നിരവധി പദ്ധതികളുമായി വരാപ്പുഴ അതിരൂപത

നിരവധി പദ്ധതികളുമായി വരാപ്പുഴ അതിരൂപത

ഫ്രാന്‍സിസ് പാപ്പ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടൊത്തുള്ള ജീവനത്തിനും 2020മേയ് 24 മുതല്‍ 2021 മേയ് 24 വരെ ‘ലൗദാത്തേ സീ’ വര്‍ഷം ആചരിക്കാന്‍ ആഹ്വാനം നല്‍കിയ കാലയളവിലാണ് കൊവിഡ് മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തിയത്. തുടര്‍ന്നുവന്ന ലോക്ഡൗണില്‍ സാമ്പത്തിക തകര്‍ച്ച എല്ലാ മേഖലകളിലും ഉടലെടുക്കുകയും രാജ്യത്തിന്റെ തന്നെ സമ്പദ്ഘടന അപകടകരമായ അവസ്ഥയിലാവുകയും ചെയ്ത സാഹചര്യത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ ഈസ്റ്റര്‍ദിന സന്ദേശത്തില്‍ ഭക്ഷ്യ സുരക്ഷയ്ക്കായി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ട ആവശ്യകത എടുത്തുകാട്ടി. ഈ സമയത്തുതന്നെ കേരള ഗവണ്‍മെന്റ് സുഭിക്ഷ കേരളം എന്ന പദ്ധതി പ്രഖ്യാപിച്ചു. ആ സന്ദേശം ഏറ്റെടുത്ത് വരാപ്പുഴ അതിരൂപത സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി എന്ന പേരില്‍ വിപുലമായ പദ്ധതികള്‍ക്കു രൂപം നല്‍കി.
ലോക്ഡൗണ്‍ ആരംഭം മുതല്‍ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യക്ഷേമ  വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും എല്ലാ ഇടവകകളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വരാപ്പുഴ അതിരൂപതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു:
 
കര്‍മ്മപദ്ധതികള്‍
1.  എറണാകുളം നഗരത്തിലെ തൊഴില്‍രഹിതരും ഭവനരഹിതരുമായ അഞ്ഞൂറോളം ഇതരസംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ക്ക് പ്രഭാത ഭക്ഷണം എറണാകുളം എംപി, എം.എല്‍.എ., കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാഴ്ച കാലത്തോളം വിതരണം ചെയ്തു.
2. പൊള്ളുന്ന വെയിലത്ത് കഷ്ടപ്പെട്ട് കൊവിഡ് ഡ്യൂട്ടി നടത്തിയ പോലീസുകാര്‍ക്ക് പഴങ്ങള്‍ അടങ്ങിയ കിറ്റുകള്‍, കോട്ടണ്‍ കൈയ്യുറ, സാനിറ്റൈസര്‍ എന്നിവ വിതരണം ചെയ്തു.
3. കൊച്ചിന്‍ കോര്‍പറേഷന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോട്ടണ്‍ കൈയ്യുറ, സാനിറ്റൈസര്‍, മുഖാവരണം എന്നിവ നല്‍കി.
4. കാന്‍സര്‍ രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റുകള്‍ നല്‍കി. അതിരൂപതയിലെ എല്ലാ ഇടവകകളും മുഴുവന്‍ ഭവനങ്ങള്‍ക്കും ഭക്ഷ്യകിറ്റുകള്‍ നല്‍കുകയുണ്ടായി.
5. അതിരൂപതയില്‍ പൊറ്റക്കുഴി, കടവന്ത്ര തുടങ്ങിയ ചില ഇടവകകളുടെയും, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, കളമശേരി സെന്റ് പോള്‍സ് കോളജ് തുടങ്ങിയ ചില സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഫേസ് മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
6. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ഉത്പാദനം സംബന്ധിച്ച ട്രെയിനിങ് ക്ലാസുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുകയുണ്ടായി.
7. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കായി 500 പി.പി.ഇ കിറ്റുകള്‍, 4,000 മാസ്‌കുകള്‍, സാനിറ്റൈസര്‍, തുണി കൈയ്യുറകള്‍ എന്നിവ എറണാകുളം ജില്ലയുടെ കൊവിഡ് ചുമതലയുള്ള കൃഷിമന്ത്രി   വി.എസ്. സുനില്‍കുമാറിന് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അതിമെത്രാസന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കൈമാറി.
8. കൊവിഡ് മൂലം നമ്മുടെ നാട് അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും മുന്നില്‍ കണ്ട് ‘സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി’ എന്ന പേരില്‍ ഒരു നൂതന കര്‍മ്മപദ്ധതിക്ക് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശ്ശിസുകളോടെ തുടക്കം കുറിച്ചു. ഈ കര്‍മ്മപദ്ധതിയുടെ ഭാഗമായി അഞ്ചു വെബിനാറുകള്‍ സംഘടിപ്പിച്ചു. കൃഷിയുടെ അനന്ത സാധ്യത, മൃഗസംരക്ഷണം, മത്സ്യകൃഷി, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചു നടത്തിയ വെബിനാറുകള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ധനമന്ത്രി ഡോ.തോമസ് ഐസക് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഈ മേഖലകളിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. അതിരൂപത പബ്ലിക് റിലേഷന്‍സ്, ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റ്, സാമൂഹ്യ സേവന വിഭാഗം, സെന്റ് ആല്‍ബര്‍ട്സ് കോളജ്, ഐടി കമ്മീഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വെബിനാറുകള്‍ സംഘടിപ്പിച്ചത്. അതിരൂപതയുടെ യുട്യൂബ് ചാനലായ കേരളവാണിയിലൂടെ തത്സമയ സംപ്രേഷണവും നടന്നു.    അതിരൂപതയിലെ എല്ലാ ഫൊറോനകളും ഇടവകകളും കേന്ദ്രീകരിച്ച് പച്ചക്കറികൃഷി അതിവിപുലമായ രീതിയില്‍ മുന്നോട്ടുപൊയ്ക്കഴിഞ്ഞു. മൃഗ സംരക്ഷണത്തിന്റെ ഭാഗമായി ഹരിയാനയില്‍ നിന്നുള്ള മുറ ഇനത്തില്‍പ്പെട്ട പോത്തിന്‍ കുഞ്ഞുങ്ങളുടെ വിതരണവും നടന്നുകൊണ്ടിരിക്കുന്നു.
9. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള മൃതസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ വൈദികരുടെയും അല്മായരുടെയും നേതൃത്വത്തില്‍ വോളന്റിയേര്‍സ് ടീം രൂപവത്കരിച്ചു.
10. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കൊവിഡ് മഹാമാരിയില്‍ നിന്നു ലോകത്തെ മുഴുവന്‍ കാത്തുസംരക്ഷിക്കാന്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തി.
ഇതുവരെ കോടിക്കണക്കിന് രൂപയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപത ചെലവഴിച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാമെന്നും അതീവ ജാഗ്രതയോടും അതിലേറെ പ്രത്യാശയോടും കൂടെ ഈ വേദനയുടെ ദിനങ്ങളില്‍ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് നമ്മുടെ നാടിനെയും ലോകം മുഴുവനെയും നമുക്ക് സമര്‍പ്പിക്കാമെന്നും ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

സുസ്ഥിര സംരംഭകത്വ വികസനത്തിന് ഇ.എസ്.എസ്.എസ് പദ്ധതി
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ഇഎസ്എസ്എസ്) നടപ്പാക്കുന്ന ചെറുകിട സംരംഭകത്വ വികസന പരിപാടിയാണ് സുഭിക്ഷ കേരളം പദ്ധതി. സമൂഹത്തിലെ എല്ലാ വ്യക്തികള്‍ക്കും അവരുടെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുംവിധം തങ്ങളുടെ സംരംഭകത്വ മികവ് തിരിച്ചറിയുവാന്‍ സാധിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ദര്‍ശനം. സുസ്ഥിര സംരംഭകത്വ വികസന പരിപാടികളിലൂടെ തങ്ങളുടെ സംരംഭകത്വ മികവ് തിരിച്ചറിയുവാന്‍ വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് മാര്‍ഗം.

ലക്ഷ്യങ്ങള്‍
1. സംരംഭകരാകാന്‍ താല്പര്യമുള്ളവരെ കണ്ടെത്തുകയും സംഘടിപ്പിക്കുകയും ചെയ്യുക.
2. താല്‍പര്യമുള്ള സംരംഭകര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ സ്വയം തൊഴില്‍ പരിശീലനം നല്‍കുക.
3. കൃത്യമായ പരിശീലനത്തിലൂടെ സംരംഭകരുടെ സംരംഭകത്വ വിപണന നൈപുണ്യം വര്‍ദ്ധിപ്പിക്കുക.
4. സംരംഭകര്‍ക്ക് പരിശീലനാനന്തര സേവനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുവാനായി ‘മികവിന്റെ കേന്ദ്രം’ (ഹെല്‍പ് ഡെസ്‌ക്) ഇ.എസ്.എസ്.എസില്‍ ആരംഭിക്കുന്നു.
5. സംരംഭകരെ കുറഞ്ഞ പലിശനിരക്കില്‍ ഉള്ളതും എളുപ്പത്തില്‍ ലഭ്യമായതുമായ വായ്പ പദ്ധതികളുമായി ബന്ധിപ്പിക്കുക.
6. ഉത്പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്രീകൃതവും പ്രാദേശികവുമായ മേളകള്‍ സംഘടിപ്പിക്കുക.
7. ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി ഇകോമേഴ്സ് സേവനം ആരംഭിക്കുക.

പരിപാടികള്‍
1. സംരംഭകരാകാന്‍ സാധ്യതയുള്ള ആളുകളെ കണ്ടെത്തലും വിവരശേഖരണവും
2. നൈപുണ്യ വികസനം
3. കേക്ക് ബേക്കിംഗ്, കാറ്ററിങ്, പേപ്പര്‍ബാഗ് നിര്‍മാണം, മെഴുകുതിരി നിര്‍മാണം, വീട്ടില്‍ നിര്‍മിക്കാവുന്ന 50 ഉത്പന്നങ്ങളെ കുറിച്ചുള്ള പരിശീലനം, തയ്യല്‍, എംബ്രോയിഡറി പരിശീലനം, എല്‍ഇഡി ബള്‍ബ് നിര്‍മാണം
4. സംരംഭകത്വ വികസനത്തെകുറിച്ചുള്ള ഹ്രസ്വകാല പരിശീലനം
5. സംരംഭകത്വ വികസനം
6. അടിസ്ഥാന മാനേജ്മെന്റ്, അക്കൗണ്ടിംഗ്, ധനകാര്യ മാനേജ്മെന്റ്, നികുതി, സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷനുകളും
7. പദ്ധതി രൂപീകരണം
8. നേതൃത്വവും വ്യക്തിത്വവികസനവും
9. മോട്ടിവേഷന്‍
10. വിജയിച്ച സംരംഭങ്ങളിലേക്കുള്ള സന്ദര്‍ശനം
11. സംരംഭകത്വ വികസന മികവിന് കേന്ദ്രം (ഹെല്‍പ് ഡെസ്‌ക്) ആരംഭിക്കുക.
12. വായ്പ ലിങ്കേജ്, ബിസിനസ് മീറ്റ്, ബാങ്ക് ലിങ്കേജ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായുള്ള ലിങ്കേജ്  
13. ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള, ഇടവകതല പ്രദര്‍ശന വിപണനമേള, കേന്ദ്രീകൃത പ്രദര്‍ശന വിപണനമേള
14. ഇ.എസ്.എസ്.എസ് വെബ്സ്റ്റോര്‍

പദ്ധതി ലക്ഷ്യംവയ്ക്കുന്ന വിഭാഗങ്ങള്‍:
സ്ത്രീകളും പുരുഷന്മാരും, സ്ഥിരവരുമാനം ഇല്ലാത്തവര്‍, അസംഘടിത തൊഴിലാളികള്‍, തൊഴില്‍രഹിതരായി തിരിച്ചെത്തിയ പ്രവാസികള്‍.

മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നു
വരാപ്പുഴ അതിരൂപത മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലുവ സെന്റ് ജൂഡ് പള്ളിയില്‍ ഫാ. ഡൊമിനികിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷി ആരംഭിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ക്ഷാമവും ഭക്ഷ്യക്ഷാമവും മുന്നില്‍ കണ്ടുകൊണ്ട് ദുരിതങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ജനങ്ങളെ സജ്ജരാക്കാന്‍ വരാപ്പുഴ അതിരൂപത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കാനാണ് ഇതുവഴി ശ്രമിക്കുന്നത്. വരാപ്പുഴ അതിരൂപതയില്‍ മത്സ്യകൃഷി ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം പ്രൊവിഡന്‍സ് റോഡിലെ ഇഎസ്എസ്എസ് കോംപ്ലക്‌സിലാണ് മത്സ്യകൃഷി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുകയും ഇടവകയിലെ ഭവനങ്ങളിലും അടുക്കളത്തോട്ടവും മട്ടുപ്പാവ് കൃഷിയും പ്രോത്സാഹിപ്പിക്കുകയും  ചെയ്യുക, സാധ്യമായ സ്ഥലങ്ങളില്‍ പക്ഷിമൃഗാദികളെ വളര്‍ത്തുക, മത്സ്യകൃഷി നടത്തുക, വീടുകളിലും ചെറിയ സംഘങ്ങള്‍ ചേര്‍ന്നും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അധ്യക്ഷനായി ബി.സി.സി, ഇ.എസ്.എസ്.എസ്, പബ്ലിക് റിലേഷന്‍സ് കാര്യാലയം എന്നിവയുടെ നേതൃത്വത്തില്‍ നാലു വിഭാഗങ്ങളുടെയും കോ-ഓര്‍ഡിനേറ്റര്‍മാര്‍ അംഗങ്ങളായി അതിരൂപതാ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്ട്
അതിരൂപതയില്‍ പരിസ്ഥിതി കമ്മീഷന്റെ കീഴില്‍ സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യം കൈവരിക്കുന്നതിന് ഫാ. സൊബാസ്റ്റ്യന്‍ കറുകപ്പള്ളി കണ്‍വീനറും, ഫാ. ജൂഡിസ് പനക്കല്‍, അഡ്വ. സറീന ജോര്‍ജ് പാട്ടുപറമ്പില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായി അതിരൂപത അഗ്രിക്കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതിനു കീഴില്‍ രൂപതയിലെ എട്ടു ഫൊറോനകളിലും വൈദികരുടെ നേതൃത്വത്തില്‍ കാര്‍ഷിക സമിതികളും രൂപീകരിച്ചു. കാര്‍ഷിക സമിതികളെ ഏകോപിപ്പിക്കുന്നതിന് ഫാ. ബെന്‍സന്‍ ആലപ്പാട്ടിനെയും, അതിരൂപത അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ പ്രോജക്ട് സെക്രട്ടറിയായി അഡ്വ. സറീന ജോര്‍ജിനെയും നിയോഗിച്ചു. ഫാ.സെബാസ്റ്റ്യന്‍ കറുകപ്പള്ളി,  ഫാ.ജൂഡിസ് പനക്കല്‍, അഡ്വ. സറീന ജോര്‍ജ്, ക്ലീറ്റസ് കുറ്റിക്കല്‍, ജസ്റ്റിന്‍ മൂലമ്പിള്ളി, ഷൈജു കേളന്തറ, ക്ലെമന്റ് പാലാരിവട്ടം, അലക്സ് പോള്‍ പാലാരിവട്ടം, ഡാല്‍ട്ടന്‍ ഐസക്, സ്റ്റീഫന്‍ പാനായിക്കുളം, ജോസഫ് കളത്തിവീട്ടില്‍ എന്നിവരാണ് അതിരൂപത അഗ്രികള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍. ഫാ. അല്‍ഫോന്‍സ് പനക്കല്‍, ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി, ഫാ. ഫോസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഫാ. ഷിനോജ് റാഫേല്‍ ആറാഞ്ചേരി, ഫാ. സാജന്‍ പടിയാരംപറമ്പില്‍, ഫാ. ജനിന്‍ ആന്റണി മരോട്ടിപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുങ്കല്‍, ഫാ.ബെന്‍സന്‍ ആലപ്പാട്ട് എന്നിവരാണ് ഫൊറോന ഡയറക്ടര്‍മാര്‍.
സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം മേയ് 30ന് അതിമെത്രാസന മന്ദിരത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, മേയര്‍ സൗമിനി ജെയിന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. അതിരൂപതയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂണ്‍ നാലിന് പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയാങ്കണത്തില്‍ പച്ചക്കറിതൈകള്‍ നട്ട് ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എം.പി, ടി. ജെ. വിനോദ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടവകതല ഉദ്ഘാടനം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ ടി.ജെ. വിനോദ് എം.എല്‍.എ നിര്‍വഹിച്ചു.

പ്രവര്‍ത്തനങ്ങള്‍
അതിരൂപതാ പദ്ധതികളുടെ റിപ്പോര്‍ട്ട് മന്ത്രി വി.എസ്. സുനില്‍കുമാറിനു സമര്‍പ്പിച്ചു. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അതിരൂപത പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി പദ്ധതി വിപുലമാക്കുന്നതിന് മന്ത്രിയുടെ പിന്തുണ അറിയിച്ചു. ഓരോ ഇടവകയുടെയും പദ്ധതി റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട കൃഷി ഓഫീസുമായി ചര്‍ച്ച നടത്തി. ഇടവക കാര്‍ഷിക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഗ്രോബാഗുകളും വളങ്ങളും പൊറ്റക്കുഴി കേന്ദ്രീകൃതമായി സംഭരിച്ച് വിതരണം ചെയ്തു. ഇങ്ങനെ 40,000 ഗ്രോബാഗുകള്‍ വിവിധയിടങ്ങളില്‍ എത്തിച്ചു. ഇടവകതലത്തില്‍ ഗ്രോബാഗ് നിറച്ചുനല്‍കാനുള്ള പരിശീലനം നല്‍കുകയും വിവിധ ഇടവകകളിലേക്കായി 50,000 പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. കൃഷി ആരംഭിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൃഷി പരിപാലിക്കുന്നതിന് സഹായകമായ വീഡിയോകളും ലഘുലേഖകളും നല്‍കി. യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനായി കെ.സി.വൈ.എം. അതിരൂപത യുവാക്കള്‍ക്കായി കാക്കനാട് ആവിലാഭവനില്‍ കൃഷിയിടം ലഭ്യമാക്കിക്കൊടുത്തു.
പദ്ധതി നടപ്പിലാക്കുന്നതിന് ഇടവകകള്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കുകയും പദ്ധതി നടപ്പിലാകാത്ത ഇടവകകളില്‍ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കൃഷി അഭിരുചി വളര്‍ത്തുന്നതിന് പരിശീലന ക്ലാസ് നടത്തുകയും കൃഷി ഓഫീസര്‍മാരുടെ സഹകരണത്തോടെ വളം, കീടനാശിനി ഉപയോഗം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൃഷി തുടര്‍ന്നുകൊണ്ടു പോകുന്നതിന് മാനസിക പിന്തുണയും അറിവുള്ളവരുടെ മേല്‍നോട്ടവും നല്‍കുന്നു.


Related Articles

‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലി

കൊല്ലം: ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബന്‍സിഗര്‍ ദീപശിഖാ പ്രയാണവും ‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലിയും സംഘടിപ്പിച്ചു. കൊല്ലം രൂപത ബിസിസിയും കെസിവൈഎം യുവജനങ്ങളും

ദൈവഹിതം ജീവിതതത്വമാക്കി മടക്കം എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ.” ഈ വചനം അതിന്റെ പൂര്‍ണതയില്‍

ആലപ്പുഴ: തീരദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ‘അര്‍ത്തുങ്കല്‍-വേളാങ്കണ്ണി പില്‍ഗ്രിം റൈഡര്‍’ കെഎസ്ആര്‍ടിസി സര്‍വീസ് ആഗസ്റ്റ് 31ന് ആരംഭിക്കും.

വൈകുന്നേരം അഞ്ചുമണിക്ക് അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ ഭക്ഷ്യവകുപ്പ്മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്യും. എ.എം. ആരിഫ് എംപി,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*