നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21): ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ
വിചിന്തനം :- നിസ്വരുടെ ദൈവം (ലൂക്കാ 4: 14-21)
ലൂക്കായാണ് പുതിയനിയമത്തിലെ ഏറ്റവും നല്ല രചയിതാവ്. ഒരു സംഭവത്തെ എങ്ങനെ വിവരിക്കണമെന്നും എവിടെയൊക്കെ എപ്പോഴൊക്കെ വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ടെക്നിക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാം. കൂടുതലും ആകാംക്ഷ ഉണർത്തുന്ന സ്ലോമോഷൻ ടെക്നിക്കാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെയുള്ള ടെക്നിക് ഇന്നത്തെ സുവിശേഷ ഭാഗത്ത് കാണാൻ സാധിക്കും. ഇരുപതാമത്തെ വാക്യം ശ്രദ്ധിക്കുക: “പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന് ഇരുന്നു”. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. വരികളിൽ എത്ര സുന്ദരമായിട്ടാണ് ആകാംഷ നിറച്ചിരിക്കുന്നത്! എന്തൊക്കെയോ അവർ പ്രതീക്ഷിക്കുന്നു. ഏശയ്യായുടെ പ്രവചനത്തിന്റെ വ്യാഖ്യാനമാണ് അവർക്ക് വേണ്ടത്. പക്ഷേ പ്രവാചകന്റെ വാക്കുകൾ അത് വായിച്ചവന്റെ മേലാണ് പതിഞ്ഞിരിക്കുന്നത്. അതുകൊണ്ട്, കേട്ടു തഴമ്പിച്ച വ്യാഖ്യാനങ്ങൾ ഇനിയില്ല. ഇതാ, പ്രവചനങ്ങളും യേശുവിൽ മാംസം ധരിക്കുന്നു. അവൻ പ്രവാചകരുടെ ഉഴവുചാലിൽ ഇറങ്ങി നിന്നു അവർ വിതച്ച വിത്തുകളുടെ ഉള്ളിലേക്ക് ഊർന്നിറങ്ങുന്നു; “നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു” (v.21).
ഏശയ്യാ പ്രവാചകനിൽ ദൈവം ദരിദ്രരുടെയും പീഡിതരുടെയും പ്രതീക്ഷയായപ്പോൾ, യേശുവിൽ ആ ദൈവം ഒരു വർത്തമാന യാഥാർത്ഥ്യമാകുന്നു. ദൈവമിതാ, ദരിദ്രനായി, നിസ്വനായി മുന്നിൽ നിൽക്കുന്നു. എന്തിനാണ് ദൈവം മനുഷ്യരൂപം സ്വീകരിച്ചത് എന്ന് ചോദിച്ചാൽ ഉത്തരം ഈ സുവിശേഷ ഭാഗത്തിലുണ്ട്. ജീവിതത്തിന്റെ പൂവിടൽ സാധ്യമാക്കുന്നതിനാണ് അവൻ വന്നിരിക്കുന്നത്. ഹതഭാഗ്യരില്ലാത്ത ഒരു ലോകത്തെ അവൻ സ്വപ്നം കാണുന്നു. ഈ ദൈവം പക്ഷപാത രഹിതനല്ല. അവൻ പക്ഷം ചേരുന്നവനാണ്. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കൂടെ നിൽക്കുന്നവൻ.
ദൈവത്തിൽ നിന്നും അകന്നു നിൽക്കുന്നവരെ അവനിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടിയാണ് യേശു വന്നത് എന്ന് വിചാരിക്കരുത്. അല്ല. അകന്നു നിൽക്കുന്നവരിലേക്ക് ദൈവത്തെ കൊണ്ടുവരുന്നതിനു വേണ്ടിയാണ്. അങ്ങനെ അവരുടെ ഉള്ളിലെ എല്ലാ സാധ്യതകളുടെയും ചെപ്പുകളെ തുറക്കുന്നതിനുവേണ്ടി, ഇന്നുവരെയും ചെയ്തിരുന്ന പലതിനും വ്യത്യസ്ത മാനങ്ങൾ ലഭിക്കുന്നതിനുവേണ്ടി. നമ്മുടെ പാപങ്ങളല്ല അവന് നമ്മെക്കുറിച്ചുള്ള ഉത്കണ്ഠ, നമ്മുടെ ദരിദ്രാവസ്ഥയാണ്. അതുകൊണ്ടാണ് സുവിശേഷങ്ങളിൽ പാപികൾ എന്ന പദത്തേക്കാൾ കൂടുതൽ ദരിദ്രർ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. സുവിശേഷം സദാചാരം വിളമ്പുന്ന ഒരു പുസ്തകമല്ല, അടിച്ചമർത്തപ്പെടാത്ത, സ്വാതന്ത്ര്യത്തിന്റെ വായു സന്തോഷത്തോടെ ശ്വസിക്കുന്ന ഒരു ജനതയെ സ്വപ്നം കാണുന്ന പുസ്തകമാണ്.
യേശു ഒരു പുതിയ ധാർമികതയല്ല പ്രഘോഷിച്ചത്, എന്തൊക്കെയോ അതിനേക്കാൾ വലുതാണ് അവൻ കൊണ്ടുവന്നത്. നന്മതിന്മകളുടെ ത്രാസിൽ തൂക്കിയെടുക്കാനുള്ള കാര്യങ്ങൾക്കുപരിയായ കുലീനത അവന്റെ വാക്കുകൾക്കുണ്ട്. അതുകൊണ്ടാണ് ചരിത്രം സംഘർഷ പൂരിതമായിട്ടും സുവിശേഷത്തിന്റെ ആഢ്യത്വത്തിന് ഒരു പോറലുമേൽക്കാതെ ഇന്നും നിലനിൽക്കുന്നത്. മനുഷ്യനെ പാപിയും വിശുദ്ധനുമെന്ന് രണ്ടായി തിരിച്ചു പാപബോധത്തിന്റെയും കുറ്റബോധത്തിന്റെയും കനൽപാതകളിലൂടെ നടത്തിയില്ല എന്നതാണ് ആ സുവിശേഷത്തിന്റെ സൗന്ദര്യം. അവന്റെ പ്രഘോഷണം പ്രാധാന്യം കൊടുക്കുന്നത് മനുഷ്യനുവേണ്ടി തന്നെത്തന്നെ മറന്നുപോയ ഒരു ദൈവത്തെയാണ്.
മനുഷ്യനു വേണ്ടി വാദിക്കുന്ന ദൈവത്തിന്റെ മുഖമാണ് യേശു. നമ്മൾ അനുഭവിക്കുന്ന അടിച്ചമർത്തലിന്റെയും വിശപ്പിന്റെയും അനുഭവങ്ങളെല്ലാം ദൈവത്തിന്റെ തടവറ അനുഭവങ്ങളാണെന്ന് ചരിത്രത്തിൽ ആദ്യം പറഞ്ഞത് അവൻ മാത്രമാണ്. അതുകൊണ്ടാണ്, യേശുവിന്റെ ആദ്യ പ്രഭാഷണമായ ഇന്നത്തെ സുവിശേഷ ഭാഗത്തിൽ സ്വാതന്ത്ര്യം എന്ന പദം നിറഞ്ഞുനിൽക്കുന്നത്. ഉയിർത്തെഴുന്നേൽക്കണം നമ്മളും, പൊട്ടിച്ചെറിയണം ദൈവികതക്ക് വിരുദ്ധമായ നിൽക്കുന്ന എന്തും, ചേർത്തു നിർത്തണം മനുഷ്യനൊമ്പരങ്ങളെ ഹൃദയത്തോട്, എന്നിട്ട് പറയണം ലോകത്തിനോട് യേശുവിന്റെ ആത്മാവ് എന്റെ മേലുണ്ടെന്ന്.
/// മാർട്ടിൻ N ആന്റണി ///
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തി
കൊച്ചി : ഇന്ത്യൻ ഹ്യൂമൻ റൈറ്സ് വാച്ച് സംഘടിപ്പിച്ച നിൽപ്പ് സമരത്തിന്റെ സമാപന കൺവെൻഷനും പ്രേതിഷേധ ജ്വാലയും മനുഷ്യാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫെലിക്സ്
പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍
താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന് അധികാരമേല്‍ക്കുന്നതും, തിരഞ്ഞെടുപ്പിന്
പ്രവാസികളെ കൊണ്ടുവരുന്നത് മുന്‍ഗണനാക്രമത്തില്‍: മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മുന്‍ഗണനാക്രമത്തിലായിരിക്കും കൊണ്ടുവരിക. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ലേബര്‍