Breaking News

നിസാമുദീന്‍ കണ്ടെത്തല്‍ കടുപ്പം: കേരളത്തില്‍നിന്ന് 319 പേര്‍

നിസാമുദീന്‍ കണ്ടെത്തല്‍ കടുപ്പം: കേരളത്തില്‍നിന്ന് 319 പേര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പ്രധാനകേന്ദ്രമായി ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനം മാറിയെന്ന് പ്രാഥമിക നിഗമനം. ഇവിടെ കഴിഞ്ഞിരുന്ന 2100 പേരെയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രത്യേക നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി. രാജ്യമെമ്പാടുമുള്ള 2137 പേരാണ്, ഇവിടെ സന്ദര്‍ശനം നടത്തിയതിനാല്‍ നിരീക്ഷണത്തിലുള്ളത്. നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കത്തിന് ചുക്കാന്‍പിടിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. നിസാമുദ്ദീനിലെ മര്‍ക്കസ് മൗലാനയുമായി അജിത് ഡോവല്‍ സംസാരിച്ചു. നിലവില്‍ ആളുകളെയെല്ലാം ഒഴിപ്പിച്ച് മര്‍ക്കസ് ആസ്ഥാനത്ത് അണുനശീകരണം നടത്തി.
തബ്‌ലീഖി ജമാ അത്തെ എന്ന സംഘത്തിന്റെ ഡല്‍ഹി ആസ്ഥാനമാണ് മര്‍ക്കസ് നിസാമുദ്ദീന്‍ എന്ന കെട്ടിടം. തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആറുപേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഈ കേന്ദ്രം ശ്രദ്ധാകേന്ദ്രമാകുന്നത്. പിന്നീട് ഇവിടെനിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ എത്തിയ പലര്‍ക്കും കൊവിഡ് രോഗം ബാധിച്ചു എന്ന വിവരങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നു. ഇതോടെ നിസാമുദ്ദീന്‍ രാജ്യത്തെ ഒരു കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി.
ഈ പ്രദേശത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചശേഷം മര്‍ക്കസ് കര്‍ശനനിരീക്ഷണത്തിലാണിപ്പോള്‍. കെട്ടിടം അടച്ചുപൂട്ടി ഡല്‍ഹി പൊലീസ് സീല്‍വച്ചു. മതകേന്ദ്രത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും കൂട്ടത്തോടെ ഒഴിപ്പിച്ച് നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇവിടെ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പള്ളിയിലെ മൗലാനയ്ക്ക് എതിരെ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളോടും ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയ തബ്‌ലീഖി അംഗങ്ങളെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് ഇവിടെ ഏതാണ്ട് 319 പേര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക നിഗമനം. ഇതില്‍ 140 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. 80 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു വിവിധ ഭാഗങ്ങളിലും തങ്ങുകയാണ്. തിരികെയെത്തിയ പലര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും ഇവരെ കര്‍ശനനിരീക്ഷണത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.
മാര്‍ച്ച് 8 മുതല്‍ 10 വരെ നടന്ന വലിയ മതചടങ്ങില്‍ പങ്കെടുത്തവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത് തമിഴ്‌നാട്ടില്‍നിന്നുള്ളവരെയാണ്. തമിഴ്‌നാട്ടില്‍നിന്നാണ് ഏറ്റവും വലിയ സംഘം ഇവിടെയെത്തിയത്. 50 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത ഏതാണ്ട് 800 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രാഥമിക നിഗമനം. 21 പേര്‍ തെലങ്കാനയില്‍ രോഗബാധിതരാണ്. 21 പേര്‍ ആന്ധ്രാപ്രദേശില്‍ രോഗബാധിതരായി. 10 പേര്‍ ആന്‍ഡമാനില്‍, അസമിലും ജമ്മു കശ്മീരിലും ഓരോരുത്തരും രോഗം ബാധിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഇവിടെവന്ന 824 വിദേശികളും വീസാ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ അതാത് സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് കൈമാറിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സാമൂഹ്യാകലം പാലിക്കണമെന്ന എല്ലാ ചട്ടങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് നൂറുകണക്കിന് പേരാണ് ഈ പള്ളി സമുച്ചയത്തില്‍ ഒന്നിച്ചു കഴിഞ്ഞിരുന്നത്. ഇവിടെ ആറുനിലകളിലായി ഡോര്‍മിറ്ററികളുമുണ്ട്. മാര്‍ച്ച് 21-ന്, അതായത് ജനതാ കര്‍ഫ്യൂവിന് തൊട്ടുമുമ്പ് ഇവിടെ 1746 പേരുണ്ടായിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതില്‍ 216 പേര്‍ വിദേശികളായിരുന്നു.
തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇവിടെ സന്ദര്‍ശനം നടത്തിയ നിരവധിപ്പേര്‍ മടങ്ങിയിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തെലങ്കാനയില്‍ ഇവിടം സന്ദര്‍ശിച്ച് മടങ്ങിയ ആറുപേരാണ് മരിച്ചത്. ശ്രീനഗറില്‍ മരിച്ച വൃദ്ധന്‍ ഇവിടം സന്ദര്‍ശിച്ച് മടങ്ങിയതാണെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹം ഉത്തര്‍പ്രദേശിലെ ദിയോബന്ദിലെ പള്ളിയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ആന്‍ഡമാനില്‍ 1800 പേരാണ് ക്വാറന്റൈനിലുള്ളത്. കശ്മീരിലെ ഏതാണ്ട് നൂറുപേര്‍ പങ്കെടുത്ത പരിപാടിയില്‍ എത്തിയ 700 പേരെ കണ്ടെത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ ത്വരിതഗതിയില്‍ ശ്രമം നടത്തുകയാണ്.


Related Articles

സ്പ്രിങ്ക്ളര്‍ ഇടപാട് കോടതി ഇന്ന് പൊസിറ്റീവാണ്;നെഗറ്റീവും

സ്പ്രിങ്ക്ളര്‍ സേവനം തടയില്ല: വിവര ശേഖരണത്തിന് കടുത്ത ഉപാധികള്‍ കൊച്ചി: വിവാദമായ സ്പ്രിങ്ക്ളര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന

അപഹാസ്യമാകുന്ന മദ്യനയം

മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്നതാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തിന്റെ കാതലായ വശം. രാത്രി ആഘോഷത്തിന്റെ ഭാഗമായി പുതിയതായി തുറക്കുമെന്നു പറഞ്ഞിരുന്ന പബ്ബുകള്‍ തല്ക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചത്, അവിടെ

കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*