നിലവിളിക്കുന്നവരുടെ ദൈവം

നിലവിളിക്കുന്നവരുടെ ദൈവം

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രാര്‍ത്ഥന ഒരു നിലവിളിയാണ്. ഉല്പത്തി പുസ്തകത്തിലെ നാലാം അധ്യായത്തിലെ ആബേലിന്റെ നിലത്തുവീണ രക്തത്തിന്റെ കരച്ചിലാണത് (11). പിന്നീടുള്ളത് നിലവിളികളുടെ ചരിത്രമാണ്. കണ്ണില്‍ പോലും എത്താതെ കണ്ണീരുകള്‍ വറ്റിപ്പോകുന്ന നൊമ്പര ചിത്രങ്ങള്‍ അവിടെയുണ്ട്. പുറപ്പാട് പുസ്തകത്തിലെത്തുമ്പോള്‍ ആ നിലവിളി ഒരു ജനതയുടേതായി മാറുന്നു. മോചനത്തിനുവേണ്ടി സ്വര്‍ഗ്ഗത്തിലേക്ക് ഉയരുന്ന നിലവിളികളാണവിടെ. സ്വാതന്ത്ര്യമനുഭവിക്കണമെങ്കില്‍ ആദ്യം അതു വേണമെന്ന ബോധ്യമുണ്ടാകണം, എന്നിട്ട് നമ്മെ ശ്രവിക്കാന്‍ ആരെങ്കിലുമുണ്ടാകും എന്ന പൂര്‍ണ്ണവിശ്വാസത്തോടുകൂടി സ്വരം ഉയര്‍ത്തണം. അത് പ്രതിഷേധത്തിന്റെ അലമുറയാകാം, നൊമ്പരത്തിന്റെ നിലവിളിയുമാകാം. അഥവാ, നമ്മള്‍ അടിച്ചമര്‍ത്തപ്പെടുന്നതായി നമുക്കു തോന്നുന്നില്ലെങ്കില്‍, നമ്മുടെ സ്വരങ്ങള്‍ ആരെങ്കിലും ശ്രവിക്കുമെന്ന പ്രതീക്ഷകളില്ലെങ്കില്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ട കാര്യമില്ല.

പുറപ്പാട് പുസ്തകത്തിന്റെ ആദ്യതാളുകളില്‍ ഇസ്രായേല്യരുടെ ദൈവം നിശബ്ദനാണ്. അവന്‍ പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായിരിക്കുന്നു. വാഗ്ദത്തജനം അടിമകളായി മാറിയിരിക്കുന്നു. എങ്കിലും അവരുടെ പ്രാര്‍ത്ഥനയില്‍ ഒരു കുറവുമില്ല. അവര്‍ക്കു സ്വന്തമായുള്ളത് നെടുവീര്‍പ്പും നിലവിളിയും മാത്രമാണ്. ആ നൊമ്പരങ്ങള്‍ക്കു മുമ്പില്‍ ദൈവത്തിന് ഇനി മറഞ്ഞിരിക്കാന്‍ സാധിക്കില്ല. ദൈവം ഇടപെടുന്നു: ”ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓര്‍മിക്കുകയും ചെയ്തു. അവിടുന്ന് അവരെ കടാക്ഷിച്ചു. അവരുടെ ദയനീയാവസ്ഥ ഗ്രഹിച്ചു” (പുറ 2: 24-25).

ഈ വചന ഭാഗത്തിന്റെ പിന്നിലേക്ക് താളുകള്‍ മറിച്ചുനോക്കിയാല്‍ ഇസ്രായേലിന്റെ ചരിത്രവും ചരിത്രാതീതകാലവുമുണ്ട്. അവിടെയും ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സ്തൂപങ്ങളും ബലിപീഠങ്ങളും യാഗങ്ങളും നമുക്കു കാണാന്‍ സാധിക്കും. പക്ഷെ, എല്ലാംതന്നെ നന്ദിസൂചകമായ പ്രാര്‍ത്ഥനകളായിരുന്നു. ദൈവത്തിലേക്ക് ഒരു കൂട്ടനിലവിളി ഉയരുന്നത് ഇവിടെ മാത്രമാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ഹാഗാറിന്റെയും കുഞ്ഞിന്റെയും നിലവിളി ശ്രവിച്ച ദൈവം ഇവരുടെ നിലവിളിയും ശ്രവിക്കുന്നു.

ബൈബിളിലെ ദൈവം തത്ത്വചിന്തകരുടെ ദൈവമല്ല. ഒരു അനങ്ങാപ്പാറയല്ല ആ ദൈവം. കാണുകയും കേള്‍ക്കുകയും ഓര്‍ക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ദൈവമാണ്. ഉടമ്പടിയെ കുറിച്ച് ഓര്‍ക്കുന്ന ദൈവം മറക്കുന്ന ദൈവം കൂടിയാണ്. അടിമകളായ ഇസ്രായേല്‍ ജനതയുടെ നിലവിളികള്‍ ദൈവത്തിന് തന്റെ ഉടമ്പടിയെ കുറിച്ച് ഓര്‍മ്മ നല്‍കിയെങ്കില്‍ നിലവിളിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല. ദൈവം പോലും മറക്കുമ്പോള്‍ നിലവിളികള്‍ ഉച്ചത്തിലാവും. ഉച്ചത്തിലാകണം, എങ്കില്‍ മാത്രമേ ഉടമ്പടികളെ ഓര്‍മിപ്പിക്കുന്നതില്‍ നമുക്കു വിജയിക്കാന്‍ സാധിക്കു. ഇവിടെ നിലവിളി പ്രാര്‍ത്ഥനയാകാം, മുദ്രാവാക്യമാകാം, പ്രതിഷേധമാകാം. ഉടമ്പടികള്‍ മറന്നുപോകുന്ന ബന്ധങ്ങളിലും ഇങ്ങനെയുള്ള നിലവിളികള്‍ ഉണ്ടാകണം. ഒറ്റയ്ക്കിരുന്ന് വിലപിക്കുന്നതിനു വേണ്ടിയല്ല, ഓര്‍മ്മപ്പെടുത്തുന്നതിനു വേണ്ടി. സന്തോഷത്തിലും സന്താപത്തിലും ഒന്നിച്ചു ജീവിക്കാമെന്നു പറഞ്ഞിട്ട് എവിടെ ആ ഉടമ്പടിയെന്നു ചോദിക്കണം നമ്മളും, കരഞ്ഞുകൊണ്ടുതന്നെ. ഒത്തിരി വാഗ്ദാനങ്ങള്‍ നമുക്കു നല്‍കുകയും നമ്മുടെ വോട്ടുകള്‍ വാങ്ങിച്ചു വിജയിക്കുകയും ചെയ്ത് അധികാരക്കസേരയില്‍ മറവിരോഗം ബാധിച്ചവരെ പോലെ ഇരിക്കുകയും ചെയ്യുന്നവരുടെ മുമ്പിലും നമ്മള്‍ നിലവിളിക്കണം, ഉച്ചത്തില്‍തന്നെ. ഉടമ്പടി മറക്കുന്നവരുടെ മുമ്പില്‍ നിലവിളിക്കാന്‍ മാത്രമേ നമുക്കു സാധിക്കൂ. കാരണം, അത് അനുരഞ്ജനത്തിന്റെ വാതില്‍ തുറക്കും. ഓര്‍മ്മിക്കപ്പെടാന്‍ വേണ്ടിയുള്ള നിലവിളി അനുരഞ്ജനത്തിനായുള്ള മുറവിളി മാത്രമല്ല, നമ്മള്‍ അനുഭവിക്കുന്ന അടിമത്തത്തിന്റെയും അനീതിയുടെയും പ്രകാശനം കൂടിയാണ്.

നമ്മെ മറന്നുപോയവര്‍ നമ്മുടെ കണ്ണീരും നൊമ്പരങ്ങളും കണ്ടു തിരികെവരുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ മാത്രമേ നിലവിളികള്‍ക്ക് അര്‍ത്ഥമുണ്ടാകൂ. ശ്രവിക്കപ്പെടുമെന്ന വിശ്വാസത്തില്‍ തന്നെയാണ് നമ്മള്‍ കരയുകയും അലമുറയിടുകയും ചെയ്യുന്നത്. സ്വര്‍ഗം ശൂന്യമല്ലെന്നും ഉടമ്പടികളൊന്നും അസാധുവായിട്ടില്ലെന്നും ഇസ്രായേല്‍ ജനതയ്ക്കു പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് അവര്‍ ഉച്ചത്തില്‍ നിലവിളിച്ചത്. വിശ്വാസമില്ലെങ്കില്‍ നിലവിളികള്‍ ഉണ്ടാകില്ല. കേള്‍ക്കാന്‍ ആരുമില്ലാത്തിടത്ത് എന്തിനു കരയണം?

സങ്കടങ്ങള്‍ വരുമ്പോള്‍ ഇതൊന്നും കാണാതെ ദൈവം ഏതോ ഒരു തീര്‍ത്ഥയാത്രയ്ക്കു പോയിരിക്കുകയാണെന്നു വിചാരിക്കരുത്. ആശയങ്ങളുടെയോ അമൂര്‍ത്തതയുടെയോ ദൈവമല്ല വിശുദ്ധഗ്രന്ഥത്തിലുള്ളത്, വസ്തുതകളുടെയും സംഭവങ്ങളുടെയും വ്യക്തികളുടെയും ദൈവമാണ്. ശ്രവിക്കുകയും ഓര്‍ക്കുകയും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് പുറപ്പാട് 2: 24-25 ചിത്രീകരിക്കുന്നത്. ക്രിയകളാണ് ദൈവത്തിന്റെ വിശേഷണങ്ങളായി മാറുന്നത്. പ്രവര്‍ത്തനനിരതനായ ഒരു ദൈവത്തിന്റെ ചിത്രമാണ് ഗ്രന്ഥകാരന്‍ വരയ്ക്കുന്നത്. ഇത് ഹീബ്രു ഭാഷയുടെ പ്രത്യേകതയാണ്. ഹീബ്രു ഭാഷയിലെ പദങ്ങള്‍ ക്രിയകളുടെ വേരുകളില്‍ നിന്നാണു വരുന്നത്. എല്ലാ പദങ്ങളും തന്നെ ക്രിയകളിലും പ്രവര്‍ത്തനങ്ങളിലും വേരൂന്നിയതാണ്. അതേസമയം ഗ്രീക്ക് ഭാഷയിലെ പദങ്ങള്‍ നാമങ്ങളില്‍ വേരൂന്നിയതാണ്. കുറച്ചു പദങ്ങള്‍ക്കു മാത്രമേ ക്രിയാജന്യമായ വേരുകളുള്ളൂ. അതുകൊണ്ടുതന്നെ യഹൂദ ദൈവസങ്കല്പവും ദൈവവിചാരവും പ്രവര്‍ത്തികള്‍ക്കു പ്രാധാന്യം കൊടുക്കുന്നുണ്ട്. ആശയസമ്പന്നതയില്‍ അഭിരമിക്കുന്ന അമൂര്‍ത്തതയല്ല ഈ ദൈവം. മറിച്ച് ജൈവികമായ തുടിപ്പാണ്.

ചരിത്രത്തിന്റെ താളുകള്‍ ഒത്തിരി മാറിമറിയുന്നുണ്ടെങ്കിലും പാവങ്ങള്‍ ദുരിതമനുഭവിക്കുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിസ്സംഗതയുടെ മതിലുകളില്‍ തട്ടി അവരുടെ സ്വരം അവരുടെമേല്‍ തന്നെ പതിക്കുന്നു. അവരുടെ ആശയറ്റ പ്രാര്‍ത്ഥന പോലും ചിലരെ സംബന്ധിച്ച് ഒരു ലളിതഗീതം പോലെയാണ്. കേട്ടുമറക്കാനുള്ള ഒരു ഗാനം മാത്രം. നിസ്സംഗതയെന്താണെന്നറിയണമെങ്കില്‍ ദാരിദ്ര്യാവസ്ഥയറിയണം ആദ്യം. സ്വാതന്ത്ര്യത്തിന്റെ പ്രത്യയശാസ്ത്രം പ്രസംഗിക്കുന്നവര്‍ പോലും വിചാരിക്കുന്നത് ദാരിദ്ര്യം ഉണ്ടെങ്കില്‍ മാത്രമേ ആ പ്രത്യയശാസ്ത്രത്തിനു നിലനില്‍പ്പുള്ളൂ എന്നാണ്. അപ്പോഴും ഒരു കാര്യം മനസ്സിലാക്കണം, നിലവിളികളെ മതില്‍ക്കെട്ടിനുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ഉപഭോഗത്തിന്റെയും സുഖഭോഗങ്ങളുടെയും ഒരു സംസ്‌കാരം നമ്മുടെയിടയിലുണ്ട്. നിലവിളിയേയും പ്രാര്‍ത്ഥനകളേയും കുറച്ചിലായി കാണുന്നവര്‍ വര്‍ദ്ധിച്ചുവരുന്നു. കരച്ചിലിന്റെ അഭാവം ദാരിദ്ര്യത്തിന്റെ ഗുരുതരമായ രൂപമാണ്. സമ്പന്നരും ശക്തരും നിലവിളിക്കുന്നില്ല. അവര്‍ തങ്ങളുടെ സമ്പന്നതയില്‍ അടിമകളായി തുടരുന്ന ദരിദ്രരാണ്. ആ അടിമകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല. സമ്പത്തിന്റെ അടിമത്തത്തില്‍ മായികമായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണവര്‍. അടിമയാണെന്നു മനസ്സിലാക്കാന്‍ കഴിയാതിരിക്കുന്നതിനേക്കാള്‍ വലിയ അടിമത്തം വേറെയില്ല. അങ്ങനെയുള്ള അടിമകള്‍ നിലവിളിക്കില്ല, പ്രാര്‍ത്ഥിക്കില്ല. നിലവിളി ഇല്ലാത്തതുകൊണ്ട് അവര്‍ ശ്രവിക്കപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ സന്ദേശവുമായി ഒരു മോശ കടന്നുവരികയില്ല, കടല്‍ രണ്ടായി പിളരുന്ന അത്ഭുതം അവര്‍ കാണില്ല, തേനും പാലും ഒഴുകുന്ന നാട്ടിലേക്ക് അവര്‍ പോകുകയുമില്ല.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വിശുദ്ധ ചാവറയച്ചന്‍ സത്യത്തിന്റെ പുന:പ്രതിഷ്ഠ

  ആരുടെയെങ്കിലും ജീവിതത്തിലെയോ ഏതെങ്കിലും കാലഘട്ടത്തിലെയോ കാര്യങ്ങളും വിശേഷങ്ങളും വര്‍ണ്ണിക്കുന്നതാണ് ചരിത്രം. ചരിത്രം എന്ന പദത്തിനു സാമാന്യമായി നല്‍കുന്ന അര്‍ത്ഥം ഇതാണ്. ഇതിലെ വര്‍ണ്ണിക്കുക എന്ന പദത്തിന്

‘കളിയിലെ കാര്യങ്ങള്‍’  പാപ്പായുടെ പുസ്തകം പ്രകാശിതമായി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ കളിയിലെ കാര്യങ്ങള്‍ എന്ന പുസ്്തകം പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 7-ന് റോമില്‍ ”ഫാവോ”യുടെ ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും

വിശുദ്ധ യൗസേപ്പ് അപമാനിക്കാന്‍ ഇഷ്ടമില്ലാത്തവന്‍

വചനമായ ദൈവത്തിന്റെ മനുഷ്യാവതാരത്തിനുവേണ്ടി, കന്യകമറിയത്തോടൊപ്പം, ദൈവപിതാവിന്റെ തിരുഹിതത്തിന് വിധേയപ്പെട്ട്, സ്വജീവിതം സമര്‍പ്പണം ചെയ്ത മഹാവിശുദ്ധനാണ് വിശുദ്ധ യൗസേപ്പ് പിതാവ്. ഈ പുണ്യവാന്റെ ജീവിതത്തെക്കുറിച്ച് വിശുദ്ധ മത്തായി തന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*