നിന്റെ ഹൃദയം തരുമോ

നിന്റെ ഹൃദയം തരുമോ

ടൈറ്റസ് ഗോതുരുത്തിന്റെ പുസ്തകത്തെ കുറിച്ച് ഫാ. ഓസി കളത്തില്‍ എഴുതുന്നു

ടൈറ്റസ് ഗോതുരുത്തിന്റെ 66 കവിതകളുടെ സമാഹാരമായ ‘നിന്റെ ഹൃദയം തരുമോ’ എന്ന ഗ്രന്ഥം ഗൃഹാതുരത്വത്തിന്റെയും, ഗതകാല പ്രണയസ്മരണകളുടേയും,  പ്രണയ ഭംഗങ്ങളുടെയും, മോഹിപ്പിക്കുന്ന സൗഹൃദബന്ധങ്ങളുടേയും നാള്‍വഴിയിലൂടെ കണ്ണീരിന്റെ നനവില്‍ ഒഴുകിപ്പോകുന്ന ഒരു നദിപോലെ അനുഭവപ്പെട്ടു. ആത്മവ്യഥയുടെ മലമുകളിലേയ്ക്ക് പലപ്പോഴും ആസ്വാദകരെ കൂട്ടികൊണ്ടുപോകാന്‍ കവി ശ്രമിക്കുന്നുണ്ട്.
”ദുഃഖത്തിന്റെ ഇമകള്‍ ചിമ്മിയെരിയും വിളക്കില്‍
ചിറകറ്റ സ്വപ്‌നത്തിന്‍ വിതുമ്പലില്‍
വിശപ്പും വേദനയുമെന്‍ കവിതയില്‍ കുഴച്ചവള്‍
ഒരുല്‍ക്കപോല്‍ പാറിവീണെന്‍ നെഞ്ചില്‍ പിടയുന്നു” (അവള്‍ ഉറങ്ങുന്നു)
പ്രണയം ജീവിതത്തെ ത്രസിപ്പിക്കുന്ന വികാരമായി കവി കാണുന്നു. പ്രണയം ശരീരത്തിലല്ല. ഉടലിന്റെ ദൈവശാസ്ത്രം ഉടലെടുത്തതറിയാതെയല്ല ടൈറ്റസ് തന്റെ കവിതയില്‍ പ്രണയത്തെക്കുറിച്ച് പാടുന്നത്. പ്രണയം ഒരു സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമല്ല. പ്രകൃതിയോട്, കലകളോട്, കവിതകളോട് ഒക്കെ പ്രണയമാവാം. പ്രണയത്തോടുകൂടിയുള്ള. സമീപനം എന്തിനേയും ആസ്വാദ്യ അനുഭവമാക്കുന്നു എന്നതാണ് സത്യം. പ്രണയം ഒരു പ്രാണവേദനയാവുന്നത്, അത് നിഷേധിക്കപ്പെടുമ്പോഴാണ്. ഏത് നിഷേധവും വേദനാജനകമാണ്.
”സ്‌നേഹത്തോടുള്ള കൊതിയാല്‍
എന്റെ കരള്‍ ചോദിച്ചിരുന്നെങ്കില്‍
ഇറ്റുവീഴും രക്തത്തോടെ
ഞാനവള്‍ക്ക് സമ്മാനിക്കുമായിരുന്നു” 
(അവള്‍)
പ്രണയത്തെ ഭാവാന്മകമായും കാണാന്‍ കവി ശ്രമിക്കുന്നുണ്ട്. ‘പ്രണയം’ എന്ന പേരില്‍ എഴുതിയ കവിതയില്‍:
”പ്രണയം ഒരു പൂപോലെ
വിരിയും നിറങ്ങളുടെ പീലിയാട്ടം.
പ്രണയം ഒരു പുഴപോലെ
ഒഴുകി ഒഴുകി നിറയും സ്‌നേഹം.
പ്രണയം ഒരു കുളിര്‍കാറ്റുപോലെ
പുണരവേ തളിര്‍ക്കും ജീവിതം.”
പ്രണയചിറകുള്ള കവിയെന്നാണ് ടൈറ്റസിന്റെ പുസ്തകത്തിന്റെ പ്രസാധകന്‍ ഷാജി ജോര്‍ജ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത.് അവതാരികയില്‍ ഡോ. കെ. എസ് രാധാകൃഷ്ണന്‍ എഴുതി: ”തന്റെ കവിതകളെക്കുറിച്ച് കവിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ‘അഴുക്കുപുരണ്ട കുഞ്ഞുങ്ങള്‍ തെരുവുനിറയെ തോരണം തൂക്കുന്നത്, എന്റെ കവിതകൊണ്ടാവണം’ കാരണം ആ കവിതകളില്‍ മണ്ണിന്റെ മണവും തെരുവിന്റെ കണ്ണീരും നിറ
യുന്നുണ്ട്.” തീര്‍ച്ചയാണ്, ടൈറ്റസിന്റെ കവിത കണ്ണീരും കയ്പും നിറഞ്ഞതാണ്; നന്മയുടെ നൈര്‍മല്യവും കലര്‍ന്നതാണ്. ആത്മാര്‍ത്ഥതയുടെ വിരിപ്പാവാണ് ഈ കവിതാസമാഹാരം.
കവിയുടെ കുട്ടിക്കാലവും ബാല്യവും  യൗവനവും ഇടകലര്‍ന്നാണ് കവിതയില്‍ കാണുന്നത്. ഒരു നേരം കവിയുടെ ബാല്യത്തിന്റെ നൊമ്പരങ്ങളും ഇല്ലായ്മകളും മാനസിക സംഘര്‍ഷങ്ങളും മിന്നിമറയുന്നു. കവിയുടെ വിശ്വാസപ്രമാണവും കുടുംബബന്ധങ്ങളും വളരെ ഇഴയടുപ്പമുള്ളതായിരുന്നു എന്നതിനൊരു ദൃഷ്ടാന്തമാണ് ‘പെങ്ങള്‍’ എന്ന കവിത. ഇതൊരു പ്രാര്‍ത്ഥനയുടെ കവിതയാണ്. വല്ലാതെ ഇഷ്ടംതോന്നിയ കവിത.
”എനിക്ക് ഒരേയൊരു പെങ്ങള്‍.
സ്ലേറ്റുപെന്‍സിലും, മായ്ക്കാന്‍പച്ചയും തന്ന് 
എന്നെ സ്‌നേഹിച്ചവള്‍.
സ്വപ്‌നങ്ങളുടെ മഴനനഞ്ഞവള്‍.
(പെങ്ങള്‍)
പ്രത്യാശയുടെ കുന്തുരുക്കപ്പുകയ്ക്കുള്ളില്‍ സ്‌നേഹത്തിന്റെ വെളുത്ത അപ്പം (വി. കുര്‍ബ്ബാന) സ്വസ്ഥമാക്കുമെന്നു പാടുമ്പോള്‍ അത് തന്റെ വിശ്വാസപ്രമാണങ്ങളുടെ പ്രഘോഷണമായി മാറുന്നുണ്ട്. ഹൃദയബന്ധത്തിന്റെ ലില്ലിപ്പൂ മണമുണ്ട് ഈ കവിതയ്ക്ക്. തന്റെ പെങ്ങളെക്കുറിച്ച് ഒരു കണ്ണീര്‍ചിത്രം വരച്ചതില്‍ കവിയെ സ്‌നേഹിക്കുന്നു. കണ്ണീര്‍ എന്ന പദം കവിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. 40 പ്രാവശ്യമെങ്കിലും ആ പദം ഈ പൂസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കണ്ണീര്‍ ഹൃദയത്തില്‍ നിന്നുള്ള തെളിനീരാണ്. പലതും കഴുകിക്കളയുന്ന ജലധാര.
പണ്ടത്തെ കുട്ടികളുടെ ലോകം മഞ്ചാടിക്കുരുവിലും മയില്‍പീലിയിലും ഒതുങ്ങിയിരുന്നു. കുട്ടികള്‍ക്കിടയിലുണ്ടാകുന്ന കുഞ്ഞുവഴക്കുകള്‍ മഞ്ചാടിക്കുരു എണ്ണിക്കൊടുത്തു തീര്‍ക്കാമായിരുന്നു. ആധുനിക ലോകത്തിന്റെ മുഖം ആകെ മാറി.
”മറിയേ നിനക്ക് തൊട്ടാവാടിപ്പൂവിന്റെ മണം
കൊച്ചുനാളിലെ വഴക്കിന്
മഞ്ചാടിക്കുരുപെറുക്കി നമുക്ക് കൂട്ടുകൂടാം”
(നമ്മുടെ മനസുകള്‍)
സ്വത്തും പണവും മോഹിച്ച് പ്രണയിക്കുന്നവരോട് കവിക്ക് പുച്ഛമാണ്, അവജ്ഞയാണ്. സ്‌നേഹിച്ച് ഒടുവില്‍ ഇവനില്‍നിന്നും ഒന്നും ലഭിക്കില്ലെന്ന് മനസിലാക്കിയ പ്രണയിനി എഴുതി:
”സ്വപ്‌നങ്ങളെ അമ്പെയ്യുന്നവന്റെ കൂടെ വേട്ടയ്ക്ക് ഞാനില്ല”. (ഇനിയും പ്രണയിക്കരുത്) സ്‌നേഹം വിലയ്ക്കു വാങ്ങാനാവില്ല, പ്രണയത്തിന് വ്യവസ്ഥകളില്ല. 
എന്റെ കുഞ്ഞാട് എന്നൊരു കവിതയുണ്ട് ഈ പുസ്തകത്തില്‍. കുഞ്ഞാട് എന്ന പദമല്ലാതെ മറ്റു സൂചനയൊന്നും അതിലില്ല. തന്റെ ആസ്വാദകരുടെ മനസ് അറിയാതെ വിശുദ്ധ ഗ്രന്ഥത്തിലൂടെ കയറിയിറങ്ങിപോകും. ലൂക്കാ സുവിശേഷകന്റെ നഷ്ടപ്പെട്ട ആട്ടിന്‍കുട്ടിയും, നഷ്ടപ്പെട്ട് തിരിച്ചുവരുന്ന ധൂര്‍ത്തപുത്രനും കവിയുടെ മനസിലെ കാല്പനിക ബിംബങ്ങളാണ്. സമൂഹത്തില്‍ നഷ്ടമാകുന്ന കുഞ്ഞുങ്ങളെക്കുറിച്ചും കവി വിലപിക്കുന്നുണ്ട്.
ഈ സമാഹാരത്തിലെ നിരവധി കവിതകളില്‍ ഇഷ്ടപ്പെട്ട മറ്റൊരു കവിതയാണ് ”ഞാന്‍ മഗ്ദലേനയെ സ്‌നേഹിക്കുന്നു” എന്ന കവിത. ഭാവാത്മകത, കവിത്വം, കാല്പനികത എന്നിവകൊണ്ടെല്ലാം പ്രകാശം ചുരത്തുന്ന കവിതയാണിത്. അവലംബം ആധികാരികമാകുമ്പോള്‍ കവിതയ്ക്ക് കനം കൂടും. സനാതനങ്ങളായ സ്‌നേഹ-കാവ്യ-ബിംബങ്ങളെ നിഴലാക്കി കവിത രചിക്കുമ്പോള്‍ ആ കവിതയ്ക്ക് 24 കാരറ്റ് തിളക്കമുണ്ടാകും. വിശ്വപ്രസിദ്ധങ്ങളായ കവിതകളും നാടകങ്ങളും  നോവലുകളും മറ്റും ഇന്നും വെട്ടിത്തിളങ്ങി നില്ക്കുന്നത് ബൈബിള്‍, പുരാണഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ നിഴലില്‍ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ്.
”മഗ്ദലേന, സ്‌നേഹത്തിന്റെ ചില്ലുപാത്രം
കൊച്ചുദുഃഖങ്ങള്‍ നീരാടി ഒഴിയണം” 
(ഞാന്‍ മഗ്ദലേനയെ സ്‌നേഹിക്കുന്നു)
എന്തൊരു കാല്പനിക ഭംഗിയാണ്, എന്തൊരു കാവ്യസൗന്ദര്യമാണ്, പ്രത്യാശയുടെ ആകാശമാണ് ഈ കവിതയില്‍ കാണാനാവുക. പാപത്തില്‍നിന്ന് പശ്ചാത്താപത്തിലേക്കുള്ള തിരിച്ചുയാത്രയില്‍ മാലാഖച്ചിറക് കിട്ടിയവളാണ് മറിയം മഗ്ദലേന. മഗ്ദലേന എന്നത് ഒരു നാടിന്റെ പേരാണ്. ഒടുവില്‍ ആ പേര്‌പോലും അവളാല്‍ വിശുദ്ധമായി.
‘മഗ്ദലേന മറിയം’ എന്ന തന്റെ ഖണ്ഡകാവ്യത്തില്‍ വള്ളത്തോള്‍ മറിയത്തിന്റെ മാനസാന്തരത്തെക്കുറിച്ച് പാടിയത് ഇവിടെ ചേര്‍ത്തുവായിക്കാം.
”പൊയ്‌കൊള്‍ക പെണ്‍കുഞ്ഞേ,
ദുഃഖം വെടിഞ്ഞു നീ
ഉള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും
ഈ പശ്ചാത്താപമേ പ്രായശ്ചിത്തം”
ടൈറ്റസ് ഗോതുരുത്തിന്റെ കവിതാ സമാഹാരം തന്റെ സ്വന്തം ജീവിതപശ്ചാത്തലത്തില്‍ വിചാരത്തെക്കാള്‍ വികാരത്തിനും ചിന്തകളെക്കാള്‍ സ്വപ്‌നങ്ങള്‍ക്കും, തത്വശാസ്ത്രങ്ങളെക്കാള്‍ മാനുഷികതക്കും പ്രാധാന്യം നല്‍കിയെഴുതിയതാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത-ഈ കവിതകളെല്ലാം താനാണ്, തന്നെക്കുറിച്ചാണ്, തന്റേതാണ്, തനിക്കുള്ളതാണ്. ഇങ്ങനെ വൈയക്തികമായി കവിതയെഴുതുക എളുപ്പമല്ല. ആ ഒരു ധീരകൃത്യത്തിന് ടൈറ്റസിനെ അഭിനന്ദിക്കാതെ വയ്യ. അകന്നുനിന്ന് വ്യക്തികളെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും വളരെ എളുപ്പം കവിതയെഴുതാം.
സ്വന്തം ഗ്രാമമായ ഗോതുരുത്തിനെക്കുറിച്ചെഴുതിയ ഒരു കവിതയുണ്ടിതില്‍. ഗോതുരുത്തിനെ പുകഴ്ത്തിക്കൊണ്ട് തീര്‍ച്ചയായും എഴുതാമായിരുന്നു. പക്ഷേ, അതിലും തന്റെ ആത്മാംശം കലര്‍ത്തിവിട്ടു. കാലിക പ്രസക്തിയുള്ള കവിതകളും ഈ കൂട്ടത്തിലുണ്ട്. ധാര്‍മിക രോഷം കത്തിക്കാളുന്ന കവിതയാണ് ‘ഇതെന്റെ കുഞ്ഞുങ്ങള്‍ക്ക്’ എന്ന കവിത. ഇന്ന് ആസിഫയ്ക്ക് വേണ്ടി നാടു കരയുന്നു. എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പേ ടൈറ്റസ് അത് എഴുതിക്കഴിഞ്ഞു:
”വെറിപൂണ്ട നാവുമായ്
കുറുക്കന്മാര്‍ കിതച്ചു നടക്കവേ
ഞാനെന്റെ കുഞ്ഞുങ്ങള്‍ക്ക് 
രക്തവും മാംസവും നല്‍കും”
(ഇതെന്റെ കുഞ്ഞുങ്ങള്‍ക്ക്)
‘ഇവിടെ സ്‌നേഹജമന്തികള്‍ വിരിയുമോ?’ എന്ന കവിതയില്‍ വീണ്ടും അതേ ധാര്‍മ്മികരോഷം ഉയര്‍ത്തുന്നു:
”ഇടനെഞ്ചുപൊട്ടിക്കരഞ്ഞാലും കനിയില്ല
ഇരുളാണ് ചുറ്റിലും മക്കളേ
വീട്ടിലും സൗഹൃദകൂട്ടത്തിലൊക്കെയും
കാമകഴുകന്മാര്‍ കാതോര്‍ത്തിരിക്കയാം”
‘ഠവല ുെീിമേിലീൗ െീ്‌ലൃളഹീം ീള ുീംലൃളൗഹ ളലലഹശിഴ:െ ശ േമേസല െശെേ ീൃശഴശി ളൃീാ ലാീശേീി ൃലരീഹഹലരലേറ ശി േൃമിൂൗശഹശ്യേ,’ വേഡ്‌സ്‌വര്‍ത്ത് കവിതയെ നിര്‍വചിച്ചത് ഇങ്ങനെയാണ്. ഈ ക്ലാസിക് നിര്‍വചനമാണ് കാവ്യലോകം മിക്കവാറും അംഗീകരിച്ചാസ്വദിക്കുന്നത്: ”ഹൃദയത്തില്‍ തിങ്ങികൂടിയ ശക്തമായ വികാരങ്ങളുടെ പ്രവാഹം. ആത്മാവിന്റെ സാന്ദ്രമായ നിശബ്ദതയില്‍
നിന്ന് ഉറവയെടുക്കുന്ന വികാരങ്ങളാണ് കവിത.
കവിതവരുന്നതെപ്പോഴാണ് എന്നു ചോദിച്ച് ഉത്തരം തരാത്ത ഒരു കവിതയുണ്ടിതില്‍
പറയൂ…
കവിതവരുന്നത് എപ്പോഴാണ്?
കണ്ണീരില്‍ നിന്നും
മാലാഖമാരുടെ ഗാനമുയരുമ്പോഴോ!
പാതവക്കില്‍
നാണിച്ചു നില്‍ക്കും
മുക്കുറ്റിപ്പൂ ചിരിക്കുമ്പോഴോ!
കാത്തിരുന്നു മടുക്കുമ്പോള്‍
കാമുകിയുടെ കരിവള ചിരിക്കുമ്പോഴൊ!
ഏകാന്ത സ്വപ്‌നങ്ങളുടെ പാല 
പൂക്കുമ്പോഴോ!
കവിതയെഴുതി
കടം വീട്ടാമെന്നു കരുതിയ
കവിയുടെ കരളുവിങ്ങുമ്പോഴോ!
ഉത്തരം മുമ്പേ സൂചിപ്പിച്ചു. ടൈറ്റസ് ഗോതുരുത്തിന്റെ കവിതകളുടെ മഹത്വവും മനോഹാരിതയും അതുതന്നെയാണ്. വികാരങ്ങളുടെ ഒരു വേലിയേറ്റം. പ്രണയ പ്രഘോഷണങ്ങളുടെ ഒരു കൊടിയേറ്റം.

Related Articles

കെഎല്‍സിഎ വരാപ്പുഴ അതിരൂപത ജനറല്‍ കൗണ്‍സില്‍

എറണാകുളം: വരാപ്പുഴ അതിരൂപത കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍ യോഗം കെആര്‍എല്‍സിസി വൈസ ്പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിച്ചു.

ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു

കൊവിഡിനു ശേഷമുള്ള കാലത്തെ പ്രതിരോധ സംവിധാനം വൈവിധ്യത്തിലെ സാര്‍വത്രിക ഐക്യദാര്‍ഢ്യം         ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാന്‍ സിറ്റി: കൊവിഡ് 19 മഹാമാരിയുടെ

വിശ്വാസ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍

  ഓരോ നെല്‍മണിയിലും എഴുതപ്പെട്ടിട്ടുണ്ട് അത് ആര് ഭക്ഷിക്കണമെന്ന്. മനോഹരമായ ഈ വരികള്‍ എഴുതിയതാരാണ്? ആരു തന്നെയായാലും ജോസഫ് റാറ്റ്സിങ്ങറുടെ ജീവിതപാതയില്‍ സുവര്‍ണലിപികള്‍കൊണ്ടെഴുതിയ ഈ വാക്കുകള്‍ മാഞ്ഞുപോകാതെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*