നിയമവിരുദ്ധ മത്സ്യബന്ധനം തടയണം -കേരള മത്സ്യമേഖലാ സംരക്ഷണ സമിതി

നിയമവിരുദ്ധ മത്സ്യബന്ധനം തടയണം -കേരള മത്സ്യമേഖലാ സംരക്ഷണ സമിതി

കൊച്ചി: ട്രോളിംഗ് നിരോധനം മൂലം കേരളത്തിലെ മത്സ്യബന്ധന മേഖല വറുതിയില്‍ ആയിരിക്കേ ഇതരസംസ്ഥാന ഫൈബര്‍ വള്ളങ്ങള്‍ നിരോധിത വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയണമെന്ന് കേരള മത്സ്യമേഖല സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാന കൊട്ടവഞ്ചിക്കാര്‍ ഉള്‍നാടന്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമാണ്. ഫൈബര്‍ വള്ളങ്ങളുടെ മത്സ്യബന്ധനം ട്രോളിംഗ് കാലയളവിനുശേഷം ലഭിക്കേണ്ട മത്സ്യസമ്പത്തിനെ ബാധിക്കും. 15 വര്‍ഷം കഴിഞ്ഞ ബോട്ടുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെങ്കിലും 30 വര്‍ഷം പിന്നിട്ട ടൂറിസ്റ്റ് ബോട്ടുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നുമുണ്ട്. ഇത്തരം കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ യഥേഷ്ടം മീന്‍ പിടിക്കാന്‍ അനുവദിക്കുന്നത്.

കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച 2021-ലെ നിയമം, 2018-ലെ കെഎംഎഫ്ആര്‍ ഭേദഗതിനിയമം, 2021-ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമം എന്നിവ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മത്സ്യമേഖലയ്ക്ക് ദോഷകരമായ നിരവധി വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. അവ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു മുതിരാതെ മത്സ്യമേഖലാ വിരുദ്ധ നിലപാടുകളുമായിതന്നെയാണ് നിയമം സര്‍ക്കാര്‍ നടപ്പാക്കുന്നത്. തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം, മത്സ്യത്തൊഴിലാളികള്‍ക്ക് അന്യമാകുന്ന തരത്തില്‍ ഉണ്ടാക്കിയിരിക്കുന്ന നിയമം മത്സ്യമേഖലയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്. നിയമലംഘനങ്ങള്‍ക്ക് വലിയ തുക ശിക്ഷയായി ഈടാക്കി, അപ്പീല്‍ നല്‍കുന്നതിന് പിഴ തുക മുഴുവന്‍ കെട്ടിവയ്ക്കണമെന്നു ശഠിക്കുന്ന മനുഷ്യത്വരഹിത നിലപാടുകളാണ് നിയമത്തിലുള്ളത്. നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് എറണാകുളത്ത് ചേര്‍ന്ന കേരള മത്സ്യമേഖല സംരക്ഷണസമിതി ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.

സമിതി പ്രസിഡന്റ് വി. ദിനകരന്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയി
ല്‍, ജോസഫ് കളപ്പുരയ്ക്കല്‍, ഷെറി ജെ. തോമസ്, എ. ദാമോദരന്‍, ജോസഫ് ജൂഡ്, ജോണ്‍ പി.പി, പി.എം സുഗതന്‍, ബേസില്‍ മുക്കത്ത്, കെ.ജെ യേശുദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍ പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെഎംഎഫ്ആര്‍ കാലോചിതമായി പരിഷ്‌കരിക്കുകയും പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം ട്രോള്‍ വലകളുടെ കോഡ് എന്റില്‍ സ്‌ക്വയര്‍ മെഷ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രധാന വലകളുടെ പരമാവധി വലിപ്പവും, കുറഞ്ഞ കണ്ണിവലിപ്പവും നിശ്ചയിച്ചിട്ടുണ്ട്. പേഴ്‌സിന്‍, പെലാജിക് ട്രോള്‍, മിഡ് വാട്ടര്‍ ട്രോള്‍, ബുള്‍ ട്രോള്‍ (പെയര്‍ ട്രോള്‍) എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പുതുക്കിയ ചട്ടം അനുസരിച്ച് നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍, വിഷം, മറ്റ് മാരകമായ രാസവസ്തുക്കള്‍, കൃത്രിമപ്രകാശം എന്നിവ ഉപയോഗിച്ചുളള മത്സ്യബന്ധനവും, തെങ്ങിന്റെ ക്ലാഞ്ഞില്‍, വൃക്ഷ ശിഖരങ്ങള്‍ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. സി.എം.എഫ്.ആര്‍.ഐയുടെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തില്‍ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്ന കാലയളവ് കേരളത്തില്‍ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാല്‍ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങള്‍ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുമത്സ്യങ്ങളെ ഇങ്ങനെ വന്‍തോതില്‍ പിടിച്ച് നശിപ്പിക്കുന്നത് കടല്‍ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാല്‍ അത്തരം തെറ്റായ മത്സ്യബന്ധന രീതികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ വിട്ടുനില്‍ക്കണമെന്നും, ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ യാനത്തിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

തെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്‍ക്ക് കഴിയണം: ഫാ ജോസഫ് പുത്തൻപുരക്കൽ

1950കളില്‍ മലബാര്‍ കുടിയേറ്റ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ മക്കളെപ്പോലെ സ്‌നേഹിച്ച വിശുദ്ധരായ മുസ്ലിം വ്യക്തിത്വങ്ങളുണ്ടായിരുന്നു, ഇസ്ലാമിക സമൂഹങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ മണലാരണ്യത്തില്‍ കഠിനാധ്വാനം ചെയ്ത, മറ്റുളവർക്ക് താങ്ങും തണലുമായ

എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍

പ്രത്യയശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങളെ മൃഗീയശക്തികൊണ്ട് അടിച്ചൊതുക്കുന്ന കിരാതവാഴ്ചയുടെ ഭയാനക ദൃശ്യങ്ങളാണ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് അരങ്ങേറിയത്. മുഖംമൂടിയണിഞ്ഞ വലിയൊരു അക്രമിസംഘം ഇരുമ്പുദണ്ഡുകളും കൂടങ്ങളും ഹോക്കിസ്റ്റിക്കും

ബഷീറിന്റെ ആദ്യത്തെ കഥാരചന

വൈകിയാണ് ബഷീര്‍ ഉണര്‍ന്നത്. പുസ്തകം വായിച്ചുവായിച്ചിരുന്ന് തലേന്ന് രാത്രി ഉറങ്ങിയത് അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നു. കിടന്ന പായ ചുരുട്ടി മുറിയുടെ മൂലയില്‍ ചാരിവച്ചു. തലയണയില്ല. പുറത്തുപോയി മുഖവും കൈയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*