നിസംഗത ഇനിയും പൊറുക്കില്ല  

by admin | September 8, 2020 3:15 am

ചെല്ലാനത്ത് മനുഷ്യാവകാശ ലംഘനം
അഡ്വ. ഷെറി ജെ. തോമസ് (കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്)
പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ മനുഷ്യാവകാശ ലംഘനമാണ് ചെല്ലാനത്തു നടക്കുന്നതെന്നു വ്യക്തമാകും. എട്ടു കോടി രൂപയുടെ ജിയോട്യൂബ് പദ്ധതിയാണ് ഇപ്പോള്‍ ചെല്ലാനത്ത് തീരം സംരക്ഷിക്കുന്നതിനായി ആരംഭിച്ചിട്ടുള്ളത്. ഒരു വര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ജിയോട്യൂബ് പദ്ധതിക്ക് ചെല്ലാനത്ത് 10 വര്‍ഷമേ ഈടുണ്ടാകുകയുള്ളുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു.
കടല്‍ഭിത്തി നശിച്ചുപോയ സ്ഥലങ്ങളില്‍ പുനര്‍നിര്‍മിക്കുകയും കടലേറ്റമുള്ള മറ്റു സ്ഥലങ്ങളില്‍ പുതിയ കടല്‍ഭിത്തി നിര്‍മിക്കുകയുമാണ് അടിയന്തരമായി ഇപ്പോള്‍ ചെയ്യേണ്ടത്.

വിദഗ്ധപഠനം നടത്തണം
ചാള്‍സ് ജോര്‍ജ് (കേരള മല്‍സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്)
കൊച്ചി-വല്ലാര്‍പാടം തുറമുഖങ്ങളാണ് ചെല്ലാനത്തെ കടലേറ്റത്തിന് പ്രധാന കാരണം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഗര്‍മാല പദ്ധതി കൂടി വരുമ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകും.
സാഗര്‍മാലയിലെ സ്വദേശ് ദര്‍ശന്‍ സ്‌കീം പ്രകാരം 11 ടൂറിസ്റ്റ് സര്‍ക്യൂട്ടുകളും കോസ്റ്റല്‍ ഇക്കണോമിക് സോണുകളുടെ ഭാഗമായ ക്ലസ്റ്റര്‍ വ്യവസായങ്ങളും 2,000 കിലോമീറ്റര്‍ റോഡുകളും 2035-ന് അകം പൂര്‍ത്തീകരിക്കേണ്ട മറ്റ് 550 പദ്ധതികളും തീരദേശത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്.
തീരദേശത്തിന്റെ സവിശേഷതകളൊന്നും പരിഗണിക്കാതെയും പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ചുമാണ് ഈ നിര്‍മിതികളൊക്കെ നടത്തുന്നത്. ചെല്ലാനത്തെ കടലേറ്റത്തെ ചെറുക്കാനായി ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. ദുര്‍ബലമായ കടല്‍ഭിത്തികള്‍ ബലപ്പെടുത്തണം. കടലേറ്റം രൂക്ഷമായ ചില സ്ഥലങ്ങളില്‍ നിശ്ചിത മീറ്ററില്‍ കടല്‍ഭിത്തി ഉയര്‍ത്തി ബലപ്പെടുത്തണം.
കൊച്ചി തുറമുഖത്തുനിന്നു ഖനനം ചെയ്യുന്ന മണല്‍ തീരശോഷണം സംഭവിക്കുന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കണം. നിലവിലുള്ള കടല്‍ഭിത്തികളുടെ കിഴക്കുഭാഗം വേമ്പനാട്ടു കായലാണ്. ഇവിടെ ചെളിവന്ന് അടിഞ്ഞിരിക്കുകയാണ്. ഇത് ഡ്രെജ് ചെയ്ത് മാറ്റണം.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വികസനത്തിനുള്ള വിവിധ പദ്ധതികള്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുന്നതിനു മുമ്പ് ഗഹനമായ പഠനങ്ങള്‍ നടത്തണം. വിദഗ്ധരെ വിളിച്ച് ചെല്ലാനത്തു കൊണ്ടുവന്ന് പഠനം നടത്തണം.
കടലേറ്റം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു
ഫാ. സാംസണ്‍ ആഞ്ഞിപറമ്പില്‍ (എഡിഎസ് ഡയറക്ടര്‍)

നേരത്തെ കടലേറ്റങ്ങളുണ്ടായപ്പോള്‍ കടല്‍ഭിത്തികള്‍ക്കേറ്റ കേടുപാടുകള്‍ അപ്പോള്‍തന്നെ പരിഹരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്രയും വലിയ പ്രശ്നം ഉണ്ടാകുമായിരുന്നില്ല.
നേരത്തെ ചെല്ലാനത്തു മാത്രമായിരുന്നു കടലേറ്റമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പശ്ചിമ കൊച്ചി മുഴുവന്‍ ഇതു വ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തുതുടങ്ങിയിട്ട് കുറേക്കാലമായി. ഇനിയെങ്കിലും പ്രവര്‍ത്തനമണ്ഡലത്തിലേക്ക് പ്രവേശിക്കണം.
കടലേറ്റം രൂക്ഷമായിരുന്ന സൗദി-മാനാശേരി പ്രദേശങ്ങളില്‍ കൊച്ചി തുറമുഖത്ത് ഡ്രെജിംഗ് നടത്തിയ മണല്‍ കൊണ്ടിട്ടപ്പോള്‍ കടലേറ്റത്തിന് കുറവുണ്ടായ കാര്യം ശ്രദ്ധിക്കണം. ജീവന്‍ രക്ഷിക്കാനായി സമരം ചെയ്യുന്ന തീരജനതയെ ജനപ്രതിനിധികള്‍ ശത്രുക്കളായി കാണരുത്. 50 മീറ്റര്‍ പരിധി വിട്ട് കയറി വരില്ലെന്ന് കടല്‍ പറയുന്നില്ല. ഇത്തവണ വളരെ ദൂരത്തില്‍ കടല്‍കടന്നുകയറി. ഓരോ തവണയും ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകുകയാണ്. ഇക്കാര്യങ്ങള്‍ അധികൃതര്‍ കാണാതിരിക്കരുത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഉത്തരവാദിത്വം നിറവേറ്റണം
വി.ടി. സെബാസ്റ്റ്യന്‍
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആരംഭിച്ച കാലം മുതല്‍ തീരസംരക്ഷണത്തിനായി ഒരു രൂപ പോലും മുടക്കിയിട്ടില്ല. കൊച്ചി തുറമുഖത്തു നിന്നു ഡ്രെജ് ചെയ്യുന്ന മണ്ണും കായലുകളില്‍ അടിഞ്ഞുകിടക്കുന്ന മണ്ണും ഇവിടെ നിക്ഷേപിക്കണം. കൊച്ചി തുറമുഖം വരുന്നതിനു മുമ്പ് ചാകര എന്ന പ്രതിഭാസം ഇവിടെയുണ്ടായിരുന്നു. ധാരാളം മത്സ്യം ലഭിക്കുന്ന ഈ പ്രതിഭാസം തിരികെ വരാനും ഇതു സഹായിക്കും.

അതീവശ്രദ്ധ ആവശ്യമുള്ള മേഖല
റവ. ഡോ. മരിയാന്‍ അറയ്ക്കല്‍ (ഡയറക്ടര്‍ സിഎസ്എസ്എസ്)
തീരം സംരക്ഷിക്കുന്ന കാര്യങ്ങള്‍ ഇനിയും മാറ്റിവയ്ക്കാന്‍ ഇടവരുത്തരുത്. അടിയന്തര പ്രാധാന്യം നല്കി ഈ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഓരോ ദിവസം കഴിയുന്തോറും അപകടകരമായ സ്ഥിതിയിലേക്കാണിത് പോകുന്നത്.
തന്ത്രപ്രാധാന്യമുള്ള രാജ്യസുരക്ഷാ മേഖലയാണിത്. അതീവ ശ്രദ്ധ ആവശ്യമുള്ള മേഖല എന്ന പരിഗണനകൂടി നല്കി തീരം സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകാനുള്ള സമ്മര്‍ദ്ദം ആവശ്യമാണ്.

പുനര്‍ഗേഹ പദ്ധതിയില്‍ നിന്ന് ചെല്ലാനത്തെ ഒഴിവാക്കണം
ഫാ. അലക്‌സ് കൊച്ചീക്കാരന്‍വീട്ടില്‍ (വികാരി സെന്റ് ജോര്‍ജ് ചര്‍ച്ച്, ചെല്ലാനം)
തീരദേശത്തു നിന്ന് ജനങ്ങളെ കൂട്ടത്തോടെ കുടിയിറക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പുനര്‍ഗേഹ പദ്ധതിയില്‍ നിന്ന് ചെല്ലാനത്തെ ഒഴിവാക്കണമെന്ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കണം. കടലിന്റെ ആഴം കൂടിവരികയാണ്. തീരത്ത് കൂടുതല്‍ മണല്‍നിക്ഷേപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് അധികൃതര്‍ തയ്യാറാകണം. സമരം ചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണം.

ജിയോട്യൂബ് പദ്ധതി പരാജയം
ടി. പീറ്റര്‍ (നാഷണള്‍ ഫിഷറീസ് ഫോറം ജനറല്‍ സെക്രട്ടറി)
കടലേറ്റം തടയാനായി രാജ്യത്തിന്റെ പല ഭാഗത്തും നടപ്പിലാക്കിയ ജിയോട്യൂബ് പദ്ധതി വലിയ പരാജയമാണ്. തീരത്തെക്കുറിച്ച് പഠനം നടത്തി ഓരോയിടത്തും യോജിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുകയാണു വേണ്ടത്. ചെല്ലാനത്ത് കടലേറ്റം ചെറുക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം പുലിമുട്ടുകള്‍ നിര്‍മിക്കുകയാണ്.
തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന കാലമാണിത്. ഈ അവസരം ഉപയോഗിക്കാന്‍ ജനങ്ങള്‍ക്കു കഴിയണം.

തീരം കാത്തുസൂക്ഷിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം
അഡ്വ. ജോസി സേവ്യര്‍ (പൊതുപ്രവര്‍ത്തകന്‍)
രാജ്യത്തെ പ്രതിരോധ വകുപ്പിന്റെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയും അനുബന്ധ സ്ഥാപനങ്ങളുമടങ്ങിയ ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരം കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ ഫണ്ടില്‍ കാത്തുരക്ഷിക്കുന്നതു പോലെ സാന്‍ ജോണ്‍ പാട്ടം മുതല്‍ തെക്കെ ചെല്ലാനം വരെയുള്ള കടല്‍ത്തീരവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകൊണ്ട് സംരക്ഷിക്കണം.
കൊച്ചി തുറമുഖം, ദക്ഷിണ നാവിക കമാന്‍ഡ്, കൊച്ചിന്‍ ഓയില്‍ബര്‍ത്ത്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, കൊച്ചി എണ്ണശുദ്ധീകരണശാല, എഫ്എസിറ്റി ഫെര്‍ട്ടിലൈസര്‍ ഫാക്ടറികള്‍, സ്മാര്‍ട്ട് സിറ്റി, ചെറുതും വലുതുമായ നിരവധി വ്യവസായശാലകള്‍, കേരള ഹൈക്കോടതി തുടങ്ങിയ തന്ത്ര പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചി എന്ന സ്ട്രാറ്റജിക്ക് സിറ്റിയുടെ ഔട്ടര്‍ ബൗണ്ടറി തന്നെയാണ് അറബിക്കടല്‍ തീരത്തു വരുന്ന ചെല്ലാനം തീരം. ഇത് കാത്തുസൂക്ഷിക്കേണ്ടത് രാജ്യരക്ഷയ്ക്ക് അത്യാവശ്യമാണ്.

തീരദേശവാസികള്‍ ഭാരതത്തിന്റെ സമുദ്രാതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന രാജ്യരക്ഷാഭടന്മാരുമാണ്. ഇവര്‍ക്ക് സുരക്ഷിതമായി താമസിക്കുവാനുള്ള സൗകര്യമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കേണ്ടതാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം.

ചെല്ലാനം തീരത്തുള്ള കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ത്ത് ശക്തിപ്പെടുത്തണം. തിരമാലകളുടെ ശക്തി കുറയ്ക്കാനായി നിശ്ചിത അകലങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കണം. കൊച്ചി തുറമുഖത്തു നിന്നും കപ്പല്‍ച്ചാലില്‍ നിന്നും ഡ്രെജ് ചെയ്യുന്ന ചെളിയും മണലും കലര്‍ന്ന മിശ്രിതം (സ്ലഡ്ജ്) ഈ കടല്‍ഭിത്തിക്ക് ഇരുവശവും നിക്ഷേപിച്ച് തീരം ശക്തിപ്പെടുത്തുന്ന പ്രക്രിയയും നടത്തണം.
ഇതേവരെ ഡ്രെജ് ചെയ്തു കിട്ടിയിരുന്ന സ്ലഡ്ജ് ഉപയോഗിച്ച് വില്ലിംഗ്ടണ്‍ ഐലന്‍ഡും നേവല്‍ ബേസും പരമാവധി വിസ്തൃതപ്പെടുത്തിയിട്ടുണ്ട്. ഇനി ഡ്രെജ് ചെയ്യുന്ന മണ്ണ് ചെല്ലാനം തീരത്ത് നിക്ഷേപിക്കണം. ഇതുമൂലം കൊച്ചി തുറമുഖം നിശ്ചിത ആഴത്തില്‍ നിലനിര്‍ത്താനും; ചെല്ലാനം നിവാസികളെ കടലേറ്റത്തില്‍ നിന്നു സംരക്ഷിക്കാനും കഴിയും.
ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിക്കണം. കടല്‍ഭിത്തി ബലപ്പെടുത്തലും പുലിമുട്ടു നിര്‍മാണവും ഒരു മാസത്തിനുള്ളില്‍ ആരംഭിക്കണം. ഡ്രെജ് ചെയ്യുന്ന സ്ലഡ്ജ് കടല്‍ഭിത്തിയോട് ചേര്‍ന്ന് ഇരുവശത്തും നിക്ഷേപിച്ച് ഭിത്തിയുടെ കല്ലുകള്‍ ഇളകിപ്പോകാതെ സംരക്ഷിക്കണം.
കടല്‍ഭിത്തിയോട് ചേര്‍ന്ന് ഇരുവശവും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ച് ശക്തമായ കണ്ടല്‍പാര്‍ക്ക് കടല്‍ത്തീരത്ത് നിര്‍മ്മിക്കണം.

Source URL: https://jeevanaadam.in/%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%82%e0%b4%97%e0%b4%a4-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d/