നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?

നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കൊവിഡ് മഹാമാരിയുടെയും അതിശൈത്യത്തിന്റെയും ഭീഷണ സാഹചര്യത്തിലും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്ത പതിനായിരകണക്കിനു കര്‍ഷകരെ തടയാനായി ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും കമ്പിവേലികളും കിടങ്ങുകളും തീര്‍ത്ത് അതിര്‍ത്തി അടച്ച് കണ്ണീര്‍വാതകഷെല്ലുകളും ജലപീരങ്കിയും ലാത്തിച്ചാര്‍ജുമൊക്കെയായി പൊലീസിനെയും അര്‍ധസൈനികവിഭാഗങ്ങളെയും ഇറക്കി മോദിയും അമിത് ഷായും പിന്നെയും പടപറച്ചിലും പടത്തായവും മെനഞ്ഞുകൊണ്ടിരിക്കെ, രാഷ്ട്രീയ കക്ഷിഭേദമില്ലാതെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ജൂലൈ മുതല്‍ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന് അഭിവാദ്യമര്‍പ്പിക്കാതിരിക്കാനാവില്ല. ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തി സോനിപത്, രോഹ്തക്, ജയ്പുര്‍, ഗാസിയാബാദ്-ഹാപു
ഡ്, മഥുരാ ഹൈവേകള്‍ ഉള്‍പ്പെടെ ഡല്‍ഹിയിലേക്കുള്ള രാജവീഥികളില്‍ ട്രാക്റ്ററുകള്‍ നിരത്തി ഉപരോധം തീര്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകരെ പൗരത്വഭേദഗതി നിയമത്തിനെതിരെ ജനമുന്നേറ്റം നയിച്ച വിദ്യാര്‍ഥിനേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി കലാപക്കേസില്‍ കുടുക്കിയതുപോലെ അനായാസേന അടിച്ചൊതുക്കാനാവില്ലെന്ന് അമിത്ഷായും കൂട്ടരും ഇനിയെങ്കിലും തിരിച്ചറിയട്ടെ.
ജീവിക്കാനുള്ള മൗലികാവകാശത്തിനായി ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവര്‍ നേരിടുന്ന ഭരണകൂടഭീകരതയെക്കാള്‍ ആകുലപ്പെടുത്തുന്നതാണ് രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ നീതിരഹിതവും മനുഷ്യത്വവിരുദ്ധവുമായ ചില ദൃഷ്ടാന്തങ്ങള്‍. പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം കൈവിറയലുള്ളതിനാല്‍ ജയിലറയില്‍ വെള്ളം കുടിക്കാന്‍ സിപ്പര്‍ കപ്പും സ്‌ട്രോയും അനുവദിക്കണമെന്ന് വിചാരണതടവുകാരനായ 82 വയസുള്ള വൃദ്ധസന്ന്യാസി യാചിക്കുമ്പോള്‍ അതിന്മേല്‍ തീര്‍പ്പുകല്പിക്കാന്‍ എന്‍ഐഎയോടും ജയില്‍ സൂപ്രണ്ടിനോടും വിശദീകരണം തേടി ഒരു മാസമായി കാത്തിരിക്കുന്ന മുംബൈയിലെ എന്‍ഐഎ സ്‌പെഷല്‍ കോടതി ജഡ്ജിയെ നീതിയും ന്യായവും മനുഷ്യത്വവും പഠിപ്പിക്കാന്‍ ആര്‍ക്കാവും?
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബഗൈചാ ജസ്യുറ്റ് ക്യാമ്പസിലെ വസതിയില്‍ നിന്ന് ഒക്ടോബര്‍ എട്ടിന് രാത്രി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത് പിറ്റേന്ന് യുഎപിഎ കേസ് ചുമത്തി മഹാരാഷ്ട്രയിലെ നവി മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ തന്റെ ബാഗിലുണ്ടായിരുന്ന സിപ്പര്‍ കപ്പും സ്‌ട്രോയും തിരിച്ചുകിട്ടണമെന്നാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയും ഈശോസഭയുടെ ജംശേദ്പുര്‍ പ്രൊവിന്‍സ് അംഗവുമായ ഫാ. സ്റ്റനിസ്ലാവുസ് ലൂര്‍ദുസ്വാമി (സ്റ്റാന്‍ സ്വാമി) എന്‍ഐഎ കോടതിയില്‍ നവംബര്‍ ആറിന് അപേക്ഷ സമര്‍പ്പിച്ചത്. കേന്ദ്ര നാഡീവ്യൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന പാര്‍ക്കിന്‍സണ്‍സ് രോഗാവസ്ഥയില്‍ വിറയലും പേശികളുടെ സങ്കോചവും മൂലം ഭക്ഷണപാനീയം കഴിക്കുന്നതിന് പ്രയാസമായതിനാല്‍ തത്കാലം ജയിലിലെ കാന്റീനില്‍ നിന്നു വാങ്ങിയ ബേബി ഫീഡറാണ് സ്വാമി ഉപയോഗിക്കുന്നത്. രണ്ടുവട്ടം ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അദ്ദേഹത്തിന് അടിവയറ്റില്‍ ശക്തമായ വേദനയുണ്ട്. ഇരുചെവികളുടെയും കേള്‍വി തകരാറിലാണ്. ജയിലില്‍ നാലഞ്ചുതവണ വീഴുകയുമുണ്ടായി. മെഡിക്കല്‍ അവസ്ഥയും കൊവിഡ് പകര്‍ച്ചവ്യാധി ഭീഷണിയും മുന്‍നിര്‍ത്തി ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചപ്പോള്‍ യുഎപിഎ വകുപ്പിലെ ഗുരുതര കുറ്റാരോപണം നിലനില്‍ക്കെ ജാമ്യത്തിന് അര്‍ഹതയില്ലെന്നാണ് കൊവിഡുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയുടെ തീര്‍പ്പെന്ന് സ്‌പെഷല്‍ ജഡ്ജി വ്യക്തമാക്കിയിരുന്നു.
തടവുപുള്ളിക്ക് വെള്ളം കുടിക്കാന്‍ സിപ്പറും സ്‌ട്രോയും അനുവദിക്കുന്നതിന് ഉന്നതാധികാര സമിതിയുടെ അനുമതിയൊന്നും ആവശ്യമില്ല. എങ്കിലും ഇക്കാര്യത്തില്‍ എന്‍ഐഎ നിലപാടു വ്യക്തമാക്കട്ടെയെന്നാണ് കോടതി നിര്‍ദേശിച്ചത്. 20 ദിവസം കഴിഞ്ഞ് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു, ഞങ്ങളുടെ കസ്റ്റഡിയില്‍ വയ്ക്കാതെ നേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു വിട്ട കുറ്റാരോപി
തന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ സിപ്പര്‍ കപ്പോ സ്‌ട്രോയോ പിടിച്ചെടുത്തിട്ടില്ല. അതിനാല്‍ സ്‌പെഷല്‍ ജഡ്ജി സ്റ്റാന്‍ സ്വാമി
യുടെ അപേക്ഷ തള്ളുന്നു. നവംബര്‍ 26ന്, സംവിധാന്‍ ദിവസ് എന്ന പേരില്‍ രാഷ്ട്രം 1949ല്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് വിചാരണതടവുകാരനായ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശമായ ഭക്ഷണപാനീയപാത്രത്തിന്മേല്‍ ഇങ്ങനെ നീതിന്യായവ്യാഖ്യാനം നടത്തുന്നത്. മഹാരാഷ്ട്ര സംസ്ഥാന ഭരണകൂടത്തിന്റെ കീഴിലുള്ള ജയില്‍ വകുപ്പ് അധികാരികളാണ് ഇക്കാര്യം പരിശോധിക്കേണ്ടത് എന്നതിനാല്‍ ജയില്‍ സൂപ്രണ്ടിന് വിശദീകരണം നല്‍കാന്‍ ഡിസംബര്‍ നാലു വരെ കോടതി വീണ്ടും സമയം അനുവദിച്ചിരിക്കയാണ്. സിപ്പറിനൊപ്പം ശൈത്യകാലത്തിനു പറ്റിയ വസ്ത്രം കിട്ടാനുള്ള അപേക്ഷയിന്മേലും തീര്‍പ്പുകല്പിക്കാന്‍ ആ വിശദീകരണത്തിനായി കാത്തിരിക്കയാണ് എന്‍ഐഎ സ്‌പെഷല്‍ കോടതി ജഡ്ജി!
ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ക്കും കൃഷിഭൂമിയിലും വനസമ്പത്തിലുമുള്ള അവരുടെ പൈതൃകാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് മൂന്നു പതിറ്റാണ്ടിലേറെയായി നേതൃത്വം നല്‍കിവന്ന സ്റ്റാന്‍ സ്വാമി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനാ കേഡര്‍ അംഗമാണെന്നും, പീഡിതരായ വിചാരണതടവുകാരുടെ ഐക്യദാര്‍ഢ്യ സമിതി എന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിച്ചിട്ടുണ്ടെന്നുമാണ് എന്‍ഐഎ ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ ഭീമാ കൊറെഗാവി
ല്‍ 2018 ജനുവരി ഒന്നാം തീയതി നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഒരിക്കല്‍ പോലും ആ പ്രദേശം സന്ദര്‍ശിച്ചിട്ടില്ലാത്ത സ്വാമിയെ പ്രതിചേര്‍ത്തിരിക്കുന്നത്.
പുണെയ്ക്കടുത്ത് ഭീമാ കൊറെഗാവില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തിന്റെ ഭാഗമായ മഹാര്‍ ദലിതരുടെ റെജിമെന്റ് ബ്രാഹ്മണനായ പേഷ്വാ ബാജി റാവുവിന്റെ സൈന്യത്തെ തുരത്തിയതിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ ആ യുദ്ധസ്മാരകത്തില്‍ സമ്മേളിച്ച ദലിതര്‍ക്കുനേരെ സവര്‍ണവിഭാഗക്കാര്‍ അക്രമം അഴിച്ചുവിട്ടതാണ് കേസ്. ആക്രമണം നയിച്ച സവര്‍ണവിഭാഗക്കാര്‍ ആരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടില്ല, എന്നാല്‍ തലേന്ന് പുണെയിലെ ശനിവാര്‍വാഡയില്‍ ദലിത് പക്ഷത്തെ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തി അക്രമത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അക്കാദമീഷ്യര്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ത്ത് യുഎപിഎ ചുമത്തി അറസ്റ്റുചെയ്തതില്‍ 16-ാമത്തെ കുറ്റാരോപിതനാണ് സ്റ്റാന്‍ സ്വാമി.
ഗുജറാത്തിലെ നരോദാ പാട്ടിയായില്‍ 2002 ഫെബ്രുവരിയില്‍ 97 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ – ഗര്‍ഭിണി
യുടെ ഉദരം വെട്ടിക്കീറി ഗര്‍ഭസ്ഥശിശുവിനെ ത്രിശൂലത്തില്‍ തറയ്ക്കുകവരെ ചെയ്ത സംഭവത്തില്‍ – മുഖ്യപ്രതി ബാബു ബജ്‌റംഗി എന്ന ബാബുഭായ് പട്ടേലിന് 2012ല്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും 2014-16 കാലത്ത് 14 വട്ടം ജാമ്യം ലഭിക്കുകയും 2019 മാര്‍ച്ചില്‍ സുപ്രീം കോടതി ആരോഗ്യപരമായ കാരണങ്ങളാല്‍ ജയില്‍മോചിതനാക്കുകയും ചെയ്തു. ഭീമാ കൊറെഗാവ് കേസില്‍ 2018 ഓഗസ്റ്റില്‍ ജയിലിലടച്ച വിശ്രുത തെലുങ്കു കവി വരവരറാവു എന്ന എണ്‍പതുകാരന് കൊവിഡ് ബാധിച്ചിട്ടും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഒരു കോടതിക്കും കനിവുണ്ടായില്ല. ഏറ്റവുമൊടുവില്‍ ‘മരണാസന്നന്‍’ എന്ന് ബോംബെ ഹൈക്കോടതിക്കു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 15 ദിവസത്തേക്ക് വരവരറാവുവിനെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കു മാറ്റാന്‍ കല്പനയായി.
മാധ്യമസ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ലാത്ത, ആത്മഹത്യാപ്രേരണകേസില്‍ മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്ത റിപ്പബ്ലിക് മീഡിയ നെറ്റ് വര്‍ക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അലിബാഗ് സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കേണ്ടതിനു പകരം നേരെ ബോംബെ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുകയും സുപ്രീം കോടതിയുടെ രണ്ടംഗ വെക്കേഷന്‍ ബെഞ്ച് അടിയന്തരമായി പൗരന്റെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഭരണഘടനാ കോടതിക്കുള്ള ഉത്തരവാദിത്തെക്കുറിച്ച് അതിഗംഭീര പ്രബോധനത്തോടൊപ്പം മോദിയുടെയും അമിത്ഷായുടെയും കണ്ണിലുണ്ണിയായ ആ മാധ്യമപ്രചാരകന് ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ നാലു ദിവസം കഴിഞ്ഞ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുമ്പാകെ ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ റിപ്പോര്‍ട്ടിംഗിനു പോയതിന് യുഎപിഎ ചുമത്തി ജയിലടയ്ക്കപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍
ജി എത്തിയപ്പോള്‍, മൗലികാവകാശത്തിന്റെ പേരില്‍ ഭരണഘടനയുടെ 32-ാം വകുപ്പ് അനുസരിച്ച് പൗരന്മാര്‍ ഇങ്ങ
നെ സുപ്രീം കോടതിയെ ശല്യംചെയ്യുന്നത് അത്ര ശരിയല്ലെന്നായിരുന്നു പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം. ഭരണകൂടത്തിന്റെ ഭീകരവാഴ്ചയെക്കാള്‍ ഭയക്കേണ്ടത് നീതിന്യായവ്യവസ്ഥയെതന്നെയാണെന്നു വന്നാല്‍ പിന്നെ ആര്‍ക്കുണ്ട് രക്ഷ?

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സ്വര്‍ഗീയ സംഗീത സംഗമം നടത്തി

കോട്ടപ്പുറം: രൂപത മതബോധന കേന്ദ്രം നടത്തിയ സ്വര്‍ഗീയ സംഗീത സംഗമം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസ രൂപീകരണത്തിന് സംഗമം സഹായിക്കട്ടെയെന്ന് അദ്ദേഹം

ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

പൊതുവായ ചര്‍ച്ചയ്ക്കായി എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് ഈ കുറിപ്പ് എഴുതുകയാണ്. ഇന്ത്യയുടെ മഹത്തായ പഠനപാരമ്പര്യങ്ങളുടെയും സ്വാതന്ത്ര്യസമരകാലത്തെ മാനവികതയിലൂന്നിയ ദര്‍ശനങ്ങളുടെയും ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത മതേതരസങ്കല്പങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിവിധങ്ങളായ

ആമസോണിലെ തീയും മരടിലെ ഫ്‌ളാറ്റും മറക്കരുത്

ആമസോണ്‍ കാടുകളില്‍ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മരട് ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ഉള്ളിലെ തീയും ആളിക്കത്തുകയാണ്. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിടാതെ ചര്‍ച്ച ചെയ്ത ആമസോണ്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*