Breaking News

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത്

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത്

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത് മനുഷ്യന്റെ നിസാരതയെപ്പറ്റി തന്നെ. എന്തൊക്കെ നേടിയിട്ടുണ്ടെന്ന് വീമ്പിളക്കിയാലും പ്രകൃതിയുടെ കടന്നാക്രമണത്തിനുമുന്നില്‍ മനുഷ്യന്‍ എത്ര നിസാരനും ചെറിയവനുമാണ്. അവനെക്കാള്‍ വളരെ ചെറുതായ സൂക്ഷ്മ ദര്‍ശിനികൊണ്ടുമാത്രം നിരീക്ഷണവിധേയമാകുന്ന ഒരു അതിസൂക്ഷ്മ വിഷാണുവിന്റെ മുമ്പില്‍ മനുഷ്യന്‍ അടിപതറുന്നു. അവന്റെ സമനില തെറ്റുന്നു. അസ്തിത്വം തന്നെ ഇല്ലാതാകുന്നു. ഇപ്പോള്‍ അതാണ് ഹോമോ സാപിയന്‍ എന്ന മനുഷ്യന്‍; അതു മാത്രമാണ്.
വാസ്തവത്തില്‍ വളര്‍ച്ചയെത്തുന്നതിനു മുമ്പ് പിറന്നുവീഴുന്ന ജീവിയല്ലേ മനുഷ്യന്‍. സംശയമുണ്ടെങ്കില്‍ മൃഗങ്ങളുമായി ഒന്നു താരതമ്യം ചെയ്തുനോക്കൂ. ജനിച്ചു കഴിഞ്ഞയുടന്‍ ഒരു പശുക്കിടാവിന് ഓടാന്‍ കഴിയും. ഏതാനും ആഴ്ചകള്‍മാത്രം പ്രായമാകുന്ന പൂച്ചക്കുട്ടികള്‍ അമ്മയെവിട്ട് ഭക്ഷണം തേടിപ്പോകുന്നു. എന്നാല്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ ഒന്നെഴുന്നേറ്റുനില്ക്കാന്‍ പിന്നെയും എത്രനാളുകളെടുക്കും. ഈ കടമ്പകളെല്ലാം മൃഗങ്ങളും പക്ഷികളും അതിശീഘ്രമാണ് പിടിച്ചുകയറുന്നത്. അപ്പോള്‍ അവികസിതമായി ഭൂമുഖത്തെത്തുന്ന മനുഷ്യന്‍ പ്രകൃതിക്ക് അനുയോജ്യനായിത്തീരുന്ന പ്രതിഭാസം അത്യന്തം സങ്കീര്‍ണമാണ്. ഈ പരിണാമചക്രം അവനെ വിജയിയും പരാജിതനുമാക്കുന്നു. 70000 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ജ്ഞാനവിപ്ലവം, 500 വര്‍ഷങ്ങള്‍ക്കുമുമ്പ് വികസിതമായ ശാസ്ത്രവിപ്ലവം-ഈ മൂന്നു ചരിത്രനേട്ടങ്ങളും മനുഷ്യന്റെ വികസനഗതിയെ മാറ്റിമറിച്ചു.
ഇന്ന് മനുഷ്യന്‍ അറിവിന്റെ പാരമ്യത്തിലിരിക്കുന്നു എന്ന ചിന്തയില്‍ അഹങ്കരിക്കുന്നു. അറിവിന്റെ ലഹരി അവനെ ഒരുവേള അന്ധനാക്കുക തന്നെ ചെയ്തു. എന്നാല്‍ ദൈവസൃഷ്ടിയുടെ നിഗൂഢതയോ പൊരുളോ ഒരു ശതമാനംപോലും മനുഷ്യന് ഇന്നുവരെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടോ? ഇല്ലതന്നെ.
ഈ ചിന്തകളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ മഹാമാരികളുടെ അപ്പപ്പോഴുള്ള കടന്നാക്രമണത്തെ വിലയിരുത്തുന്നത്. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ പട്ടണത്തില്‍ കണ്ടെത്തിയ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഈ രോഗവിഷാണുക്കള്‍ക്കെതിരെ ഫലപ്രദമായ വാക്‌സിനോ ആന്റിവൈറല്‍ ഔഷധങ്ങളോ കണ്ടെത്താന്‍ പറ്റാതെ മനുഷ്യര്‍ വിഷണ്ണരാകുന്നു. പനി, ചുമ, തലവേദന, ശ്വാസതടസം ഇങ്ങനെ തുടങ്ങി ന്യുമോണിയ, വൃക്കരോഗം തുടങ്ങിയ പ്രത്യാഘാതങ്ങളിലൂടെ മൃത്യുവിലേക്ക് മനുഷ്യനെ വലിച്ചിഴയ്ക്കുന്ന ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുന്നില്ല. കൊറോണ ബാധിച്ച 16.7 ശതമാനം പേര്‍ക്ക് താളംതെറ്റിയ നെഞ്ചിടിപ്പും 7.2 ശതമാനം പേര്‍ക്ക് ഹൃദയവീക്കവും 8.7 ശതമാനം പേര്‍ക്ക് ഷോക്കും 3.6 ശതമാനം പേര്‍ക്ക് വൃക്കരോഗവും ഉണ്ടാകുന്നു. ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ കിരീടാകൃതിയില്‍ കാണപ്പെടുന്നതുകൊണ്ടാണ് ഈ വൈറസുകള്‍ക്ക് കിരീടം എന്ന ലാറ്റിന്‍പദമായ കൊറോണ എന്ന നാമധേയം വന്നത്. മനുഷ്യരിലും കന്നുകാലികളിലും മറ്റു വളര്‍ത്തുമൃഗങ്ങളിലും വൈറസ് ബാധയുണ്ടാകാം. 1960ലാണ് ആദ്യമായി ഈ സവിശേഷതരം വൈറസുകളെ ആദ്യം കണ്ടെത്തിയത്. വെറും ജലദോഷത്തിലൊതുങ്ങുന്ന നിരുപദ്രവകാരിയെന്നേ ആദ്യം വിചാരിച്ചുള്ളൂ. 2002ല്‍ ചൈനയിലും മറ്റു രാജ്യങ്ങളിലും പിടിച്ച സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം), 2012ല്‍ സൗദി അറേബ്യയിലും തുടര്‍ന്ന് യുഎഇ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും പടര്‍ന്നേറിയ മെര്‍സ് (മിഡില്‍ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രം) തുടങ്ങിയ മഹാമാരിയുടെ കാരണം കൊറോണ വൈറസുകളാണെന്ന് തെളിയുന്നു. ഇപ്പോള്‍ ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ പുനര്‍ജനിച്ച കൊറോണ വൈറസ് മനുഷ്യകുലത്തെ ദാരുണമായി മൃത്യുവിലേയ്ക്ക് കൈപിടിച്ചുകൊണ്ടുപോകുന്നു.
ഒന്നോര്‍ക്കുക, ഇതും നാം തരണം ചെയ്യും. പ്രതിസന്ധിഘട്ടങ്ങളില്‍ ഒറ്റക്കെട്ടായി നിന്നു പൊരുതാന്‍ ധൈര്യം കാണിച്ച മലയാളികള്‍ രണ്ടു മഹാപ്രളയങ്ങളും നിപ്പാബാധയും ഐക്യംകൊണ്ട് പരാജയപ്പെടുത്തി. അതുപോലെ കൊറോണയും നാം കീഴടക്കും; സംശയം വേണ്ട.
എന്നാല്‍ തിരുത്തലുകള്‍ക്ക് നാം തയ്യാറാവണം. പരിസരവും വായുവും മലിനമാകുന്ന എന്തും ഉന്മൂലനം ചെയ്യാന്‍ മലയാളികള്‍ പഠിക്കണം. സഹജീവികള്‍ക്കും മറ്റിതര ജീവജാലങ്ങള്‍ക്കും ഒരുമിച്ചുള്ള ഒരു ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന ജീവിതശൈലി സ്വായത്തമാക്കണം.


Related Articles

മാര്‍ട്ടിന്‍ ഈരേശ്ശേരില്‍: ധീരതയോടെ നടന്നുപോയൊരാള്‍

പറയുന്നതും എഴുതുന്നതും കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം. ജീവിതത്തില്‍ ഇതിനായി വാശി പിടിച്ച നോവലിസ്റ്റും കഥാകൃത്തും ചരിത്രകാരനുമായ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍ വിടവാങ്ങി. എന്റെ ബൗദ്ധിക ശേഷിക്ക് നിരക്കാത്തതിനെ എതിര്‍ക്കുക എന്നത്

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

  ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി

പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫിന് സ്വർണ്ണം; ആലപ്പുഴ രൂപതക്ക് അഭിമാന നിമിഷം

ആലപ്പുഴ: റഷ്യയിൽ വച്ച് നടന്ന നാലാമത് ലോക യൂണിവേഴ്സിറ്റിതല പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫ് സ്വർണ്ണം നേടി. പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ 320 കിലോഗ്രാം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*