നീതിയുടെ സമാധാന സമ്മാനം

2018ന്റെ സമാധാന നൊബേല്‍ സമ്മാനിതരായി നാദിയ മുറാദും ഡോ. ഡെനീസ് മുകെഗ്വിയും ലോകത്തിനുമുന്നില്‍ ഉയര്ന്നുനില്ക്കുന്നു. കഠിനവും ക്ലേശകരവുമായ ജീവിതവഴികളിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന രണ്ടുപേരെ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ നൊബേല്‍ സമ്മാനത്തിന് തിളക്കം കൂടുന്നുണ്ട്. പ്രത്യേകിച്ച് വിവാദങ്ങള്‍ അക്കാദമിയില്‍ പിടിമുറുക്കുമ്പോള്‍! ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനവാര്‍ഷികത്തില്‍ അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി മരണാനന്തര ആദരമായി അദ്ദേഹത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റില്‍ ചില അംഗങ്ങള്‍ ഈയിടെ പ്രമേയം അവതരിപ്പിച്ചിരുന്നു. ലോകത്തില്‍ സമാധാനമുണ്ടാകാന്‍ നമുക്ക് ഉന്നതമായ അടയാളങ്ങള്‍ വേണം. ഒരുപക്ഷേ, സമ്മാനിതരാകാതെ പോയവരുടെ പേരുകളിലാകാം നൊബേലിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്. സാഹിത്യത്തിലായാലും സമാധാനശ്രമങ്ങള്ക്കായാലും ശാസ്ത്ര നേട്ടങ്ങള്‍ക്കായാലും ഗാന്ധിക്ക് നല്കപ്പെടാതെ പോകുമ്പോഴും കസാന്ത്സാക്കിസിന് കൊടുക്കാതെ മാറ്റിനിര്‍ത്തുമ്പോഴും ശാസ്ത്ര വഴികളില്‍ ശ്രദ്ധകിട്ടാതെ പൊലിഞ്ഞുപോയ കുറെയധികം സ്ത്രീ പ്രതിഭകളിലും നൊബേല്‍ സമ്മാനത്തിന്റെ തിളക്കം മങ്ങിയിരുന്നല്ലോ! സമ്മാനിതരായവരില്‍ പലരുടെയും പേരുകള്‍ അതത് മേഖലകളിലെ നേട്ടങ്ങളുടെ തിളക്കത്തിലായിരുന്നില്ല, രാഷ്ട്രിയ കാരണങ്ങളാല്‍ ആയിരുന്നു സമ്മാനിതരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടതെന്ന നേരിനും സമ്മതി കുറവല്ല. ഫ്രാന്‍സീസ് പാപ്പായെപ്പോലുള്ള ഒരാളുടെ പേര് സമ്മാനാര്ഹമാം വിധവും അതിലേറെയും തിളക്കമുള്ളതു തന്നെ. ഒരുപക്ഷേ, നാദിയ മുറാദും, ഡോ. മുകെഗ്വിയും സമ്മാനം സ്വീകരിക്കുമ്പോള്‍ പാപ്പാ ലോകത്തിനു മുന്നില്‍ ഉയര്‍ന്നുനിന്നു കൊണ്ട് പലപ്പോഴായി പറഞ്ഞുകൊണ്ടിരിക്കുന്ന ധാര്‍മ്മിക നിലപാടുകള്‍തന്നെയാണ് ആദരിക്കപ്പെടുന്നത്. ലോകമത് ശ്രദ്ധിച്ചിരുന്നു. ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.
യുദ്ധങ്ങളില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും പകപോക്കലിന്റെ ഇരകളാക്കുന്ന, ലൈംഗിക അതിക്രമങ്ങളെ യുദ്ധത്തിനുള്ള ആയുധമായി എണ്ണുന്ന പൈശാചികതയ്ക്ക് എതിരെ നിലക്കൊള്ളുന്നതിനാണ് നാദിയ മുറാദും ഡോ. മുകെഗ്വിയും സമാധാനത്തിലുള്ള നൊബേല്‍ സമ്മാനജേതാക്കളാകുന്നത്. കോംഗോ രാഷ്ട്രത്തിലെ പൗരനായ മുകെഗ്വിയും ഇറാഖിലെ ജനസഞ്ചയത്തില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായി കഴിയുന്ന യസീദീ വംശജയായ മുറാദും സ്ത്രീ മഹത്വത്തിനായി നിലകൊള്ളുന്നവരാണ്. സ്വന്തം നിലപാടുകള്‍ക്ക് വിലയായി ജീവന് വരെ നല്കാന് തയ്യാറാകുന്നതിനായി അഭിമുഖങ്ങളില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ അനുഭവിച്ച നരകയാതനകളിലൂടെ ഇനി ഒരാളും കടന്നുപോകാന്‍ ഇടവരല്ലേ എന്ന പ്രത്യാശയുള്ള ആഗ്രഹത്തോടെ മുറാദ് എഴുതിയ ആത്മകഥാക്കുറിപ്പ്, ”അവസാനത്തെ പെണ്‍കുട്ടി,” ഞടുക്കത്തോടെയാണ് ഒരാള്‍ക്ക് വായിച്ചെത്തിക്കാനാകുന്നത്. മലാലായൂസഫിനു ശേഷം നൊബേല്‍ സമ്മാനത്തിന് അര്‍ഹയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഈ പെണ്‍കുട്ടി ഐഎസ് ഭീകരരുടെ അടിമയായി കഴിഞ്ഞ കാലത്തിന്റെ തുറന്നെഴുത്ത് കണ്ണീരും ചോരയും കലര്‍ന്ന അക്ഷരങ്ങളില്‍ തീ പടര്‍ത്തുകയും വായനയെ പൊള്ളിച്ചുണര്ത്തുകയും ചെയ്യുന്നു. അടിമചന്തകളില്‍ അവളെ വിലയ്ക്കു വാങ്ങിയവരുടെ കൈകളിലൂടെ മറിഞ്ഞ്, ലൈംഗികാതിക്രമത്തിന് ഇരയായി നരകയാതനകള്‍ അനുഭവിച്ച ഒരു കൗമാരക്കാരിയുടെ മാനസികാവസ്ഥ അറിയുക എത്രയോ പ്രയാസകരം! എന്നിട്ടും അവള് പ്രത്യാശയുടെ നെയ്ത്തിരി കരിന്തിരി കത്താന്‍ അനുവദിക്കുന്നില്ല. വടക്കന്‍ ഇറാഖിലെ സിന്ജാദ് മലനിരകളില്‍ യസീദികളുടെ സ്വസ്ഥവും പ്രശാന്തവുമായ ജീവിതത്തിലേക്ക് ഐഎസ് ഭീകരസംഘടനകരിനിഴല് വീഴ്ത്തുന്നതോടെയാണ് മുറാദിന്റെ കുട്ടിക്കാലം/ കൗമാരം കഠിനയാതനകളുടേത് ആകുന്നത്. പുരുഷന്മാര് വധിക്കപ്പെട്ട ഗ്രാമത്തില്‍ നിന്ന് സ്ത്രീകളും കുഞ്ഞുങ്ങളും അടിമചന്തകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടു. മതാനുഭവങ്ങള്‍ കാമ്പ് നഷ്ടപ്പെട്ട് ക്രൗര്യത്തിന്റെ മേലങ്കിയണിയുന്നതിന്റെ പുതിയകാലത്തെ കറുത്ത ഉദാഹരണമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസ് ഭീകരസംഘടന. മനുഷ്യര്‍ക്ക് എങ്ങനെ ക്രൗര്യത്തിന്റെ പര്യായമാകാമെന്നത് നമ്മുടെ കാലത്ത് അതിഭീകരമായി ഈ സംഘടനാ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇതില്‍ അംഗങ്ങളാവാന്‍ പുറപ്പെട്ടവരില്‍ ചിലര്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നും ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വിവാദമായിരുന്നല്ലോ. ”ടേക്ക് ഓഫ്” എന്ന മലയാള ചലച്ചിത്രത്തില്‍ ഇറാഖിലെ മൊസ്യൂളില്‍ കുടുങ്ങിപ്പോയ മലയാളികളായ നഴ്സുമാരുടെ അനുഭവം ഹൃദയ സ്പ്യക്കായി അവതരിപ്പിച്ചത് പ്രേക്ഷകപ്രശംസ നേടിയിരുന്നു. മുറാദിന്റേത് നേരനുഭവത്തിന്റെ വിവരമാണ്. നിസ്ക്കാരത്തിന്റെ പ്രാര്‍ത്ഥനാനുഭവം ജീവിക്കുന്ന, പ്രവാചകധര്‍മ്മത്തിന്റെ പൊരുളറിയുന്ന ഒരു ഇസ്ലാം കുടുംബത്തിന്റെ സഹായത്തോടെയാണ് നാദിയ അടിമത്തകാലത്തിന്റെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്നത്. കൗമാരകാലത്തിന്റെ അനുഭവങ്ങള്‍ മാത്രം കൈമുതലായുള്ള ഒരാള്‍ എങ്ങനെ താന്‍ കടന്നു പോയ കറുത്ത വര്‍ഷങ്ങളുടെ ഓര്‍മ്മകളെ അതിജീവിക്കുന്നുവെന്നത് മനുഷ്യജീവിതത്തിന് ഏറെ പ്രത്യാശ നല്കുന്ന കാര്യമാണ്. ഒരു തോല്‍വിക്ക്, ഒരു വഴക്കിന്, സാമ്പത്തിക ബാധ്യതയ്ക്ക്, പ്രണയപരാജയത്തിന്, അങ്ങനെയങ്ങനെ എത്രയോ, കാരണങ്ങള്‍ക്ക് വഴങ്ങി ജീവിതത്തിന്റെ തിരിനാളം ഊതിക്കെടുത്താനാഞ്ഞു നടക്കുന്ന അഭ്യസ്തവിദ്യരായ മലയാളികളുടെ മുന്നില്‍ നാദിയ മുറാദ് ബാസീതാഹ എന്ന ഈ പെണ്‍കുട്ടി പ്രത്യാശയുടെ ഗോപുരമായി എഴുന്നു നില്ക്കുന്നു. അവര്‍ ചവിട്ടിമെതിച്ച ശരീരത്തില്‍ ഞാന്‍ എന്റെ ആത്മാവിനെ മരിക്കാനനുവദിക്കില്ലായെന്ന് മുറാദ് പറയുന്നുണ്ട്.
കോംഗോ റിപ്പബ്ലിക്ക് ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് വിളിക്കപ്പെട്ടിരുന്നു. കോംഗോ അതിനെ അപമാനമായിത്തന്നെ എണ്ണുന്നുണ്ട്. ആഭ്യന്തരയുദ്ധത്തിന്റെ കറുത്ത നാളുകള്‍ വിട്ടൊഴിയാതെ ഈ ദേശത്തെ പിടികൂടിയിരിക്കുന്നു. എല്ലാ യുദ്ധങ്ങളും കലാപങ്ങളും അന്തിമമായി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ദുരന്തമായാണല്ലോ മാറുന്നത്. ഡോ. മുകെഗ്വി മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയില്‍, യുദ്ധമുഖത്ത് പീഡിപ്പിക്കപ്പെടുന്ന നിരാലംബര്‍ക്ക് താങ്ങും തണലുമാകുന്നു. തൊഴില്‍പരമായി തനിക്കുള്ള നൈപുണ്യം, ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ശാരീരകമായും മാനസികമായും തകര്‍ത്തെത്തുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ അദ്ദേഹത്തെ കൂടുതല്‍ പ്രാപ്തനാക്കുന്നു. മനുഷ്യവകാശപ്രവര്‍ത്തകരുടെ കൂട്ടായ്മകളിലും അന്താരാഷ്ട്ര വേദികളിലും ഡോ. മുകെഗ്വി നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍, തന്റെ ക്ലിനിക്കില്‍ എത്തുന്ന തകര്‍ന്ന ജീവിതങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ തന്നെയാണ്. ഒരു സമൂഹത്തെ മൊത്തത്തില്‍ അപമാനപ്പെടുത്തുവന് സ്ത്രീജീവിതങ്ങളുടെമേല് അപമാനം വരുത്തുന്നതിന്റെ പുരുഷയുക്തിയെയാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്. ആധിപത്യത്തിനായുള്ള എല്ലാ പടയോട്ടങ്ങളിലും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതെന്തിന്? മാനത്തിന്റെയും അപമാനത്തിന്റെയും പുരുഷയുക്തികള് ഉയര്‍ത്തി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തെ താറുമാറാക്കുന്നതെന്തിന്? പ്രസക്തമായ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നുകേട്ട അന്താരാഷ്ട്ര വേദികളില്‍ നിന്ന് നൊബേല്‍ സമ്മാനത്തിന്റെ തിളക്കത്തിലേയ്ക്ക് ഈ മനുഷ്യസ്നേഹി ഉയര്ത്തപ്പെടുമ്പോള്, യുദ്ധങ്ങളില്‍ അപമാനിക്കപ്പെടുന്ന സ്ത്രീ ജീവിതപ്രശ്നങ്ങള്‍ തന്നെയാണ് ലോകശ്രദ്ധയിലെത്തുന്നത്. ഡോ. മുകെഗ്വിയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ കൊണ്ടുചെല്ലുന്നത് പൂക്കള്‍ വിരിച്ച രാജവീഥിയിലേയ്ക്കല്ലായെന്നറിയുക. വധശ്രമങ്ങള്‍ പലതുണ്ടായിരുന്നു. ഇനിയും താന്‍ മരണത്തിന്റെ നിഴലില്ത്തന്നെയെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. ധീരമായ നിലപാടുകള്‍ മനുഷ്യമഹത്വത്തിനായുള്ള പരിശ്രമങ്ങള്‍ ഒരിക്കലും മങ്ങിപ്പോകില്ലായെന്ന് ഡോ. മുകെഗ്വിയുടെ ജീവിതം തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
ഈ വര്‍ഷത്തെ, സമാധാനത്തിലുള്ള നൊബേല്‍ സമ്മാനത്തിന്റെ പ്രസക്തി, അത് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോകമനസാക്ഷിയെ ഉണര്‍ത്താന്‍ പര്യാപ്തമാകുംവിധം പ്രവര്‍ത്തിക്കുന്ന ശ്രദ്ധാര്‍ഹരായ രണ്ടു പേര്‍ക്കാണ് നല്കിയതെന്നതിലാണ്. ഇത് യസീദി സമൂഹത്തില്‍ നിന്ന് സഹനത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല, ലോകത്തിലെ എല്ലാ സ്ത്രീകളുടെയും മാനത്തിനും മഹത്വത്തിനുമായുള്ള സമ്മാനമാണ്.
നാഴികയ്ക്ക് നാല്പതുവട്ടം രാഷ്ട്രത്തിന്റെ പുരോഗതിയെപ്പറ്റിയും വികസനക്കുതിപ്പിനെപ്പറ്റിയും പറഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രിയ നേത്യത്വത്തിലുള്ളവര് സൗകര്യപൂര്‍വ്വം പറയാതെ വിഴുങ്ങിക്കളയുന്ന ഇന്ത്യന്‍ യഥാര്‍ത്ഥ്യങ്ങളുണ്ട്. യസീദിസമൂഹത്തിലും കോംഗോയിലും മാത്രമല്ല, നമ്മുടെ നാട്ടിലും സ്ത്രികള്‍ ലൈംഗീക ചൂഷണത്തിനും അപമാനത്തിനും ഇരയാക്കപ്പെടുന്നതിന്റെ തോത് ഞെട്ടിക്കുന്നതാണ്. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരില്‍ പലമാതിരി പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് ഈ ദേശത്ത് നിശ്ശബ്ദരാക്കപ്പെട്ട് ജീവിക്കുന്നുണ്ട്. ”ഞാനും അക്കൂട്ടത്തിലുണ്ട്”(മീ ടൂ) എന്ന പേരില്‍ ക്യാംപെയന്‍ നടത്തുന്നവരില്‍ പലരും വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന നേരുകളാണല്ലോ. (പലരും രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുന്നുവെന്ന മറുവാദമുണ്ട്). സ്ത്രീകള്‍ നിശ്ശബ്ദരാക്കപ്പെടുന്നതിന്റെ ചരിത്രത്തിന് അന്ത്യം വരികയാണ്. ആഫ്രോ- അമേരിക്കന്‍ കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മായാ ആഞ്ജലോ എഴുതിയ കവിതയില്‍ പറയുന്നു.
”കയ്പ്പുള്ള, വളച്ചൊടിച്ച നുണകളാല്‍ നിങ്ങളെന്റെ ചരിത്രം കുറിച്ചേക്കാം, ചളിയില്‍ താഴ്ത്തിയേക്കാം. എന്നാല്‍, പൊടിപോലെ ഞാന്‍ വീണ്ടുമുയരും. എന്റെ ധിക്കാരം നിങ്ങള്‍ക്ക് അസഹ്യമാകുന്നോ? നിങ്ങളെ മ്ലാനത മൂടുന്നതെന്തെന്നാല് എന്റെ വീട്ടില്‍ പമ്പുചെയ്യും ഓയില്ക്കിണറുകളുടെ ഉടമയെപ്പോല് ഞാന്‍ നടക്കുന്നു. വാക്കുകളാല്‍ നിങ്ങള്‍ വെടിവെച്ചിടാം, നോട്ടത്താല് എന്നെ മുറിച്ചിടാം. വെറുപ്പാല്‍ കൊന്നേക്കാം. എന്നാല്‍ കാറ്റിനെപ്പോല്‍ ഞാന്‍ ഉയര്ക്കുക തന്നെ ചെയ്യും”. (മായാ ആഞ്ജലോയുടെ കവിതകളില്‍ നിന്ന്, വിവര്‍ത്തനം: മന്ദാകിനി നാരായണന്).
ഞെരുക്കപ്പെടുകയും തകര്‍പ്പെടുകയും ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള അഭിവാദനമാണ് 2018ന്റെ സമാധാന നൊബേല്‍ സമ്മാനം. മനുഷ്യമഹത്വത്തിന്റെ പുതിയ നാളുകള്‍ പുലരട്ടെയെന്ന് നാദിയ മുറാദും ഡോ. ഡെനിസ് മുകെഗ്വിയും പറഞ്ഞു കൊണ്ടേയിരിക്കുന്നു. അവര്‍ ദേശത്തിന്റെ ഭൂമിയുടെ അടയാള വാക്യങ്ങള്‍ പോലെ എഴുന്നേറ്റു നില്ക്കുന്നു. അന്ന അഖ്മതോവയുടെ സഹനങ്ങള്‍ ഓര്‍ത്തെടുത്ത് കെജിഎസ് എഴുതിയദീര്ഘ കാവ്യത്തിലെ വരികള്‍ക്കിടയില്‍ പീറ്റേഴ്സ് ബര്‍ഗ്ഗിനെ അന്ന് ഓര്‍ത്തെടുക്കുന്ന സന്ദര്‍ഭമുണ്ട്. കെജിഎസ് എഴുതുന്നു: ”ഒറ്റരാവാല്‍ ഭ്രാന്തിയായി പീറ്റേഴ്സ്ബര്‍ഗ്ഗ്; ഓര്‍മ്മയില്‍ ദസ്തയേവസ്കി, പുഷ്കിന്- പെരുമ ചൂടുന്നവള്, ഉള്ളില്‍ നേവയൊഴുകുന്നവള്, കപ്പലുകളും ബോട്ടുകളും ആരവങ്ങളും ഒഴിയാത്തവള്, കലങ്ങാത്തവള്, വറ്റാത്തവള്‍, ഞാന്‍ തന്നെയെന്ന് ഞാന്‍ കരുതിയവള്‍”. അതങ്ങനെയാണ് സ്ത്രീകള്‍ ദേശത്തിന്റെ എഴുത്തു തന്നെ, ദേശം തന്നെ.
Related
Related Articles
ബഹുസ്വരത അമര്‍ച്ച ചെയ്യപ്പെടുമ്പോള്‍
ഈ കുറിപ്പെഴുതുമ്പോള്‍ ഡല്‍ഹിയിലെ സാകേതില്‍ ടി. എം കൃഷ്ണയുടെ കച്ചേരി അരങ്ങേറുന്നുണ്ട്. മാഗ്സസേ അവാര്‍ഡ് ജേതാവായ സംഗീതജ്ഞന് മാത്രമല്ല ടി. എം കൃഷ്ണ. വിട്ടുവീഴ്ചയില്ലാത്ത തന്റെ നിലപാടുകള്‍
റുവാണ്ടയില്‍ 714 ആരാധനാലയങ്ങള്‍ പൂട്ടി
നയ്റോബി: കെട്ടിടങ്ങള്‍ സുരക്ഷിതമല്ല, ശുചിത്വമില്ല, ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ആഫ്രിക്കയിലെ റുവാണ്ടയില്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ ഗവണ്മെന്റ് തലസ്ഥാന നഗരമായ കിഗാലിയില്‍ 714 ക്രൈസ്തവ
റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു
റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് ഫ്രാൻസിസ് പാപ്പാ നിയമിച്ചത്. ഇറ്റാലിയൻ