Breaking News

നിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍

നിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍

ഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പജ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം വാര്‍ത്തയായി. ബിരുദ പഠനത്തിനായി കലാലയത്തിലെത്തിയ കൗമാരക്കാര്‍ തങ്ങളുടെ അദ്ധ്യാപികയ്ക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചാണ് യാത്രയാക്കിയത്. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകരാണ് ഈ യുവാക്കാള്‍. പടക്കംപൊട്ടിച്ചും സംസ്‌കാരശൂന്യമായ വാചകങ്ങള്‍ എഴുതിയ പോസ്റ്ററൊട്ടിച്ചും ‘കളിച്ച’ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമൊടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്, ഒരാളൊഴിച്ച് ബാക്കി രണ്ടുപേരും, പൊലീസില്‍ കീഴടങ്ങിയെന്നാണറിയുന്നത്. മനോവിഷമത്തിലായ ടീച്ചര്‍ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതപ്പെട്ടിരുന്നു. ഗുരുവെന്ന നിലയില്‍ ധാര്‍മികമായ ഔന്നത്യത്താല്‍ വിദ്യാര്‍ത്ഥികളെ മാപ്പു നല്‍കി വിടുമെങ്കിലും, രാഷ്ട്രീയത്തിലെ പൗരയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മാന്യമായും മന:ക്ലേശമില്ലാതെയും ജീവിക്കാനുള്ള അവരുടെ അവകാശത്തിന്റെ ഭാഗം തന്നെയാണ് ഈ ചെറുപ്പക്കാര്‍ക്കെതിരെ നിയമപരമായി നീങ്ങുകയെന്നത്. അത് മറ്റുള്ളവര്‍ക്കുള്ള ഗുണപാഠവുമാണ്.
പത്രങ്ങള്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പുഷ്പജ ടീച്ചര്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ കോളജ് ക്യാംപസില്‍ നടപ്പാക്കേണ്ടിയിരിക്കുന്ന അച്ചടക്കവും നിയമപരമായ കാര്യങ്ങളും വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്ന് എതിര്‍പ്പ് വരാന്‍ ഇടയാക്കിയിരുന്നു. പ്രമുഖ വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥി സംഘടനകള്‍, പ്രിന്‍സിപ്പലിനെതിരെ രംഗത്തുവന്നു. തന്റെ കര്‍ത്തവ്യനിര്‍വഹണ ധാര്‍മികതയിലുറച്ചു നിന്ന ടീച്ചറോട് പല ഘട്ടങ്ങളിലും അവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തു. അതിന്റെ ക്ലൈമാക്‌സെന്നോണമാണ് പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസത്തെ അവര്‍ ‘ആഘോഷിച്ചത്’. വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികളുടെ പേരില്‍ രൂപപ്പെട്ടിരിക്കുന്ന സംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചട്ടുകസംഘടനകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംഘടനകള്‍ അക്കാലത്തെ സകല കൊള്ളരുതായ്മയ്ക്കും കൂട്ടുനില്‍ക്കുകയും, പ്രതിപക്ഷത്തായിരിക്കുമ്പോള്‍, സമരങ്ങള്‍ ചെയ്തും, പൊതുമുതല്‍ നശിപ്പിച്ചും, അധ്യയന ദിവസങ്ങള്‍ അലങ്കോലപ്പെടുത്തിയും ക്രമസമാധാനം അവതാളത്തിലാക്കുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്. അവസരവാദപരമായി സമരങ്ങളിലേര്‍പ്പെട്ടും വല്ല്യേട്ടന്മാരില്‍ നിന്നുള്ള ശാസനയാല്‍ സമരങ്ങളില്‍ നിന്ന് പിന്‍മാറിയും കളിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ അവരുടെ കര്‍മശേഷിയും സാംഗത്യവും പണ്ടേ കളഞ്ഞുകുളിച്ചു. ചാനല്‍ ചര്‍ച്ചകളിലിരുന്ന് വായ്ത്താളം മുഴക്കുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ കുറേക്കുടി പക്വമായ രാഷ്ട്രീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതാണ്.
കലാലയ രാഷ്ട്രീയത്തെക്കുറിച്ചും ക്യാംപസ് ജീവിത ശൈലികളെക്കുറിച്ചും പൊടിപ്പും തൊങ്ങലും വച്ച് എഴുതിപ്പിടിപ്പിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും കൗമാരക്കാരുടെ ഫാന്റസികളില്‍ വാസ്തവമല്ലാത്ത പല കാര്യങ്ങളും കുത്തിനിറയ്ക്കുന്നുണ്ട്. ഇതൊക്കെ വായിച്ചും കേട്ടും, സിനിമകളില്‍ ചിത്രീകരിച്ചിരിക്കുന്നവയെല്ലാം വാസ്തവമാണെന്ന് വിചാരിച്ചും, കേരളത്തിലെ പ്രശസ്തമായ കലാലയങ്ങളിലെത്തിപ്പെടുന്ന ചെറുപ്പക്കാര്‍, അവര്‍ ചെയ്യുന്നതാണ് ശരിയെന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കിത്തുടങ്ങുകയാണ്. പന്ത്രണ്ടാം ക്ലാസുവരെ അച്ചടക്കത്തിന്റെ അന്തരീക്ഷത്തില്‍ നിന്ന കുമാരന്‍/കുമാരി, കോളജ് ക്യാംപസിന്റെ സ്വാതന്ത്ര്യം കണ്ട് കണ്ണ് മഞ്ഞളിച്ച് തോന്നിയതു ചെയ്യാന്‍ തുടങ്ങുന്നിടത്ത് കുഴപ്പങ്ങള്‍ ആരംഭിക്കുന്നു. ഉത്തരവാദിത്തമുള്ള സംഘടനകളായി പ്രവര്‍ത്തിക്കേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അപക്വമായും വിവേകശൂന്യമായും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍, ക്യാംപസ് ജീവിതം അരക്ഷിതാവസ്ഥയിലേക്ക് വഴുതി മാറാന്‍ തുടങ്ങും. ഇവിടെയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശയപരമായും വൈകാരികമായും സംഘര്‍ഷത്തിലാകുന്നത്. നല്ല പൗരന്മാരായി രൂപപ്പെടേണ്ടവര്‍ സമൂഹത്തിന് ഭാരമായി മാറുന്നു.
പുഷ്പ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം കേരളത്തില്‍ ആദ്യത്തേതല്ല. വിരമിച്ച് പ്രിന്‍സിപ്പാളിന് കുഴിമാടം തീര്‍ത്തും സര്‍വീസിലിരിക്കുന്ന പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചും രാഷ്ട്രീയബോധം പ്രകടമാക്കുന്ന കുട്ടി നേതാക്കള്‍ക്ക് വാഴ്ത്ത്പാടിയവര്‍ അത്രയ്ക്ക് അന്തസ്സാര ശൂന്യരായവരായിരുന്നോ? മുന്‍ വിദ്യാര്‍ത്ഥി മന്ത്രിമാരിലൊരാള്‍ ‘ഇന്‍സ്റ്റലേഷന്‍’ എന്ന് പുകഴ്ത്തിയ കുഴിമാടത്തിന്റെ നിര്‍മാതാക്കളോ, കസേര കത്തിച്ച് വിപ്ലവാവേശം ജ്വലിപ്പിച്ച കുമാരന്‍മാരോ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടത് കണ്ടില്ല. രാഷ്ട്രീയക്കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ തന്നെ ജയിലുകളില്‍ സുഖവാസമനുഭവിച്ചും നിയമപരിധിക്കപ്പുറത്ത് പരോളിലിറങ്ങി സ്വതന്ത്ര്യമായി വിരഹിക്കുകയും ചെയ്യുന്ന പാര്‍ട്ടിഭരണ കാലത്ത് ഇതൊക്കെയെന്ത് ചീളുകേസ് എന്നാകും പ്രതികരണം. നിയമപരമായ കാര്യങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും മൂന്നാം പാര്‍ട്ടിയും ഒത്തുചേര്‍ന്ന് അട്ടിമറിക്കുന്ന, അതിനായി നിയമസഭയെ ഉപയോഗപ്പെടുത്തുന്ന, ബില്ലുകള്‍ രൂപപ്പെടുത്തുന്ന കാലത്ത്, നിയമത്തെ പുച്ഛിക്കുന്ന തലമുറ ഇവിടെ രൂപപ്പെടുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. പാര്‍ട്ടിയും ഭരണവും കൈപ്പിടിയില്‍ ഉണ്ട് എന്ന് വിചാരിക്കുകയും, കയ്യൂക്ക് കൊണ്ട് എന്തും നേടാം എന്ന് കരുതുകയും ചെയ്യുന്നവരുടെ താവളമായി കേരളം മാറുന്നതോടെ/മാറിയതോടെ കൗമാരക്കാര്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന ക്യാംപസുകളില്‍ നിന്ന് ശുഭകരമായ വാര്‍ത്തകള്‍ പ്രതീക്ഷിക്കാമോ? ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നു പറഞ്ഞ് തഴയുന്ന കാര്യങ്ങള്‍ നാട്ടുനടപ്പായി മാറുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നതിന് നിലവിലെ നിയമ-രാഷ്ട്രീയ സാഹചര്യങ്ങളില്‍ പരിധികളും പരിമിതികളുമുണ്ട്. പൊതുസമൂഹത്തില്‍ രൂപപ്പെടേണ്ട രാഷ്ട്രീയ-സാംസ്‌ക്കാരികബോധം ശക്തിപ്പെട്ടാലേ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാകൂ. ആശയപരമായും രാഷ്ട്രീയപരമായും സാംസ്‌കാരികമായും ബോധ്യങ്ങളുള്ള, ജനാധിപത്യമൂല്യങ്ങള്‍ സ്വാംശീകരിച്ച തലമുറ ഈ നാട്ടില്‍ രൂപപ്പെടുമെന്ന് ഇനിയും നമുക്ക് പ്രത്യാശിക്കാം.

 

ഡോ. ഗാസ്പര്‍ സന്യാസിRelated Articles

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

ഹൃദയപൂര്‍വം പെരുമാറുമ്പോള്‍

നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും മികവുറ്റവരാണെന്ന് അറിയുമ്പോള്‍ നമ്മള്‍ സന്തുഷ്ടരും സംതൃപ്തരും ഉയര്‍ന്നതോതിലുള്ള അത്മവിശ്വാസം അനുഭവിക്കുന്നവരുമായിത്തീരുന്നു. എന്താണിതിനു കാരണം? ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്താണോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*