Breaking News

നിങ്ങള്‍ രാജ്യത്തിന് അകത്തോ പുറത്തോ?

നിങ്ങള്‍ രാജ്യത്തിന് അകത്തോ പുറത്തോ?

ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ഓര്‍മയിലിരിക്കുന്നത് നല്ലതാണ്. 2024ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കപ്പെടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമാണ് ഒന്നാമത്തേത്. 1923ല്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ അവതരിപ്പിച്ച ദ്വിരാഷ്ട്ര സിദ്ധാന്തമാണ് രണ്ടാമത്തേത്. 1925ലാണ് ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത് എന്നതാണ് മൂന്നാമത്തെ കാര്യം. രണ്ടും മൂന്നും കാര്യങ്ങള്‍ വാര്‍ഷികങ്ങളുടെ പ്രത്യേകതകൊണ്ട് ഒന്നാമത്തേതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുരാഷ്ട്രമെന്ന സങ്കല്പത്തിന് നിറം നല്കുകയും ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വാദത്തിന് പൈതൃകത്തിന്റെ വേരുകള്‍ തപ്പി വ്യാജതെളിവുകള്‍ കണ്ടെടുക്കുകയും ചെയ്ത നേതാവാണ് സവര്‍ക്കര്‍. 1940 മാര്‍ച്ച് 23ലെ ലാഹോര്‍ സമ്മേളനത്തില്‍ മുസ്ലീംലീഗ് അവതരിപ്പിച്ച പാക്കിസ്ഥാന്‍ പ്രമേയത്തിന് 17 വര്‍ഷംമുമ്പാണ് സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ചതെന്നോര്‍ക്കണം. പിന്നീട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെ തുരങ്കംവച്ചെന്ന കുറ്റത്തിന് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയുതിര്‍ത്തത് സവര്‍ക്കറുടെ പ്രിയശിഷ്യന്‍ നഥുറാം ഗോഡ്‌സെ. ഗാന്ധി വധത്തിലെ ഗൂഢാലോചനക്കേസില്‍നിന്ന് വിമുക്തനായ സവര്‍ക്കര്‍ പിന്നീട് സ്വാതന്ത്ര്യസമരസേനാനിയായി വാഴ്ത്തപ്പെട്ടു. പാര്‍ലമെന്റിലെ സെന്റര്‍ ഹാളില്‍ ഗാന്ധി ചിത്രത്തിനുനേരെ എതിര്‍വശം അദ്ദേഹത്തിന്റെ ഛായാചിത്രം അനാവരണം ചെയ്യപ്പെടുകയുമുണ്ടായി. സവര്‍ക്കറും എം.എസ്.ഗോള്‍വാല്‍ക്കറും വിഭാവന ചെയ്ത ഹിന്ദുരാഷ്ട്രത്തിന്റെ സാക്ഷാത്കാരത്തിനുള്ള വഴികള്‍ തേടുന്നിടത്താണ് ദേശീയ പൗരത്വപട്ടികയും ഭരണഘടന തിരുത്തി ആംഗ്ലോ ഇന്ത്യക്കാരുടെ പാര്‍ലമെന്റിലെയും നിയമസഭകളിലെയും സംവരണം എടുത്തുകളയുന്നതുമൊക്കെ സംഭവിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സവര്‍ക്കറുടെയും ഗോള്‍വാല്‍ക്കറുടെയും സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിയുക്തരായവരാണ്. അതിനുവേണ്ട കൗശലവും ജനപിന്തുണയും അവര്‍ക്ക് ആവോളമുണ്ടുതാനും.
അസമാണല്ലോ ദേശീയ പൗരത്വ പട്ടികയുടെ പരീക്ഷണശാലയായത്. പട്ടികയില്‍ പേരില്ലാത്തതിന്റെ മാനസികസമ്മര്‍ദം താങ്ങാനാകാതെ 60 പേരാണ് അവിടെ ആത്മഹത്യ ചെയ്തത്. പൗരത്വ പട്ടികയുടെ പേരിലുണ്ടായ കലാപത്തിലും പൊലീസ് നടപടിയിലും കൊല്ലപ്പെട്ടത് ആറു പേരും. അസമില്‍ ബംഗ്ലാദേശില്‍നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നതിന്റെ പശ്ചാത്തലത്തിലാണ് 1951ല്‍ ആദ്യമായി ദേശീയ പൗരത്വ പട്ടിക പുതുക്കല്‍ ആരംഭിച്ചത്. പട്ടികയില്‍ അപാകത കണ്ടതിനെ തുടര്‍ന്ന് കോടതി പൗരത്വപട്ടിക പുതുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. 1979 മുതല്‍ 1985 വരെ നീണ്ട അസം ഗണപരിഷത്തിന്റെയും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും നേതൃത്വത്തില്‍ നടന്ന രക്തരൂക്ഷിത പ്രക്ഷോഭങ്ങളുടെ പ്രധാന ആവശ്യം അസമിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കണമെന്നായിരുന്നു.
1985ല്‍ ഒപ്പിട്ട അസം കരാറിലും ഈ ആവശ്യം പ്രതിഫലിച്ചിരുന്നു. എന്നാല്‍ അന്ന് ഈ ആവശ്യത്തിനുപിന്നില്‍ മണ്ണിന്റെ മക്കള്‍ വാദമല്ലാതെ വര്‍ഗീയ അജന്‍ഡ ഉണ്ടായിരുന്നില്ല. ഷേക്ക് മുജീബ് റഹ്മാന്‍ ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ച 1971 മാര്‍ച്ച് 24ന് അര്‍ധരാത്രിക്കുമുമ്പ് ഇന്ത്യയിലെത്തിയ എല്ലാവര്‍ക്കും പൗരത്വം നല്‍കാനായിരുന്നു ധാരണ. അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശി ആരായാലും അവരെ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ബിജെപിയുടെ രംഗപ്രവേശത്തോടെയാണ് വിദേശികള്‍ എന്നാല്‍ മുസ്ലീങ്ങള്‍ മാത്രമാണെന്ന വ്യാഖ്യാനം ഉടലെടുക്കുന്നതും ശക്തിയാര്‍ജിക്കുന്നതും. ബംഗ്ലാദേശില്‍നിന്നും മറ്റും കുടിയേറിയ ഹിന്ദുക്കള്‍ ‘അഭയാര്‍ഥികളും’ മുസ്ലീങ്ങള്‍ ‘നുഴഞ്ഞുകയറ്റക്കാരു’മായി. അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ സാരം മനസിലായല്ലോ.
ബംഗ്ലാദേശില്‍നിന്നു കുടിയേറിയ മുസ്ലീങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയാണ് ഈ ആവശ്യത്തിന് പൊതുഅംഗീകാരം നേടിയെടുക്കാന്‍ സംഘപരിവാരസംഘങ്ങള്‍ ശ്രമിച്ചത്. അസം ഗവര്‍ണറായിരുന്ന റിട്ടയേഡ് ലഫ്. ജനറല്‍ എസ്.കെ.സിന്‍ഹയുടെ കണക്കാണ് ഇതിനായി അദ്യം ഉദ്ധരിക്കപ്പെട്ടത്. 40 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അസമിലുണ്ടെന്നായിരുന്നു സിന്‍ഹയുടെ കണക്ക്. ദിനംപ്രതി ആറായിരം പേര്‍ അനധികൃതമായി കുടിയേറുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കണക്ക് യഥാര്‍ഥമായിരുന്നെങ്കില്‍ എത്ര കോടി ജനങ്ങള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടാകുമായിരുന്നു എന്നു ചിന്തിക്കണം.
രാജ്യത്ത് മൊത്തം രണ്ടു കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് 2016ല്‍ ആഭ്യന്തരസഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. 2018 ജൂലൈ 30ന് പ്രസിദ്ധീകരിച്ച അസമിന്റെ കരട് പട്ടികയില്‍ 41.09 ലക്ഷം പേര്‍ അനധികൃത കുടിയേറ്റക്കാരാണെന്നാണ് പറഞ്ഞിരുന്നത്. പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തെയും കോടതിയുടെ ഇടപെടലിനെയും തുടര്‍ന്ന് കരട് പട്ടിക വീണ്ടും ശുദ്ധീകരിച്ചു. അപ്പോള്‍ അനധികൃതക്കാരുടെ എണ്ണം പകുതിയോളമായി കുറഞ്ഞു. 19,06,657 പേരാണ് അസമില്‍ അനധികൃത കുടിയേറ്റക്കാരായുള്ളതെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ മുഴുവന്‍ ഇന്ത്യയില്‍നിന്നു പുറത്താക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. അപ്പോഴാണ് പുതിയ പ്രശ്‌നം തലപൊക്കിയത്: 19 ലക്ഷം പേരില്‍ 15 ലക്ഷത്തോളം പേര്‍ മുസ്ലീം ഇതരവിഭാഗങ്ങളാണ്. ഇവരെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തിടുക്കത്തില്‍ മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്. ഭേദഗതിയില്‍ പൗരത്വം നല്കാനുദ്ദേശിക്കുന്നവരില്‍ മുസ്ലീങ്ങള്‍ ഇല്ലാതെപോയത് അങ്ങനെയാണ്.
അസമിലെ ജനങ്ങളില്‍ മൂന്നിലൊന്ന് വിദേശത്തുനിന്നു കുടിയേറിയവരാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് കനത്ത തിരിച്ചടിയാണ് ദേശീയ പൗരത്വ പട്ടികയില്‍നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഏതാനും ലക്ഷം മാത്രമായി ചുരുങ്ങിയതിലൂടെ ലഭിച്ചത്. അതാകട്ടെ ഇപ്പോഴും പരാതികളില്‍ കുടുങ്ങിക്കിടക്കുന്നു. ഒരുവീട്ടില്‍ താമസിക്കുന്ന ബന്ധുക്കളില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും മറ്റുള്ളവര്‍ കുടിയേറ്റക്കാരുമാണ് എന്ന മട്ടിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദല്‍ഗാവിലെ കോണ്‍ഗ്രസ് എംഎല്‍എ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും മകള്‍ പുറത്തായി. എഐയുഡിഎഫ് എംഎല്‍എ അനന്തകുമാര്‍ മാലോയും മകനും പട്ടികയില്‍നിന്ന് പുറത്തായി. കതിഗോറയില്‍ നിന്നും രണ്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എയുഡിഎഫ് നേതാവ് അതാവുര്‍ റഹ്മാനും മൂന്നു മക്കളും പട്ടികയില്‍നിന്നും പുറത്തായി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുഹമ്മദ് സനാഉല്ലയും മൂന്നു മക്കളും അന്തിമ പട്ടികയിലും ഇടംപിടിച്ചില്ല. ബാര്‍പേട്ട ജില്ലയിലെ ഫൗജി ഗാവിലെ(സൈനികരുടെ ഗ്രാമം) 20 സൈനികരില്‍ പലരുടെയും പേരുകള്‍ അന്തിമപട്ടികയിലില്ല. പേരുകളും മറ്റും ഇംഗ്ലീഷിലാക്കുമ്പോഴുള്ള ചെറിയ തെറ്റുകളുടെ പേരില്‍ പോലും പൗരത്വം നിഷേധിക്കപ്പെട്ട സംഭവങ്ങളുണ്ട്. കൂലിവേലക്കാരായ പാവങ്ങളാണ് പട്ടികയില്‍നിന്നും ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. അവരുടെമുമ്പില്‍ ജീവിതം വഴിമുട്ടുകയാണ്.പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥന്റെ കയ്യിലാണ് ഏവരുടെയും ഭാവി. അദ്ദേഹം കനിഞ്ഞാല്‍ അകത്തും അല്ലെങ്കില്‍ പുറത്തുമാകും.
1220 കോടി രൂപ ചെലവിട്ട് 52,000 ഉദ്യോഗസ്ഥര്‍ ആറുവര്‍ഷം കഠിനപ്രയത്‌നം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. അസമിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിപക്ഷവും ഇത്തരമൊരു പട്ടിക തയ്യാറാക്കുന്നതിന് അനുകൂലവുമായിരുന്നു. എന്നാല്‍ അന്തിമമായി പുറത്തുവിട്ട പട്ടികയില്‍ ഇവര്‍ ആരുംതന്നെ തൃപ്തരല്ലെന്നതാണ് വാസ്തവം. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഇത്രയും പണവും സമയവും അധ്വാനവും ചെലവഴിച്ചതെന്ന ചോദ്യം അവശേഷിക്കുന്നു. വിദേശ ട്രിബ്യൂണിലിലേയും കോടതികളിലെയും കേസുകള്‍ കഴിഞ്ഞ് പട്ടികയില്‍ ഇടംപിടിക്കാനാകാതെ പോകുന്നവരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്നാണ് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ അവരെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ ഇവരുടെ ഭാവി എന്തായിരിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. നിലവില്‍ ഇവരെ താമസിപ്പിക്കാന്‍ തീര്‍ത്ത ആറു തടവറകള്‍ ലക്ഷക്കണക്കിനുപേര്‍ക്ക് തികയില്ല. പൗരത്വമില്ലാത്തവരെ തീറ്റിപ്പോറ്റാനുള്ള ചെലവ് വേറെയും. ഇവരുടെ പൗരത്വം പിന്‍വലിച്ച് ഇന്ത്യയില്‍ തന്നെ താത്കാലികമായി താമസിക്കാന്‍ അനുവദിക്കുക മാത്രമായിരിക്കും പോംവഴി. പൗരത്വം ഇല്ലാതാകുന്നതോടെ അവരുടെ വോട്ടവകാശവും നഷ്ടപ്പെടും. ബിജെപി ആഗ്രഹിക്കുന്നതും അതുതന്നെ. അതിനുമുമ്പായി തങ്ങളുടെ വോട്ടര്‍മാരായ ഹിന്ദുക്കളെ പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തണം. ഒരുതരം വൃത്തിയാക്കല്‍ എന്നു വേണമെങ്കിഇ ഈ നടപടികളെ വിശേഷിപ്പിക്കാം.
നമ്മള്‍ എല്ലാം അതിജീവിക്കുമെന്നുള്ള ആത്മവിശ്വാസം ഇനിയും കൊണ്ടുനടക്കുന്നതില്‍ വലിയ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല. കാലം എല്ലാം മായ്ക്കുമെന്ന പഴഞ്ചൊല്ലാണ് തമ്മില്‍ ഭേദം. അതിജീവനമെന്ന ആശയംപോലും അടിച്ചേല്പിക്കപ്പെട്ടതാണ്. എല്ലാ പ്രശ്‌നങ്ങളും സ്വാഭാവികവല്ക്കരിക്കപ്പെടുകയാണ്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അതു വ്യക്തമായി കാണാം. ഗാന്ധിയുടെ ഘാതകരെന്ന് ആരോപിക്കപ്പെട്ടവര്‍ ഇപ്പോള്‍ രാജ്യം ഭരിക്കുകയാണ്. ഇന്ത്യയുടെ കറുത്ത അടയാളമെന്ന് വിശേഷിപ്പിക്കപ്പെട്ട അടിയന്തരാവസ്ഥ നടപ്പാക്കിയ നേതാവ് മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും വോട്ടുപെട്ടിയിലൂടെ തിരിച്ചെത്തി. ഗുജറാത്ത് വംശഹത്യയോടെ ജീവിതാവസാനം വരെ തുറങ്കിലടയ്ക്കപ്പെടുമെന്നു കരുതിയ നേതാക്കളെയും ജനം പൊന്നും പൂവുമിട്ട് അധികാരത്തില്‍ പ്രതിഷ്ഠിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്തവര്‍ക്ക് അവിടെത്തന്നെ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്കി. കശ്മീര്‍ തടവിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആള്‍ക്കൂട്ട ഗുണ്ടായിസം ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായി. ഇന്ത്യയുടെ സാധാരണക്കാരന്റെ
നട്ടെല്ലൊടിച്ച നോട്ട്‌നിരോധനംപോലും എത്രവേഗത്തില്‍ ഓര്‍മയില്‍നിന്നു മാഞ്ഞുപോയി. പൗരത്വഭേദഗതിയുടെ ഗതിയും അതുതന്നെയായിരിക്കുമെന്ന കാര്യത്തില്‍ വലിയ സംശയമില്ല.


Related Articles

കോടതി വിധിയെ മാനിക്കുന്നു- ക്‌നാനായ സഭ

സിസ്റ്റര്‍ അഭയ കൊലക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണം. പ്രതികളായ വൈദീകന്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയെയും ജീവപര്യന്തം ശിക്ഷയും, പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രധാനമന്ത്രിക്കു പരാതി നൽകും

ദേശീയ വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി.പ്രസിഡന്റ് ആർച്ചുബിഷപ് ഡോ. സൂസപാക്യം. കുമ്പസാരം ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്.അതു നിരോധിക്കണമെന്ന് പറയാൻ വനിതാ കമ്മീഷനു അധികാരമില്ല.വനിതാ കമ്മീഷൻ ന്റെ

ജാതിവിവേചനത്തിനെതിരെ ബിഷപ് സ്തബിലീനിയുടെ ഇടയലേഖനം: 190-ാം വാര്‍ഷിക അനുസ്മരണം

കൊല്ലം: മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ജാതിവിവേചനം ദൈവനിശ്ചയമല്ലെന്നും അത് അധാര്‍മികവും ശിക്ഷാര്‍ഹമായ തെറ്റുമാണെന്നും വ്യക്തമാക്കി 1829 ജൂലൈ 14ന് മലയാളക്കരയില്‍ ഇടയലേഖനം ഇറക്കിയ വരാപ്പുഴ വികാരിയത്തിന്റെയും കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*