയാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കുന്നതിനായി മോചനദ്രവ്യമായി സ്വയം സമർപ്പിക്കാൻ പോലും അയാൾ തന്റെ അനുയായികളെ ഒരുക്കിയെടുത്തു. അയാളുടെ അനുയായികൾ ആരും തന്നെ വാളെടുത്തില്ല. മറിച്ച് സ്വജീവൻ നല്കികൊണ്ട് അടിമകളായ ക്രിസ്ത്യാനികളെ മോചിപ്പിച്ചു. വടക്കൻ ആഫ്രിക്കയുടെ തീരങ്ങളിൽ നൊളാസ്ക്കോയുടെ ഒത്തിരി അനുയായികൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയിലെ രക്തസാക്ഷികളുടെ കണക്കെടുത്താൽ ഇപ്പോൾ നിലവിലുള്ള സന്യാസ സമൂഹങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ള സമൂഹം നോളാസ്ക്കോ സ്ഥാപിച്ച കാരുണ്യ മാതാവിന്റെ സഭയാണ്.
800 വർഷം മുമ്പ് ജീവിച്ച ഒരു വിശുദ്ധന്റെ ചരിത്രമാണിത്. അദ്ദേഹം സ്ഥാപിച്ച സന്യാസസമൂഹം ഇന്ന് മേഴ്സിഡേരിയൻസ് എന്ന പേരിൽ അതേ ദൗത്യം പിന്തുടരുന്നുണ്ട്. ഈ എഴുതുന്നവനോ ആ സന്യാസ സമൂഹത്തിലെ അംഗവും. ഇപ്പോൾ മനസ്സിലായി കാണുമല്ലോ എന്തുകൊണ്ടാണ് ദൈവവചനത്തിലധിഷ്ഠിതമായ ചിലരുടെ അപര വിദ്വേഷം ഈയുള്ളവന് ദഹിക്കുന്നില്ല എന്നകാര്യം. ഇതിനെ വേണമെങ്കിൽ പൈതൃക വ്യത്യാസം എന്നു വിളിക്കാം. ഞങ്ങൾക്കുള്ളത് നൊളാസ്ക്കോയുടെ പൈതൃകമാണ്. നിങ്ങൾ വാളും പരിചയും എടുത്തു മുന്നോട്ടു പൊയ്ക്കൊള്ളൂ. ഞങ്ങൾ ആ വഴിക്കില്ല. സുവിശേഷവുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ രൂപീകരിക്കുന്നത് ഒരു nefanda utopia ആണ്. അത് ഞങ്ങൾക്ക് പരിചയമില്ലാത്ത സങ്കല്പമാണ്. ഞങ്ങളുടെ വഴി വ്യത്യസ്തമാണ്. അത് യോഹന്നാൻ 15:13 ൽ പറയുന്നതുപോലെയുള്ള സ്നേഹത്തിന്റെ മാർഗമാണ്; “സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല”.
ഇന്ന് സെപ്റ്റംബർ 24. കാരുണ്യ മാതാവിന്റെ തിരുനാൾ. സകല മതസ്ഥർക്കും കാരുണ്യ മാതാവ് ഒരു അനുഭവമായി മാറുന്ന വല്ലാർപ്പാടം ബസിലിക്കയും അവിടത്തെ പെരുന്നാളും ഒത്തിരി മിസ്സ് ചെയ്യുന്നു.

പിൻകുറിപ്പ്:- ചുവടെയുള്ള ഒരു ചിത്രം – സയീദ്. അഭയാർത്ഥിയായി ഈജിപ്തിൽനിന്നും വന്ന ഒരു മുസ്ലിം സഹോദരൻ. ഇവിടെ (റോമിൽ) റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ഒന്നും വേണ്ട ഭക്ഷണം മാത്രം മതി എന്നു പറഞ്ഞാണ് ഞങ്ങളുടെ ആശ്രമത്തിലേക്ക് വന്നത്. പക്ഷെ അയാൾ വെറുതെ ഭക്ഷണം കഴിക്കാൻ തയ്യാറല്ലായിരുന്നു പകരം അയാൾ ജോലി ചെയ്യാൻ തുടങ്ങി. ദിവസവും രാവിലെ വന്നു പള്ളി വൃത്തിയാക്കുന്നു. പതുക്കെപ്പതുക്കെ ഇടദിവസങ്ങളിൽ മൂന്ന് നേരമുള്ള കുർബാനയ്ക്കും ഞായറാഴ്ചയുള്ള ആറു കുർബാനയ്ക്കും വേണ്ടി അൾത്താര ഒരുക്കാൻ സഹായിക്കാൻ തുടങ്ങി. ഒപ്പം അയാളുടെ മതപരമായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയും ചെയ്തു. സയീദ് ഇപ്പോൾ ഞങ്ങളുടെ കപ്യാരാണ്. അയാൾ കയ്യിൽ പിടിച്ചിരിക്കുന്നത് പരിശുദ്ധ കുർബാനയ്ക്ക് ഞാൻ ഉപയോഗിക്കുന്ന വിശുദ്ധ കാസയാണ്.