നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്

നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്

വീട്ടുമുറ്റത്ത് കടല്‍വെള്ളം കയറിയെന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു. ക്യാമ്പുകളിലേക്കു പോയാല്‍ കൊറോണ പകരുമോ എന്നു ഭയം. ചെല്ലാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമാകാന്‍ തുടങ്ങിയെന്ന് പറഞ്ഞു. അപ്പോഴും അമ്മയുടെ ഉത്കണ്ഠ എന്നെപ്പറ്റിയായിരുന്നു. ഇവിടെ തിരുവനന്തപുരത്ത് കൊവിഡ് അനുദിനം വര്‍ദ്ധിക്കുന്നതിന്റെ കണക്ക് വാര്‍ത്താചാനലുകാര്‍ വിളിച്ചുപറയുന്നതു കേട്ട് ആധിയാണെന്നു പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ ഇവിടെ ശ്രദ്ധയോടെയാണ് കഴിയുന്നതെന്നു പറയുമ്പോഴും സ്വരത്തില്‍ അത്രയ്ക്ക് ഉറപ്പുപോരായിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ വീണുതുടങ്ങിയപ്പോള്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാരെ പൊതുസഹായത്തിനായി ഗവണ്‍മെന്റ് നിയോഗിക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ സേവനത്തിനു നിയോഗിക്കപ്പെട്ട യൂണിവേഴ്സിറ്റി ഓഫീസിലെ സുഹൃത്ത് വിളിച്ചു. അയാളുടെ കുഞ്ഞ് പിറന്നിട്ട് ഒരു വര്‍ഷം തികഞ്ഞിരുന്നില്ല. വീടും വീട്ടുകാരും മാറിത്താമസിച്ചു. പതിനാലുദിവസത്തെ ഡ്യൂട്ടി. പതിനാലു ദിവസം ക്വാറന്റീന്‍. വെളുപ്പിന് രണ്ടുമണിക്ക് അയാള്‍ അയച്ച സന്ദേശം നേരം പുലര്‍ന്നപ്പോള്‍ വാട്സ്ആപ്പില്‍ കണ്ട് ഞെട്ടി. വിളിച്ചുചോദിച്ചപ്പോള്‍ രണ്ടുമണിക്കെത്തുന്ന വന്ദേഭാരത് ഫ്ളൈറ്റിനുവേണ്ടിയുള്ള കാത്തിരിപ്പാണ്! പഠന വകുപ്പുകളിലെ അധ്യാപകര്‍ പലരും കൊവിഡ് ഡ്യൂട്ടിയിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ദുരന്തസമയത്ത്, അവിടെ കൊറോണ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപക സുഹൃത്തെഴുതിയ കുറിപ്പ് കണ്ണുനനയാതെ ഇപ്പോള്‍ വായിച്ചെത്തിക്കാനാകുന്നില്ല. ഇവിടെ എനിക്കു ചുറ്റുപാടും ലോക്ഡൗണും ക്വാറന്റീനും തുടരുമ്പോള്‍, പലപ്പോഴും പട്ടിണിയില്‍ത്തന്നെ കഴിയാന്‍ തീരുമാനിക്കുകയാണ്.
കൊറോണയും കനത്ത മഴയും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും വിമാനദുരന്തവുമായി സഹനം അതിന്റെ മലകയറ്റം തുടരുമ്പോള്‍ പകച്ചുനില്‍ക്കാതെ നമ്മള്‍ പൊരുതുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ഷെഡ്യൂള്‍ ചെയ്ത് ലൈവ് ക്ലാസില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്തെ തീരദേശത്തുള്ള വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മൈക്ക് ഓണ്‍ ചെയ്ത് അറിയിക്കുന്നു: സാര്‍, ഞാനിവിടെ അരി കിട്ടാന്‍ കടയുടെ മുന്നില്‍ ക്യൂവിലാണ്. അമ്മയുടെ ഫോണുമായി അവള്‍ ക്യൂവില്‍ നിന്ന് ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നു. രണ്ടുമണിക്കൂര്‍ മാത്രം തുറക്കുന്ന കടയുടെ മുന്നില്‍ നീണ്ട ക്യൂവാണ്. മഴ കോരിച്ചൊരിയുന്നു. ഞാന്‍ പറഞ്ഞു: നീ ഫോണ്‍ ഓഫ് ചെയ്ത് ആദ്യം അരി വാങ്ങിക്കൂ. ക്ലാസ് റെക്കോര്‍ഡ് ചെയ്ത് അയച്ചുതരാം. കോരിച്ചൊരിയുന്ന മഴയത്ത്, കടയുടെ മുന്നിലെ നീണ്ട ക്യൂവില്‍ നിന്ന്, അരി കിട്ടുമോ എന്ന ഉത്കണ്ഠയുമായി നീങ്ങുമ്പോഴും അവള്‍ പ്ലേറ്റോയുടെ ദര്‍ശനം കേള്‍ക്കാനും പഠിക്കാനും സന്നദ്ധയാകുന്നു. ഇതാണ് അതിജീവനം! മനക്കരുത്ത്!
കേരളത്തിന്റെ തീരദേശങ്ങളും മലയോരവും ഇടനാടും വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. കാരണങ്ങള്‍ നിരത്താന്‍ നിരവധിയുണ്ട്.
ജനസമൂഹങ്ങള്‍ അതിജീവനത്തിനായി പൊരുതുകയാണ്. തീരദേശജനത നടത്തിയ സമരങ്ങള്‍ എത്രയോ തവണ ഈ നാട് കണ്ടു. നവീന സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ആവേശം കൊള്ളുന്നവര്‍ (അത് എന്തിനുവേണ്ടിയും ആയിക്കൊള്ളട്ടെ, അവരുടെ ഉദ്ദേശ്യശുദ്ധിയെ മാത്രം ഇപ്പോള്‍ പരിഗണിക്കുക), സഭാനേതൃത്വങ്ങളെ ഇകഴ്ത്തുന്നവര്‍, അങ്ങനെ എല്ലാവര്‍ക്കുമറിയാം, ഇവിടെ നടന്നിട്ടുള്ള സമരങ്ങള്‍ നിരവധിയാണെന്ന്. മാറിമാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രീയവും ഇടകലര്‍ന്ന്, മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും അസ്വാസ്ഥ്യങ്ങള്‍ പടര്‍ന്ന്, രാഷ്ട്രീയ പകപോക്കലുകള്‍ പടര്‍ന്ന്, വ്യത്യസ്ത താല്പര്യങ്ങള്‍ കൂടിക്കുഴഞ്ഞ്, പുകമറകള്‍ ഉണ്ടായ കാലത്തും ദുരിതത്തിന്റെയും സഹനത്തിന്റെയും കൈപിടിച്ച് നമ്മള്‍ പൊതുസമൂഹത്തിനു മുന്നില്‍ നിന്നിരുന്നു. അതില്‍ വൈദികരും സന്ന്യസ്തരും ഉണ്ടായിരുന്നു. ഇതിനിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പലരും ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നിട്ടും വ്യത്യാസങ്ങള്‍ മറന്ന് നമ്മള്‍ ഒരുമിച്ചുനിന്നിട്ടുണ്ട്, പോരാടിയിട്ടുണ്ട്; ജാഥകള്‍ നയിച്ചിട്ടുണ്ട്. ചിലതൊക്കെ നേടിയിട്ടുണ്ട്. നമ്മള്‍ ഇനിയും പോരാടുകതന്നെയാണ്. ജനാധിപത്യ സംവിധാനത്തിന്റെ മുഴുവന്‍ കരുത്തും പോരായ്മയും ഈ പോരാട്ടങ്ങളില്‍ ഈ സമൂഹം അറിയുന്നുണ്ട്.
തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിനു മുന്നിലേക്ക് സമരവുമായെത്തുന്ന എത്രയോ സമൂഹങ്ങള്‍! ഇവര്‍ക്കിടയില്‍ ഒറ്റയാള്‍ സമരവുമായി അഞ്ചാറുവര്‍ഷമായി കിടക്കുന്ന അജേഷിനെ ഇപ്പോഴും കാണാം. സ്റ്റാച്യുവിനു മുന്നിലെ വലിയ തണല്‍മരങ്ങളുടെ വിടര്‍ന്ന വേരുകള്‍ക്കിടയില്‍, തന്റെ സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അയാള്‍ കിടക്കുന്നു – തെരുവില്‍. നീതിക്ക് പല മുഖങ്ങളാണ് – നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും. നവീനമാധ്യമക്കൂട്ടായ്മകള്‍ അയാള്‍ക്കുവേണ്ടി നടത്തിയ ഒച്ചപ്പാടുകള്‍ ഇപ്പോള്‍ അടങ്ങിയിരിക്കുന്നു. ആരും അയാളെ തിരിഞ്ഞുനോക്കുന്നില്ല. മനോഹരമായി അലങ്കരിച്ച സമരപ്പന്തലുകളും ചൂടാറ്റാന്‍ ഫാനുമായി വന്നുപോകുന്ന സമരങ്ങള്‍! ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗങ്ങളുടെ വെള്ളച്ചൊരിച്ചിലുമായി അക്രമാസക്തമാകുന്ന സമരങ്ങള്‍! റോഡിന്റെ നാനാഭാഗത്തേക്ക് ചിതറിയോടുന്ന സമരക്കാരുടെ കൂട്ടത്തില്‍പ്പെട്ട് അടികിട്ടാതെ ഓടിപ്പാഞ്ഞ് സതീഷേട്ടന്റെ മാഗസിന്‍ വില്‍ക്കുന്ന തട്ടിലേക്ക് മലര്‍ന്നടിച്ചുവീണതോര്‍ത്ത് ഇപ്പോഴും ചിരിവരുന്നു. ചില സമരങ്ങള്‍ അങ്ങനെയാണ്; അത് ചോരചിന്തും! പ്രകോപനങ്ങളുണ്ടാക്കും. അതില്‍ പങ്കെടുക്കുന്നത് ദുഷ്‌കരമാണ്. പൊതുസമൂഹം ഭര്‍ത്സിക്കും – അവരുടെ ജീവിതക്രമത്തിന്റെ താളംതെറ്റുന്നതിനെക്കുറിച്ചോര്‍ത്ത് പ്രാകും. സമരങ്ങള്‍ വേദനിപ്പിക്കും. അതിന് തയ്യാറാകുന്നവര്‍ പലതും നഷ്ടപ്പെടുത്തേണ്ടിവരും. സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്ന ആവേശം മാത്രമായി അതിന് പര്യാപ്തമാകില്ല.
ഓസ്‌കര്‍ റോമേരോയെ ഓര്‍ത്ത് പുളകംകൊള്ളുന്നവര്‍ ആദ്യ ലാത്തിവീശലില്‍ത്തന്നെ ആവേശം മറക്കരുത്. കാരണം, ജനാധിപത്യത്തില്‍ വ്യത്യസ്ത ആശയങ്ങള്‍ ഏറ്റുമുട്ടുകയാണ്. നമ്മുടെ ആശയങ്ങളെ പിന്താങ്ങാന്‍ ആരുമുണ്ടാകണമെന്നില്ല. ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ കരുത്ത് വേറെ ആര്‍ജ്ജിക്കണം. വീണ്ടും അജേഷിനെ ഓര്‍ത്തു. നിര്‍ത്താതെ മഴ പെയ്യുകയാണ്. കടകള്‍ അടഞ്ഞുകിടക്കുന്നു. മുറിയില്‍ ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല. കാലന്‍കുടയുമായി മഴയത്തിറങ്ങി. സ്റ്റാച്യുവിലേക്ക് നടന്നു. പൊലീസ് ഓഫീസര്‍ ചോദിച്ചു: എങ്ങോട്ടാ? സ്റ്റാച്യുവിലെ ആയുര്‍വേദ മരുന്നുകടയിലേക്കാണ്. കയ്യിലെടുത്ത ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഐഡി കാര്‍ഡ് കണ്ട് വെറുതെവിട്ടു. ഒഴിഞ്ഞ റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ചാറ്റല്‍മഴയില്‍ കുടയുടെ കീഴെ പൊതിച്ചോറുകള്‍ വില്‍ക്കാന്‍ അജയന്‍ നില്‍ക്കുന്നു. രണ്ടു പൊതികള്‍ വാങ്ങിച്ചു. തണുത്തുവിറച്ച് കൂനിക്കൂടിയിരിക്കുന്ന അജേഷ്. ആരോ കൊടുത്ത കുട തുറന്നുപിടിച്ചിട്ടുണ്ട്. പൊതിച്ചോറ് നീട്ടി. മുഖത്തേക്കു നോക്കാതെ അയാള്‍ അതു വാങ്ങി. ഉച്ചകഴിഞ്ഞ് വെബ്നാറില്‍ ഫ്രാന്‍സ് ഫാനന്റെ ‘റെച്ചഡ് ഓഫ് എര്‍ത്തി’ന് സാര്‍ത്ര് എഴുതിയ ആമുഖത്തെക്കുറിച്ച് പ്രഭാഷണം നടത്തണം. ഭൂമിക്കു വേണ്ടാത്തവരാണോ നമ്മള്‍? ഭൂമിയിലെ തകര്‍ക്കപ്പെട്ടവര്‍!
ദലിത് ക്രൈസ്തവരുടെ സംവരണ ആവശ്യമുന്നയിച്ച് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നവരെ നയിക്കുന്നവരില്‍ പുരോഹിതരുണ്ട്. ഓഖി ദുരന്തസമയത്തെ എത്രയോ സമരങ്ങള്‍! സഭ കൂടെയുണ്ട്. പാളയത്തെ രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ മദ്യവിരുദ്ധ സമിതി നടത്തുന്ന സമരങ്ങളില്‍ നമ്മുടെ മെത്രാന്മാര്‍ നീതിക്കായി ജ്വലിക്കുന്നത് കാണുകയാണ്. എത്രയെത്ര സമരങ്ങള്‍! ഇതൊക്കെ എഴുതുമ്പോള്‍ പ്രത്യേകിച്ച് ഒന്നും നേടണമെന്നല്ല, കണ്ണുതുറന്നു കാണുകയാണ് സത്യങ്ങള്‍. ചെല്ലാനത്ത് ഫിര്‍മൂസ് അച്ചന്‍ ജാഥ നയിച്ച് മുന്നേറിയപ്പോള്‍, കുഞ്ഞുങ്ങളായ ഞങ്ങള്‍ മദ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി അച്ചനോടൊപ്പം നടന്നിരുന്നു. നീണ്ടകരയിലേക്കും എഴുപുന്നയിലേക്കും ചെല്ലാനത്തുനിന്ന് റോഡും പാലവും വേണമെന്നുപറഞ്ഞ് എരമല്ലൂര്‍ കവലയില്‍, നാഷണല്‍ ഹൈവേയില്‍ സമരം നടത്താന്‍ അച്ചന്മാരോടൊപ്പം പോയി. ഉച്ചച്ചൂടില്‍ ടാറ് വെന്തുകിടന്നിരുന്നു. മൊത്തം പൊള്ളി. പൊലീസിന്റെ ചൂരല്‍പ്രയോഗത്തില്‍ ഓടി. അടുത്തുള്ള ടെക്സ്റ്റൈല്‍ ഷോപ്പില്‍ കയറി ഒളിച്ച് രക്ഷപ്പെട്ട കഥയോര്‍ത്ത്, ആ റോഡിലൂടെ യാത്രചെയ്യുമ്പോള്‍, ഇപ്പോള്‍ ചിരിപൊട്ടുന്നു. എണ്‍പതുകളുടെ അവസാനകാലത്തെ സംഭവമാണ്. കാലം മാറി. ജനാധിപത്യത്തിന്റെ കഥ മാറി. ജനാധിപത്യ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍തന്നെ പല രീതികള്‍ പ്രയോഗിക്കുന്നു.
പുതിയ പാരിസ്ഥിതിക നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വാര്‍ത്തയാണ് മേശപ്പുറത്ത് കിടക്കുന്ന പത്രത്തില്‍. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. എല്ലാ പ്രതിബന്ധങ്ങളെയും കുത്തിത്തിരിപ്പുകളെയും അപഹസിക്കലുകളെയും അതിജീവിച്ച് നമ്മള്‍ ഒരുമിച്ച് മുന്നേറുകതന്നെ ചെയ്യും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ തീരദേശ മേഖലകളിലും മലയോരങ്ങളിലും വെള്ളപ്പൊക്കം ആക്രമിക്കുന്ന ഇടനാടുകളിലും എല്ലാ അഭ്യുദയകാംക്ഷികള്‍ക്കൊപ്പവും സഭയുണ്ട്. നീതിക്കുവേണ്ടി വിശക്കുന്ന ഒരാളെങ്കിലും അവശേഷിക്കുന്നിടത്തോളം, ഭരണഘടനാശില്പികള്‍ സങ്കല്‍പ്പിച്ച ജനാധിപത്യമൂല്യങ്ങള്‍ ഈ നാട്ടില്‍ അവശേഷിക്കുന്നിടത്തോളം കാലം സഭ ജ്വലിച്ചുനില്‍ക്കുന്നുണ്ടാകും. അനീതി വാ പിളര്‍ത്തിയാലും, ദേശങ്ങള്‍ കടപുഴക്കിയെറിയപ്പെട്ടാലും, വലിയ പ്രവാസങ്ങളുടെ കാലത്തും സഭ കൂടെയുണ്ടാകും. അതാണ് ഉടയോന്റെ വാഗ്ദാനം! വിശ്വാസത്തിന്റെ അര്‍ത്ഥവും.


Related Articles

അജപാലനസമൂഹം യുവജനങ്ങളുടെ പ്രതിസന്ധിയില്‍ കൂടെയുണ്ടാകണം

?സിനഡിന്റെ പ്രതിഫലനം കേരളസഭയില്‍ എപ്രകാരമായിരിക്കും. കേരളത്തില്‍ വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഫലവത്തായി യുവജനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സഹായിക്കുന്ന ഒരു അജപാലനസമൂഹവും സഭാവീക്ഷണവും ഇനിയും വളര്‍ത്തിയേടുക്കേണ്ടതുണ്ട്. അതു മതബോധന

സമാധാനത്തിന്റെ നാട് കണ്ണീര്‍ക്കടലായി

ശ്രീലങ്കയിലെ കടല്‍ത്തീരത്തുള്ള മുക്കുവ നഗരം അറിയപ്പെട്ടിരുന്നത് കൊച്ചുറോമെന്നായിരുന്നു. ഇവിടെയുള്ള ക്രൈസ്തവരുടെയും ദേവാലയങ്ങളുടെയും പേരിലാണ് നെഗോംബോ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ റോമിന്റെ ചെറുപതിപ്പായി അറിയപ്പെട്ടിരുന്നത്. 2019ലെ ഉയിര്‍പ്പുദിനത്തില്‍ ആഹഌദഭരിതരായി

കാലാവസ്ഥാവ്യതിയാനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും

  കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഇപ്പോഴും മഴ ക്രമാതീതമായി മലഞ്ചെരിവുകളിലും തീരദേശങ്ങളിലും ഒരുപോലെ പെയ്തത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*