നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭീകരതയ്ക്ക് വളംവയ്ക്കുന്നു: ടി.പി.സെന്‍കുമാര്‍

by admin | December 2, 2019 8:40 am

എറണാകുളം: സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളാണ് ഭീകരതയ്ക്ക് അനുകൂലമായ പ്രധാന ഘടകമെന്നും ജനസംഖ്യാപെരുപ്പം ലാക്കാക്കിയുള്ള ലൗ ജിഹാദ്‌പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലര്‍ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ അനവധി തെളിവുകള്‍ ലഭ്യമാണെന്നും മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.
‘മതഭീകരതയ്ക്ക് വളംവയ്ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ഘടകങ്ങള്‍ കേരള പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതമൗലികവാദവും തീവ്രവാദചിന്തകളും അതുമൂലമുണ്ടാകുന്ന അക്രമങ്ങളും അവസാനിപ്പിക്കാന്‍ പൊലീസ് മേധാവികള്‍ക്ക് തന്റേടമുണ്ടെങ്കില്‍ നിഷ്പ്രയാസം കഴിയും. രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളെയും സാധ്യതകളെയും ചിലര്‍ സ്ഥാപിത താല്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു. ഇതുവഴി കേരളസമൂഹം പൊതുവില്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ നേടിയെടുക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിഞ്ഞിരിക്കുന്നത് ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ്. ഇവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ആദ്യപടി പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നുവെന്ന തിരിച്ചറിവും ജാഗ്രതയും പൊതുസമൂഹത്തിനുണ്ടാകുക എന്നതാണ്. ഭരണാധികാരികളും വിവിധ മതങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവരും ഒരുമിച്ചിരുന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും അവിടെ ഉരുത്തിരിയുന്ന പരിഹാരമാര്‍ഗങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്കെത്തിക്കുകയുമാണ് ഇതിന് പരിഹാരം-അദ്ദേഹം അഭിപ്രായപ്പെട്ടു.
കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെയും സംഘടനകളുടെയും അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ കെസിബിസി അല്മായ-ജാഗ്രതാ കമ്മീഷനുകളുടെ ചെയര്‍മാന്‍ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
കേരളവും ആഗോളസമൂഹവും നേരിടുന്ന മതഭീകരതപോലുള്ള പ്രതിസന്ധികള്‍ക്കും മനുഷ്യത്വരഹിതമായ ആക്രമണപരമ്പരകള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും മാനവികതയില്‍ ഊന്നിയുള്ള പരിഹാരം വിവിധ സമുദായങ്ങളുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.
പ്രൊഫ. ഡോ. തോമസുകുട്ടി പനച്ചിക്കല്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കൂത്തോടിപുത്തന്‍പുരയില്‍, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി പി.കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു.

Source URL: https://jeevanaadam.in/%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b8%e0%b4%be%e0%b4%b9/